ടി.വി. തോമസ്
| ടി.വി. തോമസ് | |
|
കേരളത്തിലെ ആദ്യത്തെ തൊഴിൽ, ഗതാഗത വകുപ്പ് മന്ത്രി
|
|
| പദവിയിൽ ഏപ്രിൽ 5 1957 – ജൂലൈ 31 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
|---|---|
| മുൻഗാമി | ഇല്ല |
| പിൻഗാമി | കെ.ടി. അച്യുതൻ |
| മണ്ഡലം | ആലപ്പുഴ |
|
മൂന്നും നാലും കേരള നിയമസഭകളിലെ വ്യവസായവകുപ്പ് മന്ത്രി
|
|
| പദവിയിൽ മാർച്ച് 6 1967, സെപ്റ്റംബർ 25 1971 – 21 ഒക്ടോബർ 1969, മാർച്ച് 25 1977 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ |
| മുൻഗാമി | കെ.എ. ദാമോദരമേനോൻ, പി. രവീന്ദ്രൻ |
| പിൻഗാമി | പി.കെ. വാസുദേവൻ നായർ |
| മണ്ഡലം | ആലപ്പുഴ |
|
ഒന്നാം കേരള നിയമസഭയിലെ അംഗം
|
|
| പദവിയിൽ 1957 – 1959 |
|
| മുഖ്യമന്ത്രി | ഇ.എം.എസ്. നമ്പൂതിരിപ്പാട് |
| മുൻഗാമി | ഇല്ല |
| പിൻഗാമി | എ. നഫീസത്ത് ബീവി |
| മണ്ഡലം | ആലപ്പുഴ |
|
മൂന്നും നാലും കേരള നിയമസഭകളിലെ അംഗം
|
|
| പദവിയിൽ 1967 – 1977 |
|
| മുൻഗാമി | എ. നഫീസത്ത് ബീവി |
| പിൻഗാമി | പി.കെ. വാസുദേവൻ നായർ |
| മണ്ഡലം | ആലപ്പുഴ |
|
|
|
| ജനനം | 1910 ജൂലൈ 2 ആലപ്പുഴ |
| മരണം | 1977 മാർച്ച് 26 (പ്രായം 66) |
| രാഷ്ട്രീയകക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ |
| ജീവിതപങ്കാളി | കെ.ആർ. ഗൗരിയമ്മ |
| മക്കൾ | ഇല്ല |
| മതം | നാസ്തികൻ |
| As of ജനുവരി 12, 2012 ഉറവിടം: കേരളനിയമസഭ |
|
കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്നു[1] ടി.വി. എന്ന ചുരുക്ക നാമത്തിൽ അറിയപ്പെട്ടിരുന്ന ടി.വി. തോമസ് (2 ജൂലൈ 1910 - 26 മാർച്ച് 1977). 1910 ജൂലൈ രണ്ടിനാണ് ടി.വി. തോമസ് ജനിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളിൽ പങ്കെടുക്കുകയും തിരുവിതാംകൂറിലെ ദിവാൻ ഭരണത്തിനെതിരെ സമരങ്ങൾ നടത്തുകയും ചെയ്തിരുന്ന[2] ടി.വി. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലും ഭരണമണ്ഡലത്തിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി പോരാടിയ ഒരു രാഷ്ട്രീയ പ്രവർത്തകനായ ടി.വി. തോമസ് എല്ലാവർക്കും പൊതുനീതി ലഭിക്കണം എന്ന പക്ഷക്കാരനായിരുന്നു.
ഉള്ളടക്കം |
[തിരുത്തുക] വ്യക്തി ജീവിതം
ആലപ്പുഴയിലെ കത്തോലിക്കാ കുടുംബമായ തൈപ്പറമ്പുവീട്ടിൽ ടി.സി. വർഗീസിന്റെയും പുറക്കാട് കദളിപ്പറമ്പിൽ പെണ്ണമ്മയുടെയും മകനായി 1910 ജനുവരി 2-ന് ജനിച്ചു. ആലപ്പുഴയിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി എസ്.ബി. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു പഠിച്ചത്. 1930-ൽ ബി.എ. ബിരുദവും 1935-ൽ നിയമബിരുദവും എടുത്തു. കമ്യൂണിസ്റ്റ് നേതാവും ഇദ്ദേഹത്തോടൊപ്പം ആദ്യ മന്ത്രിസഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന കെ.ആർ. ഗൗരിയെയാണ് വിവാഹം കഴിച്ചത്. രോഗബാധിതനായി 1977 മാർച്ച് 26-ന് ടി.വി. തോമസ് നിര്യാതനായി.
