ഡമോക്ലീസ്
സിറാക്യൂസിലെ (ഗ്രീസ്) ഡയണീഷസ് രാജാവിന്റെ കൊട്ടാരസദസ്സിലെ അംഗമാണ് ഡമോക്ലീസ്. രാജാവ് സർവദാ ഐശ്വര്യത്തിലും സമ്പത്തിലും അധികാരത്തിലും മുഴുകി സുഖജീവിതം നയിക്കുകയാണെന്ന് ഡമോക്ലീസ് ഒരിക്കൽ വിമർശനരൂപത്തിൽ അഭിപ്രായപ്പെട്ടു. തന്നെ അനുമോദിക്കുകയും വിമർശിക്കുകയും ചെയ്ത ഡമോക്ലീസിനെ, ഒരു രാജാവിന്റെ യഥാർഥ അവസ്ഥ എന്താണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്ന് ഡയണീഷസ് തീരുമാനിച്ചു. ഒരിക്കൽ വിഭവസമൃദ്ധമായ രാജകീയ വിരുന്നിന് രാജാവ് ഡമോക്ലീസിനെ ക്ഷണിച്ചു. വിരുന്ന് കഴിഞ്ഞ് സന്തുഷ്ടനായിത്തീർന്ന ഡമോക്ലീസിനെ തന്റെ രാജസിംഹാസനത്തിൽ കുറച്ചുസമയം ഉപവിഷ്ടനാകുവാൻ രാജാവു നിർദേശിച്ചു. ഇതനുസരിച്ച് ഡമോക്ലീസ് രാജാവിന്റെ സിംഹാസനത്തിൽ കയറിയിരുന്നു. ഇരുന്നതിനുശേഷം മുകളിലേക്കു നോക്കിയപ്പോൾ ഒരു തലനാരിഴയിൽ തൂക്കിയിട്ടിരിക്കുന്ന വാൾ ഇദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. ഏതുനിമിഷവും തലനാരിഴ പൊട്ടി ആ വാൾ തന്റെ ശിരസ്സിൽ പതിക്കാമെന്ന സാഹചര്യമോർത്ത് ഡമോക്ലീസ് അത്യധികം അസ്വസ്ഥനായിത്തീർന്നു.
ഗുണപാഠം[തിരുത്തുക]
നേർത്ത ഒരു മുടിയിൽ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന വാളിന്റെ ചുവട്ടിലിരിക്കുന്നതുപോലെ ഭീതിജനകമാണ് ഒരു മഹാരാജാവിന്റെ ഓരോ നിമിഷവും കടന്നുപോകുന്നതെന്ന് തന്റെ സദസ്യനെ ബോധ്യപ്പെടുത്തുവാൻ ഈ തന്ത്രം സഹായകമായി. അതിനുശേഷം രാജാവ് ഡമോക്ലീസിനെ പോകാനനുവദിച്ചു. ഉന്നതസ്ഥാനങ്ങളും സൗഭാഗ്യങ്ങളും ക്ഷണഭംഗുരമാണെന്നും എക്കാലവും അവ ദുഃഖദായകമാണെന്നും ഈ സംഭവം വ്യക്തമാക്കുന്നു. തികച്ചും ആകസ്മികമായി കടന്നുവരാവുന്ന വിപത്തിനെ സൂചിപ്പിക്കുന്ന പ്രതീകമായും ഈ സംഭവം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശൈലി തന്നെ ഡമോക്ലീസിന്റെ ഖഡ്ഗം എന്ന പേരിൽ വിശ്വസാഹിത്യത്തിൽ പ്രചാരം നേടിയിട്ടുണ്ട്. സിസറൊയുടെ തസ്ക്കുലാനി ദിസ്പുത്താത്തി യോനെസ് (Tusculanae disputations-Discussions at Tusculum)[1] എന്ന ലത്തീൻകൃതിയിൽ ഈ ഐതിഹ്യത്തിന്റെ പൂർണരൂപം കാണാവുന്നതാണ്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://encyclopedia2.thefreedictionary.com/Democles+sword
- http://www.buysellfind.net/darryl/the-sword/
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡമോക്ളീസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |