ചാക്യാർക്കൂത്ത്
കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഇതിന്റെ ഒന്നിൽ കൂടുതൽ പേർ ചേർന്നുള്ള രൂപത്തെ കൂടിയാട്ടം എന്നും വിളിക്കുന്നു. ശാക്യമുനിയിലൂടെ[അവലംബം ആവശ്യമാണ്] അവതരിച്ച കൂത്ത് കേരളത്തിൽ കുലശേഖരപ്പെരുമാളിന്റെ കാലത്ത് പരിഷ്കരിക്കപ്പെടുകയുണ്ടായി.
"കൂത്ത്" എന്ന പദത്തിന്റെ അർത്ഥം നൃത്തം എന്നാണ്. എങ്കിലും ഈ കലാരൂപത്തിൽ വളരെ ചുരുങ്ങിയ നൃത്തം മാത്രമേ ഉള്ളൂ. മുഖഭാവങ്ങൾ ചാക്യാർക്കൂത്തിൽ ഒരു വലിയ പങ്കുവഹിക്കുന്നു. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം.
കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. നമ്പ്യാർ സമുദായത്തിലെ സ്ത്രീകൾ (നങ്ങ്യാരമ്മമാർ)മാത്രം അവതരിപ്പിക്കുന്ന കൂടിയാട്ടം കലാരൂപം നങ്ങ്യാർക്കൂത്ത് എന്ന് അറിയപ്പെടുന്നു. ഇതും ചാക്യാർക്കൂത്തുമായി ബന്ധമില്ല. ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
- "കൂത്ത്" എന്ന പദത്തിന്റെ അർത്ഥം നൃത്തം എന്നാണ്. ചാക്യാർ വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്നതിനാൽ ഇത് ചാക്യാർക്കൂത്ത് ആയി. ശാക്യമുനിയുടെ വംശത്തിൽ പെട്ടവരാണ് ചാക്യാർ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
- ചാക്യാർ എന്നതിന് ബുദ്ധമതക്കാർ എന്നാണ് ശബ്ദതാരാവലി അർത്ഥം നൽകിയിരിക്കുന്നത്[1] ഇത് പാലി ഭാഷയിൽ നിന്നുത്ഭവിച്ചതാണ്. പാലിയിൽ സാകിയ എന്നാൽ ബുദ്ധൻ ജനിച്ച ക്ഷത്രിയവംശം എന്നാണ്.[2] അവരുടെ പിന്തുടർച്ചക്കാരാണ് ചാക്യാന്മാർ എന്ന് അറിയപ്പെടുന്നത്. ബൌദ്ധന്മാർ മതപ്രചരണത്തിനൊരുപകരണമായി നാട്യകലയെ വളർത്തിക്കൊണ്ടുവന്നു. അവരാണ് കൂടിയാട്ടം, കൂത്ത് എന്നീ കലാരൂപങ്ങളെ കേരളത്തിന് പരിചയപ്പെടുത്തിയത്.[3]
- കേരളത്തിലെ ബ്രാഹ്മണാധിപത്യകാലത്ത് നമ്പൂതിരിമാർ സ്വന്തം ജാതിയിൽ നിന്ന് ഭ്രഷ്ട് കല്പിച്ച് പുറന്തള്ളിയിരുന്നവർ ചാക്യാങ്മാരായി അറിയപ്പെട്ടിരുന്നു. [4]നമ്പൂതിരികുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വർദ്ധിച്ചിരിക്കാം [5]
- കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.[6]
- നൃത്തനാട്യങ്ങൾ നടത്തുന്ന ആൾ എന്ന അർത്ഥത്തിൽ പ്രയോഗത്തിലിരുന്ന “ചാക്കയ്യൻ“ എന്ന പദമാൺ ചാക്യാർ ആയത് എന്ന ഒരു വാദഗതിയുമുണ്ട്. നാട്യാചാര്യന്മാരെ കൂത്തച്ചാക്കയ്യൻ എന്നും വിളിക്കാറുണ്ട്.
[തിരുത്തുക] ഐതിഹ്യം
പ്രപഞ്ചകർത്താവായ ബ്രഹ്മാവ് ദേവന്മാർക്ക് രസിക്കുന്നതിനും സ്ത്രീശൂദ്രാദികളൂടെ ആസ്വാദനത്തിനുമായി നലുവേദങ്ങളിൽ നിന്നും ശബ്ദസ്വരരസാഭിനയങ്ങളെ സംഗ്രഹിച്ച് നിർമ്മിച്ചതാണ് നാട്യവേദമെന്നും അത് ഭരതമുനി ശിഷ്യന്മാർക്കും സ്വപുത്രന്മാർക്കും മറ്റും പറഞ്ഞുകൊടുക്കാനായി ചിട്ടവട്ടങ്ങളോട് കൂടി നടപ്പിൽ വരുത്തിയതാണ് നാട്യശാസ്ത്രം എന്നാണ് ഐതിഹ്യം. ആദ്യം വളരെ പ്രചാരത്തിൽ ഇരുന്നുവെങ്കിലും പിന്നീട് ക്ഷയോന്മുഖമായ ഈ ശാസ്ത്രം ശാക്യമുനിയാണ് സംരക്ഷിച്ചെടുത്തത്.
