താജ്‌ മഹല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താജ്‌മഹല്‍*
യുനെസ്കോ ലോക പൈതൃക സ്മാരകം

താജ് മഹല്‍
രാജ്യം കക്ഷി Flag of India.svg ഇന്ത്യ
തരം സാംസ്കാരികം
മാനദണ്ഡം
അവലംബം 252
മേഖല Asia-Pacific
Inscription History
Inscription 1983  (7th Session)
* Name as inscribed on World Heritage List.
Region as classified by UNESCO.

ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ താജ്‌മഹല്‍ (pronounced /tɑdʒ mə'hɑl/ ---- ഹിന്ദി: ताज महल; പേര്‍ഷ്യന്‍/ഉര്‍ദു: تاج محل) ആഗ്രയില്‍, യമുനാനദിക്കരയില്‍ സ്ഥിതി ചെയ്യുന്നു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേര്‍ഷ്യന്‍,ഒട്ടോമന്‍,ഇന്ത്യന്‍,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകള്‍ കൂടിച്ചേര്‍ന്നുണ്ടായ മുഗള്‍ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹല്‍. പൂര്‍ണമായും വെണ്ണക്കല്ലില്‍ നിര്‍മ്മിച്ച ഈ സ്മാരകം പൂര്‍ത്തിയാകാന്‍ ഇരുപത്തി രണ്ട് വര്‍ഷം എടുത്തു എന്നാണ് കണക്ക്.

1983- ല്‍ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയില്‍ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലില്‍ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേര്‍ന്ന ഒരു സമുച്ചയമാണ്‌ താജ് മഹല്‍. ഇതിന്റെ പണി ഏകദേശം 1632 ല്‍ തുടങ്ങി 1653 ല്‍ തീര്‍ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. [1]. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്‍റെ പ്രധാന ശില്പി.[2]

ഉള്ളടക്കം

[തിരുത്തുക] ഉറവിടവും പ്രചോദനവും

ഷാജഹാന്‍ - കലാകാരന്റെ ഭാവനയില്‍. ഷാജഹാന്‍ ഗ്ലോബിനും മുകളില്‍ എന്ന ചിത്രം,സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നും
കലാകാരന്റെ ഭാവനയില്‍ മുംതാസ് മഹല്‍

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്റെ മൂന്നാം ഭാര്യയായിരുന്ന മുംതാസ് മഹല്‍ 1631ല്‍ തന്റെ 14-ആമത്തെ കുട്ടിയായ ഗൌഹറ ബേഗത്തിന് ജന്മം നല്‍കുന്നതിനിടയില്‍ (വിവാഹത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍) മരിച്ചു[3]. അക്കാലത്തെ ഷാജഹാന്‍ ചക്രവര്‍ത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു. [4] പക്ഷേ ഭാര്യയുടെ മരണം മൂലം അദ്ദേഹം വളരെ ദുഃഖത്തിലാവുകയായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹല്‍ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങള്‍ കാണിക്കുന്നു. [5] [6] താജ് മഹലിന്റെ പണികള്‍ മുംതാസിന്റെ മരണത്തിനു ശേഷം ഉടന്‍ തന്നെ തുടങ്ങുകയുണ്ടായി. 1648 ല്‍ ഒരു അടിസ്ഥാന ശവകുടീരം പണിതീര്‍ന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പണിതിര്‍ന്നത്.

ഷാജഹാന്‍ ചക്രവര്‍ത്തി സ്വന്തം വാക്കുകളില്‍ താജ്‌മഹലിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: (ഇംഗ്ലീഷില്‍ വിവരിച്ചിരിക്കുന്നു:) [7]

Should guilty seek asylum here,
Like one pardoned, he becomes free from sin.
Should a sinner make his way to this mansion,
All his past sins are to be washed away.
The sight of this mansion creates sorrowing sighs;
And the sun and the moon shed tears from their eyes.
In this world this edifice has been made;
To display thereby the creator's glory.

ഹുമയൂണിന്റെ ശവകുടീരം താജ്‌മഹലിന്റെ വാസ്തുവിദ്യയുടെ സമാനതകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ്.

താജ് മഹല്‍ പേര്‍ഷ്യന്‍ സംസ്കാരത്തിന്റേയും മുഗള്‍ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുര്‍ രാജവംശത്തില്‍ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയില്‍ ഉണ്ടായിരുന്നു. സമര്‍കണ്ടിലെ ഗുര്‍-ഏ-അമീര്‍ എന്ന കെട്ടിടം ,[8] ഹുമയൂണിന്റെ ശവകുടീരം (ചിലപ്പോള്‍ ചെറിയ താജ് എന്നും അറിയപ്പെടുന്നു), ഡെല്‍ഹിയിലെ ഷാജഹാന്റെ സ്വന്തം ജുമാ മസ്ജിദ് എന്നിവയില്‍ നിന്നും വാസ്തുവിദ്യ പ്രചോദനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് താജ്. ആദ്യകാലത്തെ മുഗള്‍ കെട്ടിടങ്ങള്‍ എല്ലാം തന്നെ ചുവന്ന മണല്‍ക്കല്ലിലാണ്‌ പണിതിരുന്നത്. പക്ഷേ, ഷാജഹാന്‍ താജ് മഹല്‍ പണിയുന്നതിന് വെണ്ണക്കല്‍ തന്നെ കൂടാതെ വിലപിടിപ്പുള്ള മറ്റുചില കല്ലുകള്‍ എന്നിവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുമൂലം മറ്റ് മുഗള്‍ കാലഘട്ടത്തെ കെട്ടിടങ്ങളേക്കാളും താജ് മഹലിന് ഒരു പ്രത്യേക ആകര്‍ഷണം തന്നെ ഉണ്ടാവുകയായിരുന്നു. [9]

മുംതാസിനോടുള്ള ഷാജഹാന്റെ പ്രണയത്തേയും അതിന്റെ സ്മാരകമായ ഈ സൗധത്തേയും കുറിച്ച് ടാഗോര്‍ ലവേഴ്സ് ഗിഫ്റ്റ് എന്ന ഒരു കവിതയെഴുതിയിട്ടുണ്ട്[3].

[തിരുത്തുക] വാസ്തുവിദ്യ

[തിരുത്തുക] കുടീരം

താജ് മഹലിന്റെ പ്രധാന ഭാഗം എന്നു പറയാവുന്നത് വെള്ള മാര്‍ബിളില്‍ നിര്‍മ്മിച്ചിട്ടുള്ള കുടീരമാണ്. ഇത് ഒരു സമ ചതുര സ്തംഭപാദത്തില്‍ സ്ഥിതി ചെയ്യുന്നു. ഇതിനു ചുറ്റും പ്രതിസമതമായ പണിതീര്‍ത്തിരിക്കുന്ന ഭാഗങ്ങളും, ഇവാന്‍ എന്ന ഒരു കമാനാകൃതിയിലുള്ള വാതിലും, ഏറ്റവും മുകളിലായി ഒരു വലിയ കുംഭഗോപുരവും സ്ഥിതിചെയ്യുന്നു. ഇത് സാധാരണ കാണുന്ന എല്ലാ മുഗള്‍, പേര്‍ഷ്യന്‍ വാസ്തു വിദ്യയിലേയും പോലെ തന്നെ.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്.

താജ് മഹലിന്റെ അടിസ്ഥാനം വലിയ പല-അറകളുള്ള ഘടനയാണ്. അടിത്തറ ഒരു വലിയ നീളം, വീതി, ഉയരം ഈ മുന്നും സമയളവോടു കൂടിയ ഘനപദാര്‍ത്ഥത്തിന്റെ ആകൃതിയിലാണ്. ഇതിന്റെ ഏകദേശ നീളം 55 മീ. ഓരോ വശത്തിനുമുണ്ട്. (അടിത്തറയുടെ പ്ലാന്‍ കാണുക). നീളമുള്ള വശങ്ങളില്‍ പിസ്താക് എന്നറിയപ്പെടുന്ന കമാനാകൃതിയിലുള്ള ചട്ടക്കൂടുകള്‍ പിടിപ്പിച്ചിട്ടുണ്ട്. മുന്‍പിലെ കമാനത്തിന്റെ രണ്ടു വശത്തും മുകളിലും താഴെയുമായി കൂടുതല്‍ പിസ്താക്കുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതു പോലുള്ള പിസ്താക്കുകള്‍ ചരിഞ്ഞ ചുമരുകളുടെ വശങ്ങളിലും പിടിപ്പിച്ചിട്ടുണ്ട്. ഈ വാസ്തു കെട്ടിടത്തിന്റെ എല്ലാ വശങ്ങളിലും പ്രതി സമമാണ്. ഈ ചതുര സ്തംഭപാദത്തിന്റെ നാലു വശങ്ങളിലും നാലും മീനാറുകള്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ മുകളിലും ഓരോ കുംഭഗോപുരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ ചതുര സ്തംഭപാദത്തിന്റെ അകത്തെ പ്രധാന അറക്കുള്ളില്‍ ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവപ്പെട്ടികള്‍ അടക്കം ചെയ്തിരിക്കുന്നു. പക്ഷേ ഇവരുടെ യഥാര്‍ഥ ശവപ്പെട്ടികള്‍ ഇതിന്റെ താഴെയുള്ള അറകളിലാണ് സ്ഥിതി ചെയ്യുന്നത്. പ്രധാന നടുത്തള അറയുടെ മുകളില്‍ ശവപ്പെട്ടിയുടെ ആകൃതിയില്‍ പണി തീര്‍ത്തിരിക്കുന്നത് മാത്രമാണ്.

മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഗോപുരമാണ് ഇതിലെ ഏറ്റവും ആകര്‍ഷകം. ഇതിന്റെ ഉയരം കെട്ടിടത്തിന്റെ അടിത്തറയുടെ അത്ര തന്നെ ഉയരമുള്ള ഒന്നാണ്. ഏകദേശം 35 മീറ്റര്‍ ഉയരമുള്ളതാണ് ഈ കുംഭഗോപുരം. ഇതിന്റെ മുകളിലുള്ള ഗോളസ്തംഭത്തിന് 7 മീറ്റര്‍ ഉയരമുണ്ട്. ഈ ഗോള സ്തംഭത്തിന്റെ രൂപസവിശേഷത കൊണ്ട് ഇതിനെ ഓനിയന്‍ ഡോം അഥവാ ഉള്ളിയുടെ ആകൃതിയുള്ള സ്തംഭം എന്ന് വിശേഷിപ്പിക്കാറുണ്ട്. ഏറ്റവും മുകളിലുള്ള ഈ ഗോള സ്തംഭത്തിന്റെ മുകളില്‍ കമലത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു അഭികല്പന ചെയ്തിട്ടുള്ള ഒരു രൂപം ഉണ്ട്. ഈ വലിയ കമലാകൃതിയിലുള്ള രൂപത്തിന്റെ ചുറ്റും നാല് ചെറിയ സ്തൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇതിന്റെ ആകൃതിയും പ്രധാന സ്തൂപത്തിന്റെ ആകൃതിയില്‍ തന്നെയാണ്. ഇതിനെ ചത്രി സ്തൂപം എന്ന് വിശേഷിപ്പിക്കുന്നു. ഈ ചത്രി സ്തൂപങ്ങള്‍ പ്രധാന സ്തൂപത്തിന്റെ രൂപത്തില്‍ തന്നെ നാലു വശത്തും സ്ഥിതി ചെയ്യുന്നു. ഇതിന്റെ അടിഭാഗം പ്രധാന കുംഭ ഗോപുരത്തിന്റെ അത്തേക്ക് തുറന്ന് അതിനകത്തേക്ക് വെളിച്ചം തരുന്നു. അടിഭാഗത്തെ ചുമരുകളുടെ നാലു ഭാഗത്തും ശംഖുപിരിയന്‍ ആകൃതിയിലുള്ള അലങ്കാരങ്ങള്‍ ചെയ്തിരിക്കുന്നു. ചത്രി കുംഭഗോപുരങ്ങള്‍ ഇവിടേയും നിര്‍മ്മിച്ചിരിക്കുന്നു.

ഈ കുംഭഗോപുരത്തിന്റേയും ചത്രിയുടെയും മുകളിലായി ലോഹത്തിന്റെ ഫിനിയല്‍ എന്ന പേര്‍ഷ്യന്‍, ഹിന്ദു ചിത്രപണികള്‍ ചെയ്തിരിക്കുന്ന ലോഹ സ്തൂപം സ്ഥിതി ചെയ്യുന്നു. ഈ ഫിനിയല്‍ എന്ന വൃത്താകൃതിയിലുള്ള നീളന്‍ സ്തൂപം ആദ്യം നിര്‍മ്മിച്ച് സ്ഥാപിച്ചപ്പോള്‍ ഇത് സ്വര്‍ണ്ണം കൊണ്ടുള്ളതായിരുന്നു. കൊല്ലവര്‍ഷം 1800 വരെ ഈ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച സ്തൂപം ഇതിന്റെ മുകളില്‍ സ്ഥിതി ചെയ്തിരിന്നു. പിന്നീട് ഈ സ്വര്‍ണ്ണത്തിന്റെ സ്തൂപം ബ്രിട്ടിഷുകാര്‍ എടുത്ത് മാറ്റി എന്നാണ് പറയപ്പെടുന്നത്. അതിനു ശേഷം അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള സ്തൂപം വെങ്കലം കൊണ്ട് നിര്‍മ്മിച്ച് സ്ഥാപിക്കുകയായിരുന്നു. ഈ ഫിനിയല്‍ സ്തൂപത്തിന്റെ മുകളിലായി അര്‍ദ്ധ ചന്ദ്രന്റെ ആകൃതിയില്‍ നിര്‍മ്മിച്ച ഒരു ഫലകം സ്ഥിതി ചെയ്യുന്നു. ഇത് ഇസ്ലാമിക് മതത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ മൊത്തത്തിലുള്ള ആകൃതി കണക്കാക്കുമ്പോള്‍ ഇത് ഒരു ത്രിശ്ശൂലത്തിന്റെ ആകൃതിയില്‍ വരുന്നതു കൊണ്ട് ചിലര്‍ ഇതിനെ മഹാ ശിവന്റെ തൃശൂലമായും കണക്കാക്കുന്നു. .[10]

പ്രധാന സ്തംഭപാദത്തിന്റെ നാലു മൂലകളിലായി നാലു വലിയ മീനാരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ നാലു മീനാര്‍ പുരദ്വാരങ്ങള്‍ക്കും ഓരോന്നിന്നും 40 മീറ്റര്‍ ഉയരമുണ്ട്. ഇവ താജ് മഹലിന്റെ പ്രതി സമത ആകൃതിയെ കാണിക്കുന്നു. നാലു മീനാരങ്ങള്‍ക്കും തുല്യ ഉയരവും ആകൃതിയുമാണ് ഉള്ളത്. ഈ മീനാറുകള്‍ സ്വതവേ ഉള്ള മുസ്ലീം പള്ളികളുടെ ഗോപുരങ്ങള്‍ പോലെ തന്നെ നിര്‍മ്മിച്ചിരിക്കുന്നു. ഓരോ മീനാറുകളും താഴെ നിന്ന് മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതില്‍ മുകളിലേക്ക് പോകുന്നതില്‍ രണ്ട് ബാല്‍ക്കണികളും ഏറ്റവും മുകളിലായി അവസാനത്തെ ബാല്‍ക്കണിയും നിര്‍മ്മിച്ചിരിക്കുന്നു. ഏറ്റവും മുകളിലുള്ള ബാല്‍ക്കണിയില്‍ പ്രധാന ഗോപുരത്തിന്റെ ആകൃതിയിലുള്ള ചത്രി സ്ഥിതി ചെയ്യുന്നു. പ്രധാന ഗോപുരത്തിന്റെ മുകളിലുള്ള കമലാകൃതിയിലുള്ള സ്തൂപം മീനാറിന്റെ മുകളിലും പണിതിരിക്കുന്നു. നാലു മീനാരുകളും പ്രധാന സ്തംഭപാദത്തിന്റെ മൂലയില്‍ നിന്ന് കുറച്ച് വിട്ടിട്ടാണ് പണിതിരിക്കുന്നത്. എന്തെങ്കിലും കാരണത്താല്‍ ഈ മീനാറുകള്‍ തകരുകയാണെങ്കില്‍ അത് പ്രധാന ഗോപുരത്തിലേക്ക് വീഴാതെ വശങ്ങളിലേക്ക് വീഴുന്നതിനായിട്ടാണ് ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്നത്.

[തിരുത്തുക] പുറമേയുള്ള അലങ്കാരങ്ങള്‍

പിസ്താക്കുകളില്‍ സുന്ദരമായ കൈയക്ഷരം കൊണ്ടുള്ള വാസ്തുവിദ്യ

താജ് മഹലിന്റെ പുറമേയുള്ള അലങ്കാരങ്ങള്‍ മുഗള്‍ വംശത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അലങ്കാരങ്ങള്‍ എല്ലാം കൃത്യമായി ആനുപാതികമായിട്ടാണ് പിസ്താക്കുളിലും ചുമരുകളിലും ചെയ്തിരിക്കുന്നത്. അലങ്കാരങ്ങള്‍ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത്. പെയിന്റ് ഉപയോഗിച്ചും, കുമ്മായചാന്ത് ഉപയോഗിച്ചും, കൂടാതെ പ്രധാന രീതിയായ മാര്‍ബിളില്‍ കൊത്തിയുമാണ് ചെയ്തിരിക്കുന്നത്. ഇസ്ലാം മതത്തിന്റെ പ്രാധാന്യങ്ങളും വിലക്കുകളും കണക്കിലെടുത്ത് അലങ്കാരങ്ങള്‍ പ്രധാനമായും ചെയ്തിരിക്കുന്നത് കൈയക്ഷരങ്ങള്‍ ഉപയോഗിച്ചും, സസ്യലതാദികളുടെ രൂപാകൃതിയിലുമാണ്.

