ജല്ലിക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരമ്പരാഗതമായി തമിഴ്നാട്ടിലെ ജനങ്ങൾ കൊണ്ടാടുന്ന ഒരു വിനോദമാണ് ജല്ലിക്കെട്ട്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ പൊങ്കൽ നാളുകളിലാണ് ഈ വിനോദം നടക്കുന്നത്. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ഈ വിനോദം അരങ്ങേറുന്നത്.മധുരയ്‌ക്കു സമീപമുള്ള അളങ്ങാനല്ലൂരാണ്‌ ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച സ്ഥലം

ജല്ലിക്കെട്ട്

ചരിത്രം[തിരുത്തുക]

ജല്ലിക്കെട്ടിന്റെ ഉദ്‌ഭവകാലഘട്ടത്തെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയ പ്രാചീന ഗുഹാചിത്രങ്ങളിൽ ജല്ലിക്കെട്ടിന്‌ സമാനമായ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്‌. ഇവയുടെ കാലപ്പഴക്കം നിർണയിച്ചതിൽ നിന്ന്‌ ജല്ലിക്കെട്ടിന്‌ ഏതാണ്ട്‌ 3500 വർഷത്തിനുമേൽ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.നീലഗിരി ജില്ലയിലെ കാരിക്കിയൂർ ഗ്രാമത്തിലാണ്‌ ഏറ്റവും പഴക്കമുള്ള ജല്ലിക്കെട്ടു ചിത്രങ്ങൾ കണ്ടെത്തിയത്‌. മൺപാത്ര നിർമാണത്തിന്‌ ഉപയോഗിക്കുന്ന ശുദ്ധമായ കളിമണ്ണും കാവിമണ്ണും ചേർത്തു തയാറാക്കിയ വർണങ്ങളാണ്‌ ഗുഹാചിത്രങ്ങൾ വരയ്‌ക്കാൻ ഉപയോഗിച്ചിരുന്നത്.

പദോല്പത്തി[തിരുത്തുക]

`കാശ്‌' എന്നർഥം വരുന്ന `സല്ലി' എന്ന പദവും `പൊതി' എന്നർഥം വരുന്ന `കെട്ട്‌' എന്ന പദവും കൂടിച്ചേർന്നാണ്‌ ഇന്ന്‌ ഉപയോഗത്തിലിരിക്കുന്ന `ജല്ലിക്കെട്ട്‌' എന്ന പദം ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. നാണയങ്ങൾ അടങ്ങിയ കിഴിക്കെട്ട് കാളയുടെ കൊമ്പിൽ കെട്ടിയിടും. ഈ കാളയെ കീഴ്പ്പെടുത്തുന്നയാൾക്ക് ഈ നാണയക്കിഴി സ്വന്തമാക്കാം എന്നാണ് കളിയുടെ നിയമം. കാളയെ പിൻതുടരുക എന്നർഥം വരുന്ന മഞ്ഞുവിരാട്ട്‌ എന്ന പ്രാദേശിക പദമാണ്‌ ഗ്രാമവാസികൾ ഉപയോഗിക്കുന്നത്‌.

മത്സരരീതി[തിരുത്തുക]

പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജല്ലിക്കെട്ടിനുപയോഗിക്കുന്നത്. മൽസരത്തിന്‌ തുറന്നു വിടുന്ന കാളയുടെ കൊമ്പു നനയ്‌ക്കുകയും ശരീരത്തിൽ എണ്ണ പുരട്ടുകയും ചെയ്യാറുണ്ട്‌. പലപ്പോഴും കാളയ്‌ക്ക്‌ മയക്കു മരുന്നും മദ്യവും നൽകി ലഹരി പിടിപ്പിച്ച ശേഷമാണ്‌ ജല്ലിക്കെട്ടിനായി കൊണ്ടുവരുന്നത്‌. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്.കാളയുമായി മൽപ്പിടിത്തത്തിനിറങ്ങുന്ന പോരാളിക്ക്‌ കാളയുടെ കൊമ്പിൽ പിടിച്ച്‌ മണ്ണിൽ മുട്ടിക്കാനായാൽ അയാളെ വിജയിയായി പ്രഖ്യാപിക്കുന്നു. വെറും കൈയോടെ വേണം കൂറ്റനെ കീഴ്‌പെടുത്താൻ. പുരുഷന്മാർ മാത്രമേ ജല്ലിക്കെട്ടിൽ പങ്കെടുക്കാറുള്ളൂ.പലപ്പോഴും ജല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.