[തിരുത്തുക] രാഷ്ടീയ ജീവിതം
വിദ്യാർഥിയായിരുന്ന കാലം മുതൽ രാഷ്ട്രീയകാര്യങ്ങളിൽ ശ്രദ്ധാലുവായിരുന്ന തോമസ് ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ തിരുവിതാംകൂർ ഘടകവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവർത്തിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാരുടേതായ റാഡിക്കൽ കോൺഗ്രസ്സിലും ഇദ്ദേഹം സജീവ പങ്കാളിത്തം വഹിച്ചു. തിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി രൂപവത്കൃതമായപ്പോൾ അതിന്റെ സജീവ പ്രവർത്തകരിലൊരാളായിത്തീർന്നു.
ആലപ്പുഴയിൽ ട്രേഡ് യൂണിയൻ രംഗത്ത് ടി.വി. തോമസ് പ്രവർത്തിച്ചു. കയർത്തൊഴിലാളികളുടെയും തുറമുഖത്തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും മറ്റും സംഘടനകളുടെ നേതൃത്വം വഹിച്ചിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിന്റെ പേരിൽ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുണ്ടായി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യരുടെ പല പ്രവർത്തനരീതികളെയും ഇദ്ദേഹം വിമർശിച്ചിരുന്നു. പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തതിനാൽ അറസ്റ്റിലായി. എന്നാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രാപ്തിയോടനുബന്ധിച്ച് മറ്റു നേതാക്കളോടൊപ്പം ഇദ്ദേഹവും മോചിതനായി. രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ വീണ്ടും ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1952-ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ഇദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായി. 1954-ലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയിയായി. ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ പദവിയിൽ ദീർഘകാലം സേവനമനുഷ്ഠിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1952-54 വരെ തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവുമായിരുന്നു ടി.വി.
[തിരുത്തുക] കേരള നിയമസഭയിൽ
കേരള സംസ്ഥാനം രൂപവത്കൃതമായശേഷം 1957-ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ടി.വി.തോമസ് ആലപ്പുഴയിൽ നിന്നും വിജയിച്ചു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമാകുവാനും ഇതോടെ ഇദ്ദേഹത്തിനു കഴിഞ്ഞു. ഈ മന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെയും ഗതാഗത വകുപ്പിന്റെയും മന്ത്രിയായിരുന്നു. ഈ മന്ത്രിസഭ 1959-ൽ അധികാരമൊഴിഞ്ഞു. 1964-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പുണ്ടായപ്പോൾ ഇദ്ദേഹം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലയുറപ്പിക്കുകയാണുണ്ടായത്. പിന്നീട് 1967-ലെ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ നിന്നും വീണ്ടും ജയിച്ച് വ്യവസായവകുപ്പു മന്ത്രിയായി. ആരോപണ വിധേയനായതോടെ മന്ത്രിസഭയിൽനിന്ന് 1969-ൽ രാജിവച്ചു. പിന്നീട് നാലാം കേരളനിയമസഭയിൽ ആലപ്പുഴയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു, 1972-77 കാലത്തും വ്യവസായ വകുപ്പുമന്ത്രിയായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു.
[തിരുത്തുക] അവലംബം
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തോമസ്,_ടി.വി._(1910_-_77) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
- 1910-ൽ ജനിച്ചവർ
- 1977-ൽ മരിച്ചവർ
- ജനുവരി 2-ന് ജനിച്ചവർ
- മാർച്ച് 26-ന് മരിച്ചവർ
- ഒന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ സി.പി.ഐ. നേതാക്കൾ
- കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