ചന്ദ്രയാന്‍-1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം/ഉപവിഭാഗം ഇപ്പോള്‍ നടക്കുന്ന ഒരു ബഹിരാകാശയാത്രയെ പറ്റിയുള്ളതാണ്. പുരോഗതിക്കനുസരിച്ച് വിവരങ്ങള്‍ മാറിയേക്കാം. |
| ചന്ദ്രയാന്‍-1 | |
|---|---|
ചന്ദ്രയാന്‍ I |
|
| സംഘടന | ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ |
| Mission type | ഓര്‍ബിറ്റര്‍ |
| Satellite of | ചന്ദ്രന്‍ |
| വിക്ഷേപണ ദിവസം | 22 ഒക്ടോബര്‍ 2008 ഇന്ത്യയിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് |
| വിക്ഷേപണ വാഹനം | പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ പരിഷ്കരിച്ച പതിപ്പ് [PSLV-XL] |
| മിഷന്‍ കാലയളവ് | 2 വര്‍ഷം |
| NSSDC ID | CHANDRYN1 |
| വെബ് പേജ് | ചന്ദ്രയാന്‍-1 |
| ഭാരം | 1380 കിലോഗ്രാം[1] |
| Power | 750 W |
| Eccentricity | ഏതാണ്ട് വൃത്താകൃതി |
| Apoapsis | ആദ്യ 1000 കി.മീ. |
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍ 1[2]. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബര്‍ 22ന് കൃത്യം 6.22ന് ചന്ദ്രനിലേയ്ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ് ചന്ദ്രയാന്‍. ആയിരത്തോളം ഐ.എസ്.ആര്‍.ഓ. ശാസ്‌ത്രജ്ഞര്‍ നാലുവര്‍ഷമായി ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചന്ദ്രയാന്‍ പേടകം നിര്‍മ്മിക്കാന്‍ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ എത്തുമ്പോള്‍ 675 കിലോഗ്രാം ഭാരവും ഉള്ള[3] ചന്ദ്രയാന്‍ പേടകം ചന്ദ്രന്‍റെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്[4]. ചന്ദ്രയാന്‍-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയില്‍ പഠിക്കുക എന്നതാണ്. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങള്‍ തരും എന്നു പ്രതീക്ഷിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
"ചാന്ദ്രയാന്‍" എന്ന സംസ്കൃത പദത്തിന്റെ അര്‍ഥം ചന്ദ്രവാഹനം എന്നാണ് അതില്‍ നിന്നാണ് ചന്ദ്രയാന്‍ എന്ന പദം ഉത്ഭവിച്ചത്.
[തിരുത്തുക] ചരിത്രം
1959-ല്‍ സോവിയറ്റ് യൂണിയന്‍റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്‍റെ ചന്ദ്രയാത്ര സ്വപ്നങ്ങള്‍ക്ക് ജീവന്‍ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് ഇതിന് ശക്തി പകര്‍ന്നു. [5] 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു. നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ല്‍ ഹൈട്ടണ്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട് ജപ്പാന്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാല്‍ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകള്‍ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്. ജപ്പാന്‍ ഒരുക്കുന്ന രണ്ട് പദ്ധതികളാണ് ലുണാര്‍-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജന്‍സിയുടെ പരിഗണനയിലുണ്ട്. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചന്ദ്രയാന്‍-1 2008-ലാണ് പൂര്‍ത്തിയായത്.[5] ഡോ. കസ്‍തൂരി രംഗന്‍ ഐ.എസ്.ആര്‍.ഓ. ചെയര്‍മാനായിരിക്കുമ്പോഴാണ് ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര്‍ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ വച്ചു നടന്ന അസ്ട്രോണൊമിക്കല്‍ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തില്‍ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. ഇപ്പോഴത്തെ ചെയര്‍മാനായ ജി. മാധവന്‍ നായര്‍ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി.
ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകള്‍ നമുക്കിന്ന് ലഭിച്ചിരിക്കുന്നത് അപ്പോളോ, ലൂണ, ക്ലെമന്‍റൈന്‍, ലുണാര്‍ പ്രോസ്പെക്റ്റര്‍ തുടങ്ങിയ വമ്പിച്ച ദൗത്യത്തില്‍ നിന്നും അതിന്‍റെ പരീക്ഷണശാലാ നിഗമനങ്ങളില്‍ നിന്നുമാണ്. ഇത്തരം അറിവുകള്‍ ചന്ദ്രന്‍റെ ഉല്‍പത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിന്‍റെ ഉല്‍പത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെയാണ് ISRO ചന്ദ്രയാന്‍- 1 ദൗത്യം വികസിപ്പിച്ചെടുത്തത്.
[തിരുത്തുക] ഉപഗ്രഹം
ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാന്‍. ഈ പദ്ധതില്‍ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.
- ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂണ്‍ ഇംപാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
- രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങള്‍ രണ്ടുവര്‍ഷത്തോളം നീളുന്ന നിരീക്ഷണങ്ങള്‍, ഭ്രമണംചെയ്യുന്ന ഉപഗ്രഹത്തില്‍ നിന്ന് നിര്‍വ്വഹിക്കും.
ചന്ദ്രയാന്‍ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭൂമിക്കു 240 കി.മീ. പുറത്ത് 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക് ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ് ഈ ഉപഗ്രഹത്തെ റോക്കറ്റുകള്‍ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തില്‍ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട് ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.
സാധാരണ പ്രകാശത്തിലും, ഇന്‍ഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തില്‍ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവര്‍ഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത് വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂര്‍ണ ചിത്രീകരണവുമാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങള്‍. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നല്‍കിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍നിന്നും, പിന്നീടു 100 x 100 കിലോമീറ്റര്‍ ചന്ദ്രധ്രുവഭ്രമണപഥത്തില്‍നിന്നും ആയിരിക്കും ചന്ദ്രയാന്‍ I ഈ ദൌത്യം പൂര്‍ത്തീകരിക്കുക. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയില്‍ അണ്ണാദുരൈയെ ഈ ദൌത്യത്തിന്‍റെ തലവനായി ചുമതല ഏല്‍പ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്‍റെ വകയായി അഞ്ചും, ബള്‍ഗേറിയന്‍ ബഹിരാകാശ ഏജന്‍സി, നാസ, ഏസ ഇന്നിവിടങ്ങളില്‍ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.[6]
[തിരുത്തുക] മൂണ്‍ ഇംപാക്റ്റ് പ്രോബ്
ചന്ദ്രനിലില്‍ നിന്നും നൂറുകിലോമീറ്റര്‍ ഉയരത്തില്‍ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തില്‍ നിന്നും വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുവാനായി നിര്‍മ്മിച്ചിരിക്കുന്ന ഭാഗമാണ് മൂണ്‍ ഇംപാക്റ്റ് പ്രോബ്. 2008 നവംബര്‍ 14-ന് ഇന്ത്യന്‍ സമയം രാത്രി 8.31-ന് മൂണ്‍ ഇംപാക്ട് പ്രോബ് ചന്ദ്രനില്‍ വിജയകരമായി ഇടിച്ചിറങ്ങി.[7] ഒരു ഹൈറെസലൂഷന്‍ മാസ് സ്പെക്ട്രോമീറ്റര്‍, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആള്‍ട്ടിമീറ്റര്‍ എന്നിവയാണ് മൂണ്‍ ഇംപാക്റ്റ് പ്രോബില്‍ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യന്‍ പതാകചിത്രവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
[തിരുത്തുക] വിക്ഷേപണം
പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ (PSLV) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാന്‍ -1 സെക്കന്റില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തില്‍ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിന്‍റെ ഭ്രമണപഥത്തില്‍ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ് ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വര്‍ഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.[5]
[തിരുത്തുക] ലക്ഷ്യങ്ങള്‍
ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ് ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങള്‍ താഴെ പറയുന്നവ ആണു.
- ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
- ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
- എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളില്‍ കെമിക്കല്‍ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
- ധ്രുവപ്രദേശങ്ങളില്‍, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
- ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
- ചന്ദ്രനിലെ ഗര്‍ത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
- ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങള്‍ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.
[തിരുത്തുക] അവലംബം
- ↑ http://www.isro.org/Chandrayaan/htmls/launch_vehicle.htm
- ↑ http://thatsmalayalam.oneindia.in/news/2008/10/07/india-chandrayaan-to-be-launched-on-october-22.html
- ↑ http://www.isro.org/chandrayaan/htmls/spacecraft_description.htm
- ↑ http://malayalam.webdunia.com/newsworld/news/national/0810/20/1081020006_1.htm
- ↑ 5.0 5.1 5.2 "ചന്ദ്രോത്സവം- പഠിപ്പുര", മലയാള മനോരമ, 2007 ജൂലൈ 20 വെള്ളി. ശേഖരിച്ചത് 2007 ആഗസ്ത് 30. (മലയാളം)
- ↑ http://www.isro.org/Chandrayaan/htmls/psexperiments.htm
- ↑ Chandrayaan-I Impact Probe lands on moon. Times of India. ശേഖരിച്ചത് നവംബര്‍ 14, 2008.