[തിരുത്തുക] ചരിത്രം
2000 വർഷത്തിലേറേ പാരമ്പര്യമുള്ളൊരു കലാരൂപമാണ് ചാക്യാർക്കൂത്ത്[അവലംബം ആവശ്യമാണ്]. ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളർത്തിക്കൊണ്ടുവന്നത്. ബൌദ്ധന്മാർ നാട്യകലയെ അവരുടെ മതപ്രചരണത്തിനായി ഉപയോഗിച്ചിരുന്ന വിവരം അക്കാലത്ത് ഇന്ത്യ സന്ദർശിച്ച വിദേശ സഞ്ചാരികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചീന യാത്രികനനയ ഫാഹിയാൻ മഥുരയെപ്പറ്റി വിവരിക്കുമ്പോൾ വർഷക്കാലത്ത് ബുദ്ധവിഹാരങ്ങളിൽ വസ്സാ ആഘോഷിക്കുന്നതിനിടയിൽ സാരീപുത്രന്റേയും മൌദ്ഗല്ല്യായനന്റേയും മറ്റും മതപരിവർത്തനകഥകൾ നടന്മാരെ വരുത്തി അഭിനയിപ്പിക്കറുണ്ട് എന്ന് പരാമർശിച്ചു കാണുന്നു. പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പറയുന്നു. പറയൂർ കൂത്തച്ചാക്യാർ ഒരു ബുദ്ധസന്യാസിയാണ്. ക്രി.വ. ഒൻപതാം നൂറ്റാണ്ടിലെ കാശ്മീരത്തിൽ വച്ചു ദാമോദര ഗുപ്തനെഴുതിയ കുട്ടനീമതം എന്ന കാവ്യത്തിൽ ഹർഷവർദ്ധനൻ എന്ന രാജാവിണ്ടെ രത്നാവലീനാടിക യിലെ പ്രസ്താവനയും ഒന്നാമങ്കവും വാരാണസിയിൽ നിന്നു വന്ന ഒരു സംഘം നടീസംഘക്കാർ വിസ്തരിച്ചാടിയതിനെ പറ്റിയും വിശദമായി വർണ്ണിച്ചിരിക്കുന്നു. കേരളത്തിലെ കൂടിയാട്ടത്തിൽ വിസ്തരിച്ചാടുന്ന സമ്പ്രദായം അതിലുമുണ്ട്. [7]
ചാക്യാർക്കൂത്ത് കേരളത്തിൽ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമതവിശ്വാസികളായ മുനിമാർ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്. എന്നാൽ കാലക്രമത്തിൽ ബ്രാഹ്മണ മേധാവികളാൽ തുരത്തപ്പെട്ടതോ മതപരിവർത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ ശാക്യ എന്ന വംശത്തിൽ (ബുദ്ധന്റെ വംശം) പെടുത്തി. പ്രതിലോമബന്ധത്തിൽ പെട്ട ഇവരെ ബ്രാഹ്മണരിൽ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നൽകി അലങ്കരിച്ചു. ആദ്യകാലങ്ങളിൽ ബുദ്ധന്റെ ഗാഥകൾ പാടിയിരുന്ന ഇവരെ പിന്നീട് പുരാണങ്ങൾ പാടാനായി വിധിക്കപ്പെട്ടു.[3] ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാർമാർ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വർദ്ധിച്ചിരിക്കാം [5] ചാക്യാർ കൂത്ത് ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ [7].
ശാക്യമുനിയാണ് (ബുദ്ധൻ) കൂത്തിനെ ആദ്യം പരിഷകരിച്ചത്. അദ്ദേഹം പുരാണ കഥാപ്രസംഗത്തിന്റെ സുഹൃത്സമ്മിതത മാറ്റി കാന്താസമ്മിതത സ്വീകരിക്കുകയും, അഭിനയത്തിനും കഥാകഥനത്തിനും കാവ്യഗ്രന്ഥങ്ങൾ ഉപയോഗിക്കുകയും രണ്ടിനും കൂത്ത് നൃത്യമെന്നെ ഒരേ സംജ്ഞ ഉപയോഗിക്കുകയും, കൂത്ത് മൊത്തത്തിൽ ലളിതമാക്കി ജനങ്ങൾക്ക് എളുപ്പം മനസ്സിലാവുന്ന രീതിയിലുമാക്കുകയും ചെയ്തു. ഈ പരിഷ്കരങ്ങളുടെ വെളിച്ചത്തിലാണ് അന്നു മുതൽ കൂത്ത് നൃത്യം “ശാക്യര് കൂത്ത്“ എന്നും അഭിനേതാക്കളേ “ശാക്യര്“ എന്നും വിളിച്ചു തുടങ്ങിയത്. കഥാഭിനയത്തിന് ‘പ്രബന്ധക്കൂത്ത്’ എന്നും നാടകാഭിനയത്തിണ് കൂടിയാട്ടക്കൂത്ത് എന്നും വിളിച്ചു തുടങ്ങി. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേക്കാൾ ബുദ്ധസന്യാസിമാർ കൂടുതൽ[അവലംബം ആവശ്യമാണ്] ഉണ്ടായിരുന്നതിനാലോ മറ്റോ കേരളം ഈ നാട്യകലകളുടെ കേന്ദ്രമായി ഭവിച്ചു.
