തണ്ണീർമുക്കം

Coordinates: 9°38′24″N 76°21′35″E / 9.64000°N 76.35972°E / 9.64000; 76.35972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തണ്ണീർമുക്കം
Map of India showing location of Kerala
Location of തണ്ണീർമുക്കം
തണ്ണീർമുക്കം
Location of തണ്ണീർമുക്കം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ആലപ്പുഴ
ലോകസഭാ മണ്ഡലം ആലപ്പുഴ
നിയമസഭാ മണ്ഡലം ചേർത്തല
സമയമേഖല IST (UTC+5:30)
കോഡുകൾ

9°38′24″N 76°21′35″E / 9.64000°N 76.35972°E / 9.64000; 76.35972

ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് തണ്ണീർമുക്കം. തണ്ണീർമുക്കം വടക്ക്, കൊക്കോതമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചിരിക്കുന്ന ഈ പഞ്ചായത്തിന് 18.9 ച.കി.മീ. വിസ്തൃതിയുണ്ട്. പഞ്ചായത്ത് ആസ്ഥാനം: തണ്ണീർമുക്കം ജെട്ടി. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് (തണ്ണീർമുക്കംബണ്ട് )പ്രശസ്തമാണ്.

അതിരുകൾ[തിരുത്തുക]

വേമ്പനാട്ടുകായൽത്തീരത്ത് സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമായ തണ്ണീർമുക്കത്തിന്റെ വടക്ക് കിഴക്ക് വശങ്ങളിൽ വേമ്പനാട്ടു കായലും തെക്ക് ഭാഗത്ത് തണ്ണീർമുക്കം തെക്ക് വില്ലേജും കഞ്ഞിക്കുഴിയും പടിഞ്ഞാറ് ദേശീയപാതയും ചേർത്തല മുൻസിപ്പാലിറ്റിയും അതിരുകളായി വർത്തിക്കുന്നു.

സ്ഥലനാമ ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് 'തണ്ണീർമുക്കം' എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. 'തണ്ണീർമുഖം' വ്യവഹാരഭേദത്തിലൂടെ 'തണ്ണീർമുക്കം' ആയി പരിണമിച്ചിരിക്കാം. തിരുവിതാംകൂറിലെ ശ്രീപത്ഭനാഭ ക്ഷേത്രത്തിൽ മുറജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനുമായി തണ്ണീർമുക്കത്ത് ഇറങ്ങുമായിരുന്നു. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്.

ചരിത്രം[തിരുത്തുക]

1528-ൽ പൊറുക്കാട് രാജ, കരപ്പുറം കൈമൾ എന്ന നാടുവാഴിയുടെ സഹായത്താൽ ഒരു പോർത്തുഗീസ് സായുധ സേന താവളം പിടിച്ചടക്കുന്നു. ഇതിൽ കുപിതനായ 'ഡോം ക്രിസ്റ്റോവോ ഡ ഗാമ' രാജാവിനോട് വിശദീകരണം ആവശ്യപ്പെടുന്നു. പോർത്തുഗീസുകാരുടെ വിരോധം ഭയന്ന് രാജാവ് അതിന്റെ ഉത്തരവാദിത്വവും നിരാകരിക്കുകയും അത് നാടുവാഴി സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്ന് പറയുകയും ചെയ്തു. കുപിതരായ പോർത്തുഗീസ് സൈന്യം കൈമളുടെ സൈന്യത്തെ ആക്രമിക്കുകയും കൈമളെ വധിക്കുകയും ചെയ്തു.പിന്നീട് പോർത്തുഗീസുമായുള്ള സഖ്യ ഉടമ്പടി പ്രകാരം കൊച്ചി രാജാവിന് കരപ്പുറം അധീനതയിലാകുകയും ചെയുന്നു. [1]. [2].