താജ് മഹലില്‍ കാണപ്പെടുന്ന കൈയെഴുത്തുകള്‍ അത്യലംകൃതമായ തുളുത് എഴുത്തു രീതിയാണ്. ഇത് പ്രധാനമായും ചെയ്തിരിക്കുന്നത് പേര്‍ഷ്യന്‍ കൈയെഴുത്തുകാരനായ അമാനത്ത് ഖാന്‍ ആണ്. ഈ കൈയെഴുത്തുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്നത് ജാസ്പര്‍ എന്ന കല്ല് വെള്ള മാര്‍ബിളുകള്‍ കൊത്തി അതില്‍ ഛുരിതം ചെയ്തിരിക്കുന്ന രീതിയിലാണ്. മുകളിലുള്ള ചുവരുകളില്‍ അല്പം വലിയ രീതിയിലാണ് ഈ കൈയെഴുത്തുകള്‍ കൊത്തിയിരിക്കുന്നത്. താഴെ നിന്ന് നോക്കുമ്പോള്‍ ശരിയായി കാണുവാന്‍ വേണ്ടിയിട്ടാണ് ഇത്. താജ് മഹലിന്റെ അകത്തും പുറത്തുമായി കൊത്തിയിരിക്കുന്ന ഈ കൈയെഴുത്ത് വിശുദ്ധ ഖുറാനില്‍ നിന്നുള്ള വചനങ്ങളാണ്.[11][12] ഈ എഴുത്തുകള്‍ ഖുറാനിലെ താഴെ പറയുന്ന പ്രതിപാദ്യങ്ങളും സന്നിശ്ചയങ്ങളുമാണ്:

താജ് മഹലിന്റെ പ്രധാന കവാടത്തില്‍ പ്രവേശിക്കുന്നവര്‍ ഇങ്ങനെ എഴുതിയിരിക്കുന്നത് വായിക്കാന്‍ കഴിയുന്നു. (ഇംഗീഷില്‍:) "O Soul, thou art at rest. Return to the Lord at peace with Him, and He at peace with you."[13][12]

വളരെ സംഗ്രഹീതമായ രുപങ്ങളാണ് താജ് മഹലിന്റെ ഓരോ ഭാഗങ്ങളായ പ്രധാന സ്തംഭപാദം, പ്രധാന കവാടം, മോസ്ക്, ജവാബ് എന്നിവിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒരു പരിധി വരെ ഇതിന്റെ തറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുംഭഗോപുരത്തിന്റേയും പ്രധാന കമാനത്തിന്റെ വളവിലും മറ്റും ചെയ്തിരിക്കുന്ന പെയിന്റിങ്ങുകള്‍ കൃത്യമായ ജ്യാമീതീയ രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നത്. എല്ലാ പ്രധാന അരികുകളിലും, ചുവരുകള്‍ ചേരുന്നിടത്തും ഹെറിങ്‌ബോണ്‍ രീതിയില്‍ കൊത്തുപണികള്‍ ചെയ്തിരിക്കുന്നു. വെള്ള ഉള്‍വശങ്ങളില്‍ മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചിരിക്കുന്നു. അതുപോലെ വെള്ള മാര്‍ബിളില്‍ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികള്‍ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. എല്ലാ വശങ്ങളും കൃത്യമായ ജ്യാമീതീയ രൂപങ്ങള്‍ തീര്‍ത്തിരിക്കുന്നു. തറകളിലും നടപ്പാതകളിലും മാര്‍ബിള്‍ കൊണ്ടുള്ള ബ്ലോക്കുകള്‍ ടെസലേഷന്‍ ആകൃതിയില്‍ വിരിച്ചിരിക്കുന്നത്.

താഴത്തെ ചുമരുകളില്‍ സസ്യജാതികളുടെ കൊത്തുപണികള്‍ ചെയ്തിരിക്കുന്നത്. എല്ലാ കൊത്തുപണികളും വെള്ള മാര്‍ബിളുകളില്‍ യതാതഥ തോന്നും വിധം പുഷ്പങ്ങളുടേയും വള്ളി ലതാദികളുടെയും ആകൃതിയില്‍ ചെയ്തിരിക്കുന്നു. ഈ കൊത്തുപണികള്‍ ചെയ്തിരിക്കുന്ന മാര്‍ബിളുകള്‍ നന്നായി മിനുക്കിയിരിക്കുന്നു. വെള്ള മാര്‍ബിളുകളില്‍ തുരന്ന് ചെയ്തിരിക്കുന്ന സസ്യലതാദികളുടെ പണികള്‍ തുരന്ന് അതിനകത്ത് പല നിറത്തിലുള്ള മാര്‍ബിളുകള്‍ ഉറപ്പിച്ചിരിക്കുന്ന രീതിരിയിലാണ്. അകത്ത് കൊത്തി വച്ചിരിക്കുന്ന കല്ലുകള്‍, മാര്‍ബിള്‍, ജാസ്പര്‍, ജേഡ് എന്നിവ ഉപയോഗിച്ചാണ്. ഇത് തുരന്ന് കൊത്തി വച്ചിരിക്കുന്നത് ചുമരിന്റെ അതേ നിരപ്പില്‍ തന്നെയാണ്. ഒറ്റനോട്ടത്തില്‍ തുരന്ന് കൊത്തി വച്ചിരിക്കുന്ന രീതിയിലാണെന്ന് തോന്നാത്ത രീതിയിലാണ്. ഇതിന്റെ പൂര്‍ണ്ണത ഇതില്‍ കാണാവുന്നതാണ്.

[തിരുത്തുക] അകത്തെ അലങ്കാരങ്ങള്‍

മൃതദേഹം അടക്കം ചെയ്തതിനെ മറക്കുന്ന ജാലി യവനിക അഥവ മൂടാപ്പ്
ഷാജഹാന്‍, മുംതാസ് മഹല്‍ എന്നിവരുടെ ശവകുടീരം
മൃതദേഹം അടക്കം ചെയ്തിരിക്കുന്ന അകത്തളങ്ങള്‍

താജ് മഹലിന്റെ അകത്തളത്തിലെ കൊത്തുപണികള്‍ ഐതിഹാസിക കൊത്തുപണികളില്‍ നിന്നും വളരെ ഉന്നതമാണ്. ഇവിടുത്തെ കൊത്തുപണികള്‍ പുറമേ ചെയ്തിരിക്കുന്ന തുരന്നുള്ള പണികളേക്കാള്‍ ഉന്നതമായ കല്‍കൊത്തുപണികളാണ്. ഇത് വളരെ വിലപ്പെട്ട കല്ലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അകത്തെ അറ എട്ട് വശങ്ങളുള്ള ഒരു അറയാണ്. ഇതിന്റെ എല്ലാ വശങ്ങളില്‍ നിന്നും ഇതിലേക്കുള്ള പ്രവേശനമുണ്ട്. പക്ഷേ, തെക്കെ വശത്തെ ഉദ്യാനത്തിലേക്ക് തുറക്കുന്ന വാതില്‍ മാത്രമേ ഇവിടെ ഉപയോഗിക്കാറുള്ളു. അകത്തെ അറയുടെ ചുവരുകള്‍ക്ക് 25 മീറ്റര്‍ ഉയരമുണ്ട്. ഇതിന്റെ മുകളിലായി സുര്യാകൃതിയിലുള്ള ഒരു സ്തൂപം സ്ഥാപിച്ചിരിക്കുന്നു. അകത്തേ അറയുടെ നാലു വശത്തായി നാലു ആര്‍ച്ചുകള്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും മുകളിലത്തെ നിലയില്‍ നിന്നും താഴത്തെ അറ കാണാവുന്നതാണ്. ഇതിനെ മറച്ചു കൊണ്ട് മാര്‍ബിള്‍ കൊണ്ടുള്ള ജാലി സ്ഥിതി ചെയ്യുന്നു. ജാലി മാര്‍ബിളില്‍ തുരന്നു ചെയ്തിരിക്കുന്ന വല പോലുള്ള മൂടാപ്പ് ആണ്. അകത്തെ ഓരോ അറകളും വളരെ ഉന്നത രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. ഇതില്‍ തുരന്നുള്ള കൊത്തുപണികളും പുറത്തേ അകത്തളത്തിലുള്ള പോലെ കൈയെഴുത്ത് കൊത്തുപണികളും, വിലപിടിപ്പുള്ള കല്ലിലുള്ള കൊത്തു പണികളും ചെയ്തിരിക്കുന്നു. ഇതിന്റെ ഒത്ത നടുക്കായി ഷാജഹാന്റേയും മുംതാസ് മഹലിന്റേയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നു. ഈ ശവകുടീരങ്ങളെ മറച്ചു കൊണ്ട് മാര്‍ബിള്‍ ജാലികള്‍ സ്ഥിതി ചെയ്യുന്നു. ഈ മാര്‍ബിള്‍ ജാലികള്‍ എട്ട് വശങ്ങളുള്ള ഒരു മാര്‍ബിള്‍ അറയാണ്. ഓരോ വശങ്ങളും സമാനമായ കൊത്തു പണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഈ കല്ലുകള്‍ കൊണ്ട് സസ്യലതാദികളുടേയും വള്ളികളുടേയും ഫലങ്ങളുടേയും പുഷ്പങ്ങളുടേയും രൂപങ്ങള്‍ കൊത്തിയിരിക്കുന്നു.