പിന്നീട് ക്രി.വ. 978 മുതൽ 1036 വരെ കേരളം ഭരിച്ചിരുന്ന കുലശേഖരപ്പെരുമാൾ അദ്ദേഹത്തിന്റെ സുഹൃത്തും ഫലിതകവിയുമായ തോലന്റെ സഹായത്തോടെ ഈ കലാരൂപത്തെ വീണ്ടും പരിഷ്കരിക്കുകയുണ്ടായി. അതാണ് ഇന്നു കാണുന്ന കൂത്തും കൂടിയാട്ടവും.
പ്രശസ്ത ചാക്യാർക്കൂത്ത്-കൂടിയാട്ടം കലാകാരനായ യശശ്ശരീരനായ ഗുരു നാട്യാചാര്യ വിദൂഷകരത്നം പത്മശ്രീ മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽക്കെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച് പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവർഷവും കൂത്തുകൾ നടന്നുവരുന്നു.
മാണി മാധവചാക്യാരുടെ ഗുരുവായ ദർശനകലാനിധി രാമവർമ്മ പരീക്ഷത്ത് തമ്പുരാൻ പ്രഹ്ലാദചരിതം എന്ന ഒരു പുതിയ സംസ്കൃത ചമ്പു പ്രബന്ധം എഴുതി പല തലമുതിർന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തിൽ അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവചാക്യാരോട് തമ്പുരാൻ ഇത് അവതരിപ്പിക്കുവാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം കൊച്ചി രാജ്യത്തിന്റെ തലസ്ഥാനമായ തൃപ്പൂണിത്തറയിൽ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതൻമാർ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവചാക്യാരുടെ പ്രാഗൽഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂർണരൂപത്തിൽ അവതരിപ്പിച്ചു.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] ഇവയും കാണുക
- കേരളത്തിലെ കലാരൂപങ്ങൾ
- മാണി മാധവ ചാക്യാർ
- കൂടിയാട്ടം
- ഓട്ടൻതുള്ളൽ
- കഥകളി
- മോഹിനിയാട്ടം
- കൂടിയാട്ടം
- പഞ്ചവാദ്യം
- നമ്പ്യാർ
- ചാക്യാർ
[തിരുത്തുക] മറ്റു കൂത്തുകൾ
[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക] അവലംബം
- ↑ ശ്രീകണ്ഠേശ്വരം, പദ്മനാഭപിള്ള (ഏപ്രിൽ 2006) [1923]. പി.ദാമോദരൻ നായർ. ed (മലയാളം ഭാഷയിൽ). ശബ്ദതാരാവലി (29 പതിപ്പ് ed.). കോട്ടയം: സാഹിത്യപ്രവർത്തക സഹകരണ സംഘം ലിമിറ്റഡ്, നാഷണൽ ബുക്ക് സ്റ്റാൾ.
- ↑ പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
- ↑ 3.0 3.1 പി.ഒ., പുരുഷോത്തമൻ (2006). ബുദ്ധന്റെ കാല്പാടുകൾ-പഠനം. കേരളം: പ്രൊഫ. വി. ലൈല. ISBN 81-240-1640-2.
- ↑ പി.കെ., ബാലകൃഷ്ണൻ (2005). ജാതിവ്യവസ്ഥയും കേരളചരിത്രവും. കറൻറ് ബുക്സ് തൃശൂർ. ISBN ISBN 81-226-0468-4.
- ↑ 5.0 5.1 ശങ്കരൻ നമ്പൂതിരിപ്പാട്, കാണിപ്പയ്യൂർ. എന്റെ സ്മരണകൾ (രണ്ടാം ഭാഗം). കുന്നംകുളം: പഞ്ചാംഗം പ്രസ്സ്.
- ↑ വിജയ ഭാനു രചിച്ച “നൃത്ത്യപ്രാകാശിക”
- ↑ 7.0 7.1 ചാക്യാർ, മാണി മാധവ (1996) [1973]. നാട്യകല്പദ്രുമം (രണ്ടാം പതിപ്പ്=1996 ed.). ചെറുതുരുത്തി: കേരളകലാമണ്ഡലം.