ചന്ദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഭൂമിയില്‍ നിന്നുള്ള കാഴ്ച |
|||||||
| ഭ്രമണപഥം സംബന്ധിച്ച വിവരങ്ങള്‍ | |||||||
|---|---|---|---|---|---|---|---|
| ഭ്രമണപഥത്തിന്റെ ചുറ്റളവ് |
2,413,402 കി.മീ (0.016 AU) |
||||||
| Eccentricity | 0.0554 | ||||||
| ഉപഭൂ | 363,104 km (0.0024 AU) |
||||||
| അപഭൂ | 405,696 km (0.0027 AU) |
||||||
| പരിക്രമണ സമയം | 27.321 66155 d (27 ദി. 7 മ. 43.2 മി.) |
||||||
| ഭൂമിക്ക് ആപേക്ഷികമായി |
29.530 588 d (29 ദി. 12 മ. 44.0 മി.) |
||||||
| ശരാശരി പരിക്രമണ വേഗം |
1.022 കി.മീ/സെ. | ||||||
| ഏറ്റവും കൂടിയ പരിക്രമണ വേഗം |
1.082 കി.മീ/സെ. | ||||||
| ഏറ്റവും കുറഞ്ഞ പരിക്രമണ വേഗം |
0.968 കി.മീ/സെ. | ||||||
| ഭ്രമണപഥത്തിന്റെ ചരിവ് |
28.60° - 18.30° (ക്രാന്തിവൃത്തവുമായി 5.145 396°) |
||||||
| രാഹു/കേതു എന്നിവയുടെ ചലനം |
പശ്ചാത്ഗതി, 18.6 വര്‍ഷത്തില്‍ ഒരു ചക്രം പൂര്‍ത്തിയാക്കുന്നു |
||||||
| ഉപഭൂകോണിന്റെ ചലനം | പുരോഗതി, 8.85 വര്‍ഷത്തില്‍ ഒരു ചക്രം പൂര്‍ത്തിയാക്കുന്നു |
||||||
| ഏത് ഗ്രഹത്തിനു ചുറ്റും ഭ്രമണം ചെയ്യുന്നു: |
ഭൂമി | ||||||
| ഭൗതിക വിവരങ്ങള്‍ | |||||||
| മധ്യരേഖാ വ്യാസം | 3,476.2 കീ.മീ[1] (ഭൂമിയുടെ 0.273 ഇരട്ടി) |
||||||
| ധ്രുവരേഖാ വ്യാസം | 3,472.0 കി.മീ (ഭൂമിയുടെ 0.273 ഇരട്ടി) |
||||||
| ഗോളത്തില്‍ നിന്നുള്ള വ്യതിയാനം |
0.0012[2] | ||||||
| ഉപരിതല വിസ്തീര്‍ണ്ണം | 3.793 × 107km² (ഭൂമിയുടെ 0.074 ഇരട്ടി) |
||||||
| വ്യാപ്തം | 2.1958 × 1010km³ (ഭൂമിയുടെ 0.020 ഇരട്ടി) |
||||||
| പിണ്ഡം | 7.347 673 × 1022kg (ഭൂമിയുടെ 0.0123 ഇരട്ടി) |
||||||
| ശരാശരി സാന്ദ്രത | 3,346.2 kg/m3 | ||||||
| മധ്യരേഖാപ്രദേശത്തെ ഗുരുത്വാകര്‍ഷണം |
1.622 m/s2 (ഭൂമിയുടെ 0.1654 ഇരട്ടി) |
||||||
| വിടുതല്‍ പ്രവേഗം | 2.38 km/s | ||||||
| ഭ്രമണസമയം | 27.321 661 d (synchronous) |
||||||
| ഭ്രമണ വേഗം | 16.655 km/h (മധ്യരേഖാപ്രദേശത്ത്) |
||||||
| അച്ചുതണ്ടിന്റെ ചരിവ് | ക്രാന്തിവൃത്തത്തിന് 1.5424° | ||||||
| ആല്‍ബിഡോ | 0.12 | ||||||
| ദൃശ്യകാന്തിമാനം | -12.74 | ||||||
| ഉപരിതലത്തിലെ താപനില |
|
||||||
| ചന്ദ്രന്റെ മാന്റില്‍, ക്രസ്റ്റ് എന്നിവയുടെ നിര്‍മ്മിതി |
|||||||
| ശതമാനം ഭാരം (ഏകദേശം) | |||||||
| ഓക്സിജന്‍ | 42.6 % | ||||||
| മഗ്നീഷ്യം | 20.8 % | ||||||
| സിലിക്കണ്‍ | 20.5 % | ||||||
| ഇരുമ്പ് | 9.9 % | ||||||
| കാത്സ്യം | 2.31 % | ||||||
| അലുമിനിയം | 2.04 % | ||||||
| നിക്കല്‍ | 0.472 % | ||||||
| ക്രോമിയം | 0.314 % | ||||||
| മാംഗനീസ് | 0.131 % | ||||||
| ടൈറ്റാനിയം | 0.122 % | ||||||
| അന്തരീക്ഷത്തിന്റെ സവിശേഷതകള്‍ | |||||||
| അന്തരീക്ഷ മര്‍ദ്ദം | 3 × 10-13kPa | ||||||
| ഹീലിയം | 25 % | ||||||
| നിയോണ്‍ | 25 % | ||||||
| ഹൈഡ്രജന്‍ | 23 % | ||||||
| ആര്‍ഗണ്‍ | 20 % | ||||||
| മീഥേന്‍ |
ചെറിയ അംശങ്ങള്‍ | ||||||
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്ത ഉപഗ്രഹമാണ് ചന്ദ്രന്‍.ഇംഗ്ലീഷ്: Moon, Luna. ഭൂമിയില്‍ നിന്ന് ശരാശരി 3,84,403 കിലോമീറ്റര്‍ ദൂരെയാണ് ചന്ദ്രന്‍ സ്ഥിതി ചെയ്യുന്നത്; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ഈ ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തില്‍ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാന്‍ ചന്ദ്രന് 27.3 ദിവസങ്ങള്‍ വേണം.[nb 1]
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം,[3] ഇത് ഭൂമിയുടെ വ്യാസത്തില്‍ നാലിലൊന്നിനെക്കാള്‍ അല്പം കൂടുതലാണ്. അതിനാല്‍ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീര്‍ണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീര്‍ണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യ, കാനഡ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവ ചേര്‍ന്നാലുള്ളത്ര വിസ്തീര്‍ണ്ണം). ഉപരിതലത്തിലെ ഗുരുത്വാകര്‍ഷണശക്തി ഭൂമിയുടെ ഉപരിതലത്തില്‍ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താന്‍ ഏകദേശം 1.3 സെക്കന്റുകള്‍ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളില്‍ വലിപ്പം കൊണ്ട് ചന്ദ്രന്‍ അഞ്ചാം സ്ഥാനത്താണ്. ഭാരം കൊണ്ടും വ്യാസം കൊണ്ടും ഈ സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പര്‍ശിച്ച മനുഷ്യനിര്‍മിത വസ്തു ലൂണ 2 ആണ്. 1959-ല്‍ ഈ വാഹനം ചന്ദ്രോപരിതലത്തില്‍ വന്നിടിച്ച് തകരുകയാണുണ്ടായത്. ഇതേ വര്‍ഷം തന്നെ മറ്റൊരു മനുഷ്യ നിര്‍മിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക് അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതില്‍ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ യാനം എന്ന ബഹുമതി 1966-ല്‍ ചന്ദ്രനിലിറങ്ങിയ ലൂണ 9-ന് അവകാശപ്പെട്ടതാണ്. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിര്‍വഹിച്ചെങ്കിലും ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ വിജയകരമായി കാലു കുത്തിയത് 1969-ല്‍ അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്. ഭൂമിക്ക് പുറത്ത് മനുഷ്യന്‍ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
സാഹിത്യകാരന്മാര്‍ക്കും ചിത്രകാരന്മാര്‍ക്കും എല്ലാം എന്നും ഒരു പ്രചോദനമായിട്ടാണ് ചന്ദ്രന്‍ നിലകൊള്ളുന്നത്. കവിത, കഥ, നാടകം, സംഗീതം, ചിത്രങ്ങള്‍ എന്നിവയിലെല്ലാം ഒരു പ്രതിരൂപമാണ് ഈ ഗോളം. അയര്‍ലണ്ടിലെ നോത്ത് എന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത 5000 വര്‍ഷം പഴക്കമുള്ള ഒരു പാറക്കഷണത്തില്‍ കണ്ട ചന്ദ്രന്റെ കൊത്തുപണി അത്തരത്തിലുള്ള ഏറ്റവും പുരാതനമായ ഒന്നായി കണക്കാക്കപ്പെടുന്നു[4]. പുരാതന കാലഘട്ടത്തില്‍ പല സംസ്കാരങ്ങളിലും ചന്ദ്രനെ ഒരു ദൈവമായി ആരാധിച്ചു പോന്നിരുന്നു. ഹിന്ദു പുരാണപ്രകാരം ചന്ദ്രന്‍ ഒരു ദേവതയാണ്. ഇന്നും ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള ജ്യോതിഷരീതികൾ നിലവിലുണ്ട്.
ഗ്രീക്ക് ചിന്തകനായ അനക്സാഗൊരാസ് ആണ് പാശ്ചാത്യലോകത്ത് ആദ്യമായി ചന്ദ്രനും സൂര്യനുമെല്ലാം വലിയ ഗോളരൂപമുള്ള പാറകളാണ് എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. ചന്ദ്രൻ സൂര്യപ്രകാശം പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഈ പ്രസ്താവന അദ്ദേഹത്തെ തടവ് ശിക്ഷക്കും നാടുകടത്തലിനും ആണ് വിധേയനാക്കിയത്[5]. അരിസ്ടോട്ടിലിന്റെ പ്രപഞ്ചഘടനയിൽ മാറ്റങ്ങൾ വരുന്ന ഭൂമി, ജലം, വായു, അഗ്നി എന്നിവയുടെ ഗോളങ്ങളെയും മാറ്റമില്ലാത്തതായ ഈഥറിലെ നക്ഷത്രങ്ങളെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി ചന്ദ്രനായിരുന്നു. നൂറ്റാണ്ടുകളോളം ഭൗതികശാസ്ത്രജ്ഞർ ഈ വിശ്വാസത്തിൽ തുടർന്നു[6].
മധ്യകാലഘട്ടമായപ്പോഴേക്കും ദൂരദർശിനിയുടെ കണ്ടുപിടിത്തത്തിന് മുമ്പു തന്നെ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ചന്ദ്രന്‍ ഒരു ഗോളവസ്തുവാണെന്ന തിരിച്ചറിവ് നേടിത്തുടങ്ങി. എന്നിരുന്നാലും അത്യന്തം മിനുസമേറിയ ഒരു ഗോളമാണെന്ന ധാരണയായിരുന്നു അതില്‍ അധികം പേര്‍ക്കും[7]. 1609-ല്‍ തന്റെ Sidereus Nuncius എന്ന പുസ്തകത്തില്‍ ചന്ദ്രന്‍ മിനുസമാര്‍ന്ന ഒരു ഗോളമല്ല മറിച്ച് കുന്നുകളും കുഴികളും നിറഞ്ഞതാണെന്ന് ഗലീലിയോ പ്രസ്താവിച്ചു. പിന്നീട് 17-ആം നൂറ്റാണ്ടില്‍ ജിയോവാനി ബാറ്റിസ്റ്റ റിച്ചിയോളിയും ഫ്രാഞ്ചെസ്കോ മരിയാ ഗ്രിബാള്‍ഡിയും ചന്ദ്രന്റെ ഒരു ഭൂപടം തയ്യാറാക്കി. അവര്‍ അതില്‍ ഗര്‍ത്തങ്ങള്‍ക്കും, പര്‍വതങ്ങള്‍ക്കും ഉപയോഗിച്ച പല പേരുകളും ഇന്നും തുടര്‍ന്നുപയോഗിച്ചു വരുന്നു.
ചന്ദ്രന്റെ ഭൂപടങ്ങളിൽ ഇരുണ്ട ഭാഗങ്ങളെ മരിയ (കടലുകൾ) എന്നും പ്രകാശമാനമായവയെ ടെറേ (ഭൂഖണ്ഡങ്ങൾ) എന്നും നാമകരണം ചെയ്തു. ചന്ദ്രനിൽ സസ്യജാലങ്ങളും നിവാസികളുമുണ്ടാകാം എന്ന വിശ്വാസം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങൾ വരെ പ്രഗൽഭ ജ്യോതിശാസ്ത്രജ്ഞർ പുലർത്തിപ്പോന്നു. 1835-ൽ Great Moon Hoax വിശ്വസിച്ചവർ ചന്ദ്രനിൽ അദ്ഭുതജീവികൾ ജീവിക്കുന്നുണ്ടെന്ന് കരുതി[8]. എന്നാൽ ഏതാണ്ട് അക്കാലം തന്നെ വിൽഹെൽമ് ബിയർ, ജൊഹാൻ മാഡ്ലർ എന്നിവർ Mappa Selenographica, Der Mond എന്നീ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച് ചന്ദ്രനിൽ ജലമോ കാര്യമായ അന്തരീക്ഷമോ ഇല്ല എന്ന് സ്ഥാപിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയുടെ അവസാനം വരെപ്പോലും ചന്ദ്രന്റെ ദൂരപക്ഷഭാഗത്തെക്കുറിച്ച് യാതൊന്നും തന്നെ അറിയപ്പെട്ടിരുന്നില്ല. 1959-ൽ സോവിയറ്റ് യൂണിയന്റെ ലൂണ-3 ആണ് ആദ്യമായി ഇതിൽ വിജയിച്ചത്. തുടർന്ന് 1960-കളിൽ ലൂണാർ ഓർബിറ്റർ പ്രോഗ്രാം ദൂരപക്ഷഭാഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കുകയും ആ ഭാഗത്തിന്റെ ഭൂപടം ഉണ്ടാക്കുന്നതിൽ വിജയിക്കുകയും ചെയ്തു.
