ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ
George bernard shaw.jpg
ജനനം 26 ജൂലൈ 1856(1856-07-26)
ഡബ്ലിന്‍, അയര്‍ലന്റ്
മരണം നവംബര്‍ 2 1950 (പ്രായം 94)
ഹെര്‍ട്ഫോര്‍ഡ്ഷെയര്‍, ഇംഗ്ലണ്ട്, യുണൈറ്റഡ് കിങ്ഡം
തൊഴില്‍ നാടകകൃത്ത്,സാഹിത്യവിമര്‍ശകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍
ദേശീയത ഐറിഷ്
രചനാ സങ്കേതം ആക്ഷേപഹാസ്യം, Black comedy
സാഹിത്യ പ്രസ്ഥാനം Reformist Socialist
പ്രധാനപ്പെട്ട പുരസ്കാരങ്ങള്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം(1925),

മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാര്‍ഡ്(1938)

പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോര്‍ജ്ജ് ബര്‍ണാര്‍ഡ് ഷാ (1856 ജൂലൈ 261950 നവംബര്‍ 2). സാഹിത്യ-സംഗീത മേഖലകളില്‍ വിമര്‍ശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം,അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി.വിദ്യാഭ്യാസം, വിവാഹം ,മതം ,ഭരണസം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന ശുഭപര്യവസായികളായിരുന്നു അദ്ദേഹത്തിന്റെ കൃതികള്‍.

സോഷ്യലിസത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഷാ,തൊഴിലാളിവര്‍ഗ്ഗം നേരിടുന്ന ചൂഷണങ്ങളും തന്റെ നാടകങ്ങളുടെ പ്രമേയമാക്കി. ഫാബിയന്‍ സൊസൈറ്റിയുടെ പ്രയോക്താവായിരുന്നു അദ്ദേഹം. സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവര്‍ഗ്ഗചൂഷണങ്ങള്‍ക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. നോബല്‍ സമ്മാനവും(1925) ഓസ്കാര്‍ പുരസ്കാരവും(1938) നേടിയ ഒരേയൊരു വ്യക്തിയാണ്‌ ബെര്‍ണാര്‍ഡ് ഷാ. ബഹുമതികളില്‍ താത്പര്യമില്ലായിരുന്ന അദ്ദേഹം നോബല്‍ സമ്മാനം നിരസിക്കാനാഗ്രഹിച്ചിരുന്നുവെങ്കിലും ഒടുവില്‍ ഭാര്യയുടെ പ്രേരണയാല്‍ അതു സ്വീകരിച്ചു. [1]

[തിരുത്തുക] ജീവിതരേഖ

1856 ജൂലൈ 26-ന്‌ അയര്‍ലന്റിലെ ഡബ്ലിന്‍ നഗരത്തിലായിരുന്നു ബെര്‍ണാഡ് ഷായുടെ ജനനം. അച്ഛന്‍ ജോര്‍ജ്ജ് കര്‍ ഷാ(18141885) ഡബ്ലിന്‍ കോടതിയിലെ ജീവനക്കാരനായിരുന്നു.ഉദ്യോഗത്തില്‍ നിന്നു വിരമിച്ച ശേഷം അദ്ദേഹം ധാന്യവ്യാപാരത്തില്‍ പ്രവേശിച്ചുവെങ്കിലും വിജയിക്കാനായില്ല. അമ്മ ലൂസിന്‍ഡ എലിസബത്ത് ഷാ (18301913) ഡബ്ലിനിലെ ഒരു ഭൂവുടമയുടെ മകളും സംഗീതജ്ഞയുമായിരുന്നു.ബെര്‍ണാഡ് ഷായ്ക്ക് രണ്ടു സഹോദരിമാരുണ്ടായിരുന്നു.ലൂസിന്‍ഡ ഫ്രാന്‍സെസും(18531920), എലിനര്‍ ആഗ്നസും(18541876).ഡബ്ലിനിലായിരുന്നു ഷായുടെ ആദ്യകാല വിദ്യാഭ്യാസം.ഡബ്ലിന്‍ ഇംഗ്ലീഷ് സയന്റിഫിക് ആന്റ് കൊമേഴ്സ്യല്‍ ഡേ സ്കൂളില്‍ പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന്റെ ഔപചാരികവിദ്യാഭ്യാസം അവസാനിച്ചു. അശാസ്ത്രീയമായ വിദ്യാഭ്യാസസമ്പ്രദായത്തെക്കുറിച്ച് ഷാ എന്നും തീവ്രമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍

Schools and schoolmasters, as we have them today, are not popular as places of education and teachers, but rather prisons and turnkeys in which children are kept to prevent them disturbing and chaperoning their parents.