മുസ്ലീം ആചാരമനുസരിച്ച് ശവകുടീരങ്ങള്‍ അലങ്കരിക്കുന്നത് നിഷേധകരമായ ഒരു കാര്യമായതിനാല്‍ ഷാജഹാന്‍, മുംതാസ് മഹല്‍ എന്നിവരുടെ ശവകുടീരങ്ങള്‍ അകത്തേ അറയുടെ താഴെ തികച്ചും സമതലമായ ഒരു തറയിലാണ് സ്ഥിതി ചെയ്യുന്നത്. അവരുടെ തലകള്‍ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. മുംതാസ് മഹലിന്റെ ശവകല്ലറ അകത്തളത്തിന്റെ ഒത്ത നടുക്കായിട്ടാ‍ണ് വച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനം 1.5 മീ x 2.5 മീ വിസ്തീര്‍ണ്ണമുള്ള മാര്‍ബില്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ഈ മാര്‍ബിള്‍ ഫലകങ്ങളുടെ ചുറ്റിലും വില പ്പെട്ട കല്ലുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ മുംതാസിനെ പുകഴ്ത്തിക്കൊണ്ടുള്ള കൈയെഴുത്ത് കൊത്തു പണികളും ചെയ്തിരിക്കുന്നു. ഷാജഹാന്റെ ശവക്കല്ലറ മുംതാസിന്റെ കല്ലറയുടെ അടുത്തായി സ്ഥാപിച്ചിരിക്കുന്നു. ഇത് മാത്രമാണ് ഈ മൊത്തം കെട്ടിടത്തില്‍ അസമതലമായി കാണാവുന്ന ഒന്ന്. മുംതാസിനേക്കാള്‍ അല്പം വലിപ്പം കൂടിയതാണ് ഷാജഹാന്റെ കല്ലറ. മുംതാസിന്റെ കല്ലറയുടെ പോലെ തന്നെ മാര്‍ബിള്‍ കൊണ്ടുള്ള ഒരു അറ ഇതിനും തീര്‍ത്തിരിക്കുന്നു. വിലപിടിപ്പുള്ള കല്ലുകള്‍ കൊണ്ടും കൈയെഴുത്ത് കൊത്തു പണികളും കൊണ്ട് ഇതിനേയും അലങ്കരിച്ചിരിക്കുന്നു. കൈയെഴുത്ത് കൊത്തുപണികള്‍ ഷാജഹാനെ കുറിച്ചും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് എഴുതിയിരിക്കുന്നു. ഈ അറയുടെ മുകളിലായിഒരു പേനയുടെ ചെപ്പ് സ്ഥിതി ചെയ്യുന്നു. ഇത് മുഗള്‍ വംശജരുടെ ആചാരമനുസരിച്ച് ശവക്കല്ലറകളില്‍ സ്ഥാപിക്കുന്ന ഒന്നാണ്. ഇതു കൂടാതെ ദൈവത്തിന്റെ പത്തൊന്‍പത് പേരുകള്‍ ഇവിടെ കൊത്തി എഴുതിയിരിക്കുന്നു. ഇതിന്റെ കൊത്തു പണികളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, (ഇംഗ്ലീഷില്‍:) "O Noble, O Magnificent, O Majestic, O Unique, O Eternal, O Glorious... ". ഷാജഹാന്റെ കുടീരത്തിന്റെ മുകളില്‍ ഇങ്ങനെ കൊത്തി എഴുതിയിരിക്കുന്നു, (ഇംഗ്ലീഷില്‍:) ; "He traveled from this world to the banquet-hall of Eternity on the night of the twenty-sixth of the month of Rajab, in the year 1076 Hijri."

[തിരുത്തുക] ഉദ്യാനം

ചഹര്‍ ബാഗ് ഉദ്യാനത്തിന്റെ 360° പനോരമ ദൃശ്യം

താജ് മഹലിന്റെ ചുറ്റിലും ഏകദേശം 300 സ്ക്വകയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ പരന്നു കിടക്കുന്ന ഉദ്യാനമാണ് ചാര്‍ ബാഗ് ഉദ്യാനം. ഇത് ഒരു മുഗള്‍ ഉദ്യാനമായി കണക്കാക്കപ്പെടുന്നു. ഈ ഉദ്യാനം ഉയര്‍ത്തിയ വഴികള്‍ കൊണ്ട് ഉദ്യാനത്തിന്റെ നാലു ഭാഗങ്ങളെ 16 പൂത്തടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിന്റെ നടുക്കായി ഉയര്‍ത്തി പണിതിരിക്കുന്ന ഒരു മാര്‍ബിള്‍ വെള്ള ടാങ്ക് സ്ഥിതി ചെയ്യുന്നു. താജ് കുടീരത്തിന്റേയും പ്രധാന തെക്കേ വാതിലിന്റേയും ഏകദേശം പകുതി വഴിയിലായിട്ടാണ് ഈ മാര്‍ബിള്‍ ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഈ മാര്‍ബിള്‍ ടാങ്കിലെ വെള്ളത്തില്‍ താജ് മാഹലിന്റെ പ്രതിഫലനം തെക്ക് വടക്ക് ഭാഗത്തായി കാ‍ണാവുന്നതാണ്. മറ്റു ഭാഗങ്ങളില്‍ ഉദ്യാനം പലവിധ മരങ്ങള്‍ കൊണ്ടും ചെറിയ വെള്ള ച്ചാട്ടങ്ങള്‍ കൊണ്ട് അലങ്കൃതമാണ്. .[14] ഉയര്‍ത്തി പണിതിരിക്കുന്ന ഈ മാര്‍ബിള്‍ വെള്ള ടാങ്ക് അല്‍ ഹവ്‌ദ് അല്‍-കവ്‌താര്‍ എന്നറിയപ്പെടുന്നു. .[15] പേര്‍ഷ്യന്‍ ഉദ്യാനങ്ങളുടെ മാതൃകയില്‍ നിന്നും പ്രചോദനം കൊണ്ടിരിക്കുന്ന ചാര്‍ബാഗ് ഉദ്യാനം ഇന്ത്യയിലേക്ക് കൊണ്ടുവന്നത് മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ ആയിരുന്നു.

പ്രതിഫലിക്കുന്ന വെള്ള ച്ചാട്ടങ്ങളുടെ അരികിലൂടെയുള്ള പാതകള്‍

എല്ലാ മുഗള്‍ ഉദ്യാനങ്ങളിലെ പോലെ അല്ല താജ് ഉദ്യാനത്തിലെ കുടീരം. സാധാരണ ഉദ്യാനത്തിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന കുടീരം ഉദ്യാനത്തിന്റെ അറ്റത്തായിട്ടാണ് സ്ഥിതി ഇവിടെ സ്ഥിതി ചെയ്യുന്നത്. ഇതിനെ നിലാവിന്റെ ഉദ്യാനം എന്ന് അറിയപ്പെടുന്നു. .[16] ഈ ഉദ്യാനത്തിന്റെ വാസ്തുവിദ്യകള്‍, ഇതിന്റെ അടിസ്ഥാനം, ഇഷ്ടികകള്‍ വിരിച്ചിരിക്കുന്ന രീതികള്‍, വെള്ളച്ചാട്ടങ്ങള്‍, മാര്‍ബിള്‍ നടപ്പാതകള്‍, ജ്യാമീതീയ രീതിയിലുള്ള പൂത്തടങ്ങള്‍ എന്നിവ ജമ്മു കാശീരിലെ ഷാലിമാര്‍ ഉദ്യാനത്തിന്റെ പോലെ സാമ്യമുള്ളതിനാല്‍ ഇതിന്റെ രൂപകല്പന ചെയ്തിരിക്കുന്നത് ഷാലിമാര്‍ ഉദ്യാനം രൂപകല്പന ചെയ്തിരിക്കുന്ന എന്‍‌ജിനീയറാ‍യ അലി മര്‍ദാന്‍ തന്നെ ആണെന്ന് കണക്കാക്കപ്പെടുന്നു. [17] ഇവിടുത്തെ ആദ്യകാല കണക്കനുസരിച്ച് ഇവിടെ റോസ്, ഡാഫോഡില്‍‌സ്, ഫലവൃക്ഷങ്ങള്‍ എന്നിവ ധാരാളമായി നില നിന്നിരുന്നതായി കണക്കാക്കുന്നു. [18] മുഗള്‍ വംശത്തിന്റെ അവസാനത്തോടെ പിന്നീട് വന്ന ബ്രിട്ടീഷ് വംശജര്‍ ഇതിന്റെ രൂപഭാവങ്ങള്‍ ലണ്ടനിലെ ഉദ്യാനങ്ങളുടെ മാതൃകയിലാക്കുകയായിര്‍ന്നു. [19]