1640-ൽ പൂർണമായും കൊച്ചിരാജ്യത്തിന്റെ ഭാഗമായെങ്കിലും കരപ്പുറത്തെ 72 മാടമ്പിമാരും സ്വേച്ഛ പോലെ ഭരണം തുടർന്നു. കൊച്ചി രാജാവ്, മാർത്താണ്ഡവർമയ്ക്കെതിരെയുള്ള ചെറുത്തുനില്പിൽ ചെമ്പകശേരി, തെക്കുംകൂർ, വടക്കുംകൂർതുടങ്ങിയ നാട്ടുരാജാക്കന്മാരെ പരോക്ഷമായി സഹായിച്ചുവെന്ന കാരണത്താൽ 1753-ൽ തിരുവിതാംകൂർസൈന്യം രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ കരപ്പുറം ആക്രമിച്ചു. പുറക്കാട്ടു യുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന ഈ ആക്രമണത്തിൽ കരപ്പുറം പൂർണമായി പിടിച്ചടക്കി. തുടർന്ന് മാവേലിക്കര വച്ച് ഉണ്ടായ ഉടമ്പടി പ്രകാരം കൊച്ചിരാജാവ് കരപ്പുറം തിരുവിതാംകൂറിനു വിട്ടുകൊടുത്തു.

ഭൂപ്രകൃതി[തിരുത്തുക]

തണ്ണീർമുക്കത്തുനിന്നുള്ള ഒരു ദൃശ്യം

ഭൂപ്രകൃതിയിലും ജനജീവിതത്തിലും വേമ്പനാട്ടുകായലിന്റെ നിർണായക സ്വാധീനം അനുഭവപ്പെടുന്ന ഗ്രാമമാണ് തണ്ണീർമുക്കം. പൊതുവേ കരിനിലങ്ങളും വേലിയേറ്റ പ്രദേശങ്ങളും വെള്ളക്കെട്ടും നിറഞ്ഞ ഭൂപ്രകൃതിയാണ് തണ്ണീർമുക്കത്തിന്റേത്. ചെളിയും മണലും കലർന്ന മണ്ണിനാൽ സമ്പന്നമായ ഇവിടെ തെങ്ങുകൃഷി പ്രമുഖസ്ഥാനം നേടിയിരിക്കുന്നു. ചെറിയ തോതിൽ നെല്ല്, പച്ചക്കറി, വാഴ, കശുമാവ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സിലിക്കാമണൽ ധാരാളമായി കാണപ്പെടുന്ന തണ്ണീർമുക്കം കേരളത്തിന്റെ വിഭവഭൂപടത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.

വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായതിനാൽ കുട്ടനാടൻ പാടശേഖരങ്ങളെ ഇരിപ്പൂനിലങ്ങളാക്കാനുദ്ദേശിച്ചുള്ള ബണ്ട് തണ്ണീർമുക്കത്താണ് നിർമിച്ചിരിക്കുന്നത്. വേനൽക്കാലത്ത് ഷട്ടറുകൾ താഴ്ത്തുമ്പോൾ കായലിന്റെ വ.ഭാഗത്ത് ഉപ്പുവെള്ളവും തെ.ഭാഗത്ത് ശുദ്ധജലവും വേർതിരിഞ്ഞുനില്ക്കുന്നു. ഈ വേർതിരിവ് പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു പ്രദേശം കൂടിയാണ് തണ്ണീർമുക്കം. കുളങ്ങളാണ് ഇവിടത്തെ പ്രധാന ശുദ്ധജലസ്രോതസ്സുകൾ.

വ്യവസായം[തിരുത്തുക]

കയർ വ്യവസായരംഗത്ത് മുന്നിട്ടുനില്ക്കുന്ന ഒരു പഞ്ചായത്താണ് തണ്ണീർമുക്കം. പ്രധാന വ്യവസായവും കയർ ഉത്പാദനം തന്നെ. ബ്രിട്ടീഷുകാരാണ് ഈ പ്രദേശത്ത് കയർ ഫാക്ടറികൾ ആരംഭിച്ചത്. ഇപ്പോൾ 9 കയർ വ്യവസായ സഹകരണ സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. പഞ്ചായത്തിൽ നിന്നു ലഭിക്കുന്ന സിലിക്കാസമ്പുഷ്ടമായ ധാതുമണലിന് നിർണായകമായ വ്യാവ സായിക പ്രാധാന്യമുണ്ടെങ്കിലും ഖനനവും ഉപഭോഗവും വേണ്ടത്ര വികസിച്ചിട്ടില്ല. വേമ്പനാട്ടുകായലിൽനിന്നു ലഭിക്കുന്ന വെള്ള കക്കയാണ് വ്യാവസായിക പ്രാധാന്യമുള്ള മറ്റൊരു പ്രകൃതിവിഭവം. 4 വ്യവസായ സഹകരണ സംഘങ്ങൾ സജീവമായുള്ള പഞ്ചായത്തിൽ ചെരിപ്പ്, കുട, ബുക്ക്, മെഴുകുതിരി, തീപ്പെട്ടി, കാലിത്തീറ്റ തുടങ്ങിയവ നിർമ്മിക്കുന്ന ഏതാനും ചെറുകിട വ്യവസായ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.