[2]വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള തന്റെ നിഷേധാത്മക നിലപാട് Cashel Byron's Profession എന്ന നോവലിലും ഷാ വെളിപ്പെടുത്തിയിട്ടുണ്ട്.ഔപചാരികവിദ്യാഭ്യാസത്തിലെ പാഠ്യപദ്ധതികള്‍ ആത്മാവിനെ കൊല്ലുകയും ബുദ്ധിയെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെര്‍ണാഡ് ഷായ്ക്ക് ഏകദേശം പതിനാറു വയസ്സുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ പെണ്മക്കളോടൊപ്പം ലണ്ടനിലേക്ക് മാറി. ഡബ്ലിനില്‍ അച്ഛനോടൊപ്പം കഴിച്ചുകൂട്ടാനായിരുന്നു ഷായുടെ തീരുമാനം.അക്കാലത്ത് ഒരു എസ്റ്റേറ്റ് ഓഫീസില്‍ ഗുമസ്തനായും അദ്ദേഹം സേവനമനുഷ്ഠിച്ചു[3]. 1876 ഏപ്രില്‍ മാസത്തില്‍ അദ്ദേഹം ലണ്ടനിലെത്തി.അവിടെ വച്ച് സാഹിത്യത്തില്‍ കൂടുതല്‍ തത്പരനായ ബര്‍ണാഡ് ഷാ സ്റ്റാര്‍ എന്ന ഇംഗ്ലീഷ് സായാഹ്ന ദിനപ്പത്രത്തില്‍ സംഗീതസംബന്ധിയായ ലേഖനങ്ങളെഴുതാനാരംഭിച്ചു. പിന്നീട് സാറ്റര്‍ഡേ റിവ്യു എന്ന വാരികയില്‍ അക്കാലത്തെ പ്രമുഖ നാടകങ്ങളെ വിമര്‍ശിച്ചും അദ്ദേഹം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.[4]

വായന അദ്ദേഹത്തെ ഒരു സോഷ്യലിസ്റ്റാക്കി മാറ്റി[5].1884 സെപ്റ്റംബറില്‍ ലണ്ടനില്‍ വച്ച് പ്രശസ്ത അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞന്‍ ഹെന്‍റി ജോര്‍ജ്ജ് നടത്തിയ പ്രസംഗം അദ്ദേഹത്തെ ഫാബിയന്‍ സൊസൈറ്റിയിലേക്ക് ആകര്‍ഷിച്ചു. സാവധാനപരിവര്‍ത്തനത്തിലൂടെ സോഷ്യലിസം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ 1884-ല്‍ നിലവില്‍ വന്ന പ്രസ്ഥാനമായിരുന്നു ഫാബിയന്‍ സൊസൈറ്റി[3]. 1898-ല്‍ തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാര്‍ലറ്റ് പയ്ന്‍ ടൗണ്‍ഷന്‍ഡ് എന്ന ഐറിഷ് വനിതയെ അദ്ദേഹം വിവാഹം കഴിച്ചു. 1906-ല്‍ ഹെര്‍ട്ഫോഡ്ഷെയറിലെ വസതിയില്‍ അവരിരുവരും താമസമാരംഭിച്ചു.പ്രസ്തുത വസതി ഷാസ് കോര്‍ണര്‍(Shaw's Corner)എന്ന പേരില്‍ ഇന്നും പരിരക്ഷിക്കപ്പെടുന്നു.‍

