ചിതല്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
Formosan subterranean termite soldiers (red colored heads) and workers (pale colored heads).
|
||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||
|
||||||||||||||
|
|
||||||||||||||
|
Mastotermitidae |
പൊതുവേ എല്ലായിടത്തും കാണുന്ന ഒരു ഷഡ്പദമാണ് ചിതല്‍. ഐസൊപ്റ്റെറ വിഭാഗതില്‍ പെടുന്ന ഇത് സാമൂഹ്യജീവിയാണ്. ഉറുമ്പുകളേയും, തേനീച്ചകളേയും കടന്നലുകളേയും പോലെ നിരവധിയെണ്ണം എണ്ണം വലിയ കോളനിയായി കഴിയുന്നു. മനുഷ്യര്‍ പൊതുവേ ചിതലിനെ ശല്യമുണ്ടാക്കുന്ന ഒരു കീടമായാണു കാണുന്നതെങ്കിലും പാരിസ്ഥിതികമായി പ്രാധാന്യമുള്ള ജീവിയാണിത്. ഒരു സാധാരണ കോളനിയില്‍ നിംഫുകള്‍ (പ്രായപൂര്‍ത്തിയെത്താത്തവ), ജോലിക്കാര്‍, പട്ടാളക്കാര്‍, പ്രത്യുത്പാദന ശേഷിയുള്ളവര്‍, രാജ്ഞി (ചിലപ്പോള്‍ ഒന്നിലധികം) എന്നിവയാണുണ്ടാവുക. ഉഷ്ണമേഖല, ഉപോഷ്ണമേഖല പ്രദേശങ്ങളില്‍ കൂടുതലായി കണ്ടുവരുന്നു. പറക്കാന്‍ ശേഷിയുള്ള ചിതലുകള്‍ കോളനിയുടെ വലിപ്പം വല്ലാതെ വര്‍ദ്ധിക്കുമ്പോള്‍ പുതിയ കോളനിയുണ്ടാക്കാനായി കൂടുവിട്ട് പുറത്തിറങ്ങാറുണ്ട്. ഇവയെ ഈയലുകള്‍ എന്നു വിളിക്കുന്നു.
ആകൃതിയും നിറവും മൂലം വെളുത്ത ഉറുമ്പുകള്‍ അല്ലങ്കില്‍ വെള്ളുറുമ്പുകള്‍ എന്നൊക്കെ ഇവയെ വിളിക്കാറുണ്ടെങ്കിലും ഉറുമ്പുകളുമായി ചിതലുകള്‍ക്ക് അകന്ന ബന്ധമേയുള്ളു. പാറ്റകളാണ് ചിതലുകളുടെ അടുത്ത ബന്ധുക്കള്‍[1].
ഉള്ളടക്കം |
[തിരുത്തുക] സാമൂഹിക ഘടന
[തിരുത്തുക] പ്രത്യുത്പാദന ശേഷിയുള്ളവ
പറക്കാന്‍ ശേഷിയുള്ള, ഇണചേര്‍ന്ന, മുട്ടയിടുന്ന പെണ്‍ ചിതലിനെ രാജ്ഞി എന്നു വിളിക്കുന്നു. ഇണ ചേരാന്‍ കഴിവുള്ള രാജ്ഞിയുടെ സമീപത്തു തന്നെയുള്ള പറക്കാന്‍ കഴിവുള്ള ആണ്‍ ചിതലിനെ രാജാവ് എന്നും വിളിക്കാറുണ്ട്. ജനിതക വിദ്യകള്‍ ഉപയോഗിച്ചുള്ള പഠനങ്ങളില്‍ നിന്നും കോളനിയിലെ അംഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒന്നിലധികം ഇണകളുടെ സാന്നിദ്ധ്യം ഒരു കോളനിയിലുണ്ടാകാനിടയുടെന്നു കണ്ടെത്തിയിട്ടുണ്ട്. ഒന്നിലധികം പ്രത്യുത്പാദന ശേഷിയുള്ള ജോഡികള്‍ ഒരു കോളനിയില്‍ തീരെ അസാധാരണമല്ല.
