ചരകന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍.ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിതയില്‍' കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം. സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

ചരകന്റെ ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. കുശാന സാമ്രാജ്യത്തില്‍ ക്രിസ്തുവിനു മുന്‍പ് രണ്ടാം ശതകത്തിനും ക്രിസ്തുവിനു ശേഷം ഒന്നാം ശതകത്തിനുമിടയില്‍ ജീവിച്ചിരുന്നു എന്നും, യോഗദര്‍ശനം മഹാഭ്യാസം രചിച്ച പതഞ്ജലിയും തന്നെയാണ് ചരകെന്നും, കനിഷ്കന്‍ രാജാവിന്റെ ഭിഷഗ്വര സുഹൃത്തായിരുന്നു ചരകന്‍ എന്നും ഒരു വിഭാഗം പണ്ഡിതന്മാര്‍ സ്ഥാപിക്കുന്നു.(എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്‌.) മറ്റൊരു വിഭാഗം, അഥര്‍വ്വ വേദം പരിഷ്കരിച്ച് ചാരണ വിദ്യ എന്ന കൃതി പ്രചരിപ്പിച്ചിരുന്ന ഭിഷഗ്വര സഞ്ചാരികളുടെ സംഘത്തിലെ ഒരു അംഗമായിരുന്നു ചരകന്‍ എന്ന് വിശ്വസിക്കുന്നു.

ചരക സംഹിതയില്‍ നിന്ന് ലഭിക്കുന്ന തെളിവുകളെ ആസ്പദമാക്കി ചരകന്‍, ബൌദ്ധാനന്തരകാലഘട്ടത്തില്‍ ഇന്‍ഡ്യയുടെ വടക്കു പടിഞ്ഞാറു ഭാഗത്ത് ഹിമാലയ താഴ്വരയില്‍ ജീവിച്ചിരുന്നു എന്ന് അനുമാനിക്കാം.[1] കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ ചരകസംഹിതയെന്നാണ്‌ നിഗമനം. നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ ചരകസംഹിത. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.

ഇന്‍ഡ്യന്‍ തത്ത്വശാ‍സ്ത്ര സിദ്ധാന്തങ്ങളുടെ വളര്‍ച്ചയിലെ സുവര്‍ണ്ണ കാലഘട്ടത്തിലാണ് ചരകന്‍ ജീവിച്ചിരുന്നത്. അന്ന് സാംഖ്യ, ന്യായം, വൈശേഷികം, മീമാംസ, യോഗ, വേദാന്തം എന്ന തത്വശാസ്ത്ര വിഭാഗങ്ങള്‍ വളര്‍ച്ചയുടെയും അവകലനത്തിന്റെയും വിവിധ ഘട്ടങ്ങളിലായിരുന്നു. അതുകൊണ്ടുതന്നെ, വേദങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്തിരുന്ന ബൌദ്ധ-ജൈന സിദ്ധാന്തങ്ങളുമായി നിരന്തരം ആശയ സംഘട്ടനങ്ങള്‍ നടന്നിരുന്ന കാലഘട്ടം കൂടിയായിരുന്നു.[1]

