തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

പശ്ചാത്തലം[തിരുത്തുക]

1935 ലെ ഇന്ത്യാഗവൺമെന്റ് ആക്ട് ബ്രിട്ടീഷ് ഇന്ത്യയിൽ മന്ത്രിസഭകൾ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു, ഇതോടെ നാട്ടുരാജ്യങ്ങളിൽ ഉത്തരവാദഭരണം വേണമെന്ന ആവശ്യം ഉയർന്നുവന്നു. ജനങ്ങളുടെ ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസ്സ് പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു. കൂടാതെ നാട്ടുരാജ്യങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനു ലഭിച്ച വിജയം ഉത്തരവാദഭരണത്തിനായുള്ള ആവശ്യത്തിന്റെ ശക്തി വർദ്ധിപ്പിച്ചു.എന്നാൽ 1938 ഫെബ്രുവരിയിൽ ഹരിപുരയിൽ വെച്ചു നടന്ന കോൺഗ്രസ്സ് സമ്മേളനം ഒരു തീരുമാനം പുറത്തിറക്കി, നാട്ടുരാജ്യങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ ഇടപെടേണ്ടതില്ല മറിച്ച് അവിടെ നടക്കുന്ന ജനാധിപത്യസമരങ്ങളിൽ സജീവഭാഗഭാക്കാകയും ചെയ്യുക എന്നതായിരുന്നു അത്. ഈ സമയത്ത് തിരുവിതാകൂറിൽ ജനകീയപങ്കാളിത്തത്തോടുകൂടിയ ഒരു രാഷ്ട്രീയപ്രസ്ഥാനത്തിന്റെ കുറവുണ്ടായിരുന്നു. ഇതിനു മുമ്പു നടന്ന നിവർത്തനപ്രക്ഷോഭവും, ക്ഷേത്രപ്രവേശനവും എല്ലാം നൽകിയ വിജയങ്ങൾ ജനകീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ സ്വാതന്ത്ര്യം ലഭ്യമാകുകയുള്ള എന്ന വിശ്വാസം ജനങ്ങളിലേക്കെത്തിച്ചിരുന്നു.[1]

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്[തിരുത്തുക]

1937 നവംബർ 27ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരുവിതാംകൂർ ഘടകം സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ തിരുവിതാംകൂറിൽ ഉത്തരവാദ ഭരണം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചു.[2] 1938 ൽ സംയുക്ത രാഷ്ട്രീയ സമിതിയിലുൾപ്പടെയുള്ളവർ പങ്കെടുത്ത് ഒരു യോഗം തിരുവനന്തപുരത്ത് കൂടുകയുണ്ടായി. സി.വി.കുഞ്ഞുരാമനായിരുന്നു യോഗത്തിനു നേതൃത്വം വഹിച്ചത്. പട്ടം താണുപിള്ള, എ.നാരായണപിള്ള, പി.എസ് നടരാജപിള്ള, ആനിമസ്ക്രീൻ, ടി.എം.വർഗ്ഗീസ് തുടങ്ങിയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരിക്കുവാനും, സമാധാനപരമായി ഉത്തരവാദഭരണം ആവശ്യപ്പെടാനും ഈ യോഗത്തിൽ തീരുമാനമായി.[3] [4]

ദിവാൻ സി.പി.യുടെ ശത്രുത[തിരുത്തുക]