[തിരുത്തുക] ചന്ദ്രോപരിതലം
[തിരുത്തുക] ചന്ദ്രബിംബത്തിന്റെ രണ്ട് മുഖങ്ങള്‍
ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന അതേ സമയദൈര്‍ഘ്യം കൊണ്ടു തന്നെയാണ് ചന്ദ്രന്‍ അതിന്റെ അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുന്നതും, അതിനാല്‍ തന്നെ ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ എല്ലായ്പ്പോഴും ഒരുവശം മാത്രമേ ദൃഷ്ടിഗോചരമാകുന്നുള്ളൂ. മുന്‍പ് കൂടിയ വേഗത്തില്‍ ഭ്രമണം ചെയ്തിരുന്ന ചന്ദ്രന്‍ ഭൂമിയുമായുള്ള ഘര്‍ഷണ പ്രഭാവങ്ങള്‍ നിമിത്തം ഭ്രമണവേഗം കുറഞ്ഞ് ഇന്നത്തെ അവസ്ഥയില്‍ സ്ഥിരപ്പെടുകയായിരുന്നു.[9]
ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നതിനിടയില്‍ ചെറുതായി ചാഞ്ചാടുന്നതുവഴി ഭൂമിയില്‍ നിന്നുള്ള വീക്ഷണകോണില്‍ മാറ്റം വരുന്നതിനാല്‍ ചന്ദ്രോപരിതലത്തിന്റെ 59 ശതമാനം ഭാഗം വരെ ഭൂമിയില്‍ നിന്ന് ദൃശ്യമാകും (എന്നാല്‍ ഒരു സമയം പകുതി മാത്രമേ കാണാനാകൂ)[3]. ഈ പ്രതിഭാസം ലിബറേഷന്‍ (Libration) എന്നറിയപ്പെടുന്നു.
ഭൂമിയില്‍ നിന്ന് ദൃശ്യമാകുന്ന ചന്ദ്രമുഖത്തെ സമീപപക്ഷവശം എന്നും മറുഭാഗത്തെ ദൂരപക്ഷവശം എന്നും പറയുന്നു. നമുക്ക് ദര്‍ശിക്കാനാവാത്ത ഭാഗത്തെ ചന്ദ്രന്റെ ഇരുണ്ട ഭാഗം എന്നും പറയാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ ഭൂമിയില്‍ നിന്നും കാണാവുന്ന ഭാഗത്ത് ലഭിക്കുന്ന അത്ര തന്നെ സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കുന്നുണ്ട്. 1959 സോവിയറ്റ് യൂണിയന്റെ ബഹിരാകാശ പര്യവേഷണ വാഹനമായ ലൂണ 3 (Luna 3) ആണ് ചന്ദ്രന്റെ ദൂരവശത്തിന്റെ ചിത്രം ആദ്യം പകര്‍ത്തിയത്. ദൂരവശത്തിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അവിടെ സാധാരണ ചന്ദ്രബിംബത്തില്‍ കണ്ടു വരുന്ന കറുത്ത അടയാളങ്ങള്‍ വളരെക്കുറവേ കാണപ്പെടുന്നുള്ളൂ എന്നതാണ്. ഈ കറുത്ത അടയാളങ്ങള്‍ വളരെ പണ്ടുകാലത്തുണ്ടായ ഉല്‍ക്കാപതനങ്ങള്‍ നിമിത്തം ബഹിര്‍ഗമിക്കപ്പെട്ട ബസാള്‍ട്ട് മൂലം രൂപം കൊണ്ട ബസാള്‍ട്ട് സമതലങ്ങള്‍ ആണ്.
| 90° W | സമീപപക്ഷവശം(Near side) | |
|---|---|---|
| 90° E | ദൂരപക്ഷവശം (Far side) |
[തിരുത്തുക] മരിയ
ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ക്കൊണ്ട് വീക്ഷിക്കുമ്പോള്‍ ദൃശ്യമാകുന്ന കറുത്ത പാടുകള്‍ മരിയ (Maria) എന്നറിയപ്പെടുന്നു. ലാറ്റിനിൽ കടലുകള്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. പുരാതന വാനനിരീക്ഷകര്‍ ഇവ ചന്ദ്രനിലെ കടലുകളാണ് എന്നായിരുന്നു ധരിച്ചിരുന്നത്. പ്രാചീനകാലത്ത് ബാസാള്‍ട്ട് ലാവകള്‍ ഉറച്ചുണ്ടായ സമതലങ്ങളാണ് അവ എന്ന് നിലവില്‍ അറിയുന്ന കാര്യമാണ്. ചന്ദ്രോപരിതലത്തില്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളില്‍ ബസാള്‍ട്ട് ലാവകള്‍ ഒഴുകിയിറങ്ങി രൂപപ്പെട്ടവയാണ് ഇവയില്‍ ഭൂരിഭാഗവും. (ഓഷ്യാനസ് പ്രൊസെല്ലേറം ഇതിനൊരപവാദമാണ്, ഉല്‍ക്കാപതനം മൂലമുണ്ടായ ഭാഗമല്ല അത് എന്നാണ് കരുതപ്പെടുന്നത്). ഈ കറുത്തപാടുകള്‍ സമീപപക്ഷത്തില്‍ മാത്രമായി കാണപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്, ദൂരപക്ഷത്തില്‍ അവ തീരെ ഇല്ല എന്നുതന്നെ പറയാം, അവിടിവിടെയായി ഏതാനും പാടുകള്‍ മാത്രമേ (ഏതാണ്ട് ആ ഭാഗത്തിന്റെ 2% മാത്രം) ആ ഭാഗത്തുള്ളൂ[10]. എന്നാല്‍ സമീപ പക്ഷത്തിന്റെ 31 ശതമാനത്തോളം വരും ഈ പാടുകള്‍.[3] ലൂണാര്‍ പ്രൊസ്പെക്റ്ററിലെ (Lunar Prospector) ഗാമാ റേ സ്പെക്‌ട്രോമീറ്ററില്‍ (gamma-ray spectrometer) നിന്നുള്ള വിവരങ്ങള്‍ വഴി തയ്യാറാക്കിയ ജിയോകെമിക്കല്‍ മാപ്പുകളുടെ പ്രത്യക്ഷവല്‍ക്കരണം വഴി സമീപ പക്ഷ അര്‍ദ്ധഗോളത്തിലെ താപോല്പാദന മൂലകങ്ങളുടെ സാന്നിദ്ധ്യമാണ് ഇതിനു നല്‍കപ്പെട്ട ഒരു വിശദീകരണം[11][12]. സമീപ പക്ഷ ഭാഗത്തെ കറുത്ത പാടുകളില്‍ നിരവധി അഗ്നിപര്‍വ്വതങ്ങളുടെ സാന്നിദ്ധ്യവുമുണ്ട്.[13]
[തിരുത്തുക] ടെറേ
ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങള്‍ ടെറേ (Terrae) എന്നു വിളിക്കപ്പെടുന്നു, കറുത്ത പാടുകളായി കാണുന്ന മരിയയേക്കാള്‍ താരതമ്യേന ഉയര്‍ന്ന തലങ്ങളാണ് അവ. ചന്ദ്രോപരിതലത്തില്‍ സമീപപക്ഷവശത്തുള്ള പ്രധാന പര്‍വ്വതനിരകളെല്ലാം ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തതടങ്ങളുടെ വശങ്ങളിലാണ് നിലകൊള്ളുന്നത്, ഇത്തരം ഗര്‍ത്തങ്ങളില്‍ കുറേ ഭാഗത്തിലും ബസാള്‍ട്ട് നിറഞ്ഞുകഴിഞ്ഞിരിക്കുന്നു, ഈ പര്‍വ്വതനിരകളെല്ലാം തന്നെ അത്തരം ഗര്‍ത്തതടങ്ങളുടെ അവശേഷിക്കുന്ന അരികുകളാണെന്ന് വിശ്വസിക്കപ്പെടുന്നു.[14] ഭൂമിയില്‍ ടെക്റ്റോണിക്ക് പ്രവര്‍ത്തനങ്ങള്‍ വഴി രൂപപ്പെടുന്ന പോലെയായിരിക്കില്ല ചന്ദ്രനില്‍ ഇത്തരം പര്‍വ്വതങ്ങളില്‍ ഭൂരിഭാഗവും രൂപപ്പെട്ടത് എന്നും അനുമാനിക്കുന്നു.[15]
2004-ല്‍ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയിലെ ഡോ.ബെന്‍ ബസ്സിയുടെ നേതൃത്വത്തില്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ 73 കിലോമീറ്റര്‍ വിസ്താരമുള്ള പിയറി ഗര്‍ത്തം എന്നറിയപ്പെടുന്ന ഭാഗത്ത് ദിവസം മുഴുവന്‍ പ്രകാശപൂരിതമായി നില്‍ക്കുന്ന നാല് മലനിരകള്‍ കണ്ടെത്തുകയുണ്ടായി. ചന്ദ്രന്റെ അച്ചുതണ്ടിന്റെ വളരെ ചെറിയ ചെരിവാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. ഇതുപോലുള്ള ഭാഗങ്ങള്‍ താരതമ്യേന പര്‍വതനിരകള്‍ കുറവായ ദക്ഷിണ ധ്രുവ പ്രദേശത്ത് കാണുന്നില്ല. എന്നിരുന്നാലും ഷാക്കിള്‍ട്ടണ്‍ ഗര്‍ത്തം എന്നറിയപ്പെടുന്ന ഗര്‍ത്തത്തിന്റെ വശങ്ങള്‍ ദിവസത്തിന്റെ 80%-ത്തോളം സമയം പ്രകാശപൂരിതമായി കാണപ്പെടുന്നുണ്ട്. ഈ വിശകലങ്ങളെല്ലാം ക്ലമന്റൈന്‍ മിഷന്‍ സമയത്തെടുത്ത ചിത്രങ്ങളെ ആസ്പദമാക്കിയാണ് നടന്നിരിക്കുന്നത്. ഈ ചിത്രങ്ങള്‍ എടുക്കപ്പെട്ട സമയത്ത് ചന്ദ്രന്റെ ഉത്തരാര്‍ദ്ധഗോളത്തില്‍ ചൂടുകാലമായിരുന്നു. ശിശിരകാലത്ത് ഈ പ്രതിഭാസം ഇങ്ങനെ തന്നെ തുടരുന്നുണ്ടോ എന്ന വിശകലനങ്ങള്‍ ഇനിയും നടന്നിട്ടില്ല.ചന്ദ്രന്റെ അച്ചുതണ്ടിലുള്ള ചെറിയ ചെരിവിന്റെ പരിണിതഫലമായി ധ്രുവമേഖലയിലെ പല ഗര്‍ത്തങ്ങളുടെയും അടിഭാഗത്ത് സൂര്യപ്രകാശം എത്താറേയില്ല.[16]
[തിരുത്തുക] ഗര്‍ത്തങ്ങള്‍
ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവയുടെ പതനം മൂലമുണ്ടായ ഗര്‍ത്തങ്ങളാല്‍ (Craters)[17] നിറഞ്ഞതാണ് ചന്ദ്രോപരിതലം. ഒരു ദൂരദര്‍ശിനി വഴി ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ 1 കിലോമീറ്ററെങ്കിലും വ്യാസമുള്ള 30000 -ല്‍ അധികം ഗര്‍ത്തങ്ങള്‍ ചന്ദ്രനില്‍ കാണാവുന്നതാണ്. എന്നാല്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്നും കുറച്ചുകൂടി അടുത്ത് കാണാവുന്ന ദൃശ്യത്തില്‍ കുറേക്കൂടി അധികം ചെറിയ ഗര്‍ത്തങ്ങളും ദൃശ്യമാണ്. ഇവയില്‍ പലതും നൂറുകണക്കിന് ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ്. ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതും അവിടത്തെ ഭൗതിക ഘടനയുടെ പ്രത്യേകതയും നിമിത്തമാണ് ഇവ കാലങ്ങളായി യാതൊരു മാറ്റവും കൂടാതെ നിലകൊള്ളുന്നത്.
സൗരയൂഥത്തിലെ തന്നെ അറിയപ്പെടുന്നതില്‍ വെച്ച് ഏറ്റവും വലിയ ഗര്‍ത്തങ്ങളിലൊന്നായ South Pole-Aitken basin നിലകൊള്ളുന്നത് ചന്ദ്രനിലാണ്.[18] ചന്ദ്രന്റെ മറുപുറത്ത്, ദക്ഷിണ ധ്രുവത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ ഗര്‍ത്തത്തിന് 2240 കിലോമീറ്റര്‍ വ്യാസവും 13 കിലോമീറ്റര്‍ ആഴവുമുണ്ട്.[19][20]. ഇമ്പ്രിയം (Imbrium), സെറെനിറ്റേറ്റിസ് (Serenitatis), ക്രിസിയം (Crisium), നെക്റ്റാറിസ് (Nectaris) എന്നിവയാണ് സമീപ പക്ഷ വശത്തിലെ പ്രധാന ഗര്‍ത്തതടങ്ങള്‍.
