തേലപ്പുറത്ത് നാരായണനമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനനം[തിരുത്തുക]

ശ്രീ നാരായണനമ്പി 1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തിൽ ഏറനാടു താലൂക്കിൽപ്പെട്ട തൃപ്പനച്ചി ഗ്രാമത്തിൽ ജനിച്ചു. തൃപ്പനച്ചി 64 ഗ്രാമങ്ങളിൽ ഒന്നായി ചില കേരളോൽപത്തി ഗ്രന്ഥങ്ങളിൽ കണ്ടിട്ടുണ്ടു്. നമ്പിയുടെ അച്ഛൻ തേലപ്പുറത്തു നാരായണനമ്പിയും അമ്മ ചെറുവണ്ണൂർ (ഫറോക്ക്) ദേവകി ബ്രാഹ്മണിഅമ്മയുമായിരുന്നു. നമ്പി എന്നതു് നമ്പീശന്മാർ തമ്മിൽ സംബോധന ചെയ്യുന്ന വാക്കാണു്; സ്ഥാനപ്പേരല്ല. അച്ഛൻ നാരായണനമ്പി സംസ്കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്ര]ജ്ഞനുമായിരുന്നു. അദ്ദേഹം ‘ധർമ്മഗുപ്തവിജയ’മെന്ന ഒരു കഥകളി എഴുതിയിട്ടുണ്ടു്. അത് മുല്ലേങ്കീഴ് ഇല്ലത്ത് അരങ്ങേറിയതായും കേട്ടിട്ടുണ്ടു്. പ്രസിദ്ധ നാട്യാചാര്യനായിരുന്ന കൂട്ടിൽ കുഞ്ഞൻമേനോൻ ഒറ്റ ദിവസം കൊണ്ടതു ചൊല്ലിയാടിച്ചതായും, കഥകളിയുടെ കർത്താവായ അച്ഛൻ നാരായണനമ്പി അതിൽ ശാണ്ഡില്യമഹർഷിയുടെ മിനുക്കുവേഷം കെട്ടി അഭിനയിച്ചതായും പറഞ്ഞുകേട്ടിട്ടുണ്ടു്. അതിലെ “പാണ്ഡിത്യവാരിധേ കേൾക്ക ശാണ്ഡില്യമാമുനേ വാക്യം” എന്ന പ്രസിദ്ധപദം സ്ത്രീകൾ കൈകൊട്ടിക്കളിയ്ക്കു പാടാറുണ്ടായിരുന്നു. “അദ്ദേഹത്തിന്റെ അനുജനും ചരിത്രനായകന്റെ അഫനുമായ തേലപ്പുറത്തു രാമനമ്പി ജ്യോതിർവിത്തും അദ്വൈതവേദാന്തത്തിൽ നിഷ്ണാതനുമായിരുന്നു”വെന്നു് ഉള്ളൂർ പറയുന്നു. സംസ്കൃതത്തിലും ജ്യോതിഷത്തിലും അദ്ദേഹത്തിന്നു ധാരാളം ശിഷ്യസമ്പത്തുണ്ടായിരുന്നു.

ബാല്യം[തിരുത്തുക]

നമ്പിയുടെ ആറാമത്തെ വയസ്സിൽ അമ്മ മരിച്ചു. അദ്ദേഹത്തിന്നു് ഒരിളയ സഹോദരികൂടിയുണ്ടായിരുന്നു. അമ്മ മരിച്ച ശേഷം കുട്ടികൾ അച്ഛന്റെയും അഫന്റെയും സംരക്ഷണത്തിൽത്തന്നെ വളർന്നു. നമ്പി സംസ്കൃതവും ജ്യോതിഷവും പഠിച്ചതു് അവരുടെ അടുക്കൽനിന്നുതന്നെയാണു്. 24 - ‍ാമത്തെ വയസ്സിൽ നമ്പി കരിമ്പുഴ പടിഞ്ഞാറെ പുഷ്പോത്ത് നങ്ങയ്യ (ആര്യ) ബ്രാഹ്മണിഅമ്മയെ വിവാഹം ചെയ്തു.

അദ്യകാലത്തു് ജീവിതമാരംഭിച്ചത് ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടായിരുന്നു. മഞ്ചേരികോവിലകത്തും നിലമ്പൂർ കോവിലകത്തും നമ്പി കുട്ടികളെ പഠിപ്പിച്ചു താമസിച്ചിട്ടുണ്ടു്.

