തീരദേശ നിയന്ത്രണ മേഖല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2011 ലെ തീരദേശ നിയന്ത്രണ മേഖല വിജ്ഞാപനപ്രകാരം സമുദ്രദീരത്തുനിന്നും 500 മീറ്റർ ദൂരത്തിലുള്ള കരഭാഗമാണ് തീരദേശ നിയന്ത്രണ മേഖല അഥവാ കോസ്റ്റൽ റെഗുലേഷൻ സോൺ. ചുരുക്കത്തിൽ ഇതിനെ സി.ആർ.സെഡ്. (CRZ) എന്ന് വിളിക്കുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് 2011 ജനുവരി 6 ന് ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്.[1] തീരപ്രദേശത്തുജീവിക്കുന്ന മത്സ്യമേഖലയിൽ ഉൾപ്പെടുന്നവരുടെയും തദ്ദേശവാസികളുടെയും ജീവിതസുരക്ഷ ഉറപ്പുവരുത്തുക, സമുദ്രതീരത്തെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുക, സമുദ്രതീരത്തിന്റെയും സമുദ്രത്തിന്റെയും പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ വിജ്ഞാപനം കൊണ്ടുവന്നിട്ടുള്ളത്.

തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങൾ[തിരുത്തുക]

2011 ജനുവരി 6 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം കേന്ദ്ര ഗവൺമെന്റ് താഴെപ്പറയുന്ന പ്രദേശങ്ങളെ തീരദേശ നിയന്ത്രണ മേഖലയായി പ്രഖ്യാപിക്കുകയും വ്യവസായ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.

  1. വേലിയേറ്റരേഖ മുതൽ കരയുടെ ദിശയിലേയ്ക്ക് 500 മീറ്റർ വരെയുള്ള പ്രദേശം.
  2. കടലുമായി ബന്ധപ്പെട്ടിരിക്കുന്നതും വേലിയേറ്റ-വേലിയിറക്കങ്ങളാൽ സ്വാധീനിക്കപ്പെടുന്നതുമായ ജലാശയങ്ങളിൽ വേലിയേറ്റ രേഖ മുതൽ കരയുടെ ദിശയിലേക്ക് 100 മീറ്റർ വരെയുള്ള പ്രദേശമോ, ജലാശയത്തിന്റെ വീതിയോ ഇവയിൽ ഏതാണോ കുറവ് അത്രയും ദൂരം കരപ്രദേശം.
  3. സമുദ്രതീരത്തുനിന്നും 500 മീറ്ററിനും അപകടരേഖയ്ക്കും ഇടയിലും, വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളിൽ തീരത്തുനിന്നും 100 മീറ്ററിനും അപകട രേഖയ്ക്കും ഇടയിലുമുള്ള കരപ്രദേശങ്ങൾ. (അപകടമേഖല എന്നത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നടത്തുന്ന പഠനം വഴി പ്രഖ്യാപിച്ചിട്ടുള്ളതാണ്.)
  4. വേലിയേറ്റ രേഖയ്ക്കും വേലിയിറക്ക രേഖയ്ക്കും മദ്ധ്യേ വരുന്ന അന്തർവേലിയേറ്റ മേഖല.
  5. വേലിയിറക്ക രേഖ മുതൽ ഉപരിതല ജലപരിധിയായ 12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള കടൽ ജലഭാഗവും അടിത്തട്ടും, വേലിയേറ്റ സ്വാധീനമുള്ള ജലാശയങ്ങളിൽ തീരത്തെ വേലിയിറക്ക രേഖയ്ക്കിടയിലുള്ള ജലവും അടിത്തട്ടും ഉൾപ്പെടുന്ന പ്രദേശം.[1]

തീരദേശ നിയന്ത്രണ മേഖലയുടെ വർഗ്ഗീകരണം[തിരുത്തുക]

തീരപ്രദേശങ്ങളും സമുദ്ര ജലവും സംരക്ഷിക്കുന്നതിനായി തീരദേശ നിയന്ത്രണ മേഖലയെ നാലായി വർഗ്ഗീകരിച്ചിരിക്കുന്നു.[1]

തീ.നി.മേ I[തിരുത്തുക]

പാരിസ്ഥിതികമായി പ്രാധാന്യമുള്ള പ്രദേശങ്ങളും വേലിയേറ്റ - വേലിയിറക്ക രേഖകൾക്കിടയിലെ പ്രദേശങ്ങളും.