ജല്ലിക്കെട്ടു മത്സരങ്ങൾക്കായി കങ്കായം കളകളെയാണ്‌ സാധാരണ ഉപയോഗിക്കാറുളളത്‌. പ്രത്യുൽപാദനത്തിനായി ഉപയോഗിക്കുന്ന പ്രത്യേകയിനം വിത്തുകാളകളാണ്‌ ഈ കാളകൾ. വളരെ ഇറുകിയ കഴുത്തും കരുത്തുറ്റ കുറിയ കാലുകളുമാണ്‌ കങ്കായം കാളകളുടെ പ്രത്യേകത. ഈ ഇനത്തിൽപ്പെട്ട കാളകളെ ഉത്‌പാദിപ്പിക്കുന്ന പ്രമുഖ കേന്ദ്രമാണ്‌ തമിഴ്‌നാട്ടിലെ ഈറോഡ്‌ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സേനാപതി കങ്കായം കാറ്റിൽ റിസർച്ച്‌ ഫൗണ്ടേഷൻ.

ജല്ലിക്കെട്ടിലെ ഇനങ്ങൾ[തിരുത്തുക]

മൂന്ന് തരത്തിലുള്ള ജല്ലിക്കെട്ടുകളാണ് തമിഴ്നാട്ടിൽ അരങ്ങേറാറുള്ളത്. വടിമഞ്ചു വീരാട്ട്, വായേലി വീരാട്ട്, വടം മഞ്ചു വീരാട്ട് എന്നിവയാണ് അവ.

വടി മഞ്ചു വീരാട്ട്

മധുര, പുതുകോട്ടൈ, തേനി, തഞ്ചാവൂർ, സേലം എന്നീ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറാറുള്ളത്. ജല്ലിക്കെട്ടുകളിൽ വച്ച് ഏറ്റവും അപകടം നിറഞ്ഞ ജല്ലിക്കെട്ടാണ് ഇത്. തുറന്ന് വിട്ട കാളയുടെ പൂഞ്ഞയിൽ ഒരാൾ പിടിച്ച് കയറും. ഈ സമയം കാള അയാളെ കുലുക്കി താഴെയിടാൻ ശ്രമിക്കും. ചിലസമയങ്ങളിൽ കുടഞ്ഞ് താഴെയിട്ട് കാള അയാളെക്കുത്തിക്കൊല്ലാൻവരെ ശ്രമിക്കും. എന്നാൽ കാളയുടെ ആക്രമത്തെ ചെറുത്ത് നിശ്ചത ദൂരം താണ്ടുന്നവരാണ് വിജയി ആകുന്നത്.

വായേലി വീരാട്ട്

ശിവഗംഗ, മാനാമധുര, മധുര തുടങ്ങിയ ജില്ലകളിലാണ് ഈ രീതിയിലുള്ള ജല്ലിക്കെട്ട് അരങ്ങേറുന്നത്. തുറസായ സ്ഥലത്തേക്ക് കാളയെ അഴിച്ച് വിടുന്നു. അത് അതിന് ഇഷ്ടമുള്ള സ്ഥലത്തേക്ക് ഓടിപ്പോകും. മിക്കവാറും കാളകളും ആളുകൾ ഉള്ളഭാഗത്തേക്ക് വരാറില്ല. എന്നാൽ ചില കാളകൾ എവിടേയും പോകാതെ അവിടെ തന്നെ നിലയുറപ്പിക്കും. കാളയുടെ അടുത്ത് ചെല്ലുന്നവരെ ആക്രമിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള കാളകളാണ് ഈ ജെല്ലിക്കെട്ടിലെ ആകർഷണം.

വടം മഞ്ചു വീരാട്ട്

അൻപത് അടി നീളത്തിൽ ഉള്ള കയറിൽ കെട്ടിയിടുന്ന കാളയാണ് ഈ ജല്ലിക്കെട്ടിലെ പ്രധാന ആകർഷണം. ഏഴ് മുതൽ ഒൻപത് വരെ അംഗങ്ങളുള്ള ആളുകൾ ഈ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതാണ് കളി. ജല്ലിക്കെട്ടുകളിലെ ഏറ്റവും സുരക്ഷിതമായ ഇനം ഇതാണ് എല്ലാവർഷവും ജല്ലിക്കെട്ടിനോട് അനുബന്ധിച്ചു നിരവധി യുവാക്കൾക്ക് ജീവഹാനി സംഭവിക്കുന്നതിനാൽ 2007 ജനുവരിയിൽ സുപ്രീം കോടതി ജല്ലിക്കെട്ടു നിരോധിച്ചു. കർശന വ്യവസ്ഥകളോടെ ജല്ലിക്കെട്ട്‌ നടത്തുവാൻ തമിഴ്നാട് ഗവൺമെന്റിനു അനുവാദം നൽകിക്കൊണ്ട് 2010 നവംബർ 27ന് സുപ്രീം കോടതി ഉത്തരവിട്ടു

"http://ml.wikipedia.org/w/index.php?title=ജല്ലിക്കെട്ട്&oldid=1906269" എന്ന താളിൽനിന്നു ശേഖരിച്ചത്