പ്രായപൂര്‍ത്തിയായ ഒരു പ്രഥമ രാജ്ഞിയ്ക്ക് വളരെയധികം മുട്ടകള്‍ ഇടാനുള്ള കഴിവുണ്ട്. രാജ്ഞിയില്‍ സാധാരണയുള്ളതിലധികമായി അണ്ഡാശയങ്ങള്‍ ബാഹ്യഘടന ഉള്‍പ്പടെ ഉണ്ടായിവരുന്നതായിരിക്കും. ഇത് രാജ്ഞിയുടെ ഉദരഭാഗം വളരെ വീര്‍ത്തിരിക്കുന്നതിനും, പ്രത്യുത്പാദന ശേഷി കൂടാനും കാരണമാകുന്നു. ഒരു ദിവസം രാജ്ഞി രണ്ടായിരത്തിലധികം മുട്ടകള്‍ ഇടാന്‍ കഴിവുണ്ടായിരിക്കും. രാജ്ഞിയുടെ ഉദരഭാഗം വളരെ വീര്‍ത്തിരിക്കുന്നതുകൊണ്ട് സ്വതന്ത്രമായി ചലിക്കുക രാജ്ഞിയ്ക്ക് ബുദ്ധിമുട്ടായിരിക്കും, അതിനു വേലക്കാരുടെ സഹായം ആവശ്യമായി വരുന്നു. സമൂഹപരിപാലനത്തിനായി ചിതലുകള്‍ ഫിറമോണുകള്‍ ഉപയോഗിക്കുന്നു. രാജ്ഞിയാണ് ഫിറമോണുകള്‍ ഉത്പാദിപ്പിക്കുന്നത്. രാജ്ഞിയെ നക്കിത്തുടയ്ക്കുമ്പോള്‍ ഈ ഫിറമോണുകള്‍ വേലക്കാരിലെത്തുന്നു. പിന്നീട് ഒരേ ഭക്ഷണം പങ്ക് വെച്ചു കഴിക്കുമ്പോള്‍ മറ്റുള്ള ചിതലുകളിലും എത്തുന്നു. രാജ്ഞിയില്‍ നിന്നുള്ള ഫിറമോണുകളുടെ അളവിനു കുറവു സംഭവിക്കുമ്പോള്‍ പ്രായം കൂടിയ ഒരു നിംഫ് രാജ്ഞിയായി മാറുന്നു. ഇത്തരത്തിലുള്ളവയ്ക്ക് ക്രമേണ പ്രത്യുത്പാദന ശേഷിയുണ്ടാകുന്നു. ഉറുമ്പുകളില്‍ നിന്നും വ്യത്യസ്തമായി ചിതലുകളില്‍ പ്രത്യുത്പാദന ശേഷിയുള്ള ആണ്‍ ചിതലുകള്‍ ജീവിതകാലം മുഴുവനും രാജ്ഞിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ ശരീരവലിപ്പം രാജ്ഞിയെ പോലെ വര്‍ദ്ധിക്കാറില്ല. രാജ്ഞിയുടേയും രാജാവിന്റേയും ചിറകുകളുടെ സ്ഥാനത്ത് ചെറിയ മുനമ്പുകള്‍ മാത്രമേ ഉണ്ടാകാറുള്ളു[1].