തീ.നി.മേ II[തിരുത്തുക]

തീരമേഖലവരെയോ, അതിനു വളരെയടുത്തുവരെയോ വികസനം നടന്നിട്ടുള്ള പ്രദേശങ്ങൾ (മുനിസിപ്പൽ പരിധിയിൽ വരുന്നതോ അടിസ്ഥാന സൗകര്യങ്ങളുള്ള നഗര പ്രദേശങ്ങളോ)

തീ.നി.മേ III[തിരുത്തുക]

ഒന്നും രണ്ടും മേഖലകളിൽ ഉൾപ്പെടാത്തതും ഉൾപ്രദേശങ്ങളിലെ തീരപ്രദേശ മേഖലകൾ ഉൾപ്പെടുന്നതും കാര്യമായ രീതിയിൽ വികസന പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലാത്തതുമായ പ്രദേശങ്ങൾ.

തീ.നി.മേ IV[തിരുത്തുക]

വേലിയിറക്ക രേഖ മുതൽ ഉപരിതല ജലപരിധിയായ 12 നോട്ടിക്കൽ മൈൽ ദൂരം വരെയുള്ള കടൽ ജലഭാഗവും അടിത്തട്ടും വേലിയേറ്റ സ്വാധീന ജലാശയങ്ങളിൽ തീരത്തെ വേലിയിറക്ക രേഖയ്ക്കിടയിലുള്ള ജലവും അടിത്തട്ടും ഉൾപ്പെടുന്ന പ്രദേശം.

കുറിപ്പ്[തിരുത്തുക]

കേരളത്തിലെ എല്ലാകായൽ തുരുത്തുകളും തീ.നി.മേ-യ്ക്ക് വിധേയമാണ്. ഇവിടെ വേലിയേറ്റരേഖയിൽ നിന്നും കരയിലേക്ക് 50 മീ. വീതിയിൽ ഉള്ളഭാഗം തീ.നി.മേഖലയാണ്.

അനുവദനീയമായ പ്രവർത്തനങ്ങളും നിയന്ത്രണ മാനദണ്ഡങ്ങളും[തിരുത്തുക]

തീ.നി.മേ. I[തിരുത്തുക]

അനുവദനീയമായ പ്രവർത്തനങ്ങൾ ഒഴികെ യാതൊരുവിധ പുതിയ നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കുന്നതല്ല.

തീ.നി.മേ. II[തിരുത്തുക]

നിലവിലുള്ള പാതയിൽ നിന്നും കരയുടെ ഭാഗത്തേക്കോ, അതോ നിലവിലുള്ള അംഗീകൃത നിർമ്മിതികളിൽ നിന്നും കരയുടെ ഭാഗത്തേയ്ക്കോ മാത്രമേ പ്രാദേശിക നഗര/ദേശീയ പദ്ധതി നിയന്ത്രണത്തിന് അനുസൃതമായി മാത്രമേ കെട്ടിടങ്ങൾ അനുവദിക്കുകയുള്ളൂ.

തീ.നി.മേ. III[തിരുത്തുക]

മത്സ്യത്തൊഴിലാളി സമൂഹം അടങ്ങുന്ന പാരമ്പര്യ തീരദേശ സമൂഹത്തിന് HTL ൽ നിന്നും 100 മുതൽ 200 മീറ്ററുകൾക്കുള്ളിലുള്ള ഭാഗത്തെ നിർമ്മാണത്തിനുള്ള പുതിയ നിർമ്മാണമോ പുനർ നിർമ്മിതിയ്ക്കോ അനുമതി നൽകാം.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-05-13. Retrieved 2014-08-27.
"https://ml.wikipedia.org/w/index.php?title=തീരദേശ_നിയന്ത്രണ_മേഖല&oldid=3654479" എന്ന താളിൽനിന്ന് ശേഖരിച്ചത്