ചാൾസ് ഗവാൻ ഡഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാൾസ് ഗവാൻ ഡഫി
ചാൾസ് ഗവാൻ ഡഫി


In office
19 June 1871 – 10 June 1872
Preceded by Sir James McCulloch
Succeeded by James Francis

Born 12 April 1816
Monaghan, Ireland
Died 9 ഫെബ്രുവരി 1903(1903-02-09) (പ്രായം 86)
Nice, France
Nationality Irish, Australian
Spouse Emily McLaughlin, Susan Hughes, Louise Hall.
Profession Politician.

അയർലണ്ടിലേയും ആസ്ട്രേലിയയിലേയും മുൻ രാഷ്ട്രീയ നേതാവായിരുന്നു ചാൾസ് ഗവാൻ ഡഫി. ഇദ്ദേഹം 1816 ഏപ്രിൽ 12-ന് അയർലണ്ടിലെ മൊനഗനിൽ ജനിച്ചു. അയർലണ്ടും ഇംഗ്ലണ്ടുമായി 1801-ൽ നടന്ന സംയോജനം ഇല്ലാതാക്കി അയർലണ്ടിനെ വീണ്ടും ഒരു പ്രത്യേക രാജ്യമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഇദ്ദേഹം ഏർപ്പെട്ടിരുന്നു. ഈ രംഗത്ത് നേതൃത്വം വഹിച്ചിരുന്ന ഡാനിയൽ ഓ കോണലിന്റെ (1775-1847) സഹപ്രവർത്തകനുമായിരുന്നു ഇദ്ദേഹം.

പരിവർത്തന വാദി[തിരുത്തുക]

1842-ൽ ഡബ്ലിനിൽ നിന്നും നേഷൻ എന്ന രാഷ്ട്രീയ വാരിക ഇദ്ദേഹം പ്രസിദ്ധീകരിച്ചു തുടങ്ങി. അയർലണ്ടിൽ സമൂല പരിവർത്തനത്തിനുവേണ്ടി വാദിച്ചിരുന്ന യങ് അയർലണ്ട് എന്ന സംഘടനയിൽ ചേർന്ന് തീവ്രപ്രവർത്തനം നടത്തി. തന്മൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ഇദ്ദേഹത്തെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് സോപാധികം വിട്ടയച്ചു. 1852-ൽ ഡഫി പാർലമെന്റംഗമായി തെരഞ്ഞടുക്കപ്പെട്ടു. ഇൻഡിപ്പെൻഡന്റ് ഐറിഷ് പാർട്ടി സ്ഥാപിക്കുന്നതിന് ഒരു മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു. ഭൂപരിഷ്കരണത്തിനു വേണ്ടിയും പ്രയത്നിച്ചു. ഭൂപരിഷ്കരണരംഗത്ത് കത്തോലിക്കരേയും പ്രൊട്ടസ്റ്റന്റുകാരേയും ഒരുമിപ്പിക്കുവാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിൽ ദു:ഖിതനായി ഇദ്ദേഹം 1855-ൽ അയർലണ്ട് വിട്ടു ആസ്ട്രേലിയയിലേക്കു പോയി.

വിക്റ്റോറിയയിലെ പ്രധാനമന്ത്രി[തിരുത്തുക]

അവിടെ വിക്ടോറിയ കോളനിയുടെ അസംബ്ലിയിലേക്ക് 1856-ൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഭൂസ്വത്ത്, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ മന്ത്രിയായി 1857 മുതൽ 59 വരെയും, 1862 മുതൽ 65 വരെയും ഡഫി സേവനമനുഷ്ഠിച്ചു. ഈ പദവിയിലിരുന്നുകൊണ്ട് കുടിയേറ്റകർഷകരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പുതിയ ഭൂനിയമം കൊണ്ടുവന്നു. 1871-72-ൽ വിക്ടോറിയയിലെ പ്രധാനമന്ത്രിയായി ഉയർന്നു. 1873-ൽ നൈറ്റ് പദവി ലഭിച്ചു. 1877-ൽ നിയമസഭാസ്പീക്കർ ആയും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. 1880-ൽ യൂറോപ്പിലെത്തിയ ഡഫി ഫ്രാൻസിന്റെ തെക്കുഭാഗത്ത് താമസിച്ചുകൊണ്ട് ഗ്രന്ഥരചനയിൽ വ്യാപൃതനായി.

മുഖ്യ കൃതികൾ[തിരുത്തുക]

  • ബാലഡ് ഒഫ് അയർലണ്ട് (1843)
  • യങ് അയർലണ്ട് (1880 പുതിയ പതിപ്പ് 1896)
  • കോൺവർസേഷൻസ് വിത്ത് കാർലൈൽ (1892)
  • മൈ ലൈഫ് ഇൻ ടൂ ഹെമിസ്ഫിയേഴ്സ് (1898)

എന്നിവയാണ് മുഖ്യ കൃതികൾ. 1891-ൽ ഐറിഷ് ലിറ്റററി സൊസൈറ്റിയുടെ ആദ്യപ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതും ഡഫിയുടെ മറ്റൊരു വിജയ ചരിത്രമാണ്. 1903 ഫെബ്രുവരി 9-ന് നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡഫി, ചാൾസ് ഗവാൻ (1816 - 1903) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ചാൾസ്_ഗവാൻ_ഡഫി&oldid=2323018" എന്ന താളിൽനിന്ന് ശേഖരിച്ചത്