[തിരുത്തുക] ചുറ്റുമുള്ള കെട്ടിടങ്ങള്‍

പ്രധാന കവാടമായ ദര്‍വാസ-ഇ റൌസ - ഗേറ്റ്വേ ടു താജ് മഹല്‍

താജ് മഹല്‍ മൊത്ത കെട്ടിട സമുച്ചയം ചുറ്റിലും ചെത്തി ഭംഗി വരുത്തിയിരിക്കുന്ന ചെങ്കല്‍ കൊണ്ടും ചുമരുകളും കൊണ്ട് മറച്ചിരിക്കുന്നു. മൂന്നു വശങ്ങള്‍ ഇങ്ങിനെ മറച്ചിരിക്കുന്നു. യമുന നദിയുടെ ഭാഗം തുറന്നിരിക്കുന്നു. ഈ ചുമരുകള്‍ക്ക് ചുറ്റിലും കുറെ അധികം ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും മുംതാസിന്റെ പ്രിയപ്പെട്ട ദാസിയുടെയും ശവകുടീരവും സ്ഥിതി ചെയ്യുന്നു. ഈ സമുച്ചയങ്ങളെല്ലാം ചെങ്കല്ല് കൊണ്ട് നിര്‍മ്മിതമാണ്. ഇത് സാധാരണ മുഗള്‍ കെട്ടിടങ്ങള്‍ പോലെ തന്നെയാണ്. ഉദ്യാനങ്ങളെ അഭിമുഖീകരിക്കുന്ന ഈ കെട്ടിടങ്ങളുടെ വശങ്ങള്‍ ഒരു സാധാരണ കാണുന്ന ഹിന്ദു അമ്പലങ്ങളുടെ പോലെയായിരുന്നു. പിന്നീട് ഇതിനു മുകളില്‍ ഒരു മോസ്ക് സ്ഥാപിക്കുകയും ഇതിന്റെ രൂപഭാവം മുസ്ലീം മോസ്ക് പോലെ ആക്കുകയായിരുന്നു. താജ് മഹലിന്റെ പോലെ മുകളില്‍ ചത്രികളും ഇതില്‍ സ്ഥാപിച്ചിരിക്കുന്നു. ഈ കെട്ടിടം ഇപ്പോള്‍ ഒരു മ്യൂസിയം ആയി ഉപയോഗിക്കുന്നു. പ്രധാന വാതില്‍ (ദര്‍വാസ) ഒരു സ്മാരക സമുച്ചയമാണ്. ഇതില്‍ മാര്‍ബിള്‍, ചെങ്കല്ല് എന്നിവയുടെ മിശ്രിതമായിട്ടാണ് പണിതിരിക്കുന്നത്. ഇതിന്റെ കമാനാകൃതിയിലുള്ള വാതില്‍ മുഗള്‍ വംശജരുടെ സ്ഥായിയായ വാസ്തു രൂപമാണ്. ഇതിന്റെ മുകളിലും കൈയെഴുത്ത് കൊത്തു പണികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇതു കൂടാതെ പുഷ്പ അലങ്കാരങ്ങള്‍ കൊണ്ട് തുരന്ന കൊത്തു പണികളും ഇതില്‍ ചെയ്തിരിക്കുന്നു. ഇതിന്റെ മുകളില്‍ കമാനാകൃതമായ മേല്‍ത്തട്ട്, ചുമര്‍ എന്നിവയില്‍ സമാനാകൃതമായ ജ്യാമീതീയ രൂപങ്ങള്‍ കൊണ്ട് കൊത്തു പണികള്‍ ചെയ്തിരിക്കുന്നു.

താജ് മഹല്‍ മോസ്ക് അഥവ മസ്ജിദ്

താജ് മഹല്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ട് അറ്റങ്ങളിലായി ചെങ്കല്ല് കൊണ്ട് പണി തീര്‍ത്ത ഓരോ വലിയ കെട്ടിടങ്ങള്‍ കുടീരത്തെ അഭിമുഖീകരിച്ചു കൊണ്ട് നില നില്‍ക്കുന്നു. ഇത് പടിഞ്ഞാറ് കിഴക്ക് വശങ്ങളിലായി സ്ഥിതി ചെയ്യുന്നു. ഈ രണ്ട് കെട്ടിടങ്ങള്‍ എല്ലാ രീതിയിലും ഒരേ പോലെയാണ്. പടിഞ്ഞാ‍റെ വശത്തെ കെട്ടിടം മോസ്ക് ആയി ഉപയോഗിക്കുന്നു. കിഴക്ക് വശത്തെ കെട്ടിടം ജവാബ് (ഉത്തരം) എന്ന പേരില്‍ അറിയപ്പെടുന്നു. ഇത് പ്രധാനമായും വാസ്തു വിദ്യയുടെ സമീകരണ കെട്ടിടമായി നിലനില്‍ക്കുന്നു. ഇത് മുന്‍പ് ഒരു അഥിര്‍ഹി മന്ദിരമായി ഉപയോഗിച്ചിരുന്നതായി കണക്കാക്കുന്നു . ഈ രണ്ട് കെട്ടിടങ്ങളും ജ്യാമീതിയ പരമായ കൃത്യമായി രൂപകല്പന ചെയ്തിരിക്കുന്നു. പടിഞ്ഞാറെ മോസ്ക് കെട്ടിടത്തിന്റെ തറയില്‍ 569 പ്രാര്‍ഥന ഫലകങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. മോസ്കിന്റെ അടിസ്ഥാന രൂപകല്പന ഷാജഹാന്‍ പണി കഴിപ്പിച്ചിരിക്കുന്ന മറ്റു കെട്ടിടങ്ങളെപ്പോലെ തന്നെയാണ്. ഇതിന്റെ രൂപകല്പന ഡെല്‍ഹിയിലെ ജുമാ മസ്ജിദ് പോലെ തന്നെയാണ്. ഈ കൂടെയുള്ള കെട്ടിടങ്ങള്‍ 1643 ഓടെ പൂര്‍ത്തീകരിച്ചു എന്നാണ് കണക്കാക്കപ്പെടൂന്നത്.

[തിരുത്തുക] നിര്‍മ്മാണം

തറയുടെ സ്ഥാന നിര്‍ണ്ണയ രൂപകല്പന

താജ് മഹല്‍ പണിതീര്‍ത്തിരിക്കുന്നത് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ആഗ്ര നഗരത്തിന്റെ തെക്ക് ഭാഗത്തായുള്ള ഭൂമിയിലാണ്. ഇത് യമുന നദിയുടെ തീരത്തായുള്ള ഭൂമിയാണ്. അന്നത്തെ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ മഹാരാജ ജയ് സിംഗില്‍ നിന്നും വാങ്ങിയ ഭൂമിയാണ് ഇത്. ഇതിനു പകരമായി ഷാജഹാന്‍ മഹാരാജ ജയ് സിങിന് ഒരു കൊട്ടാരം നല്‍കി എന്നാണ് പറയപ്പെടുന്നത്. [20] മൂന്ന് ഏക്കറോളം വരുന്ന ഈ മൊത്തം ഭൂമി ആദ്യം നിരപ്പാക്കി എടുക്കുകയും പിന്നീട് യമുന നദിയുടെ ഒഴുക്കിന്റെ നിരപ്പില്‍ നിന്നും 50 മീറ്ററോളം ഉയരത്തില്‍ നിരത്തി എടുക്കുകയായിരുന്നു. കുടീരം പണിത ഭാഗങ്ങളില്‍ കിണറുകള്‍ പണിത് അതില്‍ കല്ലും മറ്റു ഖരപദാര്‍ഥങ്ങളും ഇതിന്റെ അടിത്തറയായി പണി തീര്‍ത്തു. മുളകള്‍ കൊണ്ട് തട്ട് തീര്‍ക്കുന്നതിനു പകരം കുടീരം പണിയുന്നതിനായി തൊഴിലാളികള്‍ ഇഷ്ടികകള്‍ കൊണ്ടുള്ള ഭീമാകാരമായ ഒരു തൂക്കുമരത്തട്ട് കുടീരത്തിന്റെ അതേ വലിപ്പത്തില്‍ തീര്‍ത്തു. അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്. ഇത്ര വലിയ ഒരു തൂക്കുമരത്തട്ട് പൊളിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്ന് ഇതിന്റെ മേല്‍നോട്ടക്കാര്‍ കണക്കാക്കിയിരുന്നു. പക്ഷേ, ചക്രവര്‍ത്തി ഷാജഹാന്‍, ഇതില്‍ നിന്നുള്ള ഇഷ്ടികകള്‍ ആരും ഉപയോഗിക്കാതിരിക്കാന്‍ ഒറ്റ രാത്രി കൊണ്ട് ഈ ഭീമാകാരമായ തൂക്കുമരത്തട്ട് കര്‍ഷകരെ കൊണ്ടും പണിക്കാരെ ഉപയോഗിച്ചും പൊളിപ്പിക്കുകയായിരുന്നു. 15 കി. മീ. നീളമുള്ള ഒരു ഭൂഗര്‍ഭ പാത മാര്‍ബിളുകള്‍ കൊണ്ട് വരാനായി നിര്‍മ്മിച്ചു. ഓരോ 20 മുതല്‍ മുപ്പത് വരെയുള്ള പണിക്കാര്‍ ചേര്‍ന്നാണ് ഓരോ മാര്‍ബിള്‍ ഫലകങ്ങളും പണി സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. ഇത് പ്രത്യേകം പണി തീര്‍ത്ത വണ്ടികളിലാണ് എത്തിച്ചിരുന്നത്. വിപുലീകരിച്ച സംവിധാനമുള്ള ഒരു കപ്പി സംവിധാനം ഉപയോഗിച്ചാണ് വലിയ മാര്‍ബിള്‍ ഫലകങ്ങള്‍ മുകളിലേക്ക് അതിന്റെ സ്ഥാനങ്ങളില്‍ എത്തിച്ചിരുന്നത്. ആവശ്യത്തിനുള്ള വെള്ളം എത്തിച്ചിരുന്നത് യമുന നദിയില്‍ നിന്നും പ്രത്യേക മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചിരുന്ന ടാങ്കുകളിലായിരുന്നു. ഇത് ഒരു പ്രധാന സംഭരണിയും അതിന്റെ അനുബന്ധമായി ചെറിയ സംഭരണികളും വെള്ളതിന്റെ വിതരണത്തിനായി നിര്‍മ്മിച്ച് ഉപയോഗിച്ചിരുന്നു. അതിനു ശേഷം പൈപ്പുകള്‍ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാന സ്തംഭപാദവും കുടീരവും പണിതീരുന്നതിനായി 12 വര്‍ഷങ്ങള്‍ എടുത്തു. ബാക്കി സമുച്ചയത്തിന്റെ ഭാഗങ്ങള്‍ പണി തീരുന്നതിനായി 10 വര്‍ഷങ്ങള്‍ കൂടി എടുത്തു. ഇതില്‍ മീനാറുകള്‍, മോസ്ക്, ജവാബ്, പ്രധാന തെക്കെ കവാടം എന്നിവ ഉള്‍പ്പെടുന്നു. ഈ മൊത്തം സമുച്ചയം പല ഭാഗങ്ങളിലായി പണിതതിനാല്‍ ഇപ്പോഴും ഇതിന്റെ ആരംഭ, അവസാന സമയങ്ങളില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നു. ശവകുടീരം പണിതീര്‍ന്നത് 1643 ലാണെന്ന് പറയപ്പെടുന്നു. പക്ഷേ, ബാക്കി പണികള്‍ അതിനു ശേഷവും തുടര്‍ന്നും എന്നും പറയപ്പെടുന്നു. ഇതിന്റെ പണി തീരാന്‍ എടുത്ത് ചിലവുകളുടെ കാര്യത്തിലും അന്നത്തെ സമയത്തെ കണക്കുക്കൂട്ടല്‍ പ്രകാരം പല പൊരുത്തക്കേടുകളും സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷേ ഏകദേശ കണക്കനുസരിച്ച് അക്കാലത്തെ രൂപ 32 ദശലക്ഷം ആണെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച ഇത് പതിന്മടങ്ങ് കോടി രൂപയോളമോ അധിലധികമോ ആണെന്ന് കണക്കാക്കപ്പെടുന്നു. [21]