കൂട്ടത്തിലെ ചിറകുള്ളവ അഥവാ ഈയലുകളേയും പ്രത്യുത്പാദന ശേഷിയുള്ളവയായി കണക്കാക്കുന്നു. ചിതലുകളില്‍ വികസിച്ച കണ്ണുകള്‍ ഇവയ്ക്കാണുള്ളത് (ചില ജാതികളില്‍ പട്ടാളക്കാര്‍ക്കോ, വേലക്കാര്‍ക്കോ കണ്ണുകളുണ്ടാകാറുണ്ട്). ഒരു കൂട്ടിലെ ചിതലുകളുടെ എണ്ണം കൂടുംതോറും രാജകീയ ഫിറമോണിന്റെ അളവു കുറയുകയും തുടര്‍ന്ന് നിരവധി നിംഫുകള്‍ പ്രത്യുത്പാദകരായി ഉയര്‍ത്തപ്പെടുകയും ചെയ്യുന്നു. ഒരു കൂടിനു ഉള്‍ക്കൊള്ളാന്‍ പറ്റാത്തത്രയെണ്ണം ചിതലുകള്‍ ഉണ്ടാകുമ്പോള്‍ മഴക്കാലത്തിനു തൊട്ടുമുമ്പ് ചിറകുള്ളവ കൂടുവിട്ടു പുറത്തു പോകുന്നു. ഈ കൂട്ടപ്പറക്കലിന് സ്വാമിങ് എന്നു പറയുന്നു. ഇവ പിന്നീട് കോളനി സ്ഥാപിക്കാന്‍ പറ്റിയ ഒരിടം കണ്ടെത്തി അവിടെ കൂടുണ്ടാക്കാന്‍ തുടങ്ങുന്നു. കൂടുണ്ടാക്കാന്‍ തുടങ്ങുന്നതിനു മുമ്പ് ഇവ തങ്ങളുടെ ചിറകുകള്‍ പൊഴിച്ചു കളയുന്നതാണ്.
[തിരുത്തുക] ജോലിക്കാര്‍
ഒരു കോളനിയിലെ ഭക്ഷണ സമ്പാദനം, ഭക്ഷണ സംരക്ഷണം, കുഞ്ഞുങ്ങളെ പരിപാലിക്കല്‍, കൂടിന്റെ പരിപാലിക്കല്‍ തുടങ്ങിയ സാമൂഹിക കര്‍ത്തവ്യങ്ങള്‍ ചെയ്യുന്ന അംഗങ്ങളെ ജോലിക്കാര്‍ എന്നു വിളിക്കുന്നു. ചില ജാതികളില്‍ പരിരക്ഷണ പ്രവര്‍ത്തനങ്ങളും ഇവ ചെയ്യാറുണ്ട്. ഒരു ഒറ്റച്ചിറകുകളാവും ഉണ്ടാവുക[2]. ദഹിപ്പിച്ചതോ പാതി ദഹിപ്പിച്ചതോ ആയ വസ്തുക്കള്‍ വായിലൂടെയോ വിസര്‍ജ്ജ്യമായോ പുറത്തെടുത്ത് വിതരണം ചെയ്താണ് ജോലിക്കാര്‍ കൂട്ടിലെ ഭക്ഷണ വിതരണ സംവിധാനം നിലനിര്‍ത്തുന്നത്. സ്വയം ഭക്ഷണം കഴിക്കാന്‍ പ്രാപ്തമല്ലാത്തതുകൊണ്ട് കുഞ്ഞുങ്ങള്‍ക്കും, പ്രതിരോധത്തിനനുസൃതമായി മുഖത്തിന്റെ ഘടനയില്‍ വ്യത്യാസമുള്ളതുകൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിവില്ലാത്ത പട്ടാളക്കാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് ജോലിക്കാരാണ്. ഇതോടൊപ്പം രാജ്ഞിയുടെ കാര്യങ്ങള്‍ നോക്കുക, മുട്ടകളേയും കുഞ്ഞുങ്ങളേയും അനുയോജ്യമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റുക, കൂട്ടിലെ താപനിലയും വായൂ ഗമനാഗമനവും നിയന്ത്രിക്കുക എന്നീ ജോലികളും ചെയ്യുന്നത് ജോലിക്കാരാണ്.
ജോലിക്കാര്‍ക്ക് ഒട്ടും വികസിക്കാത്ത കണ്ണുകളാണുള്ളത്.
[തിരുത്തുക] പട്ടാളക്കാര്‍
ആക്രമണങ്ങളെ നേരിടാന്‍ ശാരീരികവും സ്വഭാവപരവുമായ പ്രത്യേകതകള്‍ ഉള്ള ചിതലുകളാണ് പട്ടാളക്കാര്‍. ബലമേറിയവയും ഉറച്ചശരീരവുമാണിവയ്ക്കുണ്ടാവുക. പൊതുവേ ഉറുമ്പുകളാണ് ചിതലുകളുടെ പ്രധാന ശത്രുക്കള്‍. മിക്ക പട്ടാളക്കാരുടേയും താടിയില്‍ അവ കടിക്കാനുപയോഗിക്കുന്ന മാന്‍ഡിബിളുകള്‍ വളര്‍ന്നിരിക്കുന്നതിനാല്‍ അവയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ കഴിവുണ്ടാകാറില്ല. നേര്‍ത്ത പാതകള്‍ അടച്ചുസംരക്ഷിക്കുന്നതിനായി തങ്ങളുടെ വലിയ തലകള്‍ ഉപയോഗിച്ച് വഴി ഇവ അടച്ചു സൂക്ഷിക്കുന്നു.
ഉറുമ്പുകളെയാണ് പട്ടാളക്കാര്‍ക്ക് മിക്കപ്പോഴും നേരിടേണ്ടിവരിക. ഇടുങ്ങിയ വഴികളില്‍ വലിയ തലയും ശക്തമായ മാന്‍ഡിബിളുകളുമുപയോഗിച്ച് ഇവ ഫലപ്രദമായി പ്രതിരോധിച്ചു നില്‍ക്കുന്നു. വലിയ വഴിയാണെങ്കില്‍ പട്ടാളക്കാര്‍ അടുക്കടുക്കായി നിന്ന് ഉറുമ്പുകളുടെ ആക്രമണത്തെ നേരിടുന്നു. ഓരോ പട്ടാളക്കാരുടെയും പിന്നിലായി മറ്റൊരു പട്ടാളക്കാരന്‍ നില്‍ക്കുന്ന സ്വഭാവവും കണ്ടു വരുന്നു. ഏതെങ്കിലും ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെടുകയാണെങ്കില്‍ തത്സ്ഥാനത്തേയ്ക്ക് പിന്നില്‍ നില്‍ക്കുന്ന പട്ടാളക്കാരന്‍ കയറുന്നതാണ്. മുന്നില്‍ പട്ടാളക്കാര്‍ പോരാടുമ്പോള്‍ പിന്നില്‍ ജോലിക്കാര്‍ വഴി പൂര്‍ണ്ണമായും അടയ്ക്കുകയും അത് മുന്നില്‍ നില്‍ക്കുന്ന പട്ടാളക്കാരുടെയെല്ലാം മരണത്തിനു കാരണമാവുകയും ചെയ്യാറുണ്ട്.
ചിലപ്പോള്‍ ചിലയിനങ്ങളിലെ പട്ടാളക്കാര്‍ മാന്‍ഡിബിളുകള്‍ സ്വയം അടര്‍ത്തിമാറ്റി പോരാട്ടത്തിനിടെ ചാവേറുകള്‍ ആകാറുണ്ട്. അപ്പോള്‍ ഊറിവരുന്ന ദ്രാവകം വായുവുമായുള്ള സംയോഗത്താല്‍ പശിമയുള്ളതായി തീരുകയും അങ്ങിനെ അധിനിവേശം നടത്തുന്ന ജീവികളെ കുടുക്കി നിര്‍ത്താനും കഴിയുന്നതാണ്[3][4].
