ചേലമ്പ്ര ബാങ്ക് കവർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ ചേലമ്പ്രയിലെ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ കവർച്ച കേരളത്തിലുണ്ടായ ഏറ്റവും വലുത് എന്ന് കുപ്രസിദ്ധിയാർജ്ജിച്ച കവർച്ചയാണ് ചേലമ്പ്ര ബാങ്ക് കവർച്ച. [1] 2007 ഡിസംബർ 30-ന്‌ രാത്രി ചേലമ്പ്രയിലെ സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്കിന്റെ ചുവരുകൾക്ക്, കവർച്ചക്കാർ വലിയ ദ്വാരമുണ്ടാക്കുകയും 80 കിലോഗ്രാം സ്വർണ്ണവും, 2,500,000 രൂപയുമായി ഏതാണ്ട് 8 കോടി രൂപയുടെ വസ്തുക്കൾ കവർച്ച ചെയ്യപ്പെടുകയും ചെയ്തു[2].

കവർ‍ച്ച[തിരുത്തുക]

കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലായിരുന്നു സൗത്ത്‌ മലബാർ ഗ്രാമീൺ ബാങ്ക്‌ പ്രവർത്തിച്ചിരുന്നത്. താഴത്തെ നിലയിലെ പൂട്ടിപ്പോയ ഭോജനശാല, ഹോട്ടൽ നടത്താനെന്ന വ്യാജേന നാലംഗ സംഘം വാടകക്കെടുക്കുകയും, അതു പുനർനിർമ്മിക്കുകയാണെന്നും അത് സൂചിപ്പിക്കുന്നതിനായി കെട്ടിടത്തിന്റെ മെയിൻ ഷട്ടർ അടച്ചിടുകയും ചെയ്തു. അടച്ചിട്ട ഭോജനശാലയിൽ നിന്നും ഈ സംഘം മുകളിലെ നിലയിലേക്ക് ഒരു വലിയ ദ്വാരമുണ്ടാക്കുകയും അത് വഴി ബാങ്കിലെ സ്ട്രോങ്ങ് റൂമിലെത്തി അവിടെ സൂക്ഷിച്ചിരുന്ന സ്വർണ്ണവും, പണവും അപഹരിക്കുകയും ചെയ്തു.[3] [4]

കേരള പോലീസിന്റെ അന്വേഷണം[തിരുത്തുക]

കവർച്ച പുറത്തറിഞ്ഞ ഉടനെ തന്നെ കേരള പോലീസ് അന്വേഷണ സംഘങ്ങൾ രൂപവത്കരിക്കുകയും, അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. അന്വേഷണം വഴി തെറ്റിക്കാൻ കവർച്ചാ സംഘം പല വഴികളും സ്വീകരിച്ചു. ജയ് മാവോ എന്നെഴുതിയും,ഹൈദരാബാദിലെ ഒരു ഹോട്ടലിൽ മനഃപ്പൂർ‌വ്വം സ്വർണ്ണം നിക്ഷേപിക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന സമയത്ത് തൊട്ടടുത്ത മൊബൈൽ ടവറുകളിൽ നിന്നും സ്വീകരിക്കുകയോ,പുറത്തേക്കു പോവുകയോ ചെയ്ത എല്ലാ ഫോൺ കോളുകളും പോലീസ് പരിശോധിച്ചു. ഇത് ഏതാണ്ട് 22 ലക്ഷത്തോളം വരും. മൊബൈൽ സർ‌വ്വീസ് പ്രോവൈഡർമാരുടെയും,ഐ.ടി. വിദഗ്ദ്ധരുടെയും സഹായത്തോടെ കുറ്റവാളിയെ കണ്ടു പിടിക്കാൻ പോലീസ് ശ്രമിച്ചതിന്റെ ഫലമായി അവസാനം മോഷ്ടാക്കളെ അവർക്ക് അറസ്റ്റ് ചെയ്യാൻ സാധിച്ചു[5]

അറസ്റ്റ്[തിരുത്തുക]

ഫെബ്രുവരി അവസാനത്തോടെ പോലീസ് കോഴിക്കോട് വെച്ച് ഈ സംഘത്തെ വലയിലാക്കുകയും കവർച്ച ചെയ്യപ്പെട്ട 80% വസ്തുവകകളും കണ്ടെടുക്കുകയും ചെയ്തു. 2008 ഫെബ്രുവരി 28-ന് ആണ്‌ അറസ്റ്റ് രേഖപ്പെടുത്തിയത്. [6].