താജ് മഹല്‍ പണിയുന്നതിനായി ഏഷ്യയുടെ വിവിധഭാഗങ്ങളില്‍ നിന്നും സാധന സാമഗ്രികള്‍ എത്തിച്ചു എന്ന് കണക്കാക്കുന്നു. ഇതിനു വേണ്ടി 1000 ലധികം ആനകളെ സാധനങ്ങള്‍ പണി സ്ഥലത്തേക്കെത്തിക്കുന്നതിനായി ഉപയോഗിച്ചു. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന മാര്‍ബിള്‍ രാജസ്ഥാനില്‍ നിന്നും ജാസ്‌പര്‍ കല്ലുകള്‍ പഞ്ചാബില്‍ നിന്നും , ജേഡ്, ക്രിസ്റ്റല്‍ എന്നിവ ചൈനയില്‍ നിന്നുമാണ് കൊണ്ട് വന്നത്. ഇതു കൂടാ‍തെ തിബെത്ത്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും പലവിധ കല്ലുകള്‍ കൊണ്ടു വന്നിരുന്നു. കൂടാതെ അറേബ്യയില്‍ നിന്നും വിലപിടിപ്പുള്ള കല്ലുകള്‍ കൊണ്ടു വന്നിരുന്നു. വെള്ള മാര്‍ബിളുകളില്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന 28 തരത്തിലുള്ള വില പിടിപ്പുള്ള കല്ലുകള്‍ പിടിപ്പിച്ചിട്ടുണ്ട്. ഇതിനാവശ്യമായ വെള്ള മാര്‍ബിള്‍ ജയ്പൂരിലെ ഒരു ഹിന്ദു രാജാവാണ്‌ നല്‍കിയത്[3].

കലാകാരന്റെ ഭാവനയില്‍ താജ് മഹല്‍ സ്മിത്‌സോണിയന്‍ ഇന്‍സ്റ്റുസ്റ്റ്യൂഷനില്‍ നിന്നും

താജ് മഹലിന്റെ പണികള്‍ക്കു വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ വടക്കേ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്നു. ബുക്കാറയില്‍ നിന്നും കാരുകന്മാരേയും, സിറിയ, പേര്‍ഷ്യ എന്നിവിടങ്ങളില്‍ നിന്ന് കൈയെഴുത്ത് കൊത്തു പണിക്കാരെയും, തെക്കെ ഇന്ത്യയില്‍ നിന്ന് തുരന്ന് കൊത്തു പണി നടത്തുന്നവരേയും, ബലൂചിസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ മുറിയ്ക്കുന്നവരേയും കൊണ്ടു വന്നു. ഈ വിദഗ്ദ പണിക്കാര്‍ അടങ്ങുന്ന 37 പേര്‍ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തു പണി, അലങ്കാര പണികള്‍ തീര്‍ത്തത്.

താജ് മഹലിന്റെ പണികളില്‍ ഉള്‍പ്പെട്ടിരുന്ന ചില പണിക്കാര്‍:

  • പ്രധാന ഗോപുരം പണിതത് ഇസ്മായില്‍ അഫാന്‍‌ഡി (a.ka. ഇസ്മായില്‍ ഖാന്‍),[22] - ഓട്ടൊമന്‍ രാജവംശത്തില്‍പ്പെട്ട ഈ വസ്തുവിദഗ്ദന്‍ താജ് മഹലിന്റെ പ്രധാന രൂപകാല്പനികനാണ്. പ്രധാന ഗോപുരം അടക്കം പ്രധാന ഭാഗങ്ങളെല്ലാം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.
  • ഉസ്താദ് ഇസ - ഇറാനില്‍ നിന്നും, ഇസ മുഹമ്മദ് എഫ്ഫാന്‍‌ഡി - ഇറാനില്‍ നിന്നു, ഇവരാണ് പ്രധാന വാസ്തു വിദ്യ രൂപ കല്പനയില്‍ പ്രധാനികള്‍. [23][24] - പക്ഷേ , ഇവര്‍ക്ക് നിദാനമായി വളരെ കുറച്ച് തെളിവുകള്‍ മാത്രമേ നില നില്‍ക്കുന്നുള്ളു.
  • 'പുരു' ബെനാറസ് , പേര്‍ഷ്യയില്‍ നിന്നും, പ്രധാന വാസ്തു വിദ്യ കാര്‍മ്മികനായി കണക്കാക്കപ്പെടുന്നു. .[25]
  • ഖാസിം ഖാന്‍ - ലാഹോറില്‍ നിന്നും - സ്വര്‍ണ്ണ ഫിനിയല്‍ രൂപകല്പന ചെയ്തത് .
  • ചിരഞ്ചിലാല്‍ - ഡെല്‍ഹിയില്‍ നിന്നുള്ള മിനുക്കുപണിക്കാരന്‍. ഇദ്ദേഹം പ്രധാന കാരുകനും, മൊസൈക് മിനുക്കുകാരനുമായിരുന്നു.
  • അമാനത് ഖാന്‍ - ഷിരാസ് ഇറാന്‍ ല്‍ നിന്ന്- പ്രധാന കൈയെഴുത്ത് കൊത്തു പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രധാന കവാടത്തിന്റെ കൈയെഴുത്ത് കൊത്തു പണികളുടെ അവസാനം എഴുതി ചേര്‍ത്തിട്ടുണ്ട്. [26]
  • മുഹമ്മദ് ഹനീഫ് - ആ‍ശാരിമാരുടെ പ്രധാന കാര്യാധിപനായിരുന്നു.
  • മിര്‍ അബ്ദുള്‍ കരിം, മുക്കരിമത് ഖാന്‍ (ഇറാന്‍)- എന്നിവര്‍ പ്രധാന ധനകാര്യങ്ങള്‍, ദിവസ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരായിരുന്നു.

[തിരുത്തുക] ചരിത്രം

സാമുവല്‍ ബോണ്‍, 1860 ല്‍ എടുത്ത താജ് മഹല്‍ ചിത്രം.
യുദ്ധകാലത്തെ സംരക്ഷണ താല്‍ക്കാലിക ചട്ടക്കൂട്

താജ് മഹലിന്റെ നിര്‍മാ‍ണത്തിനു ശേഷം ഷാജഹാന്റെ മകനായ ഔറംഗസീബ് അദ്ദേഹത്തെ ആഗ്ര കോട്ടയില്‍ തടങ്കലിലാക്കുകയും, പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യയുടെ അടുത്ത് തന്നെ അദ്ദേഹത്തെ അടക്കുകയും ചെയ്തു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ താജ് മഹലിന്റെ ഒരു ഭാഗം വളരെയധികം ജീര്‍ണ്ണാ‍വസ്ഥയിലായി. 1857 ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും, ഭടന്മാരും ചേര്‍ന്ന് താജ് മഹലിന്റെ ചുവരുകളില്‍ നിന്ന് വിലപിടിപ്പുള്ള കല്ലുകളും രത്നങ്ങളും കവര്‍ന്നെടുത്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് വൈസ്രോയി താജ് മഹലിന്റെ പുനരുദ്ധാരണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇത് 1908 ല്‍ തീര്‍ന്നു. അദ്ദേഹം അകത്തെ അറയില്‍ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു. ഈ സമയത്താണ് പ്രധാന ഉദ്യാനം ബ്രിട്ടീഷ് രീതിയില്‍ ഇന്ന് കാണുന്ന രീതിയില്‍ പുനര്‍നവീകരിച്ചത്.