[തിരുത്തുക] കൂട്
ചിതലുകള്‍ തങ്ങളുടെ കോളനി സ്ഥാപിക്കുന്നത്, മണ്ണിലോ, വീണുകിടക്കുന്ന മരത്തിലോ, മരത്തിന്റെ മുകളിലോ ആയിരിക്കും. ജീവിക്കാനുള്ള സ്ഥലം എന്നതിനു പുറമേ ഭക്ഷണവിതരണത്തിനുള്ള സ്ഥലം, സുരക്ഷിതമായ സ്ഥലം, ചിലയിനം ജാതികളില്‍ ഭക്ഷണത്തിനായി മറ്റു ജീവികളെ വളര്‍ത്താനുള്ള സ്ഥലം എന്നൊക്കെ പ്രാധാന്യമുള്ളതായിരിക്കും കൂട്. കൂട് സാധാരണയായി ഇടുങ്ങിയ വഴികള്‍ ഉള്ളതും എന്നാല്‍ വായുവിന്റെ ഗമനാഗമനവും താപനിലയുമെല്ലാം കൃത്യമായി പരിപാലിക്കപ്പെട്ടതുമാവും. മണ്ണ്, മണല്‍, സസ്യങ്ങളുടെ ഭാഗങ്ങള്‍, പശിമയുള്ള ശരീരസ്രവങ്ങള്‍ എന്നിവയെല്ലാം ചിതലുകള്‍ കൂടുനിര്‍മ്മാണത്തിനുപയോഗിക്കുന്നു. വളരെ ദുര്‍ബലങ്ങളായ ജീവികളായതിനാല്‍ തങ്ങള്‍ പോകുന്ന വഴികളും കൂടിനു സമാനമായി മണ്ണുപയോഗിച്ച് സംരക്ഷിച്ചവയായിരിക്കും. രാജ്ഞിയുടേയും രാജാവിന്റെയും സ്ഥാനം കൂടിന്റെ മദ്ധ്യഭാഗത്തായി ഏറ്റവും സുരക്ഷിതമായ അറയിലായിരിക്കും. ഈയലുകള്‍ പറന്നു പോകാനായി കൂടിനുവശങ്ങളില്‍ സാമാന്യത്തിലും വലിപ്പമുള്ള ദ്വാരങ്ങളുണ്ടാകും, ഈയലുകള്‍ പറന്നു പോയി വേലക്കാര്‍ ദ്വാരം പൂര്‍ണ്ണമായി അടയ്ക്കുന്നതുവരെ പട്ടാളക്കാര്‍ ഇവിടെ കാവല്‍ നില്‍ക്കുന്നു. കൂടിനുള്ളിലെ ആര്‍ദ്രത, താപനില തുടങ്ങിയവ പരിപാലിക്കാന്‍ വേണ്ടി മാത്രമേ ഈ ദ്വാരങ്ങള്‍ അല്ലങ്കില്‍ സാധാരണ തുറക്കാറുള്ളു.
സാധാരണ മണ്ണിനടിയിലാണ് ഉണ്ടാവുകയെങ്കിലും ചിലപ്പോളവ മണ്ണിനു പുറത്തെയ്ക്ക് ഉയര്‍ത്തി നിര്‍മ്മിക്കാറുണ്ട്. ഇവയെ ചിതല്‍ പുറ്റുകള്‍ എന്നു വിളിക്കുന്നു.
[തിരുത്തുക] ചിതല്‍ പുറ്റ്
ചിതലിന്റെ വാസസ്ഥാനം മണ്ണിനടിയിലോ വീണുകിടക്കുന്ന മരത്തിലോ ഒക്കെയാണെങ്കിലും ചിലപ്പോഴവ മണ്ണിനു മുകളിലേയ്ക്ക് വളര്‍ന്നു നില്‍ക്കാറുണ്ട്. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പുല്‍മേടുകളില്‍ ചിലപ്പോളവ 9 മീറ്റര്‍ വരെ ഉയരത്തിലുണ്ടാവാറുണ്ട്[5]. സാധാരണ മൂന്നുമീറ്റര്‍ വരെയാണ് ഉയരം. കേരളത്തില്‍ സര്‍പ്പക്കാവുകളിലും മറ്റും വിസ്തൃതമായ ചിതല്‍പ്പുറ്റുകള്‍ കാണാവുന്നതാണ്. വാസസ്ഥലത്തിന്റെ ലഭ്യത കൂട്ടുന്നതിനൊപ്പം കൂട്ടിനുള്ളിലെ താപനിയന്ത്രണത്തിനും വായുസഞ്ചാര നിയന്ത്രണത്തിനും ചിതല്‍പ്പുറ്റുകള്‍ സഹായകമാകുന്നു. ചിതല്‍പ്പുറ്റുകളില്‍ താപനിയന്ത്രണം ഉറപ്പാക്കുന്നതിനായി ചിലഭാഗങ്ങളില്‍ അതിലോലമായിട്ടായിരിക്കും ഭിത്തികള്‍ ഉണ്ടാവുക. തുറന്നിരിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം കാറ്റിനെ കൂടിന്റെ ഉള്ളറകളില്‍ വരെ എത്തിക്കുന്ന വിധത്തിലായിരിക്കും. ഉപരിതലത്തിലുള്ള ദ്വാരങ്ങള്‍ നേര്‍ത്ത മണ്‍പാളിയാല്‍ അടച്ചുഭദ്രമാക്കിയിട്ടുള്ളവയായിരിക്കും. വശങ്ങളിലുണ്ടാകുന്ന ചാലുകള്‍ വായൂ സമ്പര്‍ക്കം ഉറപ്പു വരുത്തുന്നതാണ്.