1879നും 1883നും ഇടയില്‍ ബെര്‍ണാഡ് ഷാ ഏതാനും നോവലുകള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകള്‍ വേണ്ടത്ര ജനശ്രദ്ധ നേടിയില്ല. 1885 മുതല്‍ അദ്ദേഹം നാടകരചനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.1892-ലാണ്‌ അദ്ദേഹത്തിന്റെ ആദ്യ നാടകം Widower's Houses അരങ്ങിലെത്തിയത്.ലണ്ടനിലെ ചേരികളിലെ സാധാരണക്കാരുടെ ജീവിതമായിരുന്നു പ്രസ്തുത നാടകത്തിന്റെ പ്രമേയം. ആദ്യ നാടകത്തിനുശേഷം ഒരു ദശാബ്ദം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിലെ ശക്തമായ സാന്നിദ്ധ്യമായി മാറി.അറുപത്തിമൂന്നു നാടകങ്ങള്‍ക്കുപുറമേ നിരവധി നോവലുകളും ലേഖനങ്ങളും ലഘുലേഖകളും 2,50,000ത്തോളം എഴുത്തുകളും അദ്ദേഹത്തിന്റേതായുണ്ട്.[6]1895-ല്‍ ഫാബിയന്‍ സൊസൈറ്റിയിലെ തന്റെ സഹപ്രവര്‍ത്തകരായിരുന്ന സിഡ്നി വെബ് ,ബിയാട്രിസ് വെബ്, ഗ്രഹാം വല്ലസ് എന്നിവരുമായിച്ചേര്‍ന്ന് ബെര്‍നാര്‍ഡ് ഷാ ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് സ്ഥാപിച്ചു.ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലെ ലൈബ്രറിയില്‍ ഷായുടെ ബഹുമാനാര്‍ഥം ഇന്നും അദ്ദേഹത്തിന്റെ കൃതികളുടെയും ചിത്രങ്ങളുടെയും ഒരു ശേഖരം സൂക്ഷിച്ചിരിക്കുന്നു.[7]1925-ല്‍ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.[8]1931മുതല്‍ 1936 വരെ അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് നിരവധി പ്രഭാഷണങ്ങള്‍ നടത്തി.1938-ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു. 1943 സെപ്റ്റംബര്‍ 12ന്‌ ഷാര്‍ലറ്റ് ഷാ അന്തരിച്ചു.[9]

അവസാനകാലം 'ഷാസ് കോര്‍ണറി'ലാണ്‌ അദ്ദേഹം ചിലവഴിച്ചത്.1950 നവംബര്‍ 2-ന്‌ 94-ആം വയസ്സില്‍ വൃക്കസംബന്ധമായ അസുഖം ബാധിച്ചായിരുന്നു ബര്‍ണാഡ് ഷായുടെ അന്ത്യം.[10]അദ്ദേഹത്തിന്റെ ചിതാഭസ്മം പത്നി ഷാര്‍ലറ്റ് ഷായുടേതിനൊപ്പം ഷാസ് കോര്‍ണറിലെ പൂന്തോട്ടത്തില്‍ വിതറി.[9]

[തിരുത്തുക] അവലംബം

  1. Gibbs, A. M. (2005). Bernard Shaw: A Life (pp. 375–376). Gainesville, FL: University Press of Florida. pp. 554. ISBN 0-8130-2859-0. 
  2. George Bernard Shaw (1856–1950), Anglo-Irish playwright, critic. Letter, August 7, 1919, to Thomas Demetrius O'Bolger. Sixteen Self Sketches: Biographers' Blunders Corrected, pp. 89–90. Constable and Co., London (1949)
  3. 3.0 3.1 Mazer, Cary M.. Bernard Shaw: a Brief Biography. University of Pennsylvania's English Department. ശേഖരിച്ചത് 2007-06-03.
  4. General introduction to the works of Bernard Shaw by A.C.Ward
  5. Pease, Edward R.; Paavo Cajander (trans.) (2004). The History of the Fabian Society. Project Gutenberg. http://infomotions.com/etexts/gutenberg/dirs/1/3/7/1/13715/13715.htm. Retrieved on 2008-03-30. 
  6. Laurence, Dan H. (1965). Bernard Shaw: Collected Letters, 1874–1897. London & Beccles: William Clowes & Sons, Ltd.. Introduction xi. 
  7. Bernard Shaw papers at LSE Archives. London School of Economics Library. ശേഖരിച്ചത് 2008-03-29.
  8. The Nobel Prize in Literature 1925. ശേഖരിച്ചത് ജൂലൈ, 2009.
  9. 9.0 9.1 Major events in Shaw's life. ശേഖരിച്ചത് ജൂലൈ, 2009.
  10. Holroyd, Michael (1991). Bernard Shaw. The Lure of Fantasy: 1918–1951. Random House, New York. pp. pp.509–511. ISBN 0-394-57554-7(v.3). 


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1901-1925)

1901: പ്രുദോം | 1902: മംസെന്‍ | 1903: ജോണ്‍സണ്‍ | 1904: മിസ്ത്രാള്‍എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാര്‍ദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെന്‍ | 1909: ലാഗര്‍ലോഫ് | 1910: ഹെയ്സെ | 1911: മാറ്റെര്‍ലിങ്ക് | 1912: ഹോപ്മാന്‍ | 1913: ടാഗോര്‍ | 1915: റോളണ്ട് | 1916: ഹൈഡന്‍സ്റ്റാം | 1917: ജെല്ലെറപ്പ്പോന്തോപ്പിടന്‍ | 1919: സ്പിറ്റെലെര്‍ | 1920: ഹാംസണ്‍ | 1921: ഫ്രാ‍ന്‍സ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം