ചമ്മന്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചമ്മന്തി
Chutneykarnataka.jpg
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: ചട്‌ണി
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ദക്ഷിണഏഷ്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: തേങ്ങ, ഉപ്പ്, മുളക്, പുളി, മല്ലി ഇല, ചുവന്നുള്ളി, കറിവേപ്പില
ചമ്മന്തി
ദോശയും ചമ്മന്തിയും

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ചട്ണി,[1] അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് കുഴമ്പ്‌ പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതി മലബാറിൽ നിലവിലുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

ചമ്മന്തിയുടെ ഉൽഭവം ഇന്ത്യയിലാണെന്ന് പൊതുവേ കരുതപ്പെടുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ മാംസം ചേർത്ത ചമ്മന്തികൾ ഇതിലും വളരെ മുൻപ് പ്രചാരത്തിലുണ്ടായിരുന്നു എന്നും പറയപ്പെടുന്നു [അവലംബം ആവശ്യമാണ്].ഇതിനായി ഉപയോഗിക്കുന്ന ചേരുവകൾ എല്ലാം അമ്മിയിൽ അരച്ചും മിക്സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തിൽ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമന്തിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടുകു വറുത്തിട്ട രൂപത്തെ ചട്ണി എന്നു പറയുന്നു.

[തിരുത്തുക] പേരിനു പിന്നിൽ

സംസ്കൃതത്തിലെ 'സംബന്ധി' എന്ന വാക്കിൽ നിന്നാണ് മലയാളത്തിലെ 'സമ്മന്തി' അഥവാ 'ചമ്മന്തി' ഉണ്ടായത് എന്നു പറയപ്പെടുന്നു. സംബന്ധി എന്നാൽ ബന്ധപ്പെട്ടത് എന്നർത്ഥം. ചോറിനോടും കഞ്ഞിയോടും മറ്റ് പല പലഹാരങ്ങളോടും ബന്ധപ്പെടുത്തി അല്ലെങ്കിൽ ചേർത്തു കഴിക്കാവുന്ന ഒരു വിഭവമായതിനാലാണത്രേ ചമ്മന്തിക്കു ആ പേരു വന്നത്.[അവലംബം ആവശ്യമാണ്]

[തിരുത്തുക] പലതരം ചമ്മന്തികൾ

  • തേങ്ങ ചമ്മന്തി
  • തേങ്ങ പുളിച്ചമ്മന്തി
  • ഇഞ്ചി ചമ്മന്തി
  • മാങ്ങ ചമ്മന്തി
  • പരിപ്പ് ചമ്മന്തി
  • മാങ്ങയിഞ്ചി ചമ്മന്തി
  • പപ്പട ചമ്മന്തി
  • കടലപ്പരിപ്പ് ചമ്മന്തി
  • മുതിര ചമ്മന്തി
  • നിലക്കടല ചമ്മന്തി
  • ഉപ്പുമാങ്ങ ചമ്മന്തി
  • നെല്ലിക്ക ചമ്മന്തി
  • ഉള്ളി ചമ്മന്തി
  • ഇലമ്പിക്കാ ചമ്മന്തി
  • തക്കാളി ചമ്മന്തി
  • വഴുതനങ്ങ ചമ്മന്തി
  • കടലപ്പരിപ്പ് ചമ്മന്തി
  • കശുവണ്ടി ചമ്മന്തി
  • ചമ്മന്തിപ്പൊടി
  • പുതിന ചമ്മന്തി
  • മല്ലിയില ചമ്മന്തി
  • ഉണക്കക്കൊഞ്ച്‌ ചമ്മന്തി
  • ചുട്ട ചമ്മന്തി
  • അടച്ചൂറ്റി ചമ്മന്തി
  • വേപ്പിലക്കട്ടി ചമ്മന്തി


[തിരുത്തുക] തേങ്ങ ചമ്മന്തി

ചുരണ്ടിയ തേങ്ങ പച്ചമുളകും ഉപ്പും അല്പം വെള്ളവും കൂട്ടി അരച്ചശേഷം കറിവേപ്പിലയും ഉള്ളിയും ചതച്ചു ചേർത്ത് നന്നായി യോജിപ്പിച്ചാണ് തേങ്ങ ചമ്മന്തി ഉണ്ടാക്കുന്നത്‌. മലബാറിൽ പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിക്കുന്നു.

[തിരുത്തുക] തേങ്ങ പുളിച്ചമ്മന്തി

തേങ്ങ ചമ്മന്തിയിൽ ഒരു നെല്ലിക്കയോളം വലിപ്പത്തിൽ വാളൻപുളി കൂടി ചേർത്ത് അരയ്ക്കുന്ന ചമ്മന്തിയെ തെങ്ങ പുളിച്ചമ്മന്തി എന്ന് വിളിക്കുന്നു.

[തിരുത്തുക] ഇഞ്ചി ചമ്മന്തി

തേങ്ങ ചമ്മന്തി അരയ്ക്കുമ്പോൾ ഒരു കഷണം ഇഞ്ചി കൂടി ചേർത്താൽ ഇഞ്ചി ചമ്മന്തി തയ്യാറാക്കാം.

[തിരുത്തുക] പരിപ്പ് ചമ്മന്തി

ചെറുപയർ പരിപ്പും തേങ്ങ ചുരണ്ടിയതും കൂടി അരച്ച്, അതിനോട് വറ്റൽ മുളകും ഉപ്പും കൂടി അരച്ച മിശ്രിതം ചേർത്ത് വീണ്ടും ഉള്ളിയും കറിവേപ്പിലയും ചേർത്തരച്ചാണ് പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

[തിരുത്തുക] കടലപ്പരിപ്പ് ചമ്മന്തി

കുതിർത്ത കടലപ്പരിപ്പും, വറ്റൽമുളകും, ഉപ്പും കായവും കൂടി ഒതുക്കിയ തേങ്ങയുടെ കൂടെ ചേർത്തരച്ച ശേഷം ഈ മിശ്രിതം കറിവേപ്പിലയും കടുകും ചേർത്ത് എണ്ണയിൽ വറുത്താണ് കടലപ്പരിപ്പ് ചമ്മന്തി തയ്യാറാക്കുന്നത്.

[തിരുത്തുക] മുതിര ചമ്മന്തി

പരിപ്പ് ചമ്മന്തിയിൽ ചെറുപയർ പരിപ്പിന് പകരം മുതിര ചേർത്താണ് മുതിര ചമ്മന്തി തയ്യാറാക്കുന്നത്.

[തിരുത്തുക] നിലക്കടല ചമ്മന്തി

പരിപ്പ് ചമ്മന്തിയിൽ കടലപ്പരിപ്പിനു പകരം നിലക്കടല ചേർത്താണ് നിലക്കടല ചമ്മന്തി തയ്യാറാക്കുന്നത്.

[തിരുത്തുക] ഉപ്പുമാങ്ങ ചമ്മന്തി

വെള്ളം ചേർക്കാതെ അരച്ച ഉപ്പുമാങ്ങയോടുകൂടി ഉപ്പും പച്ചമുളകും ചേർത്തരയ്ക്കുക.ഇതിൽ ഉള്ളിയും കറിവേപ്പിലയും ചതച്ചു ചേർത്താൽ ഉപ്പുമാങ്ങ ചമ്മന്തി തയ്യാറാക്കാം.പച്ചമുളകിന് പകരം വറ്റൽ മുളകും ഉപയോഗിച്ച് കാണുന്നു.

[തിരുത്തുക] നെല്ലിക്കാ ചമ്മന്തി

ഉപ്പും മുളകും കൂടി നന്നായി അരച്ച ശേഷം കുരുകളഞ്ഞ നെല്ലിക്കയും തേങ്ങയും കൂട്ടിവച്ച് നന്നായി അരച്ചെടുത്ത് ഉണ്ടാക്കുന്ന വിഭവത്തെ നെല്ലിക്ക ചമ്മന്തി എന്ന് പറയുന്നു.നെല്ലിക്ക ചമ്മന്തി കുറുക്കി കടുക് വറുത്ത് കൂട്ടാനായും ഉപയോഗിക്കാറുണ്ട്.

