ടര്‍ബൈന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രവങ്ങളിലടങ്ങിയിരിക്കുന്ന ഊര്‍ജത്തെ യാന്ത്രിക ഊര്‍ജമാക്കി മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു ഉപാധിയാണ് ടര്‍ബൈന്‍ (Turbine). ചുറ്റുന്ന എന്നര്‍ഥമുള്ള ടര്‍ബൊ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് ടര്‍ബൈന്‍ (ചുറ്റുന്ന വസ്തു) എന്ന പേര് നിഷ്പ്പന്നമായത്. ടര്‍ബൈന്‍ വ്യൂഹത്തിലൂടെയുള്ള ദ്രവ പ്രവാഹം വ്യൂഹത്തിലെ റോട്ടറില്‍ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡ് അഥവാ ദലങ്ങളെ ചലിപ്പിച്ച് റോട്ടറെ കറക്കുന്നു.
ടര്‍ബൈനിലുപയോഗിക്കുന്ന മാധ്യമത്തെ അടിസ്ഥാനമാക്കി ടര്‍ബൈനുകളെ ജല ടര്‍ബൈന്‍, നീരാവി ടര്‍ബൈന്‍, വാതക ടര്‍ബൈന്‍, കാറ്റ് (wind) ടര്‍ബൈന്‍ എന്നിങ്ങനെ നാലായി തരംതിരിക്കാം.
ജല ടര്‍ബൈന്‍ പ്രധാനമായും വൈദ്യുതിയുടെ ഉത്പ്പാദനത്തിനായി ഉപയോഗിക്കുന്നു. എങ്കിലും വൈദ്യുതിയുടെ മുഖ്യ ഉത്പ്പാദനം നീരാവി ടര്‍ബൈനുകളുടെ പ്രവര്‍ത്തനത്തില്‍ കൂടിയാണ്. വൈദ്യുതോത്പ്പാദനം, വ്യവസായ ആവശ്യങ്ങള്‍, സമുദ്രത്തില്‍ ക്കൂടി സഞ്ചരിക്കുന്ന വലിയ വാഹനങ്ങളുടെ നോദനം എന്നിവയ്ക്കായി നീരാവി ടര്‍ബൈനുകള്‍ ഉപയോഗിക്കുന്നു.
ജെറ്റ് നോദനം മൂലം പ്രവര്‍ത്തിക്കുന്ന വിമാനങ്ങളിലാണ് വാതക ടര്‍ബൈനുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതുകൂടാതെ, വൈദ്യുതോത്പ്പാദന രംഗത്ത്, പീക്ക് ലോഡ് ആവശ്യങ്ങളെ (peak load demands) നേരിടുന്നതിനും, പ്രകൃതി വാതക വ്യവസായ മേഖലയില്‍ വളരെ നീളം കൂടിയ പൈപ്പുകളില്‍ക്കൂടി പ്രകൃതി വാതകം പമ്പു ചെയ്യുന്നതിനും, വാതക ടര്‍ബൈനുകള്‍ ഉപയോഗപ്പെടുത്താറുണ്ട്.
വൈദ്യുതോത്പ്പാദനത്തിന് കാറ്റില്‍ നിന്നുള്ള ഊര്‍ജം വഴി പ്രവര്‍ത്തിക്കുന്ന കാറ്റ് ടര്‍ബൈനുകളും അടുത്തകാലത്തു രൂപപ്പെടുത്തിയിട്ടുണ്ട്.