രാമായണത്തിന്റെ രചയിതാവായ വാല്‍മീകിയുടെ ശരീരം തന്റെ തപസ്സിനിടെ ചിതലുകള്‍ മൂടി ചിതല്‍പ്പുറ്റുണ്ടാക്കിയെന്ന് ഐതിഹ്യമുണ്ട്.
|
Cathedral Mounds in the Northern Territory of Australia |
Termite Magnetic DSC03613.jpg
Magnetic Mounds (nearly North-South Axis) |
[തിരുത്തുക] ഭക്ഷണം
പ്രധാനമായും സസ്യഭാഗങ്ങളാണ് ചിതലുകളുടെ ഭക്ഷണം. ഓസ്ട്രേലിയയില്‍ കാണപ്പെടുന്ന പ്രാകൃതഘടനയുള്ള മാസ്റ്റോടെര്‍മസ് ഡാര്‍വീനിയന്‍സിസ് എന്ന ജാതി ചിതലുകള്‍, മരംകൊണ്ടുണ്ടാക്കിയ എന്തിനും പുറമേ, ജീവനുള്ള മരങ്ങളും, രോമം, കൊമ്പ്, ആനക്കൊമ്പ്, കാര്‍ഷികവിളകള്‍, റബ്ബര്‍, തോല്‍, വൈദ്യുതകമ്പികളുടെ ഇന്‍സുലേഷന്‍ തുടങ്ങിയവയെല്ലാം ഭക്ഷിക്കുന്നതാണ്. സസ്യഭാഗങ്ങളാണ് പ്രധാനഭക്ഷണമെങ്കിലും ഉയര്‍ന്നയിനം ജന്തുക്കളിലേതു പോലെ സെല്ലുലോസ് ദഹിപ്പിക്കാനുള്ള സീക്കം എന്ന ഘടന ചിതലുകള്‍ക്കില്ല. സെല്ലുലോസ് ദഹിപ്പിക്കാനായി ചിതലുകളുടെ ഉള്ളില്‍ കഴിയുന്ന ചിലയിനം പ്രോട്ടോസോവകളുടെ (ഫ്ലാജല്ലേറ്റുകള്‍) സഹായം വേണം. ഈ പ്രോട്ടോസോവകള്‍ ചിതലുകള്‍ നിംഫ് ആയിരിക്കുന്ന അവസരത്തില്‍ മറ്റു ചിതലുകളുടെ വിസര്‍ജ്ജ്യം ഭക്ഷിക്കുമ്പോള്‍ അക്കൂടെയാണ് ശരീരത്തിലെത്തുന്നത്.
ചിലയിനം ചിതലുകള്‍ സസ്യങ്ങളുടെ വേരുകളും, പുല്ലുകളുമെല്ലാം മെത്ത പോലെ സജ്ജീകരിച്ച് അതില്‍ ഫംഗസുകളെ വളര്‍ത്താറുണ്ട്. ഇപ്രകാരം ചെയ്യുന്നതു മൂലം ഫംഗസുകളില്‍ നിന്നും ചിതലുകള്‍ക്കുപകാരപ്രദമായ മാംസ്യം തിരിച്ചു ലഭിക്കുന്നു.