[തിരുത്തുക] അടച്ചൂറ്റിചമ്മന്തി

അടപ്പുപലകയിലുണ്ടാക്കുന്ന ചമ്മന്തി അടച്ചൂറ്റിചമ്മന്തി എന്നറിയപ്പെടുന്നു. ചുവന്നുള്ളി, കാന്താരിമുളക്, വാളൻപുളി, ഉപ്പ് എന്നിവ പലകയിൽ വച്ച് കൈ കൊണ്ട് നന്നായി ഞെരുടി വെള്ളവും ശേഷം പച്ച വെളിച്ചെണ്ണയും ചേർത്താണ് അടച്ചൂറ്റി ചമ്മന്തി ഉണ്ടാക്കുന്നത്. പുഴുക്ക് ഭക്ഷണം (ചേമ്പ്, കപ്പ, ചേന) സാധാരണമായിരുന്ന പഴയ പഞ്ഞ കാലങ്ങളിൽ കർ‍ഷകരുടെ പ്രിയ വിഭവമായിരുന്നു അടച്ചൂറ്റിയിൽ പെട്ടെന്നുണ്ടാക്കുന്ന അടച്ചൂറ്റിച്ചമ്മന്തി.

[തിരുത്തുക] പുളിയിലച്ചമ്മന്തി

പുളിമരത്തിന്റെ ഇല ചേർത്ത് തയ്യാറാക്കുന്ന ചമ്മന്തിയാണ് പുളിയിലച്ചമ്മന്തി. പുളിയില, കാന്താരി, തേങ്ങ, ഉള്ളി, ഉപ്പ്, എന്നിവ ചേർത്ത് അരച്ച് വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുത്താണ് ഇത് തയ്യാറാക്കുന്നത്.

[തിരുത്തുക] മാങ്ങയിഞ്ചി ചമ്മന്തി

ചുരണ്ടിയ തേങ്ങയും പച്ചമുളകും ഉപ്പും ചുവന്നുള്ളിയും മാങ്ങയിഞ്ചിയും ചേർത്ത് അരച്ച് മാങ്ങയിഞ്ചി ചമ്മന്തി തയ്യാറാക്കാം.

[തിരുത്തുക] വേപ്പിലക്കട്ടി

ചെറു നാരകത്തിന്റെ ഇല (വലിയ നാരു കളഞ്ഞത്) കുറച്ച് കറി വേപ്പിലയും മല്ലിയിലയും ഉപ്പും ചേർത്ത് ഉരലിലിട്ട് ഇടിക്കുക. പൊടിഞ്ഞ് തുടങ്ങുമ്പോൾ വറ്റൽ‌ മുളകും കായവും ചേർത്ത് വീണ്ടും ഇടിക്കുക. വേണമെങ്കിൽ അൽപ്പം നാരങ്ങാ നീരോ പുളിയോചേർക്കാം.

[തിരുത്തുക] പപ്പട ചമ്മന്തി

ചുവന്നുള്ളിയും കുത്തിപ്പൊടിച്ച വറ്റൽ‌ മുളകു പൊടിയും (തീരെ പൊടിയാകരുത്) ഉപ്പും അല്പം വാളൻ പുളിയും (വേണെമെങ്കിൽ) ചുട്ട പപ്പടവും ചേർത്ത് ചതച്ചെടുത്ത് കുറച്ച് പച്ച വെളിച്ചെണ്ണയും ചേർത്ത് തിരുമ്മിയാൽ പപ്പട ചമ്മന്തി തയ്യാർ.

[തിരുത്തുക] ഇന്ത്യയിലെ വിവിധഭാഗങ്ങളിൽ

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. Dictionary Meaning: Chutney; TheFreeDictionary; Free Online Dictionary, Thesaurus, and Encyclopedia

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചമ്മന്തി&oldid=1315084" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