വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി. ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്നു. മധ്യ ഇറ്റലിയിൽ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
ബി.സി. 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. എട്രൂസ്കൻ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാർക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബി.സി. 2-ആം നൂറ്റാണ്ട് വരെ ടാർക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു. ഏഴും ആറും നൂറ്റാണ്ടുകളിൽ ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം. 4-ആം നൂറ്റാണ്ടിൽ റോമുമായുണ്ടായ യുദ്ധങ്ങൾ ടാർക്വിനിയെ ദുർബലപ്പെടുത്തി. ഇതോടെ ടാർക്വിനിയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതാവുകയും ഒരു റോമൻ നഗരമായി (ഫെഡറേറ്റഡ് സ്റ്റേറ്റ്) മാറുകയും ചെയ്തു. 6-ഉം 8-ഉം നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെത്തുടർന്ന് ടാർക്വിനിയിലെ ജനങ്ങൾ സമീപത്തുള്ള കോർനെറ്റോ (Corneto) എന്ന പ്രദേശത്തേക്കുമാറി. 1920- ഓടെ ഈ സ്ഥലത്തിന് ടാർക്വിനിയ എന്ന പേരുണ്ടായി. 1930-കളിൽ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു.
എട്രൂസ്കൻ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ആം നൂറ്റാണ്ടിലെ വിറ്റലേഷി കൊട്ടാരം (Palazzo Vitelleschi)[1] രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു. ടാർക്വിനിയിൽ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളിൽ നിന്നും പ്രാചീന ടാർക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.