ചിരഞ്ജീവി (ചലച്ചിത്രനടൻ)
| ചിരഞ്ജീവി | |
|---|---|
| ജനനം | കൊനിഡെല ശിവശങ്കര വരപ്രസാദ് 1955 ഓഗസ്റ്റ് 22 നർസാപൂർ, പശ്ചിമ ഗോദാവരി, ആന്ധ്രാപ്രദേശ് |
| മറ്റ് പേരുകൾ | അണ്ണയ്യ, സുപ്രീം ഹീറോ, മെഗാസ്റ്റാർ, ചിരു |
| ഉദ്യോഗം | ചലച്ചിത്രനടൻ |
| സജീവം | 1977 മുതൽ |
| ജീവിത പങ്കാളി | സുരേഖ |
| മക്കൾ | സുഷ്മിത, റാംചരൺ തേജ, ശ്രീജ |
| മാതാപിതാക്കൾ | വെങ്കടറാവു, അഞ്ജനാദേവി |
| പുരസ്കാരങ്ങൾ | പത്മഭൂഷൺ |
തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ് (ജനനം: ഓഗസ്റ്റ് 22, 1955).[1] മെഗാ സ്റ്റാർ എന്ന വിശേഷണത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസർക്കാർ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്[2] .
1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിൽ ചിരഞ്ജീവി ജനിച്ചു. ബിരുദം നേടിയ ശേഷം 1977-ൽ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അഭിനയജീവിതം
1978-ൽ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാൽ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.[3] തുടർന്നുള്ള അഞ്ചുവർഷങ്ങളിൽ 60-ഓളം സിനിമയിൽ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ൽ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു.
1988ൽ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാർ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്.[4] അതേവർഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നർഗീസ് ദത്ത് പുരസ്കാരം ലഭിച്ചു.[5]
[തിരുത്തുക] പുരസ്കാരങ്ങൾ
2006 ജനുവരിയിൽ ചിരഞ്ജീവിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. ഇതേവർഷം നവംബറിൽ ആന്ധ്ര സർവകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കൂടാതെ ചലച്ചിത്രാഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്കാരവും ഫിലിംഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[5]
[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്
ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും ചിരഞ്ജീവി ശ്രദ്ധപുലർത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴിൽ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്.[1] പിന്നീട് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അഭ്യൂഹമുണ്ടായി. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവിൽ ചിരഞ്ജീവി 2008-ൽ രാഷ്ട്രീയപ്രവേശം നടത്തി. ഓഗസ്റ്റ് 26-ന് തിരുപ്പതിയിൽവെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപവത്കരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്[6]. പിന്നീട് ഇദ്ദേഹം 2011 ഓഗസ്റ്റ് 21 -ണ് രാഹുൽ ഗാന്ധിയിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു[7].
[തിരുത്തുക] വ്യക്തിജീവിതം
1980-ലാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. പ്രമുഖ ഹാസ്യതാരമായ അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് ഭാര്യ. സുഷ്മിത, റാംചരൺ തേജ, ശ്രീജ എന്നീ മൂന്നു മക്കളാണുള്ളത്.[8]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Chiranjeevi". IMDB. http://www.imdb.com/name/nm0158112/, ശേഖരിച്ചത്: ഓഗസ്റ്റ് 26, 2008.
- ↑ "Padma Bhushan Awardees". Government of India. http://india.gov.in/myindia/padmabhushan_awards_list1.php?start=80, ശേഖരിച്ചത്: 2009 ഒക്ടോബർ 14.
- ↑ "Chiranjeevi Profile". TotalTollyWood. http://www.totaltollywood.com/profiles/profiles.php?category=1&id=chiru, ശേഖരിച്ചത്: ഓഗസ്റ്റ് 26, 2008.
- ↑ "Chiranjeevi Biography & Trivia". idlebrain. http://www.idlebrain.com/celeb/starhomes/chiranjeevi/index.html, ശേഖരിച്ചത്: ഓഗസ്റ്റ് 26, 2008.
- ↑ 5.0 5.1 "Chiranjeevi's Profile". Telugu Star Profile. http://telugustarsprofile.blogspot.com/2007/06/megastar-chiranjeevi-profile.html, ശേഖരിച്ചത്: ഓഗസ്റ്റ് 26, 2008.
- ↑ "Chiranjeevi launches Praja Rajyam". Rediff. http://www.rediff.com/news/2008/aug/26chiru2.htm, ശേഖരിച്ചത്: ഓഗസ്റ്റ് 25, 2008.
- ↑ ചിരഞ്ജീവി കോൺഗ്രസ്സിൽ; മാതൃഭൂമി ഓൺലൈൻ
- ↑ "Chiranjeevi - Telugu Cinema Supreme Hero". Celebrities Profile. http://www.celebritiesprofile.info/component/option,com_alphacontent/section,4/cat,13/task,view/id,288/Itemid,27/, ശേഖരിച്ചത്: ഓഗസ്റ്റ് 25, 2008.