ടപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചാബി, സിന്ധി, ബംഗാളി തുടങ്ങിയ ഉത്തരേന്ത്യൻ ഭാഷകളിൽ 18-ഉം 19-ഉം ശതകങ്ങളിൽ പ്രചാരം നേടിയ ഒരു ഗാനകാവ്യശാഖയാണ് ടപ്പ. ദ്രുപദ്, ഖയാൽ എന്നീ ഗാനരീതികളുടെ സംക്ഷിപ്തരൂപവുമായി ബന്ധപ്പെട്ട ശൈലിയാണ് ടപ്പയ്ക്കുള്ളത്. വളരെകുറച്ചു വരികളിൽ ആവിഷ്കൃതമാകുന്ന പ്രേമഭാവനയും ഗാനാത്മകതയും ടപ്പകളെ ആകർഷകങ്ങളാക്കുന്നു. കാമുകീകാമുകന്മാരുടെ പ്രണയസല്ലാപവർണനയാണ് ഇതിലെ പ്രധാനപ്പെട്ട ഉള്ളടക്കം.

ചരിത്രം[തിരുത്തുക]

18-ം ശതകത്തിൽ പഞ്ചാബിലും സിന്ധിലും സാരി മിയയുടെ ടപ്പകൾ വളരെ പ്രചാരം നേടിയിരുന്നു. സിന്ധിഭാഷയിൽ നാരായൺ ശ്യാം രചിച്ച ടപ്പകൾ പ്രശസ്തങ്ങളാണ്. പഞ്ചാബി ഭാഷയിലെ ടപ്പകളിൽ ആദ്യത്തെ വരിയിലെ വാക്കുകൾ പിന്നീടു പിന്നീടുള്ള പല വരികളിലും ആവർത്തിച്ചുവരുന്ന രീതി കാണാം. ഈ രീതിയിലുള്ള ഒരു ടപ്പയുടെ മാതൃക താഴെച്ചേർക്കുന്നു:

വടക്കു പടിഞ്ഞാറൻ ഭാരതത്തിൽ ഒട്ടകത്തിന്റെ പുറത്തു യാത്ര ചെയ്തിരുന്നവരുടെ പ്രിയപ്പെട്ട ഗാനശാഖയായി ടപ്പ അറിയപ്പെട്ടിരുന്നു. വേഗതയേറിയ ചടുലമായ താളവിന്യാസം ഈ ഗാനശാഖയുടെ സവിശേഷതയാണ്. താരതമ്യേന വേഗത കുറഞ്ഞ താളവിന്യാസമുള്ള ഗസലിനെപ്പോലെ ടപ്പയും പേർഷ്യൻ ഗാനശാഖയുടെ ഭാഗമായി കണക്കാക്കപ്പെടുന്നു. എന്നാൽ ദ്രുപദ്, ഖയാൽ തുടങ്ങിയ ഗാനരീതികളുടെ സ്വാധീനത വടക്കേ ഇന്ത്യയിൽ ആധുനികകാലത്തും തുടർന്നുവരുന്നുണ്ടെങ്കിലും ടപ്പയുടെ ഗാനശൈലിക്ക് അത്രത്തോളം പ്രചാരം പിൽക്കാലത്ത് ലഭിച്ചില്ല.

ബംഗാളിൽ[തിരുത്തുക]

ബംഗാളിൽ ഈ ഗാനകാവ്യശാഖയ്ക്ക് പ്രചാരം നൽകിയത് രാം നിധി ഗുപ്തയാണ് (1738-1825). നിധിബാബു എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം ഹിന്ദിസാഹിത്യത്തിലും ഹിന്ദുസ്ഥാനിസ്സംഗീതത്തിലും നിപുണനായിരുന്നെങ്കിലും തന്റെ കവിപ്രതിഭയും സംഗീതവൈദഗ്ദ്ധ്യവും ബംഗാളിഭാഷയിൽ ടപ്പകൾ രചിക്കുന്നതിനുവേണ്ടിയായിരുന്നു വിനിയോഗിച്ചത്. നിധിബാബുവിന്റെ ചില ടപ്പകളിൽ വിരഹവേദനയുടെ ആവിഷ്കാരവും കാണാം. ബംഗാളിയിൽ ടപ്പകൾ രചിച്ച മറ്റൊരു പ്രസിദ്ധ കവി ശ്രീധർ കഥക് ആണ്. ബംഗാളിലെ ഒരു ഗാനാത്മക കലാരൂപമായ കബിഗാനിൽ (കവിഗാനം) രണ്ടോ മൂന്നോ വരികളുള്ള ടപ്പകൾ ഉൾപ്പെടുത്തി ആ കലാരൂപത്തിന് ഭാവാത്മകമേന്മ പ്രദാനം ചെയ്യാറുണ്ടായിരുന്നു. നിധിബാബുവിന്റെ ടപ്പകൾ പൂർണമായി മനസ്സിലാക്കുന്നതിന് സംഗീതനൈപുണ്യം ആവശ്യമായിരുന്നതിനാൽ അദ്ദേഹത്തിന്റെ ടപ്പകൾക്ക് ജനകീയ സാഹിത്യത്തിൽ വിപുലമായ സ്ഥാനം ലഭിച്ചില്ല. ഒരു ഗാനസാഹിത്യശാഖ എന്ന നിലയിൽ ടപ്പ ഇപ്പോഴും സജീവമാണ്.

രവീന്ദ്രനാഥ ടാഗോർ രചിച്ചിട്ടുള്ള ഗാനങ്ങളിൽ ടപ്പ ഗാനശൈലിയുടെ മനോഹരമായ പ്രയോഗം കാണാം. സാഹിത്യത്തിലെന്ന പോലെ ഗാനമാതൃകകളുടെ ആവിഷ്കരണത്തിലും തനതായ പ്രതിഭ തെളിയിച്ചിരുന്ന ടാഗോർ ദ്രുപദ്, തുമ്രി, ടപ്പ തുടങ്ങിയ ഗാനമാതൃകകളെ തന്റെ ഗാനങ്ങളിലൂടെ അനശ്വരമാക്കിയിട്ടുണ്ട്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടപ്പ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടപ്പ&oldid=3980268" എന്ന താളിൽനിന്ന് ശേഖരിച്ചത്