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ജനപിന്തുണയിൽ ദിവാൻ സി.പി. രാമസ്വാമി അയ്യർ കോപാകുലനായിരുന്നു. അതിനെ ഏതു വിധേനെയെങ്കിലും തകർക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഇതിനായി പല പദ്ധതികളും ദിവാൻ ആസൂത്രണം ചെയ്തു. ജാതിമതസ്പർദ്ധകൾ ഉണ്ടാക്കാനായിരുന്നു ആദ്യം ശ്രമിച്ചത്, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനെ, തിരുവിതാംകൂർ ക്രിസ്ത്യൻ കോൺഗ്രസ്സ് എന്നു പറഞ്ഞ് കളിയാക്കി പ്രചാരണം നടത്തി. സമരനേതാക്കൾക്കെതിരേ സി.പി.യുടെ ആളുകൾ മർദ്ദനം അഴിച്ചുവിടാനും തുടങ്ങി.[5] സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരേ ശിക്ഷാനടപടികളും, യോഗസ്ഥലങ്ങളെ അക്രമികളെ വിട്ട് അലങ്കോലമാക്കാലും ഒക്കെ സി.പി.രാമസ്വാമി അയ്യർ തുടർന്നു. പത്രസ്വാതന്ത്ര്യം ആകെ ഹനിക്കപ്പെട്ടു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന് അനുകൂലമായി ലേഖനങ്ങൾ എഴുതിയിരുന്ന പ്രമുഖ പത്രങ്ങളായ മലയാളമനോരമ, കൗമുദി തുടങ്ങിയ പത്രങ്ങളുടെ പ്രവർത്തനാനുമതി സി.പി.റദ്ദാക്കി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിനേയും, അതിന്റെ യുവജനസംഘടനയായ തിരുവിതാംകൂർ യൂത്തി ലീഗിനേയും നിരോധിക്കപ്പെട്ട സംഘടനകളാക്കി പ്രഖ്യാപിക്കാൻ സി.പി. നിയമം തന്നെ ഭേദഗതി ചെയ്തു. ദിവാന്റെ അക്രമഭരണത്തിനെതിരേ സ്റ്റേറ്റ് കോൺഗ്രസ്സ് രാജാവിന് ഒരു പരാതി സമർപ്പിച്ചു. സി.പി.രാമസ്വാമി അയ്യരെ തൽസ്ഥാനത്ത് നിന്നും നിക്കം ചെയ്ത് ഉത്തരവാദ ഭരണം നടപ്പിലാക്കണമെന്നും ഈ പരാതിയിലൂടെ കോൺഗ്രസ്സ് രാജാവിനോട് ആവശ്യപ്പെട്ടു.[6]

സമരം[തിരുത്തുക]

ഉത്തരവാദപ്രക്ഷോഭം വ്യാപകമാകാൻ തുടങ്ങി. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തുടങ്ങിയെങ്കിലും സമരത്തിന് വമ്പിച്ച് ജനപങ്കാളിത്തം ലഭിക്കാൻ തുടങ്ങി. വിദ്യാർത്ഥികൾ സമരത്തിനനുകൂലമായി പഠിപ്പുമുടക്കി തെരുവിലിറങ്ങി. സർക്കാരിന്റെ പട്ടാളം വിദ്യാർത്ഥികളെ വിദ്യാലയത്തിൽ കടന്നു ചെന്ന് മർദ്ദിച്ചു. വിദ്യാർത്ഥിസമരം സംസ്ഥാനമൊട്ടുക്കു വ്യാപിച്ചു, കൂടാതെ അയൽസംസ്ഥാനത്തു നിന്നുമുള്ള വിദ്യാർത്ഥികൾ സമരത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് തിരുവിതാംകൂറിലേക്കെത്തിച്ചേരാൻ തുടങ്ങി. സംസ്ഥാനത്തെ രാഷ്ട്രീയഅന്തരീക്ഷത്തെക്കുറിച്ച് മനസ്സിലാക്കാൻ തിരുവനന്തപുരത്തെത്തിയ കമലാദേവി ചതോപാധ്യായ എന്ന സ്വാതന്ത്ര്യസമരപ്രവർത്തകയെ സി.പി.സർക്കാർ അറസ്റ്റ് ചെയ്തു നാടുകടത്തി.[7] ഈ സംഭവം സമരത്തിന്റെ വീറും വാശിയും കൂട്ടി. വിദ്യാർത്ഥികളുടെ സജീവപങ്കാളിത്തം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ സമരപരിപാടികൾക്ക് കരുത്തും ഊർജ്ജവും പകർന്നു.[8]

1938 ആഗസ്റ്റ് 26ആം തീയതി തിരുവനന്തപുരം ശംഖുമുഖത്ത് നിരോധനം ലംഘിച്ചുകൊണ്ടു ഒരു സമ്മേളനം സ്റ്റേറ്റ് കോൺഗ്രസ്സ് വിളിച്ചുകൂട്ടി. നിരോധനം നടത്തിയതിന്റെ പേരിൽ പട്ടംതാണുപിള്ളയെപ്പോലുള്ള മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.[9] എന്നാൽ ഇത് ഗൗനിക്കാതെ ആഗസ്റ്റ് 28 ആം തീയതി വീണ്ടും ഒരു സമ്മേളനം കൂടി കോൺഗ്രസ്സ് നടത്തി. പോലീസ് സമ്മേളനം ലാത്തിവീശി പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, വിജയിച്ചില്ല. ജനങ്ങൾ അക്രമാസക്തരായി പോലീസിനുനേരെ തിരിഞ്ഞു, പോലീസ് മേധാവിയുടെ കാർ അവർ കത്തിച്ചു. സമരത്തെ അടിച്ചമർത്താൻ ദിവാനും സർക്കാരും പോലീസിന് സർവ്വ അധികാരങ്ങളും നൽകി. സ്റ്റേറ്റ് കോൺഗ്രസ്സ് സംഘടിപ്പിച്ച ഒരു ജാഥക്കെതിരേ 1938 ആഗസ്റ്റ് 31 ന് പോലീസ് വെടിവെപ്പുണ്ടായി. സ്റ്റേറ്റ് കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന രാഘവൻ ഉൾപ്പെടെ 7 പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടു.[10] സമരത്തിനു ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് അയൽസംസ്ഥാനങ്ങളിൽ നിന്നും ജാഥകൾ തിരുവനന്തപുരത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. മലബാറിൽ നിന്നും എ.കെ.ഗോപാലന്റെ നേതൃത്വത്തിൽ ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്രപുറപ്പെട്ടുവെങ്കിലും ആലുവയിൽവെച്ച് പോലീസ് അവരെ തടയുകയും എ.കെ.ഗോപാലനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.[11]