[തിരുത്തുക] റിഗോലിത്ത്
ചന്ദ്രന്റെ പുറന്തോടിനു മുകളിലായി ഒരു പുതപ്പു പോലെ ഉരുണ്ട ഗോലി പോലുള്ള പാറക്കഷണങ്ങളുടെ ഒരു ആവരണം ഉണ്ട്. റിഗോലിത്ത് (Regolith) എന്നാണിത് അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി പതിച്ച ഉല്‍ക്കാകഷണങ്ങളാണിവ. ചന്ദ്രന്റെ പുറന്തോടിന്റെ ഘനം 60 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാണെങ്കില്‍ റീഗോലിത്തിന്റെ ഘനം മരിയ പ്രദേശങ്ങളില്‍ 3 മുതല്‍ 5 മീറ്റര്‍ വരെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 10 മുതല്‍ 20 മീറ്റര്‍ വരെയുമാണ്[21]. റിഗോലിത്തിന്റെ താഴെയുള്ള ഭാഗം മെഗാറിഗോലിത്ത് എന്നറിയപ്പെടുന്നു. റിഗോലിത്തിനെക്കാള്‍ കട്ടി കൂടിയതാണ് ഈ ഭാഗം[22].
ചന്ദ്രോപരിതലത്തിലെ പൊടി തൊടുമ്പോള്‍ മഞ്ഞുപോലെ അനുഭവപ്പെടുന്നു എന്നും അതിന്റെ ഗന്ധം വെടിമരുന്നിന് സമാനമാണെന്നും ബഹിരാകാശസഞ്ചാരികള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്[23]. ഉല്‍ക്കാപതനങ്ങളില്‍ നിന്ന് പുറന്തള്ളപ്പെട്ട സിലിക്കണ്‍ ഡയോക്സൈഡാണ് ചന്ദ്രനിലെ പൊടിയിലെ പ്രധാന ഘടകം. കാത്സ്യം, മഗ്നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.
[തിരുത്തുക] ജലത്തിന്റെ സാന്നിധ്യം
വളരെക്കാലമായി ഒരുപാട് ഉല്‍ക്കാശകലങ്ങളും വാല്‍നക്ഷത്രങ്ങളും ചന്ദ്രനില്‍ പതിക്കുകയുണ്ടായിട്ടുണ്ട്. ഇവയില്‍ ചിലതിലെല്ലാം വെള്ളത്തിന്റെ അംശങ്ങളും ഉണ്ടായിരുന്നു. സൂര്യപ്രകാശം അതിനെ ഘടകമൂലകങ്ങളായ ഹൈഡ്രജനും ഓക്സിജനുമായി വിഘടിപ്പിക്കുന്നു. ഈ രണ്ട് മൂലകങ്ങളും ചന്ദ്രന്റെ താഴ്ന്ന ഗുരുത്വാകര്‍ഷണം മൂലം ഉടന്‍ തന്നെ ബഹിരാകാശത്തിലേക്ക് പുറന്തള്ളപ്പെടും. എന്നാല്‍ ധ്രുവപ്രദേശങ്ങളിലെ ഗര്‍ത്തങ്ങളുടെ സൂര്യപ്രകാശമെത്താത്ത കേന്ദ്രഭാഗങ്ങളില്‍ ജലം എത്തിപ്പെടുകയാണെങ്കില്‍ അത് കൂടുതല്‍ കാലം അവിടെ സ്ഥിരമായി നില്‍ക്കാന്‍ സാധ്യതയുണ്ട്.
ദക്ഷിണധ്രുവത്തിലെ ഇത്തരം ഗര്‍ത്തങ്ങളെ ക്ലമന്റൈന്‍ മിഷന്‍ മാപ്പ് ചെയ്തിട്ടുണ്ട്[24]. 14000 ചതുരശ്രകിലോമീറ്ററോളം ഭാഗം ഇങ്ങനെ സൂര്യപ്രകാശമെത്താത്തതായി ഉണ്ടാകുമെന്ന് കമ്പ്യൂട്ടര്‍ സിമുലേഷനുകള്‍ കാണിക്കുന്നു[16]. ഖരാവസ്ഥയിലുള്ള ജലം നില്‍ക്കുന്ന ചെറിയ ചെറിയ ഭാഗങ്ങള്‍ ഉപരിതലത്തിന്റെ തൊട്ടുതാഴെയായി ഉണ്ടെന്നാണ് മിഷനിലെ റഡാര്‍ പരീക്ഷണം കാണിച്ചത്. ധ്രുവപ്രദേശങ്ങളിലെ റിഗോലിത്തില്‍ ഹൈഡ്രജന്റെ അളവ് വളരെയധികമാണെന്ന് ലൂണാര്‍ പ്രോസ്പെക്റ്ററിന്റെ ന്യൂട്രോണ്‍ സ്പെക്ട്രോമീറ്ററും കണ്ടെത്തി[25]. മൊത്തം ഒരു ഘനകിലോമീറ്ററോളം ജലം ചന്ദ്രനിലുണ്ടെന്ന് കണക്കാക്കപ്പെട്ടു.
ഉപയോഗയോഗ്യമായ ജലം ഉണ്ടാവുക എന്നത് ചന്ദ്രനില്‍ മനുഷ്യരാശി താമസമുറപ്പിക്കണമെന്നുണ്ടെങ്കില്‍ അത്യാവശ്യമാണ്. അത്തരം അവസ്ഥയില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്ക് വെള്ളം കൊണ്ടുപോവുക സാമ്പത്തികമായി അപ്രായോഗികമായേക്കാം. എന്നാല്‍ അരസിബോ നടത്തിയ പഠനം സൂചിപ്പിക്കുന്നത് ഐസിന്റെ ലക്ഷണമായി ക്ലമന്റൈന്‍ മിഷന്‍ കണക്കാക്കിയ റഡാര്‍ നിരീക്ഷണഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രായം കുറഞ്ഞ ഗര്‍ത്തങ്ങളില്‍ നിന്ന് പാറകള്‍ ഉത്സര്‍ജ്ജിക്കപ്പെടുന്നതാവാമെന്നാണ്[26]. അതിനാല്‍ ചന്ദ്രനില്‍ യഥാര്‍ത്ഥത്തില്‍ എത്ര ജലം ഉണ്ട് എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. ചന്ദ്രനില്‍ നിന്ന് അപ്പോളോ 15 ബഹിരാകാശവാഹനം 2008 ജൂലൈയില്‍ കൊണ്ടുവന്ന Volcanic pearls ല്‍ ജലത്തിന്റെ അംശങ്ങളുണ്ടായിരുന്നു[27].
മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലം ചന്ദ്രോപരിതലത്തിലുണ്ടെന്ന് ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യം കണ്ടെത്തി. 2009 സെപ്റ്റംബര്‍ 24-നാണ് ഈ കണ്ടെത്തല്‍ പുറത്തുവന്നത്[28].
[തിരുത്തുക] ഭ്രമണപഥവും ഭൂമിയുമായുള്ള ബന്ധവും
ചന്ദ്രന് ഭൂമിയെ ഒരു തവണ പൂര്‍ണമായി വലം വെക്കാന്‍ ഏകദേശം 27.3 ദിവസം എടുക്കുന്നു.[nb 1] അതേ സമയം ഭൂമി സൂര്യനു ചുറ്റും പരിക്രമണം നടത്തുന്നുണ്ട് എന്നതിനാല്‍ ഒരു പൗര്‍ണ്ണമി മുതല്‍ അടുത്തത് വരെയുള്ള സമയം ഇതിനെക്കാള്‍ അല്പം കൂടുതലാണ് - 29.5 ദിവസം.[3] സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളുടെ നിരവധി ഉപഗ്രഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നത് ഭൂമധ്യരേഖാ തലത്തിലല്ല മറിച്ച് ക്രാന്തിവൃത്തത്തിന് അടുത്തായിട്ടാണ്.
സൗരയൂഥത്തിലെ ഉപഗ്രഹങ്ങളില്‍ മാതൃഗ്രഹവുമായി താരതമ്യം ചെയ്താല്‍ വലിപ്പം ഏറ്റവും കൂടുതല്‍ ചന്ദ്രനാണ്. ഏകദേശം ഭൂമിയുടെ നാലിലൊന്നു വ്യാസവും ഭൂമിയുടെ പിണ്ഡത്തിന്റെ 1/81 ഭാഗം പിണ്ഡവും ചന്ദ്രനുണ്ട്. പ്ലൂട്ടോ ഗ്രഹമായിരുന്നപ്പോള്‍ അതിന്റെ ഉപഗ്രഹമായ കാരോണായിരുന്നു ഈ സ്ഥാനം. എന്നിരുന്നാലും ഭൂമിയേയും ചന്ദ്രനേയും ഒരു ഗ്രഹ-ഉപഗ്രഹ വ്യവസ്ഥയായാണ് കണക്കാക്കുന്നത്, അല്ലാതെ ഇരട്ട ഗ്രഹങ്ങളായല്ല, കാരണം ഈ വ്യവസ്ഥയുടെ പിണ്ഡകേന്ദ്രം ഭൂമിയുടെ അകത്തുതന്നെയാണ് സ്ഥിതിചെയ്യുന്നത്. ബാരിസെന്റര്‍ എന്നറിയപ്പെടുന്ന ഈ ബിന്ദുവിന്റെ സ്ഥാനം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 1,700 കിലോമീറ്റര്‍ ആഴത്തിലാണ് (അതായത് ഭൂമിയുടെ വ്യാസാര്‍ദ്ധത്തിന്റെ നാലിലൊരു ഭാഗം ആഴത്തില്‍). ചന്ദ്രന്റെ ഉപരിതല വിസ്തീര്‍ണ്ണവും ഭൂമിയുടെ പത്തിലൊന്നിലും കുറവേയുള്ളൂ.
ഭൂമിക്കും ചന്ദ്രനും പരസ്പരം പലതരം ഭൗതിക സ്വാധീനങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് വേലിയേറ്റവും വേലിയിറക്കവും. ഭൂമിയില്‍ അനുഭവപ്പെടുന്ന ഭൂരിഭാഗം വേലിയേറ്റവും ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മൂലം അനുഭവപ്പെടുന്നതാണ്. ഇതിന്റെ ഫലമായി ഭൂമിയുടെ ഭ്രമണവേഗത കുറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നൂറ്റാണ്ടില്‍ ദിവസത്തിന്റെ നീളം 0.002 സെക്കന്റ് വര്‍ദ്ധിക്കുന്ന വിധത്തിലാണ് ഈ മാറ്റം[29].
[തിരുത്തുക] ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമം
ഭൗമ-ചാന്ദ്രവ്യവസ്ഥ ഭൗതികശാസ്ത്രത്തിലെ അടിസ്ഥാനതത്ത്വങ്ങളിലൊന്നായ കോണീയസംവേഗസംരക്ഷണനിയമം (Law of conservation of angular momentum) അനുസരിക്കേണ്ടതുണ്ട്. അതായത്, ബാഹ്യമായ ടോര്‍കിന്റെ അസാന്നിദ്ധ്യത്തില്‍ ഒരു വ്യവസ്ഥയുടെ മൊത്തത്തിലുള്ള കോണീയസംവേഗം സ്ഥിരമായിരിക്കണം. ഭൗമ-ചാന്ദ്രവ്യവസ്ഥയില്‍ കോണീയസംവേഗം രണ്ട് രീതിയിലാണ് പ്രധാനമായും ഉള്ളത്:
- ഭുമി ഓരോ 24 മണിക്കൂറും ചുറ്റിക്കറങ്ങുന്നു. ഈ ഭ്രമണം മൂലമുള്ള കോണീയസംവേഗം
- ചന്ദ്രന്‍ 27.3 ദിവസത്തില്‍ ഭൂമിയെ പരിക്രമണം ചെയ്തുക്കൊണ്ടിരിക്കുന്നു. ഇത് മൂലമുള്ള കോണീയസംവേഗം
ഭൂമിയുടെ ഭ്രമണവേഗത കുറയുമ്പോള്‍ അതോടനുബന്ധിച്ചുള്ള കോണീയസംവേഗവും കുറയുന്നു. അതിനാല്‍ മൊത്തം കോണീയസംവേഗം സംരക്ഷിക്കപ്പെടണമെങ്കില്‍ ചന്ദ്രന്റെ പരിക്രമണം മൂലമുള്ള കോണീയസംവേഗം വര്‍ദ്ധിക്കണം. ഇങ്ങനെ സംഭവിക്കണമെങ്കില്‍ ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം വര്‍ദ്ധിക്കേണ്ടതുണ്ട്. നൂറ്റാണ്ടില്‍ 3.8 മീറ്റര്‍ എന്ന കണക്കിലാണ് ഈ വര്‍ദ്ധനവ്[30].
പണ്ട് ചന്ദ്രന്‍ സ്വയംഭ്രമണത്തിനും പരിക്രമണത്തിനും വ്യത്യസ്ത സമയമായിരുന്നു എടുത്തിരുന്നത്. എന്നാല്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം ചന്ദ്രന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായതുമൂലം (ഭൂമിയില്‍ വേലിയേറ്റത്തിന് കാരണമാകുന്ന അതേ പ്രഭാവം) ഈ സമയങ്ങള്‍ തുല്യമായി വന്നു. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാന്‍ സാധിക്കുന്നത്. ഈ പ്രതിഭാസത്തെ ടൈഡല്‍ ലോക്കിങ്ങ് എന്നു വിളിക്കുന്നു. ഭൂമിയുടെ ഭ്രമണകാലത്തിനും ടൈഡല്‍ ബലങ്ങള്‍ മൂലം ഈ മാറ്റം വരും. അതായത്, ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ അവസാനം ഭൂമിയില്‍ നിന്ന് നോക്കിയാല്‍ ചന്ദ്രന്റെ ഒരു വശം മാത്രം കാണാന്‍ സാധിക്കുന്നതുപോലെ ചന്ദ്രനില്‍ നിന്ന് നോക്കിയാല്‍ ഭൂമിയുടെ ഒരു ഭാഗം മാത്രം കാണാന്‍ സാധിക്കുന്നതിലായിരിക്കും.
