ചൂളക്കാക്ക
| ചൂളക്കാക്ക Malabar Whistling Thrush |
|
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Turdidae |
| ജനുസ്സ്: | Myophonus |
| വർഗ്ഗം: | M. horsfieldii |
| ശാസ്ത്രീയ നാമം | |
| Myophonus horsfieldii Vigors, 1831 |
|
| പര്യായങ്ങൾ | |
|
Myiophoneus horsfieldii' |
|
പശ്ചിമഘട്ടത്തിലെ കാടുകളിൽ അരുവികളുടെയും നദികളുടേയും തീരങ്ങളിൽ ജീവിക്കുന്ന പക്ഷിയാണ് ചൂളകാക്ക (ഇംഗ്ലീഷ്:Malabar Whistling Thrush, ശാസ്ത്രീയനാമം:Myophonus horsfieldii). പുലർച്ചയ്ക്കും സന്ധ്യക്കും മനുഷ്യൻ ഒരു ഗാനത്തിന്റെ ആദ്യത്തെ വരി വീണ്ടും വീണ്ടും ചൂളമടിക്കുന്നത് പോലെ പാട്ട് പാടുന്ന പക്ഷിയാണിത്.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
അകലെ കാണുമ്പോൾ കൃശഗാത്രനായ ഒരു കാക്കയോ ആൺകുയിലോ ആണെന്ന് തോന്നും. ദേഹമാസകലം തിളങ്ങുന്നതും നീലിമയുള്ളതുമായ കറുപ്പാണ്. നെറ്റിയിലും ചുമലിലും തിളങ്ങുന്ന നീലപ്പട്ടകൾ അടുത്തു നിന്ന് നോക്കുമ്പോൾ കാണാം. കൊക്കും കാലുകളും കറുപ്പാണ്.
ആഹാരം [തിരുത്തുക]
പകൽ സമയത്ത് ഈ പക്ഷി നല്ല തണലും കുളിർമ്മയും നനവുമുള്ള സ്ഥലങ്ങളിലും കാട്ടരുവികളിലെ പാറകളിലും ഓടിനടന്ന് ചെറുപ്രാണികളെയും തവളകളെയും പിടിച്ചും, നിലത്തു വീണ പഴങ്ങൾ കൊത്തിയെടുത്തും തിന്നുകയായിരിക്കും. ആ സമയത്ത് ഇടയ്ക്കിടയ്ക്ക് ‘വ്ളീർ’ എന്ന പദം നീട്ടി ഉച്ചരിക്കാറുണ്ട്. പ്രത്യേകിച്ച് ഭയപ്പെട്ടു പറന്നുപോകുമ്പോൾ. ഇര തേടുന്നതിനിടയ്ക്കു കൂടെകൂടെ വാൽ പെട്ടെന്ന് വിടർത്തുകയും അടയ്ക്കുകയും ചെയ്യുന്നത് കാണാം. മുട്ടുമടക്കി അമർന്നിരിക്കുവാൻ തുടങ്ങിയ ശേഷം ആ ശ്രമം ഉപേക്ഷിക്കുന്നതുപോലെ തോന്നിക്കുന്ന ഒരു ചേഷ്ടയും ഇതു പ്രദർശിപ്പിക്കാറുണ്ട്.
പ്രജനനം [തിരുത്തുക]
ചൂളകാക്കയുടെ പ്രജനനകാലം ഫെബ്രുവരിക്കും സെപ്റ്റംബറിനും ഇടയ്ക്കാണ്. ഓരോ വർഷവും രണ്ടു തവണ മുട്ടയിട്ടു കുഞ്ഞുങ്ങളെ വളർത്തുമെത്രേ. അരുവികളിലും വെള്ളച്ചാട്ടങ്ങൾക്കരികിലും സമീപത്തുമുള്ള പാറകളിലാണ് കൂട് കെട്ടാറ്. കെട്ടിടങ്ങളിലും തീവണ്ടിപ്പാതയ്ക്കും ജലവാഹിനികൾക്കും പോകുന്നതിനായി ഉണ്ടാക്കിയ തുരങ്കങ്ങളിലും ഈ പക്ഷി സധൈര്യം കൂട് കെട്ടും. പുല്ലും വേരുകളും പായലും ചളിമണ്ണും കൊണ്ടുണ്ടാക്കിയ കൂട്ടിൽ രണ്ടോ മൂന്നോ മുട്ടകളാണ് ഓരോ തവണയും ഇടുക.
വിതരണം [തിരുത്തുക]
കാടുകളിലൂടെ ഒഴുകുന്ന അരുവികളുടെയും നദികളുടേയും തീരങ്ങളിൽ ജീവിക്കുന്ന പക്ഷിയാണ് ചൂളകാക്ക. ഇവയെ സാധാരണ പശ്ചിമഘട്ടത്തിലും, സാത്പുര മലനിരകൾ മുതൽ ഉത്തരപടിഞ്ഞാറൻ ഒറീസ്സയിലും കാണപ്പെടുന്നു. ഇവ കിഴക്കൻ പശ്ചിമഘട്ടത്തിലെ സ്ഥിരതാമസ്സക്കാരാണ്.
സവിശേഷതകൾ [തിരുത്തുക]
സുര്യോദയത്തിനു മുൻപ് തന്നെ കേട്ടുതുടങ്ങുന്നതും മനോഹരമായ ഒരു പാട്ടാണ് ചൂളകാക്കയുടേത്. ഏതോ ഒരു ഗാനത്തിന്റെ ഒരേ വരി ആവർത്തിക്കുന്നതുപോലെയാണ് ശബ്ദിക്കുക. പക്ഷിയുടെ ശബ്ദം, ആനന്ദവും ഉന്മേഷവും അലതല്ലുന്ന ഒരാൾ ചൂളം കുത്തുകയാണ് എന്നു തോന്നാറുള്ളതു കൊണ്ടു ഇംഗ്ലീഷിൽ ഈ പക്ഷിക്ക് ‘ചൂളമടിക്കുന്ന സ്കൂൾക്കുട്ടി’ (whistling schoolboy) എന്നും പേരുണ്ട്.