മാനസിക/ശാരീരിക രോഗാവസ്ഥ മനുഷ്യന്റെ അടിസ്ഥാന പ്രകൃതിയാണ് എന്ന് വിശ്വസിച്ചിരുന്ന ചരകന്‍, കാലാന്തരത്തില്‍ ചുറ്റുപാടുകള്‍ക്ക് മാറ്റമുണ്ടായാലും അതേ മാറ്റത്തെ അതിജീവിക്കുന്ന ശക്തമായ തത്വശാസ്ത്ര അടിത്തറയുള്ള ഒരു വൈദ്യശാസ്ത്ര ശാഖ ഉരുത്തിരിയണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തു.[1] വൈദ്യം നാടോടിക്കഥകളായും വാമൊഴിയായും നാടന്‍ ആചാരങ്ങളായും എക്കാലത്തും നിലനിന്നിരുന്നു. ചരക സംഹിതയ്ക്കും നൂറ്റാണ്ടുകള്‍ മുന്‍പ് പ്രചാരത്തിലിരുന്ന വൈദ്യഗ്രന്ഥമായിരുന്ന അഗ്നിവേശ തന്ത്രംസൃഷ്ടിപരമായ പുന്നഃസംശോധനം നടത്തി ചരകസംഹിതയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്.[1] ചരക സംഹിതയിലെ യുക്തുയുക്തമായ ഭാഗങ്ങള്‍ പലതും മുന്‍‌കാല വൈദ്യേതര ഗ്രന്ഥങ്ങളില്‍ നിന്നും (ബൌദ്ധ-ജൈന സിദ്ധാന്തങ്ങള്‍ ഉള്‍പ്പടെ) ചേര്‍ത്തിരിക്കുന്നതാണ്.[1]


[തിരുത്തുക] ചരകന്‍ പ്രതിപാദിച്ച അനേകം വിഷയങ്ങളില്‍ ചില പ്രധാനപ്പെട്ടവ[1]

[തിരുത്തുക] ഭ്രൂണശാസ്ത്രം, ശരീരഘടനാശാസ്ത്രം

ഭ്രൂണം രൂപം കൊള്ളുനതിന് സ്ത്രീയുടെയും പുരുഷന്റെയും സംഭാവനകളാണ് യധാക്രമം ശോണിതം, ശുക്രം. (ശോണിതം എന്ന് ചരകന്‍ പ്രതിപാദിച്ചിരിക്കുന്നത് ആര്‍ത്തവ രക്തസ്രാവത്തെയാണ്)

തലമുടി, നഖങ്ങള്‍, പല്ലുകള്‍, എല്ലുകള്‍, നാഡികള്‍, റ്റെണ്ഡണുകള്‍(?), ശുക്ക്ലം എന്നീ ശരീര ഭാഗങ്ങള്‍ പൈതൃകമായി ലഭിക്കുന്നുവെന്നും, ചര്‍മ്മം, രക്തം, മാംസം, ദഹനാവയവങ്ങള്‍, ഹൃദയം, മജ്ജ തുടങ്ങി ശരീരത്തിലെ മൃദുവായ എല്ലാ ഭാഗണ്‍ഗളും മാതാവില്‍ നിന്ന് ലഭിക്കുന്നു.

ആരംഭത്തില്‍ അര്‍ത്ഥഖരവസ്തുവായ ഭ്രൂണത്തിന്റെ പൂര്‍ണ്ണ വളര്‍ച്ച വരെയുള്ള സമയത്തെ മാസക്രമത്തില്‍ ചരകന്‍ പഠിച്ചു. ഭ്രൂണാ‍വസ്ഥയിലെ അവയവോത്ഭവം ചരകസംഹിതയിലെ ഒരു പ്രഥാന ചര്‍ച്ചാവിഷയമായിരുന്നു. അഥര്‍വ്വ വേദത്തിലെ ഗര്‍ഭോപനിഷദിലും; സുശ്രുത, ഭേള, കാശ്യപ സംഹിതകളിലും അവയവോത്ഭവം ചര്‍ച്ച ചെയ്യപ്പെടുന്നു. (ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള ഭ്രൂണശാസ്ത്രം പൊതുവേ വികലമാണെങ്കിലും, വെറും അനുമാനങ്ങളായിരുന്നില്ല.) പല്ലുകളും നഖങ്ങളുമുള്‍പ്പടെ ശരീരത്തിലെ അസ്ഥികളുടെ എണ്ണം 360 എന്ന് സംഹിതയിലും, അഥര്‍വ്വ വേദത്തിലും. (ആധുനിക ശരീരഘടനാശാസ്ത്രത്തില്‍ അസ്ഥികളുടെ എണ്ണം 206 എന്ന് തിട്ടപ്പെടുത്തിയിരിക്കുന്നു) ആയുര്‍വ്വേദത്തില്‍ പ്രചാരത്തിലിരുന്ന ശരീരച്ഛേദന ശാസ്ത്രം ഒരു നേട്ടമായിരുന്നു. മൃതശരീരങ്ങള്‍ ജലത്തില്‍ അഴുക്കിയാണ് അതില്‍ പഠനങ്ങള്‍ നടത്തിയിരുന്നത്. അഴുക്കുമ്പോള്‍ മൃദുവായ ശരീരഭാഗങ്ങള്‍ നഷ്ടപ്പെടുന്നു എന്നത് ഒരു പോരായ്മയായിരുന്നു.

