ഞെരളത്ത് രാമപ്പൊതുവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞെരളത്ത് രാമപ്പൊതുവാൾ
Ramapoduval.jpg
ജനനം 1916 ഫെബ്രുവരി 16
മരണം 1996 ഓഗസ്റ്റ് 13(1996-08-13) (പ്രായം 80)
ദേശീയത ഇന്ത്യൻ
തൊഴിൽ അഷ്ടപദി/സോപാനസംഗീതം

പ്രശസ്തനായ ഒരു അഷ്ടപദി/സോപാന സംഗീത കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ (ഫെബ്രുവരി 16, 1916 - ഓഗസ്റ്റ് 13, 1996)[1][2].

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ആണ്‌ ഇദ്ദേഹത്തിന്റെ ജന്മദേശം[3]. സോപാന സംഗീതത്തിന്റെ കുലപതി ആയി ഞരളത്ത് വിലയിരുത്തപ്പെടുന്നു. കേരളത്തിലെ ക്ഷേത്രങ്ങളിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി അവതരിപ്പിച്ചു വന്ന സോപാനസംഗീതത്തെ ജനകീയവത്കരിച്ചത് ഞരളത്ത് രാമപ്പൊതുവാളാണ്. ക്ഷേത്രങ്ങളിൽ ഭജനമോ പ്രാർത്ഥനയോ ആയി അവതരിപ്പിക്കപ്പെട്ടു വന്ന സോപാനസംഗീതത്തിന് 'ജനഹിത സോപാനം' എന്ന ജനകീയ രൂപം അദ്ദേഹം ആവിഷ്കരിച്ചു. 'ദൈവം സർവ്വവ്യാപിയാണ്' എന്ന ആശയം ഉപയോഗിച്ചാണ് അദ്ദേഹം സോപാനസംഗീതത്തെ ക്ഷേത്രത്തിനു പുറത്തേക്കെത്തിക്കുന്നതിനു വേണ്ടി യത്നിച്ചത്.

അരവിന്ദൻ സം‌വിധാനം ചെയ്ത തമ്പ്,ജോൺ എബ്രഹാം സം‌വിധാനം ചെയ്ത അമ്മ അറിയാൻ തുടങ്ങിയ ചിത്രങ്ങളിൽ ഞരളത്ത് അഭിനയിച്ചിട്ടുണ്ട്. ഞരളത്തിന്റെ ആത്മകഥ സോപാനം എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകൻ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന ഒരു സോപാനസംഗീതജ്ഞനാണ്.

ജീവിത രേഖ[തിരുത്തുക]

പാലക്കാടു ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അലനല്ലുരിനടുത്ത് ഞെരളത്തുപൊതുവാട്ടിൽ ജാനകി പൊതുവാരസ്യാരുടെയും കൂടല്ലൂർ കുറിഞ്ഞിക്കാവിൽ മാരാത്ത് ശങ്കുണ്ണി മാരാരുടയും മകനായി 1916 ഫെബ്രുവരി 16-ന് ജനിച്ചു.[4] ഭീമനാട് യു.പി. സ്കൂളിൽ നാലം ക്ലാസ് വരെ മാത്രം പഠിച്ച രാമപ്പൊതുവാളിന്റെ ക്ഷേത്രസംഗീതത്തിലെ ആദ്യഗുരു അമ്മ തന്നെയായിരുന്നു. പിന്നീട് വവലിയമ്മാവൻ കരുണാകരപ്പൊതുവാൾ, പരപ്പനാട്ട് രാമക്കുറുപ്പ്, അരൂർ മാധവൻ നായർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ എന്നിവരുടെ കീഴിലും സംഗീതം അഭ്യസിച്ചു.[4]

1996 ആഗസ്റ്റ് 13ന് പെരിന്തൽമണ്ണയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.[4]

പുരസ്കാരങ്ങൾ[4][തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി അവാർഡ് (1981)
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് (1985)
  • മഹാരാഷ്ട്രാ സർക്കാർ സാംസ്കാരിക വകുപ്പ് അവാർഡ് (1985)
  • കലാമണ്ഡലം കീർത്തി ശംഖ് (1985)
  • കലാമണ്ഡലം ഫെലോഷിപ്പ് (1990)
  • മാരാർ ക്ഷേമസഭ കലാചാര്യ പുരസ്കാരം (1990)
  • ഗുരുവായൂരപ്പൻ സമ്മാനം (1994)
  • തൃത്താല കേശവപ്പൊതുവാൾ സ്മാരക പുരസ്കാരം (1996)
  • പ്രവാസി ബഷീർ പുരസ്കാരം (1996)

അവലംബം[തിരുത്തുക]

  1. http://www.chintha.com/node/303
  2. മാതൃഭൂമി കലണ്ടർ
  3. http://www.pravasidoha.org/basheerpuraskaram.htm
  4. 4.0 4.1 4.2 4.3 "ഞെരളത്ത് രാമപ്പൊതുവാൾ". സോപോനസംഗീതം.കോം. ശേഖരിച്ചത്: 3 മെയ് 2013. 
"http://ml.wikipedia.org/w/index.php?title=ഞെരളത്ത്_രാമപ്പൊതുവാൾ&oldid=1914811" എന്ന താളിൽനിന്നു ശേഖരിച്ചത്