ഗതാഗതം[തിരുത്തുക]

മുമ്പ് ജലഗതാഗത മേഖലയിലെ സുപ്രധാന കേന്ദ്രമായിരുന്നു തണ്ണീർമുക്കം. എറണാകുളം, വൈക്കം, കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ, കൊല്ലം എന്നീ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പി ക്കുന്ന ജലഗതാഗത ശൃംഖലയുടെ സിരാകേന്ദ്രമായിരുന്ന ഇവിടെ മുമ്പ് ബോട്ടുകൾ, കെട്ടുവള്ളങ്ങൾ, കടത്തുവള്ളങ്ങൾ, സാധനങ്ങൾ കയറ്റിയ കേവുവള്ളങ്ങൾ എന്നിവ നങ്കൂരമിട്ടിരുന്നു. യാത്രക്കാർക്ക് വിശ്രമിക്കാൻ ഒരു സത്രവും തണ്ണീർമുക്കത്ത് നിലനിന്നിരുന്നു.

ആരാധനാലയങ്ങൾ[തിരുത്തുക]

മാർത്തോമാശ്ളീഹാ കേരളത്തിൽ സ്ഥാപിച്ച 7 ക്രൈ സ്തവ ദേവാലയങ്ങളിൽ പ്രധാനപ്പെട്ട കൊക്കോതമംഗലം സെയ്ന്റ് തോമസ് പള്ളി തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തിലാണ് സ്ഥിതിചെയ്യുന്നത്. അന്ന് കൊക്കോതമംഗലത്ത് വേമ്പനാട്ടു കായൽ മാർഗ്ഗം എത്തിച്ചേർന്ന സെയ്ന്റ് തോമസ് ഒരു വർഷക്കാലം ഇവിടെ താമസിച്ച് 1600-ലേറെപ്പേരെ ജ്ഞാനസ്നാനപ്പെടുത്തി എന്നാണ് വിശ്വാസം. 'ലെറ്റർ ഫ്രം മലബാർ ' എന്ന ഗ്രന്ഥത്തിൽ എ.ഡി. 52-ൽ സെയ്ന്റ് തോമസ് കൊക്കോതമംഗലത്ത് പള്ളി സ്ഥാപിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ണീർമുക്കം തിരുരക്തദേവാലയം, കണ്ണങ്കര സെന്റ് സേവ്യേഴ്സ് പള്ളി, ചാലിൽ തിരുഹൃദയപ്പള്ളി, വാരനാട്ടു ഭഗവതി ക്ഷേത്രം, ചാലി നാരായണപുരം ക്ഷേത്രം, കണ്ടൻകുളങ്ങരക്ഷേത്രം, ഇലഞ്ഞാംകുളങ്ങര ക്ഷേത്രം എന്നീ ആരാധനാലയങ്ങളും തണ്ണീർമുക്കത്ത് സ്ഥിതിചെയ്യുന്നു.

വിദ്യാഭ്യാസം[തിരുത്തുക]

മൂന്ന് ഹൈസ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും ഏഴ് എൽ.പി. സ്കൂളുകളും ഉൾപ്പെടെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിലുണ്ട്. ചേർത്തല താലൂക്കിലെ മൂന്ന് കോളജുകൾ ഉന്നതവിദ്യാഭ്യാസ സൗകര്യം പ്രദാനം ചെയ്യുന്നു.

പൊതുസ്ഥാപനങ്ങൾ[തിരുത്തുക]

ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, സഹകരണസംഘങ്ങൾ, ബാങ്കുകൾ, വില്ലേജ് ഓഫീസുകൾ, പഞ്ചായത്ത് ഓഫീസ്, പബ്ലിക് ലൈബ്രറികൾ, തണ്ണീർമുക്കം പ്രോജക്റ്റ് ഓഫീസ് തുടങ്ങിയവ ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങളാണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. "History Of Kerala 1498-1801". Central Archaeological Library.
  2. "History Of Kerala 1498-1801". Central Archaeological Library.
"https://ml.wikipedia.org/w/index.php?title=തണ്ണീർമുക്കം&oldid=3915784" എന്ന താളിൽനിന്ന് ശേഖരിച്ചത്