പ്ലൂട്ടോ-കാരോണ്‍ വ്യവസ്ഥയില്‍ രണ്ട് ജ്യോതിശാസ്ത്രവസ്തുക്കളും ഇതുപോലെ ലോക്ക്ഡ് ആണ്. ഭൗമ-ചാന്ദ്രവ്യവസ്ഥയില്‍ ഇത് സംഭവിക്കുമ്പോള്‍ ഭൂമിയുടെയും ചന്ദ്രന്റെയും ഭ്രമണസമയങ്ങളും ചന്ദ്രന്‍ ഭൂമിയെ പരിക്രമണം ചെയ്യാനെടുക്കുന്ന സമയവും തുല്യമാവും. 47 ദിവസമായിരിക്കും ഈ ദൈര്‍ഘ്യം. എന്നാല്‍ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കുശേഷമേ ഇത് സംഭവിക്കുകയുള്ളൂ.
[തിരുത്തുക] ഉത്പത്തിയും ഭൂഗര്‍ഭശാസ്ത്രപരമായ പരിണാമവും
[തിരുത്തുക] ഉത്പത്തി
2005-ല്‍ ജര്‍മനി, ബ്രിട്ടന്‍, സ്വിറ്റ്സര്‍ലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം ശാസ്ത്രജ്ഞന്മാര്‍ ചന്ദ്രന്റെ പ്രായം 452.7 ± 1 കോടി വര്‍ഷങ്ങള്‍ എന്ന് കണ്ടു പിടിച്ചു. സൗരയൂഥം രൂപം കൊണ്ടതിനു ശേഷം 3 മുതല്‍ 5 കോടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രന്‍ ഉണ്ടായത് എന്നാണ് ഇതില്‍ നിന്ന് അനുമാനിക്കാവുന്നത്[31]. ചന്ദ്രന്റെ ഉത്പത്തി വിശദീകരിക്കുവാന്‍ വിവിധ വിശദീകരണങ്ങള്‍ പരികല്‍പന ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇന്നും നിരവധി തര്‍ക്കങ്ങള്‍ നടന്നു വരുന്നു.
[തിരുത്തുക] വിഘടനപരികല്‍പന
ആദ്യകാല ഊഹാപോഹങ്ങള്‍ പ്രകാരം ചന്ദ്രന്‍ ഭൂമിയുടെ അപകേന്ദ്രബലം മൂലം ഭൂമിയില്‍ നിന്ന് അടര്‍ന്ന് തെറിച്ച ഒരു ഭാഗമാണ് എന്ന് കരുതിയിരുന്നു[32]. ഈ സിദ്ധാന്തം വിഘടനപരികല്‍പന (Fission hypothesis) എന്നറിയപ്പെടുന്നു. ചന്ദ്രന്‍ ആയി മാറിയ ഭാഗം അടര്‍ന്ന് തെറിച്ചപ്പോള്‍ അവശേഷിച്ച വലിയ ഗര്‍ത്തമാണ് പസഫിക് സമുദ്രം എന്നും ഈ വാദം പിന്താങ്ങുന്നവര്‍ കരുതി.വിഘടനപരികല്‍പന ശരിയായിരിക്കണമെങ്കില്‍ ഭൂമിയുടെ ആദ്യകാലങ്ങളിലെ കറക്കം വളരെ വേഗതയേറിയതായിരുന്നിരിക്കണം. ഭൂമിയുടെ ഫലകചലനസിദ്ധാന്തപ്രകാരമുള്ള പസഫിക് സമുദ്രത്തിന്റെ സ്ഥാനവും മേല്‍പ്പറഞ്ഞ സിദ്ധാന്തപ്രകാരമുള്ള സ്ഥാനവും തമ്മില്‍ വൈരുധ്യങ്ങളുള്ളതിനാല്‍ ഈ വാദം അത്രയ്ക്ക് വിശ്വസിനീയമല്ല. മാത്രമല്ല, ഈ സിദ്ധാന്തമനുസരിച്ചായിരുന്നു ചന്ദ്രന്റെ ഉത്പത്തി എങ്കില്‍ ക്രാന്തിവൃത്തത്തിനു പകരം ഖഗോളമദ്ധ്യരേഖയുടെ തലത്തിലാവുമായിരുന്നു ചന്ദ്രന്റെ പരിക്രമണം[33].
[തിരുത്തുക] Capture പരികല്‍പന
ചന്ദ്രന്‍ മറ്റെവിടെയോ രൂപം കൊണ്ട ചെറു ഗ്രഹമാണെന്നും പിന്നീട് ഭൂമിയുടെ ഭൂമിയുടെ ഗുരുത്വാകര്‍ഷണമണ്ഡലത്തില്‍ എത്തിപ്പെട്ട് ഉപഗ്രഹമായി മാറിയതാണെന്നുമുള്ള വിശദീകരണമാണ് Capture പരികല്‍പന[34]. എന്നാല്‍ ഇത് ശരിയാകണമെങ്കില്‍ ഘര്‍ഷണം മൂലം ചന്ദ്രന്റെ ഊര്‍ജ്ജം കുറയ്ക്കുവാന്‍ മാത്രം ഉയരം ഭൗമാന്തരീക്ഷത്തിന് ആദ്യകാലത്ത് ഉണ്ടായിരുന്നിരിക്കണം. ഇക്കാരണത്താല്‍ ഈ വിശദീകരണവും ശരിയാകാന്‍ സാധ്യത കുറവാണ്[33].
[തിരുത്തുക] Co-formation പരികല്‍പന
Condensation പരികല്‍പന എന്നും അറിയപ്പെടുന്ന ഈ സിദ്ധാന്തമനുസരിച്ച് ഭൂമിയും ചന്ദ്രനും സൗരയൂഥത്തിന്റെ പ്രാരംഭദശയില്‍ ഉണ്ടായിരുന്ന അക്ക്രീഷന്‍ ഡിസ്കില്‍ നിന്ന് ഒരേ കാലയളവില്‍ ഉണ്ടായതാണ്. മറ്റു ഗ്രഹങ്ങളൊക്കെ രൂപമെടുത്തതുപോലെത്തന്നെ സൂര്യനു ചുറ്റുമുണ്ടായിരുന്ന പദാര്‍ത്ഥത്തില്‍ നിന്ന് ഭൂമിക്ക് സമീപത്തായി നിര്‍മ്മിക്കപ്പെട്ടതാണ് ചന്ദ്രന്‍ എന്ന് ഈ പരികല്‍പന പറയുന്നു. എന്നാല്‍ ചന്ദ്രനിലെ ഇരുമ്പിന്റെ അംശം ഭൂമിയെ അപേക്ഷിച്ച് വളരെ വളരെ കുറവായിരിക്കുന്നതിനെ വിശദീകരിക്കുന്നതില്‍ ഈ സിദ്ധാന്തം പരാജയപ്പെട്ടിരിക്കുന്നു[33].
ഭൗമ-ചാന്ദ്ര വ്യവസ്ഥയുടെ ഉയര്‍ന്ന കോണീയസംവേഗം വിശദീകരിക്കാന്‍ ഈ സിദ്ധാന്തങ്ങള്‍ക്കൊന്നും തന്നെ സാധിക്കുന്നില്ല[35].
[തിരുത്തുക] കൂട്ടിയിടി പരികല്‍പന
ഭൂമിയും മറ്റൊരു ചെറു ഗ്രഹവുമായുള്ള വലിയൊരു കൂട്ടിയിടി മൂലമുണ്ടായ അവശിഷ്ടങ്ങള്‍ ചേര്‍ന്നുണ്ടായതാണ് ചന്ദ്രന്‍ എന്നാണ് കൂട്ടിയിടി പരികല്‍പന (Impact/Collision hypothesis) വിശദീകരിക്കുന്നത്. അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതല്‍ വിശ്വസനീയമായി കരുതിപ്പോരുന്നത്. തിയ അഥവാ ഓര്‍ഫ്യൂസ് എന്നറിയപ്പെട്ടിരുന്നതും ഏകദേശം ചൊവ്വാഗ്രഹത്തോളം വലിപ്പമുണ്ടായിരുന്നതുമായ ഒരു വന്‍ ഗ്രഹം അര്‍ദ്ധദ്രാവകാവസ്ഥയിലായിരുന്ന ഭൂമിയുമായി കൂട്ടിടിച്ചതിന്റെ ഫലമായി പുറന്തള്ളപ്പെട്ട വസ്തുക്കളില്‍ നിന്ന് രൂപം കൊണ്ടതാണ് ചന്ദ്രന്‍ എന്നതാണ് ഈ സിദ്ധാന്തം. ഈ സിദ്ധാന്തത്തിന് തെളിവുകളായി നിരത്തുന്നത് പ്രധാനമായും 2 വാദങ്ങളാണ്:
- ഭൂമിയും ചന്ദ്രനും ഒരേ പ്രതിഭാസം വഴി ഒരേ കാലത്ത് ഉണ്ടായതായിരുന്നുവെങ്കില്‍ ഭൂമീയില്‍ കണ്ടു വരുന്ന ഭാരമൂലകങ്ങള്‍ ചന്ദ്രനിലും ഉണ്ടാവേണ്ടതായിരുന്നു. എന്നാല്‍ ചന്ദ്രനില്‍ ഇവ വളരെ കുറഞ്ഞ അളവിലെ കാണുന്നുള്ളു. ചന്ദ്രന്റെ പദാര്‍ത്ഥ ഘടന ഭൂമിയുടെ പുറന്തോടിന്റെ ഘടനയുമായി വളരെ സാമ്യമൂള്ളതാണ് താനും
- റേഡിയോ ഡേറ്റിങ്ങ് ഉപയോഗിച്ച് നടത്തിയ പ്രായഗണനയനുസരിച്ച് ചന്ദ്രന്റെ ക്രസ്റ്റ് രൂപം പ്രാപിച്ചത് ഭൂമിയുടേതിന് രണ്ടോ മൂന്നോ കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഭൂമിയെക്കാള്‍ ചെറുതായതിനാല്‍ ചന്ദ്രനില്‍ നിന്ന് താപോര്‍ജ്ജം വേഗത്തില്‍ നഷ്ടമാകുന്നതിനാല്‍ ഇത് വിശദീകരിക്കാന്‍ മറ്റു സിദ്ധാന്തങ്ങള്‍ക്കൊന്നും സാധിക്കുന്നില്ല
[തിരുത്തുക] മാഗ്മ സമുദ്രം
കൂട്ടിയിടി മൂലമുണ്ടായ ഉയര്‍ന്ന ഊര്‍ജ്ജം കാരണം ആദ്യകാലത്ത് ചന്ദ്രന്റെ വലിയൊരു ഭാഗം ദ്രവാവസ്ഥയിലായിരുന്നു. ദ്രവരൂപത്തിലെ ചന്ദ്രന്റെ പുറംഭാഗം മാഗ്മ സമുദ്രം എന്നറിയപ്പെടുന്നു.ഇതിന്റെ ആഴം 500 കിലോമീറ്റര്‍ ആണെന്നതു മുതല്‍ ചന്ദ്രന്‍ മുഴുവനും തന്നെ മാഗ്മ സമുദ്രമായിരുന്നു എന്നതുവരെ വിവിധ അഭിപ്രായങ്ങളുണ്ട്[11].
മാഗ്മ സമുദ്രം തണുത്തപ്പോള്‍ അത് ഭാഗികമായി ക്രിസ്റ്റലീകരിക്കപ്പെടുകയും ക്രസ്റ്റ്, മാന്റില്‍ എന്നിങ്ങനെ വ്യത്യസ്ത ഭാഗങ്ങളായി ചന്ദ്രന്റെ ആന്തരഘടന മാറുകയും ചെയ്തു. ഒലിവിന്‍, ക്ലീനോപൈറോക്സിന്‍, ഓര്‍തോപൈറോക്സിന്‍ എന്നീ ധാതുക്കളുടെ പ്രെസിപിറ്റേഷന്‍ വഴിയാണ് മാന്റില്‍ ഉണ്ടായത് എന്ന് കരുതപ്പെടുന്നു. മാഗ്മ സമുദ്രത്തിന്റെ ക്രിസ്റ്റലീകരണം ഏതാണ്ട് നാലില്‍ മൂന്നു ഭാഗം പൂര്‍ത്തിയായപ്പോള്‍ അനോര്‍ത്തൈറ്റ് ധാതു ഉപരിതലത്തിലേക്ക് പ്ലവമായി വരികയും ക്രസ്റ്റായി മാറുകയും ചെയ്തു[11]. കട്ടിയുള്ള ക്രസ്റ്റ് രൂപം കൊണ്ടപ്പോഴും ഉള്ളില്‍ ഉറക്കാതെ കിടന്ന ദ്രവരൂപത്തിലുള്ള വസ്തു വേലിയേറ്റങ്ങള്‍ക്കനുസരിച്ച് തുടര്‍ന്നും ഇളകിക്കൊണ്ടിരുന്നു. ഭൂമിയുടെ ഭാഗത്തേക്കുള്ള വശത്തേക്ക് ഇത് കൂടുതല്‍ തള്ളി ഇരുന്നതിനാല്‍ ഭൂമിക്കഭിമുഖമായുള്ള വശത്തെ പുറന്തോടിന് മറുഭാഗത്തെ അപേക്ഷിച്ച് കട്ടി കുറവായി.
ഏറ്റവുമവസാനം ക്രിസ്റ്റലീകൃതമായ ദ്രാവകങ്ങള്‍ ക്രസ്റ്റിന്റെയും മാന്റിലിന്റെയും ഇടയിലായിരുന്നിരിക്കണം ഉണ്ടായിരുന്നത്. ഒന്നിച്ചുചേരാത്തതും ചൂട് പുറത്തുവിടുന്നതുമായ മൂലകങ്ങള്‍ ചേര്‍ന്നുണ്ടായ ഈ ദ്രാവകം ക്രീപ് (KREEP) എന്നറിയപ്പെടുന്നു. പൊട്ടാഷ്യം (K),ദുര്‍ലഭമൂലകങ്ങള്‍ (Rare Earth Elements - REE), ഫോസ്ഫറസ് (P) എന്നതില്‍ നിന്നാണ് ഈ പേര്. ഓഷ്യാനസ് പ്രൊസെല്ലാറം, മാരേ ഇംബ്രിയം എന്നിവ അടങ്ങിയ പ്രൊസെല്ലാറം ക്രീപ് ടെറയ്നിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്[36]. സമീപപക്ഷഭാഗത്താണ് ഈ പ്രദേശം. ചന്ദ്രന്റെ പുറന്തോടിന്റെ ലാവ സ്വഭാവങ്ങളും, ഉല്‍ക്കകളും മറ്റ് ബഹിരാകാശവസ്തുക്കളും ചന്ദ്രനില്‍ പതിച്ചതിന്റെ ക്രമ വിവരങ്ങളും മറ്റും ഗവേഷണവിഷയമാക്കിയിട്ടുള്ളവര്‍ക്ക് വളരെയധികം ഉപയോഗപ്രദമായിട്ടുള്ള ഘടകമാണ് ക്രീപ്.
[തിരുത്തുക] ഭൂഗര്‍ഭശാസ്ത്രപരമായ പരിണാമം
മാഗ്മ സമുദ്രം ഘനീഭവിച്ചതിനുശേഷമുള്ള ഭൂഗര്‍ഭശാസ്ത്രപരമായ പരിണാമത്തില്‍ പ്രധാന പങ്കു വഹിച്ചത് ഉല്‍ക്കകളും മറ്റുമായുണ്ടായ കൂടിയിടികളാണ് . പ്രധാന മരിയയുടെ സൃഷ്ടിക്ക് കാരണമായ ഉല്‍ക്കാപതനങ്ങളെ അടിസ്ഥാനമാക്കിയാണ് ചന്ദ്രന്റെ ഭൂഗര്‍ഭശാസ്ത്രപരമായ കാലഘട്ടങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നതു തന്നെ - നെക്റ്റേറിയന്‍ (മാരേ നെക്റ്റാറിസ്), ലോവര്‍ ഇംബ്രിയന്‍ (മാരേ ഇംബ്രിയം), ഓറിയന്റലെ (മാരേ ഓറിയന്റെലെ) എന്നിങ്ങനെ. ഈ ഗര്‍ത്തങ്ങളെല്ലാം കൂട്ടിയിടിയുടെ ഫലമായി ഉയര്‍ന്നു പൊങ്ങിയ വസ്തുക്കളുടെ ഒന്നിലധികം വലയങ്ങളുള്ളതും നൂറുകണക്കിന് മുതല്‍ ആയിരക്കണക്കിന് വരെ കിലോമീറ്ററുകള്‍ വ്യാസമുള്ളതുമാണ്. ഒന്നിലധികം വലയങ്ങളുള്ള കുറച്ചു റിങ്ങുകളുടെ കാലഗണന മാത്രമേ കൃത്യമായി നടത്തിയിട്ടുള്ളുവെങ്കിലും ആപേക്ഷികമായ കാലഗണനയില്‍ അവ വളരെയധികം സഹായിക്കുന്നു. ക്രസ്റ്റിന് കട്ടി കുറഞ്ഞ സമീപപക്ഷഭാഗത്താണ് ഉല്‍ക്കാപതനങ്ങള്‍ സാരമായ വന്‍ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കിയത്. എന്നാല്‍ താരതമ്യേന കട്ടി കൂടിയ മറുഭാഗത്ത് ഉല്‍ക്കാപതനങ്ങള്‍ മൂലം കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല.
മരിയയിലെ അഗ്നിപര്‍വതസ്ഫോടനങ്ങളാണ് പരിണാമത്തില്‍ കാര്യമായ പങ്കു വഹിച്ച മറ്റൊരു ഘടകം. പ്രൊസെല്ലാറം ക്രീപ് ടെറയ്നിലെ താപം പുറത്തുവിടുന്ന മൂലകങ്ങള്‍ മാന്റിലിനെ ചൂടാക്കുകയും ഭാഗികമായി ഉരുക്കുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. ഇങ്ങനെയുണ്ടായ മാഗ്മയില്‍ ഒരു ഭാഗം അഗ്നിപര്‍വതസ്ഫോടനങ്ങളിലൂടെ ഉപരിതലത്തിലേക്ക് വരികയും സമീപപക്ഷവശത്തിലെ ബാസാള്‍ട്ടിന്റെ ആധിക്യത്തിന് കാരണമാവുകയും ചെയ്തു[11]. ചന്ദ്രനിലെ മരിയയില്‍ ബാസാള്‍ട്ട് നിക്ഷേപിച്ച മിക്ക അഗ്നിപര്‍വതസ്ഫോടനങ്ങളും നടന്നത് ഇംബ്രിയന്‍ കാലഘട്ടത്തിലാണ് - അതായത് മുന്നൂറു കോടി മുതല്‍ മുന്നൂറ്റിഅന്‍പത് കോടി വരെ വര്‍ഷങ്ങള്‍ക്കു മുമ്പ്. എന്നിരുന്നാലും നാന്നൂറ്റിഇരുപത് കോടി വര്‍ഷം വരെ പഴക്കമുള്ളതും[37] നൂറ്റിഇരുപത് വര്‍ഷം മാത്രം പഴക്കമുള്ളവയും[38] ആയ ബാസാള്‍ട്ട് പാറകളും കണ്ടെത്തിയിട്ടുണ്ട്. ചന്ദ്ര കളങ്കങ്ങള്‍ എന്ന് ഇന്നറിയപ്പെടുന്ന കറുത്ത പാടുകള്‍ ഇങ്ങനെ ഗര്‍ത്തങ്ങളില്‍ ലാവ നിറഞ്ഞുണ്ടായവയാണ്. പുറന്തോടിന് കട്ടി കൂടിയ ദൂരപക്ഷഭാഗത്ത് ഇത്തരം കളങ്കങ്ങള്‍ കുറവാണ്.
ചന്ദ്രന്റെ ഭൂമിശാസ്ത്രം സ്ഥിരമാണോ അതോ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുന്നതാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. ഗര്‍ത്തങ്ങള്‍ പ്രത്യക്ഷമായതായും അപ്രത്യക്ഷമായതായും അവകാശവാദങ്ങളുണ്ട്. എന്നാല്‍ ഇവയിലധികവും മിഥ്യയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ചന്ദ്രനില്‍ നിന്ന് റേഡിയോആക്റ്റീവതയുടെ ഫലമായി വാതകങ്ങള്‍ പുറത്തുപോകുന്നത് (ഔട്ട്ഗ്യാസിങ്ങ്) ഇവയില്‍ ചിലതിനെങ്കിലും കാരണമായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. ചന്ദ്രോപരിതലത്തിലെ മൂന്നു കിലോമീറ്റര്‍ വ്യാസമുള്ള ഒരു ഭാഗത്ത് പത്തു ലക്ഷത്തോളം വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനെയുള്ള ഒരു ഔട്ട്ഗ്യാസിങ്ങിന്റെ ഫലമായി മാറ്റങ്ങള്‍ വന്നു എന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്[39][40].
[തിരുത്തുക] പാറകള്‍
ചന്ദ്രനിലെ പാറകളെ അവ ടെറേയിലേതാണോ മരിയയിലേതാണോ എന്നതിനെ അടിസ്ഥാനമാക്കി വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ടെറേയിലെ പാറകളെ മൂന്ന് സ്യൂട്ടുകളായി തരം തിരിച്ചിരിക്കുന്നു : ഫെറോവന്‍ അനോര്‍ത്തോസൈറ്റ് സ്യൂട്ട്, മഗ്നീഷ്യന്‍ സ്യൂട്ട്, ആല്‍ക്കലി സ്യൂട്ട് (ഇത് മഗ്നീഷ്യന്‍ സ്യൂട്ടിന്റെ ഉപവിഭാഗമാണെന്ന അഭിപ്രായവും ഉണ്ട്). ഫെറോവന്‍ അനോര്‍ത്തോസൈറ്റ് സ്യൂട്ടിലെ പാറകള്‍ ഏകദേശം പൂര്‍ണ്ണമായും അനോര്‍ത്തൈറ്റ് ധാതു ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടവയാണ്. റേഡിയോമെട്രിക് രീതികള്‍ ഉപയോഗിച്ച് ഇവയുടെ പ്രായം 440 കോടി വര്‍ഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്[37][38].
മറ്റു രണ്ട് സ്യൂട്ടുകളും പ്രധാനമായും സിലിക്കേറ്റ് ധാതുക്കളടങ്ങിയ പ്ലൂട്ടോണിക് പാറകളാണ്. ഡ്യൂണൈറ്റ്, ട്രോക്റ്റോലൈറ്റ്, ഗാബ്രോ, ആല്‍ക്കലി അനോര്‍ത്തോസൈറ്റ്, ഗ്രാനൈറ്റ് എന്നിവയാണ് ഉദാഹരണങ്ങള്‍. ഇവയിലെ മഗ്നീഷ്യവും ഇരുമ്പും തമ്മിലുള്ള അംശബന്ധം ഫെറോവന്‍ അനോര്‍ത്തോസൈറ്റ് സ്യൂട്ടിലെ പാറകളെക്കാള്‍ ഉയര്‍ന്നതാണ്. 390 കോടി മുതല്‍ 440 കോടി വര്‍ഷങ്ങള്‍ വരെയാണ് ഇവയുടെ പ്രായം കണക്കാക്കപ്പെടുന്നത്. ഇവയില്‍ ക്രീപ്പ് ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു.
മരിയയിലെ പാറകള്‍ പൂര്‍ണ്ണമായും മാരേ ബാസാള്‍ട്ടുകളാണ്. ഭൂമിയിലെ ബാസാള്‍ട്ടുകള്‍ക്ക് സമാനമാണെങ്കിലും ഇവയില്‍ ഇരുമ്പിന്റെ അംശം കൂടുതലാണ്. ടൈറ്റേനിയം വിവിധ അളവുകളില്‍ കാണപ്പെടുന്ന ഇവയില്‍ hydrous alteration products തീരെ ഇല്ല താനും. [41][42]
[തിരുത്തുക] ഭൗതിക സ്വഭാവവിശേഷങ്ങള്‍
[തിരുത്തുക] ഘടന
ക്രസ്റ്റ്, മാന്റില്‍, കോര്‍ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ചന്ദ്രന്റെ ആന്തരഘടനയിലുള്ളത്. ചന്ദ്രന്റെ ഉത്പത്തിക്ക് കുറച്ചുകാലത്തിനുശേഷം ചന്ദ്രനിലെ മാഗ്മ സമുദ്രത്തിന്റെ ഭാഗിക ക്രിസ്റ്റലീകരണം വഴിയാണ് ഈ ഘടന ഉണ്ടായത് എന്ന് അനുമാനിക്കപ്പെടുന്നു. ഏകദേശം 440 കോടി വര്‍ഷം മുമ്പായിരുന്നു ഇത്.[43]. ചന്ദ്രന്റെ ബാഹ്യഭാഗങ്ങളെ ഉരുക്കി മാഗ്മ നിര്‍മ്മിക്കാനുള്ള ഊര്‍ജ്ജം ലഭ്യമായത് ഭൂമിയുമായുണ്ടായ കൂട്ടിയിടിയില്‍ നിന്നാണ്. സിലിക്കേറ്റ് ധാതുക്കളാല്‍ സമ്പുഷ്ടമായ മാന്റിലും പ്ലാജിയോക്ലെയ്സ് വിഭാഗത്തിലെ ധാതുക്കള്‍ നിറഞ്ഞ ക്രസ്റ്റും ഇങ്ങനെ ഉണ്ടായി.
