ചോറ്റാനിക്കര ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചോറ്റാനിക്കര ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലുള്ള പ്രശസ്തമായ ക്ഷേത്രമാണ് ചോറ്റാനിക്കര ക്ഷേത്രം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെയും മഹാവിഷ്ണുവിനെയും ഈ ക്ഷേത്രത്തിൽ ആരാധിക്കുന്നു. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തിൽ ആരാധിക്കുക. വെള്ള നിറത്തിൽ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തിൽ പൊതിഞ്ഞ് ഭദ്രകാളിയായാണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തിൽ പൊതിഞ്ഞ് ദുർഗ്ഗയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക.

മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങൾ ഉള്ളവർ ഇവിടം സന്ദർശിക്കുന്നു.

ചോറ്റാനിക്കര കീഴ്ക്കാവിൽ ക്ഷേത്രത്തിലെ 'ഗുരുതി പൂജ' പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണർത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുർഗാക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര.

ക്ഷേത്രം[തിരുത്തുക]

രണ്ട് ക്ഷേത്രങ്ങളാണ് ചോറ്റാനിക്കരയിലുള്ളത്. മേൽക്കാവും കീഴ്ക്കാവും. മേൽക്കാവാണ് പ്രധാന ക്ഷേത്രം. വലിയ കൊടിമരവും ആനക്കൊട്ടിലും ഇവിടെയുണ്ട്. പ്രധാനപ്രതിഷ്ഠയായ ഭഗവതി മഹാവിഷ്ണുവിനോടൊപ്പം കിഴക്കോട്ട് ദർശനമായി വാഴുന്നു. കന്യാകുമാരിയിലുള്ളതുപോലെ രുദ്രാക്ഷശിലയിലാണ് വിഗ്രഹം തീർത്തിരിക്കുന്നത്. സ്വയംഭൂവാണ്. വിഷ്ണുവിഗ്രഹത്തിന് ആറടി പൊക്കം വരും. കൃഷ്ണശിലാവിഗ്രഹമാണ്. നിൽക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. ശംഖചക്രഗദാപത്മധാരിയാണ്. ദേവീവിഗ്രഹത്തിന് മൂന്നരയടിയേ പൊക്കമുള്ളൂ. ശംഖചക്രവരദാഭയങ്ങൾ ധരിച്ചിരിക്കുന്നു. കൂടാതെ ശിവൻ, ബ്രഹ്മാവ്, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിവരുടെയും സാന്നിദ്ധ്യം ശ്രീകോവിലിലുണ്ട്.

നാലമ്പലത്തിനുപുറത്ത് തെക്കുപടിഞ്ഞാറേമൂലയിൽ ഒരു പവിഴമല്ലിത്തറയുണ്ട്. ഭഗവതിയുടെയും ഭഗവാന്റെയും മൂലസ്ഥാനമാണതെന്ന് വിശ്വസിക്കപ്പെടുന്നു. അതിനടുത്ത് ശിവന്റെ ശ്രീകോവിൽ. കിഴക്കോട്ട് ദർശനമായാണ് ശിവപ്രതിഷ്ഠ. അതിനടുത്ത് ഗണപതി, നാഗങ്ങൾ, യക്ഷി, ബ്രഹ്മരക്ഷസ്സ് എന്നിവരുടെ ശ്രീകോവിലുകളുമുണ്ട്. ചോറ്റാനിക്കരയമ്മയുടെ ഭക്തനായിരുന്ന കണ്ടാരപ്പള്ളി ഗുപ്തൻ നമ്പൂതിരിയെ ആക്രമിച്ച യക്ഷിയാണ് ഇവിടത്തേത്. നമ്പൂതിരി അലറിവിളിച്ചപ്പോൾ ഭഗവതി തന്റെ പള്ളിവാളുംകൊണ്ട് ശ്രീകോവിലിനു പുറത്തിറങ്ങിവരികയും യക്ഷിയുടെ തലവെട്ടി തെക്കുഭാഗത്തുള്ള കുളത്തിലെറിയുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു. അതിനുശേഷമാണ് ഇവിടെ യക്ഷിപ്രതിഷ്ഠ നടന്നത്. കൂടാതെ വടക്കുകിഴക്കുഭാഗത്ത് ശാസ്താവും വാഴുന്നു. പ്രഭാസത്യകാസമേതനായ ശാസ്താവാണ് ഇവിടത്തെ പ്രതിഷ്ഠ. ശബരിമല സീസണിൽ ലക്ഷങ്ങൾ ഇവിടെ വരുന്നു. മേപ്പാഴൂർ മനയിലെ[അവലംബം ആവശ്യമാണ്] ഒരു നമ്പൂതിരിയാണ് ശാസ്താവിനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.

മേൽക്കാവിൽനിന്നും 500 മീറ്റർ കിഴക്കോട്ട് നടന്നാൽ കീഴ്ക്കാവിലെത്താം. ഉഗ്രദേവതയായ ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. വില്വമംഗലം സ്വാമിയാരാണ് പ്രതിഷ്ഠ നടത്തിയത്. ഇവിടെയാണ് ഗുരുതി നടക്കുന്നത്. എല്ലാ ദിവസവും ഗുരുതി നടക്കാറുണ്ടെങ്കിലും ഭഗവതിക്ക് പ്രാധാന്യമുള്ള ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൂടുതൽ പ്രധാനമാണ്. മേൽക്കാവിലെ അത്താഴപ്പൂജയ്ക്കുശേഷമാണ് ഗുരുതി. കീഴ്ക്കാവ് ഭഗവതിയും ശാസ്താവുമാണ് ഇവിടെ ബാധോപദ്രവക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

വഴിപാടുകൾ[തിരുത്തുക]

നെയ്പായസം, പാല്പായസം, കൂട്ടുപായസം, കടുമ്പായസം, അപ്പം, അട തുടങ്ങിയ പലവസ്തുക്കളും ഭഗവതിക്കും കൂടെയുള്ള വിഷ്ണുവിനും നേദിക്കാറുണ്ട്. കൂടാതെ ശിവന് ധാര, ഗണപതിക്ക് ഒറ്റപ്പവും ഗണപതിഹോമവും, നാഗങ്ങൾക്ക് നൂറും പാലും തുടങ്ങിയവയും പ്രധാനമാണ്. ശാസ്താവിന് നീരാജനം തന്നെ പ്രധാനം. കീഴ്ക്കാവ് ഭഗവതിക്ക് ഗുരുതിയും. വെടിവഴിപാട് മറ്റൊരു പ്രധാനവഴിപാടാണ്.

എത്തിച്ചേരുവാൻ[തിരുത്തുക]

എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Chottanikkara Temple എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

ക്ഷേത്രത്തിന്റെ വെബ്‌സൈറ്റ്

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ചോറ്റാനിക്കര_ക്ഷേത്രം&oldid=2105204" എന്ന താളിൽനിന്നു ശേഖരിച്ചത്