ജീവിതം[തിരുത്തുക]

1075-നു് ശേഷം “ഒന്നുകുറെ ആയിരത്തിൽ വല്ലഭരാമരാജാ” എന്ന സ്ഥാനപ്പേരുള്ള മണ്ണാർമല രാജാവായിരുന്ന മഞ്ചേരി കോവിലകത്ത് അപ്പുക്കുട്ടി തമ്പുരാന്റെ കൂടെ പത്രപ്രവർത്തനം ആരംഭിച്ചു. മണ്ണാർമല രാജാവിന്റെ ഉടമസ്ഥതയിൽ പട്ടാമ്പിനിന്നു് 1080-ൽ ആരംഭിച്ച ‘സാഹിത്യ ചിന്താമണി’ മാസികയുടെ പത്രാധിപ ജോലി നിർവഹിച്ചിരുന്നതു് നാരായണനമ്പി തന്നെയായിരുന്നു. ഒന്നിൽചില്വാനം കൊല്ലമേ അതു നടന്നുള്ളുവെങ്കിലും നമ്പി പത്രപ്രവർത്തനം നിർത്തുകയുണ്ടായില്ല. “വിജ്ഞാന ചിന്താമണി” സംസ്കൃതപത്രിക നടത്തുന്നതിലും നമ്പിക്കു പങ്കുണ്ടായിരുന്നു. അതിൽ ധാരാളം പദ്യഗദ്യങ്ങൾ എഴുതിയിട്ടുണ്ടു്. അക്കാലത്തുണ്ടായിരുന്ന മിക്ക സാഹിത്യമാസികകളിലും പത്രങ്ങളിലും അദ്ദേഹം ഒരു സ്ഥിരം ലേഖകനായിരുന്നു.

“അതിന്നു മുമ്പുതന്നെ നമ്പിയുടെ പാണ്ഡിത്യവും കവിത്വവും മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ ഹൃദയത്തെ വശീകരിക്കുകയും അവിടുത്തെ ‘സഹൃദയ സമാഗമ’മെന്ന സമാജത്തിൽ അദ്ദേഹത്തിനും സമ്മേളിച്ചു സാഹിത്യസേവനം ചെയ്യാൻ സൗകര്യം നല്കുകയും ചെയ്തു” എന്നു് ഉള്ളൂർ സാരിത്യചരിത്രത്തിൽ പറഞ്ഞിട്ടുണ്ടു്.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോട്ടക്കൽ ‍വെച്ച് മഹാഭാരതം തർജ്ജമ ചെയ്യുമ്പോൾ കേട്ടു പകർക്കാനായി നാരായണനമ്പി മൂന്നു കൊല്ലത്തോളം കോട്ടയ്ക്കൽ താമസിക്കുകയുണ്ടായി. അന്നൊരിയ്ക്കൽ നമ്പി ഏതോ കോടതിയാവശ്യത്തിന്നായി പോയ അവസരത്തിൽ തമ്പുരാൻ പി. വി. കൃഷ്ണവാരിയർക്കയച്ച കുറിപ്പിലുള്ള

എന്ന ശ്ലോകം ഉള്ളൂർ തന്റെ സാഹിത്യചരിത്രത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്.

കടത്തനാട്ടു ഉദയവർമ്മത്തമ്പുരാന്റെ സാഹിത്യപ്രസ്ഥാനത്തിലും നമ്പിയുടെ സാന്നിധ്യമുണ്ടായിരുന്നു, കല്ല്യാണസൗഗന്ധികം സ്വാത്മനിരൂപണം എന്നീ ഖണ്ഡകാവ്യങ്ങളും യയാതിചരിതം സുമംഗലീചരിതം എന്നീ നാടകങ്ങളും തമ്പുരാന്റെ പ്രോത്സാഹനത്തോടെ എഴുതിയതാണു്; കവനോദയത്തിൽ കല്യാണസൗഗന്ധികവും സ്വാത്മനിരൂപണം എന്ന വേദാന്തഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.

“1083 മുതൽ നിലമ്പൂർ കോവിലകത്ത് അപ്പുക്കുട്ടൻ തമ്പുരാന്റെ മക്കളെ പഠിപ്പിക്കാനായി നമ്പി നിയുക്തനായി. അക്കാലത്താണദ്ദേഹം ഇംഗ്ലീഷിൽ അവഗാഹം നേടിയതു്. ബങ്കിംചന്ദ്ര ചാറ്റർജിയുടെ ‘ചന്ദ്രശേഖരൻ’ തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചതും അക്കാലത്തായിരുന്നു.

“1086-നു് മേൽ നാലു കൊല്ലം കോട്ടയ്ക്കൽ ലക്ഷ്മീസഹായം പ്രസ്സിൽ പി. വി. കൃഷ്ണവാരിയരുടെ സഹായിയായി ജോലി നോക്കി. അന്ന് കോട്ടയ്ക്കൽ നിന്ന് ധന്വന്തരി, ലക്ഷ്മീവിലാസം, ജന്മി, കവനകൗമുദി എന്നീ നാലു മാസികകൾ പ്രസിദ്ധീകരിച്ചിരുന്നു. അവയിലെല്ലാം നമ്പിയുടെ ലേഖനങ്ങൾ കാണാം. പത്രാധിപജോലിയും നമ്പി നിർവഹിച്ചുപോന്നു. കവനകൗമുദിയിൽ നമ്പിയുടെ ലഘുകൃതികൾ ധാരാളം കാണാനുണ്ടു്. അക്കാലത്താണ് നമ്പി ബുദ്ധമതത്തിലെ സുപ്രസിദ്ധമായ ധർമ്മപദം എന്ന ഗ്രന്ഥം ഭാഷാന്തരീകരിച്ചതു്” (ഉള്ളൂർ സാഹിത്യചരിത്രം).

1090-ൽ വീണ്ടും നമ്പി നിലമ്പൂർ കോവിലകത്തു താമസം തുടങ്ങി. 1096-ൽ തൃശ്ശൂരിൽ അന്തരിച്ച നിലമ്പൂർ വലിയ രാജാവിന്റെ കുട്ടികളെ ഇംഗ്ലീഷും സംസ്കൃതവും പഠിപ്പിക്കുകയായിരുന്നു പ്രവൃത്തി. അക്കാലത്താണു് നമ്പി ആർ. സി. ഡട്ടിന്റെ ‘മാധവീകങ്കണം’ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചതു്.

1096-ൽ മലബാർ ലഹളക്കാലത്ത് നിലമ്പൂർ വിട്ടതിന്നു ശേഷം നാരായണനമ്പി കോഴിക്കോട്ടെത്തി, പുളിയമ്പറ്റെ ബാരിസ്റ്റർ കൃഷ്ണൻ നായർ നടത്തിയിരുന്ന മനോരമ പത്രത്തിന്റെ സഹപത്രാധിപരായി. കുറച്ചു കാലത്തിന്നു ശേഷം ശ്രീ. സി. കൃഷ്ണൻ വക്കീൽ നടത്തിയിരുന്ന മിതവാദിയുടെ സഹപത്രാധിപസ്ഥാനത്തേയ്ക്കു മാറി. നമ്പിയുടെ ബുദ്ധമതപ്രതിപത്തിയാവാം ഇതിന്നു കാരണമെന്നു ഉള്ളൂർ അനുമാനിക്കുന്നു.

നിര്യാണം[തിരുത്തുക]

1099-ൽ നമ്പിയ്ക്കു് വസൂരിരോഗം പിടിപെട്ടു. ശ്രീ സി. കൃഷ്ണൻ വക്കീലിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സയും ശുശ്രൂഷയും. അദ്ദേഹത്തിന്റെ ചേവായൂർ ബംഗ്ലാവിലായിരുന്നു കിടന്നിരുന്നതു്. രോഗം മൂർഛിച്ചു. 1099 മകരത്തിൽ വിശാഖത്തുന്നാൾ നിര്യാതനായി.

ജീവിച്ചകാലമത്രയും നമ്പി പഠിയ്ക്കാനും പഠിപ്പിയ്ക്കാനും സാഹിത്യസേവനത്തിനും പത്രപ്രവർത്തനത്തിനും ഉപയോഗിച്ചു. തന്റെ സ്വധർമ്മത്തിൽത്തന്നെ അദ്ദേഹം മുഴുകിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പ്രഥമപാദത്തിലെ പത്രപ്രവർത്തകന്മാരുടെയിടയിൽ സ്മരണീയമായ ഒരു പേരാണു് “നാരായണ നമ്പി.”

ഈ ലഘുജീവചരീത്രത്തിന്നവലംമ്പം, കെ. വി. അച്യുതൻനായർ നാരായണനമ്പിയുടെ ധർമ്മപദം വിവർത്തനത്തിൽ എഴുതിയ “മധുരസ്മരണകൾ” എന്ന ആമുഖലേഖനമാണു്.

കൃതികൾ[തിരുത്തുക]

നാടകങ്ങൾ[തിരുത്തുക]

1. യയാതിചരിതം

2. സുമംഗലീചരിതം

3. ശാർങ്ഗധരചരിത്രം

കാവ്യങ്ങൾ[തിരുത്തുക]

1. സ്വാഹാ സുധാകരം

2. ആർദ്രാ പ്രബന്ധം

3. കല്യാണസൗഗന്ധികം

4. ശ്രീബുദ്ധൻ

5. സ്വാത്മനിരൂപണം

തർജ്ജുമ[തിരുത്തുക]

1. ധർമ്മപദം

2. ബുദ്ധമതദർപ്പണം (ജിനരാജദാസൻ)

3. ചന്ദ്രശേഖരൻ (ബങ്കിംബാബു)

4. മാധവീകങ്കണം (ആർ. സി. ഡട്ട്)

5. നീതിബോധകഥകൾ (ജാതകകഥകൾ)

നോവൽ[തിരുത്തുക]

1. സുകുമാരി

2. ആനന്ദപുരം

3. വനജം (അച്ചടിച്ചിട്ടില്ല)

കഥകൾ[തിരുത്തുക]

1. സരസകഥകൾ