അനോര്‍തോസൈറ്റ് എന്ന ധാതു നിറഞ്ഞതാണ് ക്രസ്റ്റ് എന്ന കണ്ടെത്തല്‍ മാഗ്മ സമുദ്രപരികല്പനയ്ക്ക് ഉപോല്‍ബലകമാണ്[44]. ഓക്സിജന്‍, സിലിക്കണ്‍, മഗ്നീഷ്യം, ഇരുമ്പ്, കാത്സ്യം, അലൂമിനിയം എന്നിവയാണ് ക്രസ്റ്റിലെ പ്രധാന മൂലകങ്ങള്‍. ക്രസ്റ്റിന്റെ ആഴം ഏകദേശം 50 കിലോമീറ്ററാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.[36]
മാന്റിലിനുള്ളില്‍ ഭാഗികമായി ഉരുകിയ ബാസാള്‍ട്ട് അഗ്നിപര്‍വ്വതസ്ഫോടനങ്ങളിലൂടെ ചന്ദ്രോപരിതലത്തിലെത്തിയിട്ടുണ്ട്. ഒലിവിന്‍, ഓര്‍ത്തോപൈറോക്സിന്‍, ക്ലീനോപൈറോക്സിന്‍ എന്നീ ധാതുക്കള്‍ കൂടുതലായി അടങ്ങിയതും ഭൂമിയുടെ മാന്റിലിനെക്കാള്‍ ഇരുമ്പിന്റെ അംശം കൂടുതലുള്ളതുമാണ് ചന്ദ്രന്റെ മാന്റില്‍ എന്ന് ബാസാള്‍ട്ട് പഠനം സൂചിപ്പിക്കുന്നു. ഉയര്‍ന്ന അളവ് ടൈറ്റാനിയമുള്ള (ഇല്‍മനൈറ്റ് രൂപത്തില്‍) ബാസാള്‍ട്ട് പാറകളും ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയിട്ടുള്ളതില്‍ നിന്ന് ഏകജാതീയമല്ല മാന്റില്‍ എന്നും ഊഹിക്കുന്നു. ഉപരിതലത്തിന് ആയിരം കിലോമീറ്ററോളം താഴെ മാന്റിലില്‍ ചാന്ദ്രകമ്പങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു മാസം ഇടവിട്ടുണ്ടാകുന്ന ഇത്തരം ചാന്ദ്രകമ്പങ്ങള്‍ക്ക് പ്രധാന കാരണം ഭൂമിയില്‍ നിന്നുള്ള ടൈഡല്‍ ബലങ്ങളാണ്[36].
ചന്ദ്രന്റെ ശരാശരി സാന്ദ്രത 3,346.4 kg/m³ ആണ്. അയോ കഴിഞ്ഞാല്‍ സൗരയൂഥത്തില്‍ ഏറ്റവും സാന്ദ്രതയേറിയ ഉപഗ്രഹമാണ് ചന്ദ്രന്‍. എങ്കിലും ചന്ദ്രന്റെ കോര്‍ വളരെ ചെറുതാണെന്നതിന് (ആരം 350 കിലോമീറ്ററില്‍ കുറവ്) തെളിവുകളുണ്ട്.[36] ചന്ദ്രന്റെ 20% മാത്രമേ ഇത് വരൂ. എന്നാല്‍ മറ്റ് ഗോളങ്ങളുടെ കാര്യത്തില്‍ ഇത് 50 ശതമാനത്തോളമാണ്. കോറിന്റെ നിര്‍മ്മിതി കൃത്യമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. എന്നാലും സള്‍ഫര്‍, നിക്കല്‍ എന്നിവയുടെ ചെറിയ അംശങ്ങളുള്ള ഇരുമ്പുകൊണ്ടാണ് കോര്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അനുമാനിക്കുന്നു. ചന്ദ്രന്റെ സ്ഥിരമല്ലാത്ത പരിക്രമണസമയത്തില്‍ നിന്ന് ഭാഗികമായെങ്കിലും ദ്രവാവസ്ഥയിലാണ് കോര്‍ എന്ന് മനസ്സിലാക്കാം[45]
[തിരുത്തുക] ടോപോഗ്രഫി
ലേസര്‍ ഉപയോഗിച്ചും സ്റ്റീരിയോ ഇമേജിംഗ് രീതികള്‍ ഉപയോഗിച്ചും ചന്ദ്രോപരിതലത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയിട്ടുണ്ട്. ക്ലമന്റൈന്‍ മിഷന്‍ ആണ് അവസാനമായി ഈ വിഷയത്തില്‍ വിവരങ്ങള്‍ നല്‍കിയത്. ദൂരപക്ഷവശത്തെ പ്രധാനപ്പെട്ട topographic feature South Pole-Aitken basin ആണ്. ചന്ദ്രോപരിതലത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പ്രദേശം ഇതിനുള്ളിലാണ്. ഏറ്റവും ഉയരം കൂടിയ പ്രദേശം ഇതിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. ഖഗോളവസ്തു ചന്ദ്രനില്‍ വന്നിടിച്ച് South Pole-Aitken basin സൃഷ്ടിച്ചപ്പോള്‍ തെറിച്ചുപോയ വസ്തുക്കള്‍ അടിഞ്ഞാണ് ഈ ഉയര്‍ന്ന പ്രദേശം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. ഇംബ്രിയം, സെറെനിറ്റാറ്റിസ്, ക്രിസിയം, സ്മിതൈ, ഓറിയെന്റലെ എന്നീ മരിയയിലും താഴ്ന്ന കേന്ദ്രഭാഗങ്ങളും ഉയര്‍ന്ന അരികുകളുമുണ്ട്. ദൂരപക്ഷഭാഗത്തെ സ്ഥലങ്ങളുടെ ശരാശരി ഉയരം സമീപപക്ഷഭാഗത്തേതിനെക്കാള്‍ 1.9 കിലോമീറ്റര്‍ കൂടുതലാണ്.[36]
[തിരുത്തുക] ഗുരുത്വാകര്‍ഷണമണ്ഡലം
പരിക്രമണം ചെയ്യുന്ന ബഹിരാകാശവാഹനങ്ങളില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളുടെ ട്രാക്കിങ്ങ് വഴി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണമണ്ഡലം അളക്കാന്‍ സാധിച്ചിട്ടുണ്ട്. ഡോപ്ലര്‍ പ്രഭാവമുപയോഗിച്ചാണ് ഈ പഠനം നടത്തുന്നത്. റേഡിയോ തരംഗത്തിന്റെ ആവൃത്തിയില്‍ വരുന്ന ചെറിയ മാറ്റങ്ങളില്‍ നിന്നും ഭൂമിയിലെ ഒരു സ്റ്റേഷനിലേക്കുള്ള ബഹിരാകാശവാഹനത്തിന്റെ ദൂരത്തില്‍ നിന്നും ബഹിരാകാശവാഹനത്തിന്റെ ത്വരണം എത്രയുണ്ടെന്ന് കണക്കുകൂട്ടുന്നു. ചന്ദ്രന്റെ ഒരു വശം മാത്രമേ ഭൂമിയില്‍ നിന്ന് കാണാന്‍ സാധിക്കൂ എന്നതിനാല്‍ ദൂരപക്ഷവശത്തെ ഗുരുത്വാകര്‍ഷണമണ്ഡലത്തെക്കുറിച്ച് അത്ര വ്യക്തമായ ധാരണകളൊന്നുമില്ല[46].
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണമണ്ഡലത്തിന്റെ പ്രധാന പ്രത്യേകത വലിയ ഗര്‍ത്തങ്ങളോടനുബന്ധിച്ച് ഗുരുത്വാകര്‍ഷണമണ്ഡലത്തിലുണ്ടാവുന്ന വര്‍ദ്ധനയാണ്. ഈ വര്‍ദ്ധനകള്‍ മാസ്കോണുകള്‍ എന്നറിയപ്പെടുന്നു[47] . ബഹിരാകാശവാഹനത്തിന്റെ ചന്ദ്രനു ചുറ്റുമുള്ള പരിക്രമണത്തില്‍ ഇവ വലിയ സ്വാധീനം ചെലുത്തുന്നു. അതിനാല്‍ മനുഷ്യനെ വഹിക്കുന്നതും അല്ലാത്തതുമായ ബഹിരാകാശവാഹനങ്ങള്‍ വിക്ഷേപിക്കുമ്പോള്‍ ഗുരുത്വാകര്‍ഷണമണ്ഡലത്തിലെ മാറ്റങ്ങളെപ്പറ്റി വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്.
സാന്ദ്രതയേറിയ ബാസാള്‍ട്ട് അടങ്ങിയ ലാവ ഗര്‍ത്തങ്ങളില്‍ ഘനീഭവിച്ചതാണ് മാസ്കോണുകള്‍ക്ക് കാരണം എന്ന് കരുതപ്പെടുന്നു. എന്നാല്‍ ക്രസ്റ്റ്-മാന്റില്‍ പ്രതലത്തിന്റെ ഉയര്‍ച്ച പരിഗണിക്കാതെ ലാവ മാത്രം ഉപയോഗിച്ച് ഗുരുത്വാകര്‍ഷണമണ്ഡലത്തിലെ വ്യത്യാസങ്ങള്‍ പൂര്‍ണ്ണമായി വിശദീകരിക്കാനാവില്ല. ബാസാള്‍ട്ട് സാന്നിദ്ധ്യം കാണിക്കാത്ത മാസ്കോണുകളുമുണ്ടെന്ന് ലൂണാര്‍ പ്രോസ്പെക്റ്റര്‍ കണ്ടെത്തിയിട്ടുണ്ട്[48]. ഓഷ്യാനസ് പ്രൊസെല്ലാറം ഭാഗത്ത് ലാവ ഘനീഭവിച്ചുണ്ടായ ബാസാള്‍ട്ട് പാറകളുണ്ടെങ്കിലും ഈ ഭാഗം ഗുരുത്വാകര്‍ഷണമണ്ഡലത്തില്‍ വര്‍ദ്ധന കാണിക്കുന്നില്ല.
[തിരുത്തുക] കാന്തികമണ്ഡലം
ഭൂമിയെ അപേക്ഷിച്ച് ചന്ദ്രന്റെ കാന്തികമണ്ഡലം വളരെ ദുര്‍ബലമാണ്. ഒന്നു മുതല്‍ നൂറു വരെ നാനോടെസ്‌ല ആണ് ചന്ദ്രനിലെ കാന്തികമണ്ഡലത്തിന്റെ ശക്തി. ഇത് ഭൂമിയുടേതിന്റെ നൂറിലൊരു ഭാഗത്തിലും ചെറുതാണ്. മറ്റൊരു പ്രധാന വ്യത്യാസം ചന്ദ്രന് കോറിലെ ജിയോഡൈനാമോ മൂലം ഉണ്ടാകുന്ന രീതിയിലുള്ള ഡൈപോള്‍ കാന്തികമണ്ഡലമില്ല എന്നതാണ്. ചന്ദ്രന്റെ കാന്തികമണ്ഡലം ഏകദേശം പൂര്‍ണ്ണമായും ക്രസ്റ്റിലാണ് ഉത്ഭവിക്കുന്നത്[49]. ആദിമകാലത്ത് ജിയോഡൈനാമോ പ്രവര്‍ത്തനക്ഷമമായിരുന്ന കാലത്ത് അതില്‍നിന്നും ക്രസ്റ്റ് കാന്തികത നേടിയതാണെന്നാണ് ഒരു സിദ്ധാന്തം. എന്നാല്‍ കോറിന്റെ വലിപ്പക്കുറവ് ഈ പരികല്‍പനയ്ക്ക് വിലങ്ങുതടിയാണ്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ ഭീമന്‍ ഉല്‍ക്കാപതനങ്ങളുടെ ഫലമായി കാന്തികമണ്ഡലം സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് മറ്റൊരു വാദം. ഗര്‍ത്തങ്ങളുടെ ആന്റിപോഡുകളിലാണ് ക്രസ്റ്റില്‍ കാന്തികത കൂടുതല്‍ എന്നത് ഈ പരികല്‍പനയ്ക്ക് തെളിവായി ഉയര്‍ത്തിക്കാട്ടുന്നു. ഉല്‍ക്കകളുടെയും മറ്റും കൂട്ടിയിടിയില്‍ പുറന്തള്ളപ്പെടുന്ന പ്ലാസ്മയാണ് ഈ പ്രതിഭാസത്തിന് കാരണം എന്ന് ഈ സിദ്ധാന്തം പറയുന്നു[50].
[തിരുത്തുക] അന്തരീക്ഷം
ചന്ദ്രനില്‍ അന്തരീക്ഷം നാമമാത്രമാണ്. അന്തരീക്ഷത്തിലെ വാതകങ്ങള്‍ ആകെ പത്ത് ടണ്ണില്‍ താഴെയേ വരൂ[51]. അന്തരീക്ഷമര്‍ദ്ദം 3
10-15 ബാര്‍ ആണ്[52].
ചന്ദ്രന്റെ അന്തരീക്ഷത്തിലെ പ്രധാന ഭാഗവും ക്രസ്റ്റിലും മാന്റിലിലും നടക്കുന്ന റേഡിയോആക്റ്റീവ് പ്രക്രിയകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന റാഡോണ്‍ മുതലായ വാതകങ്ങളാണ്. ചെറിയ ഉല്‍ക്കകള്‍, സൗരവാതത്തിലെ അയോണുകള്‍, സൂര്യപ്രകാശം എന്നിവ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നതുമൂലമുണ്ടാവുന്നതാണ് മറ്റൊരു ഭാഗം[44]. ഈ പ്രക്രിയ സ്പട്ടറിംഗ് എന്നറിയപ്പെടുന്നു. സ്പട്ടറിംഗ് മൂലമുണ്ടാകുന്ന വാതകങ്ങള്‍ ഗുരുത്വാകര്‍ഷണം മൂലം റിഗോലിത്തിലേക്ക് തിരിച്ചുപോവുകയോ സൂര്യനില്‍ നിന്നുള്ള റേഡിയേഷന്‍ മര്‍ദ്ദമോ സൗരവാതത്തിലെ കാന്തികമണ്ഡലമോ (അവ അയണീകൃതമാണെങ്കില്‍) മൂലം ബഹിരാകാശത്തേക്ക് നീക്കം ചെയ്യപ്പെടുകയോ സംഭവിക്കാം. അന്തരീക്ഷത്തില്‍ സോഡിയം, പൊട്ടാഷ്യം എന്നിവയുടെ സാന്നിദ്ധ്യം ഭൂമിയില്‍ നിന്നും സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ചും റാഡോണ്‍-222, പൊളോണിയം-210 എന്നിവയുടേത് ലൂണാര്‍ പ്രോസ്പെക്റ്ററിലെ ആല്‍ഫാ കണ സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ചും കണ്ടെത്തിയിട്ടുണ്ട്[53]. ആര്‍ഗണ്‍-40, ഹീലിയം-4, ഓക്സിജന്‍, മീഥെയ്ന്‍, നൈട്രജന്‍, കാര്‍ബണ്‍ മോണോക്സൈഡ്, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് ചന്ദ്രനില്‍ വച്ച് പരീക്ഷണം നടത്തിയ അപ്പോളോ യാത്രികരാണ്[54].