കവർച്ചാസംഘത്തെ കവർച്ച നടന്ന് രണ്ടു മാസത്തിനുള്ളിൽ കണ്ടെത്തിയത് കേരള പോലീസിന് അഭിമാനിക്കാവുന്ന ഒരു നേട്ടമായി. [7]

മോഷ്ടാക്കൾ[തിരുത്തുക]

  1. ജോസഫ് എന്ന് മറുപേരുള്ള ജൈസൺ
  2. രാഗേഷ് എന്നു മറുപേരുള്ള ഷിബു
  3. രാധാകൃഷ്ണൻ
  4. കനകേശ്വരി

ഇവർ കോട്ടയം,തൃശൂർ,കോഴിക്കോട് എന്നീ ജില്ലയിൽ നിന്നുള്ളവരാണ്.

മോഷ്ടാക്കളുടെ പ്രചോദനം[തിരുത്തുക]

ഇത്രയും വലിയ കവർച്ച നടത്താൻ പ്രചോദനമായത് ധൂം എന്ന ഹിന്ദി ചലച്ചിത്രമാണെന്ന് കവർച്ചാ തലവൻ അറസ്റ്റ് വരിച്ചതിനു ശേഷം പറയുകയുണ്ടായി. ഈ ചലച്ചിത്രത്തിലും പുതുവർഷത്തലേന്ന് ഒരു സംഘം ബാങ്കിന്റെ ചുവരിൽ ദ്വാരമുണ്ടാക്കി കവർച്ച നടത്തുന്നതായി കാണിക്കുന്നുണ്ട്. [8] [9]

കുറ്റവാളികൾക്കുള്ള ശിക്ഷ[തിരുത്തുക]

വർഷങ്ങൾ നീണ്ട വിചാരണയ്ക്കൊടുവിൽ 2013 മാർച്ച് 21-നു ജോസഫ്, രാകേഷ്, രാധാകൃഷ്ണൻ, കനകേശ്വരി എന്നീ പ്രതികൾ കുറ്റക്കാരാണെന്ന് മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി കണ്ടെത്തി.[10] തുടർന്ന് കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് കോടതി പത്തു വർഷം കഠിന തടവും നാലം പ്രതി കനകേശ്വരിയ്ക്ക് അഞ്ചു വർഷം കഠിന തടവും വിധിച്ചു. നാല് പ്രതികളും 20,000 രൂപ പിഴയടയ്ക്കാനും ജഡ്ജി എസ് സതീശ് ചന്ദ്രബാബു വിധിച്ചു.[11]

അവലംബം[തിരുത്തുക]

  1. "Police arrest four in Kerala's largest bank heist". NewKerala.com.
  2. "Rs.8 crore stolen from gramin bank". InsiderKerala.[പ്രവർത്തിക്കാത്ത കണ്ണി]
  3. Malayala Manorama second headline & inner page news, December 31, 2007
  4. "Bank robbed of crores". webindia123.com. Archived from the original on 2008-06-18. Retrieved 2008-03-06.
  5. ചേലമ്പ്ര: പോലീസുകാർക്ക്‌ സമ്മാനം[പ്രവർത്തിക്കാത്ത കണ്ണി]
  6. "Chelembra Bank Robbery: Remaining booty to be traced soon". The New Indian Express. Archived from the original on 2008-06-18. Retrieved 2008-03-06.
  7. "Police leave a mark in crime detection". The Hindu. Archived from the original on 2008-03-11. Retrieved 2008-03-06.
  8. "Bollywood scripts Kerala's bank heist". DNA.
  9. "D(h)oomsday: In Chelembra and Milan, gold robberies rival thrillers". The Indian Express. Archived from the original on 2008-06-18. Retrieved 2008-03-06.
  10. ചേലേമ്പ്ര ബാങ്ക് കവർച്ച: നാല് പ്രതികൾ കുറ്റക്കാർ[പ്രവർത്തിക്കാത്ത കണ്ണി]
  11. "ചേലേമ്പ്ര കവർച്ച: പ്രതികൾക്ക് കഠിന തടവ്‌". Archived from the original on 2013-03-24. Retrieved 2013-03-23.
"https://ml.wikipedia.org/w/index.php?title=ചേലമ്പ്ര_ബാങ്ക്_കവർച്ച&oldid=3939946" എന്ന താളിൽനിന്ന് ശേഖരിച്ചത്