സമരത്തെ പിന്തുണച്ചുകൊണ്ട് വിവിധതൊഴിലാളി സംഘടനകൾ രംഗത്തു വന്നു. അവർ പണിമുടക്കി സമരത്തിനു പിന്തുണപ്രഖ്യാപിച്ചു. ആലപ്പുഴയിലെ തൊഴിലാളികൾ പൊതുപണിമുടക്കു നടത്തി. പാങ്ങോട് പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. തുടർന്ന പട്ടാളം രംഗത്തിറങ്ങി, തുടർന്നുണ്ടായ വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു.[12] 1938 സെപ്തംബർ 21 ആം തീയതി സ്റ്റേറ്റ് കോൺഗ്രസ്സ് ദിനമായി ആചരിക്കുകയും, അന്നേ ദിവസം ശംഖുമുഖം കടപ്പുറത്ത് ഏതാണ്ട് പതിനായിരത്തോളം ആളുകൾ വരുന്ന ഒരു സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. സമ്മേളനത്തെ പിരിച്ചുവിടാൻ പട്ടാളം വെടിവെപ്പു നടത്തുകയും അതിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. ആറ്റിങ്ങലിലും, ചെങ്ങന്നൂരും നടന്ന വെടിവെപ്പുകളിലും ജനങ്ങൾ കൊല്ലപ്പെട്ടു.

1938 ഒക്ടോബർ 23 ആം തീയതി രാജാവിന്റെ ജന്മദിനാഘോഷം നടക്കുന്ന വേളയിൽ കൊട്ടാരത്തിലേക്ക് ഒരു ജാഥ നയിക്കാൻ കോൺഗ്രസ്സ് തീരുമാനിക്കുകയും, ജാഥാ നേതാവായി അക്കാമ്മചെറിയാനെ തിരഞ്ഞെടുക്കുകയും ചെയ്തു. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സർക്കാർ തിരുവിതാംകൂർ സ്റ്റേറ്റുകോൺഗ്രസ്സിന്റേയും, യൂത്ത് ലീഗിന്റേയും നിയന്ത്രണങ്ങൾ എടുത്തു കളയുകയും നേതാക്കളെ തടവിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതുകൊണ്ടൊന്നും തങ്ങൾ തൃപ്തരല്ലെന്ന്, തടവിൽ നിന്നും മോചിതരായവർക്ക് നൽകിയ സ്വീകരണത്തിൽ പങ്കെടുത്തുകൊണ്ട് പട്ടം താണുപിള്ള പ്രഖ്യാപിച്ചു.[13] പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനായിരുന്നു സ്റ്റേറ്റ് കോൺഗ്രസ്സ് തീരുമാനം. തുടർന്ന് തിരുവനന്തപുരത്തു നടത്തിയ ഒരു സമ്മേളനം പോലീസ് ഇടപെട്ട് പിരിച്ചുവിടുകയും നേതാക്കളുൾപ്പടെയുള്ളവരെ തടവിലാക്കുകയും ചെയ്തു. ഇവരെ വിട്ടയക്കണമെന്ന് ഗാന്ധിജി ദിവാനോട് ആവശ്യപ്പെട്ടെങ്കിലും, തനിക്കെതിരേ നടത്തിയിട്ടുള്ള ആരോപണങ്ങൾ പിൻവലിക്കാനാണ് ദിവാൻ മറുപടി നൽകിയത്. ഉത്തരവാദപ്രക്ഷോഭവും, ദിവാനെതിരേയുള്ള ആരോപണങ്ങളും തമ്മിൽ ബന്ധപ്പെടുത്തുന്നതിനെ ഗാന്ധിജി എതിർത്തു.[14]

സമരഫലം[തിരുത്തുക]

ഗാന്ധിജിയുടെ നിർദ്ദേശത്തെത്തുടർന്ന് ദിവാനെതിരേയുള്ള പരാതി പിൻവലിക്കണമെന്ന് കോൺഗ്രസ്സിലെ ഒരു കൂട്ടം നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ, കുറേപ്പേർ അതിനെ എതിർത്തു. അതോടെ കോൺഗ്രസ്സിൽ ഒരു പിളർപ്പിനുള്ള സാധ്യത ഉടലെടുത്തു. അവസാനം ദിവാനെതിരേയുള്ള മെമ്മോറാണ്ഡം പിൻവലിക്കാൻ കോൺഗ്രസ്സ് തീരുമാനമെടുത്തു, ഇത് പ്രവർത്തകരുടെ മനോവീര്യം കെടുത്താൻ കാരണമായി. ഈ തീരുമാനം ദിവാന് അനുഗ്രഹമായിത്തീർന്നു, തന്റെ കൂടെ നിന്ന കോൺഗ്രസ്സിലെ നേതാക്കൾക്ക് ദിവാൻ സർക്കാർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. പ്രക്ഷോഭത്തിന്റെ പാരമത്യയിൽ കോൺഗ്രസ്സ് എടുത്ത ഈ തീരുമാനം മറ്റു ഘടകക്ഷികളെക്കൂടി നിരാശരാക്കി. എസ്സ്.എൻ.ഡി.പി.യോഗം സ്റ്റേറ്റ് കോൺഗ്രസ്സിനുള്ള പിന്തുണ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചു.[5] തൊട്ടു പിന്നാലെ സ്റ്റേറ്റ് കോൺഗ്രസ്സ് നിയമലംഘനം പ്രസ്ഥാനം പുനരാരംഭിക്കുകയാണെന്ന് ഗാന്ധിജിയുടെ ആശീർവാദത്തോടെ അറിയിച്ചു. 1939ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1942 ൽ ക്വിറ്റ് ഇന്ത്യാസമരം ആരംഭിച്ചു. സ്റ്റേറ്റ് കോൺഗ്രസ്സിന്റേതുൾപ്പടെയുള്ള നേതാക്കൾ ജയിലിലായി. ഇതോടെ ഉത്തരവാദ പ്രക്ഷോഭം ഒരു ജഡാവസ്ഥയിലെത്തിച്ചേർന്നു.

ദിവാന്റെ പരിഷ്കാരങ്ങൾ[തിരുത്തുക]

രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ 1946ൽ ദിവാൻ സി.പി.രാമസ്വാമി അയ്യർ കുപ്രസിദ്ധമായ അമേരിക്കൻ മോഡൽ ഭരണപരിഷ്കാരങ്ങൾ നടപ്പിൽവരുത്തി. പ്രായപൂർത്തി വോട്ടവകാശവും, മുഖ്യഭരണാധികാരിയുടെ അധികാരവും ആയിരുന്നു പ്രധആന നിർദ്ദേശങ്ങൾ മുഖ്യഭരണാധികാരിയെ നീക്കംചെയ്യാൻ നിയമസഭക്ക് അധികാരം ഉണ്ടാവില്ല. മാത്രവുമല്ല ഇദ്ദേഹത്തിന് രാജാവിനോടു മാത്രമേ ഉത്തരവാദിത്തം ഉണ്ടായിരിക്കുകയുമുള്ളു. നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 150 ആയി ഉയർത്തി. എല്ലാവരും തന്നെ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും.[15] എന്നാൽ ഈ ഭരണപരിഷ്കാരങ്ങളെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, കമ്മ്യൂണിസ്റ്റ് പാർട്ടി, തൊഴിലാളി സംഘടനകൾ എന്നിവർ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന മുദ്രാവാക്യത്തോടെ തള്ളിക്കളഞ്ഞു. ഉത്തരവാദപ്രക്ഷോഭം കൂടുതൽ ശക്തമായി തുടരാൻ തൊഴിലാളി സംഘടനകളുൾപ്പടെയുള്ളവർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പുന്നപ്ര-വയലാറിൽ നടന്ന വെടിവെപ്പിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.

തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നിലനിൽക്കുമെന്ന് ദിവാൻ പ്രഖ്യാപിച്ചു. തന്റെ അധികാരം നഷ്ടപ്പെട്ടുപോകാതിരിക്കാനുള്ള അവസാന അടവായിരുന്നു ഇത്. എന്നാൽ തിരുവിതാംകൂർ സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് രാജാവ് ഒരു റേഡിയോ പ്രക്ഷേപണത്തിലൂടെ ജനങ്ങളെ അറിയിച്ചു. ദിവാന്റെ തീരുമാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തിരസ്കരിച്ചു. ഉത്തരവാദപ്രക്ഷോഭം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചു. വീണ്ടും സമരങ്ങൾ അരങ്ങേറി. 1947 ജൂലൈ 25 ന് സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ ഒരു കച്ചേരിയിൽ പങ്കുകൊണ്ടിരിക്കെ കെ.സി.എസ്. മണി എന്നയാൾ വധിക്കാൻ ശ്രമിച്ചു. ഭയചകിതനായ ദിവാൻ സി.പി.രാമസ്വാമി അയ്യർ തന്റെ സ്ഥാനം രാജിവെച്ച് തിരുവിതാംകൂർ വിട്ടു. ഇന്ത്യൻ യൂണിയനിൽ ചേരുവാൻ സമ്മതമാണെന്നു കാണിച്ചുകൊണ്ട് രാജാവ് നേതൃത്വത്തിനു കത്തെഴുതി. പി.ജി.എൻ.ഉണ്ണിത്താൻ പുതിയ ദിവാനായി നിയമിതനായി.

ഉത്തരവാദഭരണം[തിരുത്തുക]

1947 സെപ്തംബർ 4 ന് ഉത്തരവാദ ഭരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ രാജാവ് ഒപ്പു വെച്ചു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സ്റ്റേറ്റ് കോൺഗ്രസ്സ് ഭൂരിപക്ഷത്തോടെ വിജയിച്ച് പട്ടം താണുപിള്ള പ്രധാനമന്ത്രിയായും, സി.കേശവനോപ്പോലുള്ള പ്രമുഖർ മന്ത്രിമാരായും സത്യപ്രതിജ്ഞചെയ്തു.

അവലംബം[തിരുത്തുക]

  1. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 110-111. ISBN 978-81-87480-76-1. ഉത്തരവാദഭരണത്തിനായുള്ള കാരണങ്ങൾ
  2. "കോൺഗ്രസ്സിന്റെ തിരുവിതാംകൂർ പ്രാദേശിക സമ്മേളനം". ദ ഹിന്ദു. 28-നവംബർ-1937. {{cite news}}: Check date values in: |date= (help)
  3. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 111. ISBN 978-81-87480-76-1. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണം
  4. "തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണം". ദ ഹിന്ദു. 25-ഫെബ്രുവരി-1938. {{cite news}}: Check date values in: |date= (help)
  5. 5.0 5.1 എം.ജെ., കോശി (1972). കോൺസ്റ്റിറ്റ്യൂഷനലിസം ഇൻ ട്രാവൻകൂർ ആന്റ് കൊച്ചിൻ. കേരള ഹിസ്റ്റോറിക്കൽ സൊസൈറ്റി.
  6. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ്, വർക്കിംഗ് കമ്മറ്റി. ട്രാവൻകൂർ ടുഡേ, ഹെർ സ്ട്രഗ്ഗിൾ ഫോർ ഫ്രീഡം. കേരളസ്റ്റേറ്റ് ആർക്കൈവ്സ്.
  7. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. ISBN 81-7130-751-5. തിരുവിതാംകൂറിലെ ഉത്തരാവദപ്രക്ഷോഭം
  8. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 113. ISBN 978-81-87480-76-1. ഉത്തരവാദ പ്രക്ഷോഭത്തിലെ വിദ്യാർത്ഥികളുടെ പങ്ക്
  9. സി., നാരായണപിള്ള (1972). തിരുവിതാംകൂർ സ്വാതന്ത്ര്യസമരം. ഉത്തരവാദപ്രക്ഷോഭം
  10. കെ., ദാമോദരൻ (1997). കേരളത്തിലെ സ്വാതന്ത്ര്യസമരം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. വീരരാഘവന്റെ ചരിത്രം {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  11. എ.കെ, ഗോപാലൻ (1973). ഇൻ ദ കോസ് ഓഫ് പീപ്പിൾ.
  12. കെ.കെ, കുസുമൻ (1977). ദ എക്സ്ട്രീമിസ്റ്റ് മൂവ്മെന്റ് ഇൻ കേരള.
  13. "ഹരിജൻ ദിനപത്രം". 10-സെപ്തംബർ-1938. {{cite news}}: Check date values in: |date= (help)
  14. "ഗാന്ധിജിയുടെ എതിർപ്പുകൾ". ദ ഹിന്ദു. 05-ഡിസംബർ-1939. {{cite news}}: Check date values in: |date= (help)
  15. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 117-118. ISBN 978-81-87480-76-1. അമേരിക്കൻ മോഡൽ