[തിരുത്തുക] താപനില
ചന്ദ്രനില്‍ പകല്‍സമയത്തെ ശരാശരി ഉപരിതലതാപനില 107 ഡിഗ്രി സെല്‍ഷ്യസും രാത്രിസമയത്തേത് -153 ഡിഗ്രി സെല്‍ഷ്യസുമാണ്[55].
[തിരുത്തുക] ഗ്രഹണം
സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ ഒരു നേര്‍രേഖയില്‍ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്. ചന്ദ്രഗ്രഹണം നടക്കുന്നത് പൗര്‍ണ്ണമി ദിനത്തിലും സൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്. സൂര്യനും ചന്ദ്രനും ഇടയില്‍ ഭൂമി വരുമ്പോള്‍ ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന് പറയുന്നത്. ചന്ദ്രന്‍ ഭൂമിയുടെയും സൂര്യന്റെയും ഇടയില്‍ വരുന്നതിനാല്‍ ഭൂമിയില്‍ ചന്ദ്രന്റെ നിഴല്‍ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂര്‍ണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്.
ചന്ദ്രന്റെ പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന് അഞ്ച് ഡിഗ്രി ചരിവോടുകൂടിയതിനാല്‍ എല്ലാ പൗര്‍ണ്ണമിയിലും അമാവാസിയിലും ഗ്രഹണങ്ങള്‍ നടക്കുന്നില്ല. രണ്ട് ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രന്‍ എത്തുമ്പോള്‍ മാത്രമേ ഗ്രഹണം നടക്കുകയുള്ളൂ.[56] ഗ്രഹണങ്ങളുടെ ആവര്‍ത്തനം സാരോസ് ചക്രം ഉപയോഗിച്ച് വിശദീകരിക്കാം, 18 വര്‍ഷവും 11 ദിവസവും 8 മണിക്കൂറും (6,585.3 ദിവസങ്ങള്‍) ദൈര്‍ഘ്യമുള്ള കാലയളവാണ് സരോസ് ചക്രം.[57]
സൂര്യചന്ദ്രന്മാരുടെ കോണീയവ്യാസങ്ങള്‍ ഏകദേശം തുല്യമായതിനാലാണ് സുര്യഗ്രഹണസമയത്ത് സൂര്യന്‍ പൂര്‍ണ്ണമായി മറയ്ക്കപ്പെടുന്ന വിധത്തിലുള്ള പൂർണ്ണ സൂര്യഗ്രഹണങ്ങളുണ്ടാകുന്നത്. ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ ഫലമായി ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് അകന്നുപോകുന്നതോടെ ഇതിന് മാറ്റം വരും. അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഏകദേശം 60 കോടി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത് സംഭവിക്കുക.
[തിരുത്തുക] നിരീക്ഷണം
പൗര്‍ണ്ണമിസമയത്ത് ചന്ദ്രന്റെ ദൃശ്യകാന്തിമാനം -12.6 ആണ് (താരതമ്യത്തിന് സൂര്യന്റേത് -26.8). ചന്ദ്രബിംബത്തിന്റെ പകുതി മാത്രം കാണാനാവുന്ന അവസ്ഥയില്‍ അതിന്റെ പ്രകാശതീവ്രത പൂര്‍ണ്ണചന്ദ്രന്റേതിന് പകുതിയല്ല - ഏകദേശം പത്തിലൊന്നോളമേ വരൂ. ചന്ദ്രന്‍ ഒരു തികഞ്ഞ ലാംബര്‍ട്ടിയന്‍ റിഫ്ലക്റ്റര്‍ അല്ലാത്തതാണ് ഇതിന് കാരണം. പരുക്കന്‍ പ്രതലങ്ങളില്‍ നിന്ന് കൂടുതല്‍ പ്രകാശം പ്രതിഫലിക്കുക പ്രകാശസ്രോതസ്സിന്റെ ദിശയിലാണ്. പൗര്‍ണ്ണമിസമയത്ത് പ്രകാശസ്രോതസ്സായ സൂര്യന്റെ ദിശയിലാണ് ഭൂമി എന്നതിനാല്‍ ഭൂമിയിലെ നിരീക്ഷകന് ചന്ദ്രബിംബം വളരെയേറെ പ്രകാശിതമായി അനുഭവപ്പെടുന്നു. എന്നാല്‍ മറ്റു സമയങ്ങളില്‍ ചന്ദ്രനിലെ ഉയര്‍ച്ചതാഴ്ചകള്‍ ചന്ദ്രോപരിതലത്തില്‍ നിഴലുകള്‍ തീര്‍ക്കുന്നതിനാല്‍ മങ്ങിയതായും കാണുന്നു.
ചക്രവാളത്തിനടുത്തായിരിക്കെ ചന്ദ്രബിംബം കൂടുതല്‍ വലുതായി അനുഭവപ്പെടുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ഒരു മായികാനുഭവമാണ്. ചക്രവാളത്തിനടുത്തായിരിക്കെ നിരീക്ഷകനില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൂടുതലായിരിക്കും എന്നതിനാല്‍ ചന്ദ്രന്റെ കോണീയവലിപ്പം 1.5 ശതമാനത്തോളം കുറയുകയാണുണ്ടാകുന്നത്. അപവര്‍ത്തനം മൂലം ഈ വലിപ്പം അല്‍പം വര്‍ദ്ധിക്കുന്നു. എന്നാല്‍ നമ്മുടെ തലച്ചോര്‍ ദൃശ്യങ്ങളെ മനസ്സിലാക്കുന്ന രീതി മൂലമാണ് ചന്ദ്രന്‍ വളരെ വലുതായി അനുഭവപ്പെടുന്നത്.
വളരെ പ്രകാശമുള്ള വസ്തുവായി അനുഭവപ്പെടുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ ചന്ദ്രന്റെ ആല്‍ബിഡോ (പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ ശത്മാനം) വളരെ കുറവാണ്. സൗരയൂഥത്തില്‍ പ്രകാശം ഏറ്റവും കുറവ് പ്രതിഫലിപ്പിക്കുന്ന വസ്തുക്കളിലൊന്നാണ് ചന്ദ്രന്‍. ചന്ദ്രന്റെ ആല്‍ബിഡോ ആയ 7 ശതമാനം കല്‍ക്കരിയുടേതിന് സമാനമാണ്. എന്നിരുന്നാലും ചന്ദ്രന്‍ ഒരു ലാംബര്‍ട്ടിയന്‍ റിഫ്ലക്റ്റര്‍ അല്ലാത്തതിനാല്‍ സൂര്യന്റെ ദിശയില്‍ 12 ശതമാനം പ്രകാശം പ്രതിഫലിപ്പിക്കുന്നു. പൗര്‍ണ്ണമിചന്ദ്രന്റെ പ്രകാശതീവ്രത വര്‍ദ്ധിക്കാനും പൗര്‍ണ്ണമിസമയത്ത് ചന്ദ്രന്റെ വശങ്ങള്‍ കേന്ദ്രഭാഗത്തെപ്പോലെ പ്രകാശിതമാകാനും ഇത് കാരണമാകുന്നു[58] . ഇതിനു പുറമെ രാത്രി ആകാശം ഇരുണ്ടതാണ് എന്നതും ചന്ദ്രന്‍ വളരെ പ്രകാശമേറിയ വസ്തുവാണെന്ന പ്രതീതിയുണ്ടാക്കാന്‍ കാരണമാകുന്നു.
സൂര്യനിൽ നിന്ന് പ്രകാശം പ്രതിഫലിപ്പിക്കുന്ന ഭാഗമാണ് ഏറ്റവും പ്രകാശിതമായി കാണാനാവുക എങ്കിലും മറ്റു ഭാഗങ്ങളും മങ്ങിയ വെളിച്ചത്തിൽ ചിലപ്പോൾ ദൃശ്യമാവാറുണ്ട്. ഭൂമിയിൽ നിന്ന് പ്രതിഫലിക്കുന്ന സൂര്യപ്രകാശം ചന്ദ്രനിൽ നിന്ന് വീണ്ടും പ്രതിഫലിച്ച് ഭൂമിയിലെത്തുന്നതിനാലാണിത്. ഈ പ്രതിഭാസം Planetshine എന്നറിയപ്പെടുന്നു. അമാവാസിയോടടുത്ത ദിനങ്ങളിലാണ് ഇത് കൂടുതൽ വ്യക്തമായി കാണാനാവുക.
[തിരുത്തുക] ചാന്ദ്രപര്യവേഷണങ്ങള്‍
ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത് കുതിച്ചു ചാട്ടം വരുത്തിയത്. ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞന്‍ ദൂരദര്‍ശിനി ഉപയോഗിച്ച് ചന്ദ്രനിലെ പര്‍വതങ്ങളും, ഗര്‍ത്തങ്ങളും വീക്ഷിക്കുന്നതില്‍ വിജയിച്ചു.
ശീതസമരകാലത്ത് അമേരിക്കന്‍ ഐക്യനാടുകളിലും സോവിയറ്റ് യൂണിയനിലും ഉണ്ടായ ബഹിരാകാശയാത്രാമാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി. 1959-ല്‍ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്രാസ്വപ്നങ്ങള്‍ക്ക് ജീവന്‍ വച്ചു. 1966 റഷ്യയുടെ ലൂണ-9 ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത് ഇതിന് ശക്തി പകര്‍ന്നു. [59]
മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967-ല്‍ ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു. 1967 ജനുവരി 27 ന്‍ തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീര്‍ന്നു. പേടകത്തിന് തീപിടിച്ച് യാത്രികര്‍ മൂന്നുപേരും മരിച്ചു[59]. എന്നാല്‍ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. 1969-ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്നതില്‍ അമേരിക്ക വിജയിച്ചു[60] . നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടര്‍ ആയിരുന്നു അദ്ദേഹം. എഡ്വിന്‍ ആല്‍ഡ്രിന്‍ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനില്‍ കാല്‍ വച്ചശേഷം നീല്‍ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു
| “ | ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വന്‍ കുതിച്ചു ചാട്ടമാണ് | ” |
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളില്‍ നിന്നായി പന്ത്രണ്ട് പേര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടുണ്ട്. അവര്‍ ഹാരിസണ്‍ ജാക്ക്സ്മിത്ത്, അലന്‍ ബീന്‍, ചാള്‍സ് ദ്യൂക്ക് എഡ്ഗാര്‍ മിച്ചല്‍, അലന്‍ ഷെപ്പേര്‍ഡ്, ഡേവിഡ് സ്കോട്ട്, ജയിംസ് ഇര്‍വിന്‍, ജോണ്‍ യങ്, ചാള്‍സ് കോണ്‍റാഡ്, യൂജിന്‍ സര്‍ണാന്‍ എന്നിവരാണ്[59]. ഇതുവരെ ചന്ദ്രനില്‍ ഏറ്റവും അവസാനം ഇറങ്ങിയത് അപ്പോളോ 17 എന്ന വാഹനത്തില്‍ സഞ്ചരിച്ച്, 1972 ഡിസംബറില്‍ ചന്ദ്രനില്‍ കാലുകുത്തിയ യൂജിന്‍ സെര്‍നാന്‍ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959-ല്‍ റഷ്യന്‍ പേടകമായ ലൂണ-3 ആണ്. ചന്ദ്രനില്‍ നിന്ന് പല ദൌത്യങ്ങളിലായി പാറക്കഷണങ്ങള്‍ ശാസ്ത്രജ്ഞര്‍ ശേഖരിച്ചിട്ടുണ്ട്.
അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉള്‍പ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ പലതും ഇന്നും പ്രവര്‍ത്തനനിരതമാണ്.
1960-കളുടെ പകുതി മുതല്‍ 70-കളുടെ പകുതി വരെ 65 ചന്ദ്രപര്യടനങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ 10 എണ്ണം 1971-ല്‍ മാത്രമായിരുന്നു. എന്നാല്‍ 1976-ലെ ലൂണ-24 നു ശേഷം ചാന്ദ്രപര്യടനങ്ങള്‍ നിര്‍ത്തി വെച്ചു. സോവിയറ്റ് യൂണിയന്‍ ശുക്രനിലേക്കും മറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും ശ്രദ്ധ തിരിച്ചപ്പോള്‍ അമേരിക്കയുടെ താല്പര്യം ചൊവ്വാഗ്രഹത്തിലേക്കായി. 1990-ല്‍ ഹൈട്ടണ്‍ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു കൊണ്ട് ജപ്പാന്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാല്‍ അതിന്റെ ദൌത്യം സാങ്കേതികത്തകരാറുകള്‍ മൂലം പരാജയമായിരുന്നു.