1942-ല്‍ രണ്ടാം ലോക മഹായുദ്ധ കാലഘട്ടത്തില്‍ ജര്‍മ്മനിയുടെ ഒരു വ്യോമാക്രമണം ഭയന്ന് അന്നത്തെ ഗവണ്മെന്റ് താജ് മഹലിന്റെ മുകളില്‍ ഒരു അതിനെ മറക്കുന്നതിനായി ഒരു താല്‍ക്കാലിക ചട്ടക്കൂട് നിര്‍മ്മിക്കുകയുണ്ടായി. ഈ താല്‍ക്കാലിക ചട്ടക്കൂട് പിന്നീട് 1965ലും 1971 ലും ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധക്കാ‍ലഘട്ടത്തിലും പിന്നീട് വീണ്ടും സ്ഥാപിക്കുകയുണ്ടായി. അന്നത്തെ യുദ്ധത്തില്‍ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത്. [27] പക്ഷേ, ഇപ്പോള്‍ താജ് മഹലിന്റെ പരിസ്ഥിതി മലിനീകരണം മൂലം വളരെയധികം ഭീഷണി നേരിടുന്നുണ്ട്. മധുര എണ്ണ കമ്പനികളുടെയും യമുന നദിയിലെ മലിനീകരണം മൂലമുള്ള ആസിഡ് മഴയുടെയും പ്രഭാവം കൊണ്ട് വെള്ള മാര്‍ബിളുകളുടെ നിറം മങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്.

[തിരുത്തുക] വിനോദസഞ്ചാരം

താജ് മഹല്‍ വര്‍ഷം തോറും 2 മുതല്‍ 4 ദശലക്ഷം ആളുകള്‍ സന്ദര്‍ശിക്കുന്നതായിട്ടാണ് കണക്ക്. ഇതില്‍ 200,000 ലധികം വിദേശികളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്നത് തണുപ്പുകാ‍ലമായ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. പുക വമിപ്പിക്കുന്ന മലിനീകരണ വാഹനങ്ങള്‍ക്ക് താജ് മഹലിന്റെ അടുത്ത് പ്രവേശനമില്ല. സന്ദര്‍ശകര്‍ നടന്നു എത്തുകയോ, സൈക്കിള്‍ റിക്ഷ മുതലായ പരിസ്ഥിതി മലിനീകരണ കാരണമല്ലാത്ത വാഹനങ്ങള്‍ ആശ്രയിച്ചോ എത്തണം. [28][29] ചെറിയ പട്ടണമായ തെക്കേ താജ് ഭാഗം, താജ് ഗഞ്ച് എന്നറിയപ്പെടുന്നു. മുംതാസ്ബാദ് എന്നും ഇവിടത്തെ പറയുന്നു. ഇത് ഒരു അന്നത്തെ ചന്തയായി പണിതത് ഇന്നും അങ്ങിനെ തന്നെ സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകരുടെ ആവശ്യങ്ങളും മറ്റും, സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇവിടം ഉപയോഗപ്പെടുന്നു. [30]

ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളുടെ പട്ടികയില്‍ താജ് മഹല്‍ സ്ഥാനം നേടിയിട്ടുണ്ട്. ഈയിടെ പ്രഖ്യാപിച്ച പുതിയ ഏഴ് മഹാത്ഭുതങ്ങളിലും താജ് മഹല്‍ സ്ഥാ‍നം നേടിയിട്ടുണ്ട്. [31]

ഇവിടത്തെ സന്ദര്‍ശന സമയം രാവിലെ 6 മണി മുതല്‍ വൈകുന്നേരം 7മണി വരെയാണ്. വെള്ളിയാഴ്ചകളില്‍ അവധിയാണ്. അന്ന് മുസ്ലിം പ്രാര്‍ത്ഥനകള്‍ക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ. ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെയാണ് പ്രാര്‍ത്ഥനാസമയം. താജ് മഹല്‍ പൗര്‍ണ്ണമി നാളുകളിലും അതിനും മുന്‍പും പിന്‍പുമായി രണ്ടു ദിവസങ്ങള്‍ ചേര്‍ത്ത് മൊത്തം അഞ്ച് ദിവസങ്ങള്‍ രാത്രി കാണുവാനായി തുറക്കാറുണ്ട്. ഇതില്‍ വെള്ളിയാഴ്ചകള്‍ അവധിയായിരിക്കും. [1]. റംസാന്‍ മാസങ്ങളില്‍ രാത്രി സന്ദര്‍ശനം ഉണ്ടായിരിക്കുന്നതല്ല. സുരക്ഷാ കാരണങ്ങളാല്‍ താജ് മഹലിനകത്തേക്ക് വെള്ളം, ചെറിയ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, ചെറിയ പഴ്സുകള്‍ എന്നിവ മാത്രമേ കടത്തി വിടുകയുള്ളൂ. [32]

[തിരുത്തുക] എത്തിച്ചേരാന്‍

ആഗ്രയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും എളുപ്പ മാര്‍ഗം ഡെല്‍ഹിയില്‍ നിന്ന് റോഡ്, റെയില്‍ മാര്‍ഗ്ഗമാണ്. ഡെല്‍ഹിയില്‍ നിന്നും സരായി കാലേ ഖാന്‍ അന്തര്‍‌ദേശീയ ബസ് ടെര്‍മിനലില്‍ നിന്നും ബസ്സുകള്‍ ഉണ്ട്. ഇതു കൂടാതെ ന്യൂ ഡെല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ നിന്നും വിവിധ ട്രെയിനുകളും ഉണ്ട്.

  • ഏറ്റവും അടുത്ത വിമാനത്താവളം ആഗ്ര വിമാനത്താവളം, ഡെല്‍ഹി വിമാനത്താവളം
  • ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍ - ആഗ്ര കന്റോണ്‍‌മെന്റ് സ്റ്റേഷന്‍, രാജാ കി മണ്ടി സ്റ്റേഷന്‍
  • ബസ്സ് ടെര്‍മിനല്‍ - ആഗ്ര ബസ് ടെര്‍മിനല്‍.

ആഗ്രയില്‍ സഞ്ചാരത്തിന് സാധാരണ നിലയില്‍ ടാക്സികളും, ഓട്ടോറിക്ഷകളും ലഭ്യമാണ്. ഇതു കൂടാതെ കുതിരവണ്ടികളും ഇവിടെ സാധാരണമാണ്.

[തിരുത്തുക] പഴങ്കഥകള്‍

താജ് മഹലിന്റെ പണി തീര്‍ന്നതിനു ശേഷം ഈ കെട്ടിട സമുച്ചയം ഒരു സംസ്കാരികവും, ഭൂമിശാസ്ത്രപരവുമായി വളരെയധികം പ്രാധാ‍ന്യമുള്ള ഒന്നായതു കൊണ്ട് ഇതിനെ ചുറ്റിപ്പറ്റി ഒരു പാട് വ്യക്തിപരവും വൈകാരികവുമാ‍യ പഴങ്കഥകള്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. [33]

ജീന്‍-ബാപ്‌റ്റിസ്റ്റ് ടാവനിയര്‍, ആദ്യകാല താജ് മഹല്‍ സന്ദര്‍ശിച്ച യൂറോപ്യന്മാരില്‍ പ്രധാനി

ഷാജഹാ‍ന്‍ താജ് മഹല്‍ പണിതതിനു ശേഷം ഒരു കറുത്ത താജ് മഹല്‍ യമുനയുടെ അക്കരയില്‍ ഇപ്പോഴത്തെ താജ് മഹലിന് എതിരായി പണിയാന്‍ ഉദ്ദേശിച്ചിരുന്നു എന്നത് ഇന്നും നിലനില്‍ക്കുന്ന ഒരു കഥയാണ്. [34] ഈ ആശയം ഉരുത്തിരിഞ്ഞത്, 1665 ല്‍ ആഗ്ര സന്ദര്‍ശിച്ച യുറോപ്യന്‍ സന്ദര്‍ശകനും ജീന്‍-ബാപ്‌റ്റിസ്റ്റ് ടാവനിയര്‍ എന്ന എഴുത്തുകാരന്റെ ഭാവനാത്മകമായ എഴുത്തില്‍ നിന്നാണ്. അതില്‍ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുന്‍പ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്. യമുന നദിയുടെ എതിര്‍ഭാഗത്ത് മൂണ്‍ലൈറ്റ് ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന കറുത്ത മാര്‍ബിള്‍ കല്ലുകള്‍ ഇതിനെ താങ്ങുന്ന തെളിവുകളായിരുന്നു. പക്ഷേ 1990-കളില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഇത് തെറ്റാണെന്ന് കണ്ടെത്തുകയും, അവശേഷിച്ച വെള്ള മാര്‍ബിളുകള്‍ കറുത്തതായി തീര്‍ന്നതാണെന്നും കണ്ടത്തുകയുണ്ടായി. [35]

ഈ കറുത്ത കുടീരം പണിയുന്നതിന്റെ കഥ 2006 ല്‍ വീണ്ടും തെറ്റാണെന്ന് തെളിയിക്കുന്ന ഒരു പരീക്ഷണം പുരാവസ്തുഗവേഷകര്‍ നടത്തി. മൂണ്‍‌ലൈറ്റ് ഉദ്യാനത്തില്‍ ഒരു ചെറിയ കുളം ഇപ്പോഴത്തെ താജ് മഹലില്‍ ഉള്ളതു പോലെ പണിയുകയും അതില്‍ വെള്ള കുടീരത്തിന്റെ കറുത്ത പ്രതിഫലനം കാണുകയും ചെയ്തു. [36]

ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പ്രധാന വാസ്തുശില്‍പ്പികളെ, പണി തീര്‍ന്നതിനുശേഷം ഷാജഹാന്‍ കൊല്ലുകയോ, അംഗഭംഗം വരുത്തുകയോ ചെയ്തു എന്നത് മറ്റൊരു കഥയായി കേള്‍ക്കപ്പെടുന്നു. ചില കഥകള്‍ പ്രകാ‍രം ഇതില്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വാസ്തുശില്‍പ്പികള്‍ താജ് മഹലിന്റെ പോലെയോ, ഇതിന്റെ ഭാഗങ്ങളുടെയോ പോലെയുള്ള ഒരു വാസ്തുവിദ്യകളും ചെയ്യില്ല എന്ന ഒരു കരാറില്‍ ഒപ്പു വച്ചു എന്നും പറയുന്നു. [37] പക്ഷേ, ഇതിന് സ്ഥായിയായ ഒരു തെളിവും ഇല്ല. അതുപോലേ, 1830 ല്‍ ഇന്ത്യ ഗവണ്മെന്റ് ഗവര്‍ണ്ണറായിരുന്ന വില്യം ബെനഡിക്ട് പ്രഭു, താജ് മഹല്‍ പൊളിക്കാന്‍ ഉദ്ദേശിക്കുകയും, ഇതിലെ മാര്‍ബിള്‍ ലേലം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതായി പറയുന്നു. പക്ഷേ, ഇതിനും വ്യക്തമായ തെളിവുകളില്ല. ബെനടിക്ട് പ്രഭുവിന്റെ ജീവചരിത്രകാരനായ ജോണ്‍ റോസല്ലി, ബെനഡിക്ട് പ്രഭു, ധനസംഭരണത്തിനു വേണ്ടി ആഗ്ര കോട്ടയില്‍ പണിയില്‍ ബാക്കി വന്ന മാര്‍ബിള്‍ വില്‍ക്കാന്‍ തീരുമാനിച്ചതില്‍ നിന്നുണ്ടായ കഥയാണ് ഇതെന്ന് വെളിപ്പെടുത്തുന്നു. [38]

2000-ല്‍ പി.എന്‍.ഓക്ക് നല്‍കിയ ഒരു അപേക്ഷ പ്രകാരം ഒരു ഹിന്ദു രാജാവാണ് താജ് മഹല്‍ പണിതത് എന്ന അവകാശ വാദം സുപ്രീം കോടതി തള്ളി. .[39][37] ഓക്ക് തന്റെ അപേക്ഷയില്‍ പറയുന്നതു പ്രകാരം, മറ്റ് ചരിത്ര സ്മാരകങ്ങളുടെ ഒപ്പം താജ് മഹലും മുസ്ലീം സുല്‍ത്താന്മാരുടെ പേരിലാണ് സ്ഥിതി ചെയ്യുന്നത്, പക്ഷേ അത് പണിതത് ഒരു ഹിന്ദു രാജാവാണെന്നുമാണ്. [40]


[തിരുത്തുക] ചിത്രശാല

[തിരുത്തുക] ഇതുകൂടി കാണുക

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] അവലംബം

  1. Tillitson, G.H.R. (1990). Architectural Guide to Mughal India, Chronicle Books
  2. UNESCO advisory body evaluation
  3. 3.0 3.1 3.2 സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 100. ISBN 81-7130-993-3. 
  4. http://www.pbs.org/treasuresoftheworld/a_nav/taj_nav/main_tajfrm.html
  5. Muhammad Abdullah Chaghtai Le Tadj Mahal D'Agra (Hindi). Histoire et description (Brussels) 1938 p46
  6. 'Abd al-Hamid Lahawri Badshah Namah Ed. Maulawis Kabir al-Din Ahmad and 'Abd al-Rahim u-nder the superintendence of Major W.N. Lees. Vol. I Calcutta 1867 pp384-9 ; Muhammad Salih Kambo Amal-i-Sal\lih or Shah Jahan Namah Ed. Ghulam Yazdani Vol.I (Calcutta) 1923 p275
  7. Mahajan, Vidya Dhar (1970). Muslim Rule In India. pp. 200. 
  8. Chaghtai Le Tadj Mahal p146
  9. Copplestone, p.166
  10. Tillitson, G.H.R. (1990). Architectural Guide to Mughal India, Chronicle Books
  11. Taj Mahal Calligraphy - Calligraphy of Taj Mahal Agra - Taj Mahal Inscriptions and Calligraphy
  12. 12.0 12.1 Koch, p.100
  13. pbs.org
  14. taj-mahal-travel-tours.com
  15. Begley, Wayne E. (Mar, 1979). "The Myth of the Taj Mahal and a New Theory of Its Symbolic Meaning". The Art Bulletin 61 (1): 14. Retrieved on 2007-07-09. 
  16. Wright, Karen (July), "Moguls in the Moonlight - plans to restore Mehtab Bagh garden near Taj Mahal", Discover, http://findarticles.com/p/articles/mi_m1511/is_7_21/ai_63035788 
  17. Allan, John (edition = First). The Cambridge Shorter History of India. Cambridge: S. Chand. pp. 288 pages. , p.318
  18. The Taj by Jerry Camarillo Dunn Jr
  19. Koch, p. 139
  20. Chaghtai Le Tadj Mahal p54; Lahawri Badshah Namah Vol.1 p403
  21. Dr. A. Zahoor and Dr. Z. Haq
  22. Who designed the Taj Mahal
  23. William J. Hennessey, Ph.D., Director, Univ. of Michigan Museum of Art. IBM 1999 WORLD BOOK
  24. Marvin Trachtenberg and Isabelle Hyman. Architecture: from Prehistory to Post-Modernism. p223
  25. ISBN 964-7483-39-2
  26. 10877
  27. Taj Mahal 'to be camouflaged'
  28. Koch, p.120
  29. Koch, p.254
  30. Koch, p.201-208
  31. Travel Correspondent (2007-07-09). New Seven Wonders of the World announced (English). The Telegraph. ശേഖരിച്ചത് 2007-07-06.
  32. DNA - India - Going to the Taj? This is all you can carry - Daily News & Analysis
  33. Koch, p.231
  34. Asher, p.210
  35. Koch, p.249
  36. Warrior Empire: The Mughals of India (2006) A+E Television Network
  37. 37.0 37.1 Koch, p.239
  38. Rosselli, J., Lord William Bentinck the making of a Liberal Imperialist, 1774-1839, London Chatto and Windus for Sussex University Press 1974, p.283
  39. Supreme Court Dismisses Oak's Petition
  40. Oak, Purushottam Nagesh. The True Story of the Taj Mahal. Stephen Knapp. ശേഖരിച്ചത് 2007-02-23.

[തിരുത്തുക] കുറിപ്പുകള്‍

  • Asher, Catherine B. Architecture of Mughal India New Cambridge History of India I.4 (Cambridge University Press) 1992 ISBN 0-521-26728-5
  • Bernier, Françoi' Travels in the Moghul Empire A.D. 1657-1668 (Westminster: Archibald Constable & Co.) 1891
  • Carroll, David (1971). The Taj Mahal, Newsweek Books ISBN 0-88225-024-8
  • Chaghtai, Muhammad Abdullah Le Tadj Mahal d'Agra (Inde). Histoire et description (Brussels: Editions de la Connaissance) 1938
  • Copplestone, Trewin. (ed). (1963). World architecture - An illustrated history. Hamlyn, London.
  • Gascoigne, Bamber (1971). The Great Moguls, Harper & Row
  • Havel, E.B. (1913). Indian Architecture: Its Psychology, Structure and History, John Murray
  • Kambo, Muhammad Salih Amal-i-Salih or Shah Jahan Namah Ed. Ghulam Yazdani (Calcutta: Baptist Mission Press) Vol.I 1923. Vol. II 1927
  • Koch, Ebba (2006) (Paperback). The Complete Taj Mahal: And the Riverfront Gardens of Agra (First ed.). Thames & Hudson Ltd. pp. 288 pages. ISBN 0500342091. 
  • Lahawri, 'Abd al-Hamid Badshah Namah Ed. Maulawis Kabir al-Din Ahmad and 'Abd al-Rahim under the superintendence of Major W.N. Lees. (Calcutta: College Press) Vol. I 1867 Vol. II 1868
  • Lall, John (1992). Taj Mahal, Tiger International Press.
  • Preston, Diana & Michael (2007) (Hardback). A Teardrop on the Cheek of Time (First ed.). London: Doubleday. pp. 354 pages. ISBN 9780385609470. 
  • Rothfarb, Ed (1998). In the Land of the Taj Mahal, Henry Holt ISBN 0-8050-5299-2
  • Saksena, Banarsi Prasad History of Shahjahan of Dihli (Allahabad: The Indian Press Ltd.) 1932
  • Stall, B (1995). Agra and Fathepur Sikri, Millennium
  • Stierlin, Henri [editor] & Volwahsen, Andreas (1990). Architecture of the World: Islamic India, Taschen
  • Tillitson, G.H.R. (1990). Architectural Guide to Mughal India, Chronicle Books


അക്ഷാംശവും രേഖാംശവും: 27°10′27″N 78°02′32″E / 27.17417, 78.04222 (Taj Mahal)

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%9C%E0%B5%8D%E2%80%8C_%E0%B4%AE%E0%B4%B9%E0%B4%B2%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം