തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ഷേത്രം: ഒരു പുലർകാല ദൃശ്യം

നാഗാരാധനയ്ക്ക് പേരുകേട്ട ആലപ്പുഴ ജില്ലയിലെ ഒരു ക്ഷേത്രമാണ് തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. ശിവനും നാഗയക്ഷിയും പ്രതിഷ്ഠയായുള്ള ഈ ക്ഷേത്രം ചേർത്തലയിൽ നിന്നു 5 കിലോമീറ്റർ വടക്ക് മാറി ദേശീയപാത - 47-ൽ വയലാർ കവലയിൽ നിന്നും 2.5 കിലോമീറ്റർ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായി ശിവേനേയും പടിഞ്ഞാറ് ദർശനമായി നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു ഗണപതി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ, ഭഗവതി എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.[1]

ഐതിഹ്യം[തിരുത്തുക]

ഈ ക്ഷേത്രത്തിൻറെ ഉല്പത്തിയെപ്പറ്റി പല ഐതിഹ്യങ്ങളും കേട്ടു വരുന്നു. വ്യാഘ്രപാദമഹർഷി വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിൻ്റെ തലേദിവസം വൈകുന്നേരത്തോടെ വൈക്കത്ത് എത്തിേച്ചേർന്നുവെന്നും പതിവുള്ള സ്നാനനിഷ്ഠാനങ്ങൾക്ക് ശേഷം നടയിലെത്തിയ മഹർഷിക്ക് ഗർഭഗൃഹത്തിൽ ഭഗവത്ചൈതന്യം ദർശിക്കാനായില്ലയെന്നും ദുഃഖിതനായ അദ്ദേഹം ക്ഷേത്രമുറ്റത്ത് അല്പം മാറിയിരുന്ന് ധ്യാനത്തിലേർപ്പെട്ടുവെന്നും തന്റെ ദിവ്യദൃഷ്ടിയിലൂടെ പശ്ചിമദിക്കിലായി രണ്ട് ജലാശയങ്ങൾക്കപ്പുറം നിബിഡമായ വനത്തിൽ ഒരു കുളത്തിന്റെ കരയിലായി ശിവൻ ധ്യാനത്തിലമർന്നിരിക്കുന്നത് അദ്ദേഹം ദർശിച്ചുവെന്നും ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി, ആ ദിക്കിനെ ലക്ഷ്യമാക്കി യാത്രയായെന്നും ഭഗവത് ദർശനം ലഭിച്ച വ്യാഘ്രപാദമഹർഷിക്ക് അഷ്ടമിനാളിൽ വൈക്കത്ത് വെച്ച് ദർശനം നൽകുന്നതിനുള്ള വാഗ്ദാനം നൽകി ഭഗവാൻ മറഞ്ഞുവെന്നും വ്യാഘ്രപാദമഹർഷിക്ക് ഭഗവാന്റെ അരുളപ്പാടുണ്ടായ സ്മരണയിൽ ഇവിടെ ഒരു ശിവക്ഷേത്രം സ്ഥാപിക്കപ്പെട്ടു എന്നുമാണ് ഒരു ഐതിഹ്യം.

പറവൂരിൽ നിന്ന് കൊങ്ങോർപ്പള്ളി മനയ്ക്കലെ ഒരു ബ്രാഹ്മണൻ കഠിനമായി തപസ്സ് ചെയ്ത് ആദിത്യനെ പ്രസാദിപ്പിച്ചെന്നും ആദിത്യൻ ബ്രാഹ്മണനിൽ സംപ്രീതനായി അദ്ദേഹത്തിന് ഒരു ശിവലിംഗം നൽകിയെന്നും ഈ ശിവലിംഗം പ്രതിഷ്ഠിച്ച് ഇവിടെ ഒരു ക്ഷേത്രം പണി കഴിപ്പിച്ചെന്നും മറ്റൊരു ഐതീഹ്യം.

മറ്റു വസ്തുതകൾ[തിരുത്തുക]

  • മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തും ബലിക്കൽപ്പുരയുണ്ട്. കിഴക്കു ഭാഗത്തുള്ള പ്രധാന ബലിക്കൽപുരയ്ക്കു പുറമേയാണ് പടിഞ്ഞാറെ നടയ്ക്കൽ സ്ഥിതി ചെയ്യുന്ന ഇത്. വ്യാഘ്രപാദമഹർഷിക്ക് ശിവൻ ദർശനം നൽകിയത് ഈ സ്ഥാനത്ത് വെച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു.
  • കാവുകളാൽ ചുറ്റപ്പെട്ട ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തായി വലിയ ക്ഷേത്രക്കുളമുണ്ട്.
  • തിരുനാഗംകുളങ്ങര ദേവസ്വംബോർഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിൽ നിത്യപൂജ നടത്തപ്പെടുന്നു

സർപ്പം പാട്ട്[തിരുത്തുക]

വേരറ്റുപോകുന്ന അനുഷ്ഠാനകലകളിലൊന്നായ സർപ്പം പാട്ട് തിരുനാഗംകുളങ്ങര നാഗയക്ഷിയമ്പലത്തിനു മുമ്പിൽ പരമ്പരാഗത പുള്ളുവകുടുംബത്തിലെ അംഗം അവതരിപ്പിക്കുന്നുണ്ട്. സർപ്പദോഷങ്ങൾ അകലുവാനായി ഭക്തർ സർപ്പം പാട്ട് വഴിപാടായി നടത്തുന്നു. കുടംകൊട്ടി, വീണാനാദത്തോടെയാണ് സർപ്പം പാട്ട് അവതരിപ്പിക്കുന്നത്. തിരുനാഗംകുളങ്ങര ക്ഷേത്രത്തിൽ നൂറും പാലും സമർപ്പിക്കുമ്പോൾ നാഗദൈവപ്രീതിക്കായി സർപ്പം പാട്ടും നടത്തിവരുന്നു. തലമുറകളായി സർപ്പം പാട്ട് നടത്തുന്ന പുള്ളുവകുടുംബങ്ങളിലൊരാൾ ദിവസവും നാഗയക്ഷിയുടെ നടയിൽ പാടുന്നു. നിലവിലെ പാട്ടുകാരിയായ കാർത്യായനി ലക്ഷ്മി ഇവിടെ പാടാൻ തുടങ്ങിയിട്ട് നാൽപ്പത് വർഷത്തിലേറെയായി.


അവലംബം[തിരുത്തുക]

  1. തിരുനാഗം കുളങ്ങര മഹാദേവ ക്ഷേത്ര ചരിതം. കേരള സ്റ്റേറ്റ് ഹിന്ദു ദേവസ്വം ബോർഡ്. 2008. {{cite book}}: Unknown parameter |month= ignored (help)