[തിരുത്തുക] പ്രാധാന്യം
പാരിസ്ഥിതികമായി വളരെ പ്രാധാന്യമുള്ള ജീവിയാണ് ചിതല്‍. മരങ്ങളുടെ വിഘടനവും, മണ്ണുനിര്‍മ്മാണവും നേരിട്ടു നടത്തുന്നതിനു പുറമേ, അസംഖ്യം ജീവികള്‍ക്ക് ഇവ ഭക്ഷണവുമാണ്. കേരളത്തില്‍ കണ്ടുവരുന്ന നാട്ടുവേലിത്തത്ത, ഇരട്ടവാലന്‍ തുടങ്ങിയ പക്ഷികള്‍ക്ക് ചില കാലങ്ങളിലെ പ്രധാന ഭക്ഷണം ഈയലുകളാണ്. ഇവ മരങ്ങളിലും മണ്ണിലുമുണ്ടാക്കുന്ന പൊത്തുകളില്‍ നിരവധി ജീവികള്‍ താമസമുറപ്പിക്കാറുണ്ട്. ദക്ഷിണ ആഫ്രിക്കയില്‍ നടന്ന പഠനങ്ങള്‍ ചിതലുകള്‍ കൂടിനായി ഉണ്ടാക്കുന്ന വരമ്പുകള്‍ മണ്ണൊലിപ്പ് തടയുന്നതിനും ജലം മണ്ണില്‍ തന്നെ താഴാനും കാരണമാകുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഒഡണ്ടോ ടെര്‍മിസ് എന്ന ജാതിയിലെ ചിതലുകള്‍ ബോട്സ്വാനയില്‍ നിര്‍മ്മിച്ച ഇത്തരത്തിലുള്ള രണ്ടുമീറ്ററോളമുയരവും ഒരു കിലോമീറ്റര്‍ നീളവുമുള്ള കൂറ്റന്‍ വരമ്പുകള്‍ പഠനവിധേയമാക്കിയതില്‍ നിന്നും അക്കാരണത്താല്‍ പ്രദേശത്തെ കാര്‍ഷിക വിളവില്‍ മൂന്നു മുതല്‍ എട്ടിരട്ടി വരെ വര്‍ദ്ധനവുണ്ടായതായി കണക്കാക്കുന്നു[1].
കേരളത്തില്‍ പൊതുവേ ചിതല്‍ പുറ്റില്‍ നിന്നുള്ള മണ്ണുപയോഗിച്ച് നിലം മെഴുകാറുണ്ട്. ഹൈന്ദവാരാധനയുമായി ബന്ധപ്പെടുത്തിയും ചിതല്‍പ്പുറ്റുകളെ ഉപയോഗിക്കുന്നു. ആയുര്‍വേദത്തില്‍ ചിതല്‍പ്പുറ്റിലെ മണ്ണ് ഔഷധമായി കണക്കാക്കുന്നു.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 ചിതലുകള്‍, കെ.ഗംഗാധരന്‍, ശാസ്ത്രകേരളം, ഏപ്രില്‍ 1991, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
- ↑ http://intelligentpestsolutions.com/bug-library/wood-destroying-insects/drywood-termite/
- ↑ Piper, Ross (2007), Extraordinary Animals: An Encyclopedia of Curious and Unusual Animals, Greenwood Press.
- ↑ C. Bordereau, A. Robert, V. Van Tuyen & A. Peppuy (1997). Suicidal defensive behavior by frontal gland dehiscence in Globitermes sulphureus Haviland soldiers (Isoptera). Insectes Sociaux 44 (3): 289–297. DOI:10.1007/s000400050049.
- ↑ "Termite." Encyclopædia Britannica Online Library Edition. Retrieved 19 November 2007.]]