ചരകന്‍ ഹൃദയത്തിന്റെ സ്ഥാനം പറയുന്നു എങ്കിലും, വിശദമായി പ്രതിപാദിച്ചിട്ടില്ല. ഹൃദയത്തില്‍ നിന്ന് പത്തു ധമനികള്‍ ഉത്ഭവിക്കുന്നുവെന്നും അവ ശരീരമൊട്ടാകെ പടര്‍ന്നു കിടക്കുന്നുവെന്നും പറയുന്നു. ധമനി, സിര, സ്രോതസ്സ് എന്നീ വാക്കുകള്‍ രക്തക്കുഴലുകള്‍ക്ക് അദ്ദേഹം പലപ്പോഴായി ഉപയോഗിക്കുന്നു. ധമനികളുടെയും സിരകളുടെയുമെണ്ണം യധാക്രമം 200, 700 ആണങ്കിലും അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ചരകന്‍ സ്വയം വെളിപ്പെടുത്തുന്നു.

ശിരസ്സും തലച്ചോറും തമ്മില്‍ വ്യത്യാസം പറയുന്നുവെങ്കിലും, തലച്ചോറിനെ ബോധം, ഇന്ദ്രിയാനുഭൂതി, അവയവ നിയന്ത്രണം, മാനസിക രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ചരകന്‍ പഠിച്ചിരുന്നില്ല.

[തിരുത്തുക] ദഹനം

ഭക്ഷണങ്ങളെപ്പറ്റി സവിസ്താരം പ്രതിപാദിച്ചിരിക്കുന്ന ചരകസംഹിതയില്‍, പോഷകാഹാര വ്യവസ്ഥയെപ്പറ്റി ചരകനുണ്ടായിരുന്ന അറിവ് വെളിവാക്കുന്നു. ആമാശയത്തിലെ അഗ്നിയാല്‍ ദഹിപ്പിച്ച ആഹാരം പക്വാശയത്തില്‍ എത്തുകയും, ആഹാരരസം അഥവാ ആഹാരപ്രസാദവും മലവും ആയി രൂപാന്തരപ്പെടുകയുംചെയ്യുന്നു.

ആഹാരരസത്തില്‍ പഞ്ചഭൂതങ്ങളുടെയും ധാതുക്കളുടെയും പ്രവര്‍ത്തനഫലമായി അതിനെ ശരീര ധാതുക്കളായി മാറ്റുന്നതാണ് ചരകന്റെ ദഹനത്തോടനുബന്ധിച്ചുള്ള ശരീര ശാസ്ത്രം. ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഒരേ ദിശയിലുള്ള നീക്കം വാതത്തിന്റെ പ്രവര്‍ത്തിയാണന്നും, പല ദഹന രസങ്ങളുടെ ഉറവിടവും പ്രവര്‍ത്തനങ്ങളും ചികിത്സയിലെ പ്രധാന സ്വാധീനങ്ങളുമായി വളര്‍ന്നു.

[തിരുത്തുക] വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം

'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 ഡോ. ഏം ഏസ് വല്യത്താന്‍, ദി ലെഗസി ഒഫ് ചരക, ഓറിയന്റ് ലോങ്ങ്മാന്‍ ISBN 81-250-2505-7
"http://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%95%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