ചിരഞ്ജീവി (ചലച്ചിത്രനടന്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിരഞ്ജീവി | ||||
|---|---|---|---|---|
| ആദ്യനാമം | കൊനിഡെല ശിവശങ്കര വരപ്രസാദ് | |||
| ജനനം | ഓഗസ്റ്റ് 22 1955 നര്‍സാപൂര്‍, പശ്ചിമ ഗോദാവരി, ആന്ധ്രാപ്രദേശ് |
|||
| മറ്റു പേരുകള്‍ | അണ്ണയ്യ, സുപ്രീം ഹീറോ, മെഗാസ്റ്റാര്‍, ചിരു | |||
| പ്രവര്‍ത്തന മേഖല | ചലച്ചിത്രനടന്‍ | |||
| പ്രവര്‍ത്തന കാലഘട്ടം | 1977 മുതല്‍ | |||
| ജീവിതപങ്കാളി(കള്‍) | സുരേഖ | |||
| മക്കള്‍ | സുഷ്മിത, റാംചരണ്‍ തേജ, ശ്രീജ | |||
| മാതാപിതാക്കള്‍ | വെങ്കടറാവു, അഞ്ജനാദേവി | |||
|
||||
തെലുങ്കിലെ പ്രമുഖ ചലച്ചിത്രനടനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ് (ജനനം: ഓഗസ്റ്റ് 22, 1955).[1] മെഗാ സ്റ്റാര്‍ എന്ന വിശേഷണത്തിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്[2] .
1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ നര്‍സാപൂരില്‍ ചിരഞ്ജീവി ജനിച്ചു. ബിരുദം നേടിയ ശേഷം 1977-ല്‍ ചെന്നൈയിലേക്ക് കുടിയേറിയ ചിരഞ്ജീവി അവിടെവെച്ചാണ് അഭിനയത്തിന്റെ മേഖലകളിലേക്ക് കടക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] അഭിനയജീവിതം
1978-ല്‍ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തി. എന്നാല്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു.[3] തുടര്‍ന്നുള്ള അഞ്ചുവര്‍ഷങ്ങളില്‍ 60-ഓളം സിനിമയില്‍ അഭിനയിച്ചെങ്കിലും അവയിലെല്ലാം പ്രധാനപ്പെട്ട വേഷങ്ങളായിരുന്നില്ല. എ. കോദണ്ഡരാമി റെഡ്ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഖൈദിയാണ് ചിരഞ്ജീവിയുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലായത്. പിന്നീട് 1987-ല്‍ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു.
1988ല്‍ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാര്‍ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്.[4] അതേവര്‍ഷംതന്നെ പുറത്തിറങ്ങിയ കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നര്‍ഗീസ് ദത്ത് പുരസ്കാരം ലഭിച്ചു.[5]
[തിരുത്തുക] പുരസ്കാരങ്ങള്‍
2006 ജനുവരിയില്‍ ചിരഞ്ജീവിക്ക് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. ഇതേവര്‍ഷം നവംബറില്‍ ആന്ധ്ര സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കൂടാതെ ചലച്ചിത്രാഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്കാരവും ഫിലിംഫെയര്‍ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[5]
[തിരുത്തുക] രാഷ്ട്രീയത്തിലേക്ക്
ചലച്ചിത്രാഭിനയത്തിനുപുറമെ സാമൂഹ്യസേവനത്തിലും ചിരഞ്ജീവി ശ്രദ്ധപുലര്‍ത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹം സ്ഥാപിച്ച ചിരഞ്ജീവി ട്രസ്റ്റിന്റെ കീഴില്‍ കണ്ണും രക്തവും ദാനം ചെയ്യുന്നവരുടെ കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്.[1] പിന്നീട് ഇദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് അഭ്യൂഹമുണ്ടായി. ഏറെക്കാലത്തെ അനിശ്ചിതത്ത്വത്തിനൊടുവില്‍ ചിരഞ്ജീവി 2008-ല്‍ രാഷ്ട്രീയപ്രവേശം നടത്തി. ഓഗസ്റ്റ് 26-ന് തിരുപ്പതിയില്‍വെച്ച് പ്രജാരാജ്യം എന്ന കക്ഷി രൂപീകരിച്ചുകൊണ്ടാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടന്നത്.[6]
[തിരുത്തുക] വ്യക്തിജീവിതം
1980-ലാണ് ചിരഞ്ജീവി വിവാഹം കഴിച്ചത്. പ്രമുഖ ഹാസ്യതാരമായ അല്ലു രാമ ലിങ്കയ്യയുടെ മകളായ സുരേഖയാണ് ഭാര്യ. സുഷ്മിത, റാംചരണ്‍ തേജ, ശ്രീജ എന്നീ മൂന്നു മക്കളാണുള്ളത്.[7]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Chiranjeevi. IMDB. ശേഖരിച്ചത് ഓഗസ്റ്റ് 26, 2008.
- ↑ Padma Bhushan Awardees. Government of India. ശേഖരിച്ചത് 2009 ഒക്ടോബർ 14.
- ↑ Chiranjeevi Profile. TotalTollyWood. ശേഖരിച്ചത് ഓഗസ്റ്റ് 26, 2008.
- ↑ Chiranjeevi Biography & Trivia. idlebrain. ശേഖരിച്ചത് ഓഗസ്റ്റ് 26, 2008.
- ↑ 5.0 5.1 Chiranjeevi's Profile. Telugu Star Profile. ശേഖരിച്ചത് ഓഗസ്റ്റ് 26, 2008.
- ↑ Chiranjeevi launches Praja Rajyam. Rediff. ശേഖരിച്ചത് ഓഗസ്റ്റ് 25, 2008.
- ↑ Chiranjeevi - Telugu Cinema Supreme Hero. Celebrities Profile. ശേഖരിച്ചത് ഓഗസ്റ്റ് 25, 2008.