1994-ല്‍ അമേരിക്ക വീണ്ടും ചന്ദ്രനിലേക്കു തിരിഞ്ഞു. ക്ലമന്റൈന്‍ മിഷന്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടിക് സംരംഭം അമേരിക്കന്‍ പ്രതിരോധ വകുപ്പും നാസയും സംയുക്തമായി സംഘടിപ്പിച്ചതാണ്. പിന്നീട് 1998-ലും ലൂണാര്‍ പ്രോസ്പെക്റ്റര്‍ എന്ന പേരില്‍ അമേരിക്കയുടെ സംരംഭം നടന്നു.
2004 ജനുവരി 14-ന് അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങള്‍ ചെയ്യും എന്ന് പ്രഖ്യാപിച്ചു. സമീപഭാവിയില്‍ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്താന്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്-എ ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-എ 1 ഒക്ടോബര്‍ 24 2007-ന് വിജയകരമായി വിക്ഷേപിച്ചു. 2020-ല്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007-ല്‍ തന്നെ ജപ്പാന്‍ ചാന്ദ്രവാഹനമായ സെലീന്‍ വിക്ഷേപിച്ചു.
ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ് ചാന്ദ്രയാന്‍. ഈ പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാന്‍-1 ഒക്ടോബര്‍ 22 2008 ന് വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവർത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാന്‍-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ് ഐ.എസ്.ആര്‍.ഓ. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവര്‍ ഈ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്[61].
[തിരുത്തുക] ഇതുംകൂടി കാണുക
[തിരുത്തുക] കുറിപ്പുകള്‍
[തിരുത്തുക] അവലംബം
- ↑ Onasch, Bernd (2006). Moon. ശേഖരിച്ചത് 2006-03-20.
- ↑ Moon Fact Sheet. NSSDC. ശേഖരിച്ചത് 2006-03-20.
- ↑ 3.0 3.1 3.2 3.3 Spudis, P.D. (2004). Moon. World Book Online Reference Center, NASA. ശേഖരിച്ചത് 2007-04-12.
- ↑ Space Today Online. ശേഖരിച്ചത് 2006-10-08.
- ↑ O'Connor, J.J.; Robertson, E.F. (February 1999). Anaxagoras of Clazomenae. University of St Andrews. ശേഖരിച്ചത് 2007-04-12.
- ↑ Lewis, C.S. (1964). The Discarded Image. Cambridge: Cambridge University Press. pp. 108. ISBN 0-521047735-2.
- ↑ Van Helden, A. (1995). The Moon. Galileo Project. ശേഖരിച്ചത് 2007-04-12.
- ↑ Boese, A. (2002). The Great Moon Hoax. Museum of Hoaxes. ശേഖരിച്ചത് 2007-04-12.
- ↑ Alexander, M. E. (1973). "The Weak Friction Approximation and Tidal Evolution in Close Binary Systems". Astrophysics and Space Science 23: 459–508. DOI:10.1007/BF00645172. Retrieved on 2007-04-12.
- ↑ Gillis, J.J.; Spudis, P.D. (1996). "The Composition and Geologic Setting of Lunar Far Side Maria". Lunar and Planetary Science 27: 413–404. Retrieved on 2007-04-12.
- ↑ 11.0 11.1 11.2 11.3 Shearer, C.; et al. (2006). "Thermal and magmatic evolution of the Moon". Reviews in Mineralogy and Geochemistry 60: 365–518. DOI:10.2138/rmg.2006.60.4.
- ↑ Taylor, G.J. (2000-08-31). A New Moon for the Twenty-First Century. Planetary Science Research Discoveries, Hawai'i Institute of Geophysics and Planetology. ശേഖരിച്ചത് 2007-04-12.
- ↑ Head, L.W.J.W. (2003). "Lunar Gruithuisen and Mairan domes: Rheology and mode of emplacement". Journal of Geophysical Research 108: 5012. DOI:10.1029/2002JE001909. Retrieved on 2007-04-12.
- ↑ Kiefer, W. (2000-10-03). Lunar Orbiter: Impact Basin Geology. Lunar and Planetary Institute. ശേഖരിച്ചത് 2007-04-12.
- ↑ Munsell, K. (2006-12-04). Majestic Mountains. Solar System Exploration. NASA. ശേഖരിച്ചത് 2007-04-12.
- ↑ 16.0 16.1 Martel, L.M.V. (2003-06-04). The Moon's Dark, Icy Poles. Planetary Science Research Discoveries, Hawai'i Institute of Geophysics and Planetology. ശേഖരിച്ചത് 2007-04-12.
- ↑ Melosh, H. J. (1989). Impact cratering: A geologic process. Oxford Univ. Press.
- ↑ Nasa Spacecraft Reveal Largest Crater in Solar System - on Mars. ശേഖരിച്ചത് 2008-06-26.
- ↑ Taylor, G.J. (1998-07-17). The Biggest Hole in the Solar System. Planetary Science Research Discoveries, Hawai'i Institute of Geophysics and Planetology. ശേഖരിച്ചത് 2007-04-12.
- ↑ Sarah Dunkin; David Heather (July 1999). Physics Web: New views of the Moon (English). Physics Web. ശേഖരിച്ചത് 2006-10-09.
- ↑ Heiken, G.; Vaniman, D.; French, B. (eds.) (1991). Lunar Sourcebook, a user's guide to the Moon. New York: Cambridge University Press. pp. 736.
- ↑ Rasmussen, K.L.; Warren, P.H. (1985). "Megaregolith thickness, heat flow, and the bulk composition of the moon". Nature 313: 121–124. DOI:10.1038/313121a0. Retrieved on 2007-04-12.
- ↑ The Smell of Moondust from NASA
- ↑ Lunar Polar Composites. Lunar and Planetary Institute. ശേഖരിച്ചത് 2007-04-12.
- ↑ Eureka! Ice found at lunar poles. Lunar Prospector (NASA) (2001-08-31). ശേഖരിച്ചത് 2007-04-12.
- ↑ Spudis, P. (2006-11-06). Ice on the Moon. The Space Review. ശേഖരിച്ചത് 2007-04-12.
- ↑ Versteckt in Glasperlen: Auf dem Mond gibt es Wasser - Wissenschaft - SPIEGEL ONLINE - Nachrichten
- ↑ http://www.ptinews.com/news/298416_Water-detected-on-moon-by-Chandrayaan--ISRO-says-path-breaking
- ↑ Ray, R. (2001-05-15). Ocean Tides and the Earth's Rotation. IERS Special Bureau for Tides. ശേഖരിച്ചത് 2007-04-12.
- ↑ Apollo Laser Ranging Experiments Yield Results. NASA (2005-07-11). ശേഖരിച്ചത് 2007-05-30.
- ↑ Kleine, T.; Palme, H.; Mezger, K.; Halliday, A.N. (2005). "Hf–W Chronometry of Lunar Metals and the Age and Early Differentiation of the Moon". Science 310 (5754): 1671–1674. DOI:10.1126/science.1118842. PMID 16308422.
- ↑ Binder, A.B. (1974). "On the origin of the moon by rotational fission". The Moon 11 (2): 53–76. DOI:10.1007/BF01877794. Retrieved on April 12, 2007.
- ↑ 33.0 33.1 33.2 Stroud, Rick (2009). The Book of the Moon. Walken and Company. pp. 24-27. ISBN 0802717349.
- ↑ Mitler, H.E. (1975). "Formation of an iron-poor moon by partial capture, or: Yet another exotic theory of lunar origin". Icarus 24: 256–268. DOI:10.1016/0019-1035(75)90102-5. Retrieved on april 12, 2007.
- ↑ Stevenson, D.J. (1987). "Origin of the moon–The collision hypothesis". Annual Review of Earth and Planetary Sciences 15: 271–315. DOI:10.1146/annurev.ea.15.050187.001415. Retrieved on April 12, 2007.
- ↑ 36.0 36.1 36.2 36.3 36.4 Wieczorek, M.; et al. (2006). "The constitution and structure of the lunar interior". Reviews in Mineralogy and Geochemistry 60: 221–364. DOI:10.2138/rmg.2006.60.3.
- ↑ 37.0 37.1 Papike, J.; Ryder, G.; Shearer, C. (1998). "Lunar Samples". Reviews in Mineralogy and Geochemistry 36: 5.1–5.234.
- ↑ 38.0 38.1 Hiesinger, H.; Head, J.W.; Wolf, U.; Jaumanm, R.; Neukum, G. (2003). "Ages and stratigraphy of mare basalts in Oceanus Procellarum, Mare Numbium, Mare Cognitum, and Mare Insularum". J. Geophys. Res. 108: 1029. DOI:10.1029/2002JE001985.
- ↑ Taylor, G.J. (2006-11-08). Recent Gas Escape from the Moon. Planetary Science Research Discoveries, Hawai'i Institute of Geophysics and Planetology. ശേഖരിച്ചത് 2007-04-12.
- ↑ Schultz, P.H.; Staid, M.I.; Pieters, C.M. (2006). "Lunar activity from recent gas release". Nature 444: 184–186. DOI:10.1038/nature05303.
- ↑ Norman, M. (2004-04-21). The Oldest Moon Rocks. Planetary Science Research Discoveries. ശേഖരിച്ചത് 2007-04-12.
- ↑ Varricchio, L. (2006). Inconstant Moon. Xlibris Books. ISBN 1-59926-393-9.
- ↑ Timing of crystallization of the lunar magma ocean constrained by the oldest zircon, Nemchin, Timms, Pidgeon, Geisler, Reddy & Meyer, published in Nature 25 January, 2009, latest access 4 February 2009
- ↑ 44.0 44.1 Lucey, P.; et al. (2006). "Understanding the lunar surface and space-Moon interactions". Reviews in Mineralogy and Geochemistry 60: 83–219. DOI:10.2138/rmg.2006.60.2.
- ↑ Williams, J.G.; Turyshev, S.G.; Boggs, D.H.; Ratcliff, J.T. (2006). "Lunar laser ranging science: Gravitational physics and lunar interior and geodesy". Advances in Space Research 37 (1): 6771. DOI:10.1016/j.asr.2005.05.013. Retrieved on 2007-04-12.
- ↑ Doppler Gravity Experiment Results. Lunar Prospector (NASA) (2001-08-31). ശേഖരിച്ചത് 2007-04-12.
- ↑ Muller, P.; Sjogren, W. (1968). "Masons: lunar mass concentrations". Science 161: 680–684. DOI:10.1126/science.161.3842.680. PMID 17801458.
- ↑ Konopliv, A.; Asmar, S.; Carranza, E.; Sjogren, W.; Yuan, D. (2001). "Recent gravity models as a result of the Lunar Prospector mission". Icarus 50: 1–18. DOI:10.1006/icar.2000.6573.
- ↑ Magnetometer / Electron Reflectometer Results. Lunar Prospector (NASA) (2001). ശേഖരിച്ചത് 2007-04-12.
- ↑ Hood, L.L.; Huang, Z. (1991). "Formation of magnetic anomalies antipodal to lunar impact basins: Two-dimensional model calculations". J. Geophys. Res. 96: 9837–9846. DOI:10.1029/91JB00308.
- ↑ Globus, Ruth (2002). Impact Upon Lunar Atmosphere. ശേഖരിച്ചത് August 29, 2007.
- ↑ "Moon." Encyclopædia Britannica. 2008. Encyclopædia Britannica Online. 10 Sep. 2008 <http://www.britannica.com/EBchecked/topic/391266/Moon>.
- ↑ Lawson, S.; Feldman, W.; Lawrence, D.; Moore, K.; Elphic, R.; Belian, R. (2005). "Recent outgassing from the lunar surface: the Lunar Prospector alpha particle spectrometer". J. Geophys. Res. 110: 1029. DOI:10.1029/2005JE002433.
- ↑ Stern, S.A. (1999). "The Lunar atmosphere: History, status, current problems, and context". Rev. Geophys. 37: 453–491. DOI:10.1029/1999RG900005.
- ↑ Artemis Project: Lunar Surface Temperatures
- ↑ Thieman, J.; Keating, S. (2006-05-02). Eclipse 99, Frequently Asked Questions. NASA. ശേഖരിച്ചത് 2007-04-12.
- ↑ Espenak, F. Saros Cycle. NASA. ശേഖരിച്ചത് 2007-04-12.
- ↑ Mike Luciuk. How Bright is the Moon?. ശേഖരിച്ചത് July 3, 2008.
- ↑ 59.0 59.1 59.2 "ചന്ദ്രോത്സവം- പഠിപ്പുര", മലയാള മനോരമ, 2007 ജൂലൈ 20 വെള്ളി. ശേഖരിച്ചത് 2007 ഓഗസ്റ്റ് 30. (മലയാളം)
- ↑ Coren, M. "'Giant leap' opens world of possibility", CNN.com, July 26, 2004. ശേഖരിച്ചത് April 12, 2007.
- ↑ India's Space Agency Proposes Manned Spaceflight Program. SPACE.com (November 10, 2006). ശേഖരിച്ചത് October 23, 2008.
| സൗരയൂഥം |
|---|
|
|
| നക്ഷത്രം: സൂര്യന്‍ |
| ഗ്രഹങ്ങള്‍: ബുധന്‍ - ശുക്രന്‍ - ഭൂമി - ചൊവ്വ - വ്യാഴം - ശനി - യുറാനസ് - നെപ്റ്റ്യൂണ്‍ |
| കുള്ളന്‍ ഗ്രഹങ്ങള്‍: സീറീസ് - പ്ലൂട്ടോ - ഈറിസ് |
| മറ്റുള്ളവ: ചന്ദ്രന്‍ - ധൂമകേതുക്കള്‍ - കൈപ്പര്‍ വലയം |

