ചന്ദ്രഗുപ്ത മൗര്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ചന്ദ്രഗുപ്ത മൗര്യന്‍
മൗര്യ ചക്രവര്‍ത്തി

ചന്ദ്രഗുപ്ത മൗര്യന്‍ -ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പ്
ഭരണകാലം ക്രി.മു. 322-ക്രി.മു. 298
ജനനം ക്രി.മു. 340
മരണം ക്രി.മു. 298
Successor ബിന്ദുസാരന്‍
Royal House മൗര്യ സാമ്രാജ്യം
മാതാവ് മുര

ചന്ദ്രഗുപ്തന്‍ എന്നും അറിയപ്പെട്ട ചന്ദ്രഗുപ്ത മൗര്യന്‍ (സംസ്കൃതം: चन्द्रगुप्त मौर्य) (ജനനം: ക്രി.മു. 340, ഭരണകാലം ക്രി.മു. 320[1]ക്രി.മു. 298 [2]) മൗര്യ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും ഒരുമിപ്പിച്ചു. തത്‌ഫലമായി ഇന്ത്യയെ ആദ്യമായി ഒരുമിപ്പിച്ചയാള്‍ ചന്ദ്രഗുപ്തനാണെന്ന് കരുതുന്നു. ഇന്ത്യയുടെ ആദ്യത്തെ യഥാര്‍ത്ഥ ചക്രവര്‍ത്തിയായും ചന്ദ്രഗുപ്തനെ കരുതുന്നു.[3] ഗ്രീക്ക്, ലാറ്റിന്‍ വിവരണങ്ങളില്‍ ചന്ദ്രഗുപ്തന്‍ അറിയപ്പെടുന്നത് സാന്ദ്രകുപ്തോസ് (Σανδρόκυπτος), സാന്ദ്രോകൊത്തോസ് (Σανδρόκοττος), ആന്‍ഡ്റോകോട്ടസ് എന്നിങ്ങനെയാണ്.[4]

ചന്ദ്രഗുപ്തന്‍ അധികാരം കേന്ദ്രീകരിക്കുന്നതിന് മുമ്പ്, വടക്കുകിഴക്കേ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഭരിച്ചിരുന്നത് പല ചെറുരാജ്യങ്ങളായിരുന്നു. സിന്ധൂ ഗംഗാ സമതലം നന്ദ രാജവംശത്തിന്റെ അധീനതയിലുമായിരുന്നു.[5] ചന്ദ്രഗുപ്തന്റെ സൈനിക വിജയങ്ങള്‍ക്കു ശേഷം മൗര്യ സാമ്രാജ്യം കിഴക്ക് ബംഗാള്‍, ആസ്സാം എന്നിവിടങ്ങള്‍ മുതല്‍[6] പടിഞ്ഞാറ് അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങള്‍ വരെയും വടക്ക് കാശ്മീര്‍, നേപ്പാള്‍ എന്നിവിടങ്ങള്‍ വരെയും[7] , തെക്ക് ഡെക്കാന്‍ പീഠഭൂമി വരെയും വ്യാപിച്ചു.[8]

അലക്സാണ്ടറിന്റെ മാസിഡോണിയന്‍ പടത്തലവന്‍മാരെ പരാജയപ്പെടുത്തിയതു മുതല്‍ തനിക്ക് 20 വയസ് മാത്രം പ്രായമുള്ളപ്പോള്‍ നന്ദ സാമ്രാജ്യത്തെ പരാജയപ്പെടുത്തിയതും, സെലൂക്കസ് നിക്കറ്റോറിനെ പരാജയപ്പെടുത്തിയതും, തെക്കേ ഏഷ്യയിലെമ്പാടും കേന്ദ്രീകൃത ഭരണം ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെയുള്ള ചന്ദ്രഗുപ്ത മൗര്യന്റെ നേട്ടങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ പ്രശസ്തമാണ്. ചന്ദ്രഗുപ്തന്റെ രാജ്യഭരണത്തെക്കുറിച്ച് വിശാഖദത്തന്റെ മുദ്രാരാക്ഷസം എന്ന നാടകത്തില്‍ വിശദമാക്കുന്നുണ്ട്[9].

ഉള്ളടക്കം

[തിരുത്തുക] ജീവിതരീതി

ചന്ദ്രഗുപ്തന്റെ കാലത്ത് പാടലീപുത്രം സന്ദര്‍ശിച്ച മെഗസ്തനീസിന്റെ വിവരണങ്ങള്‍ പ്രകാരം ചക്രവര്‍ത്തി ജനങ്ങള്‍ക്കു മുന്നിലെത്തുന്ന വേളകള്‍ ആഘോഷമായി കൊണ്ടാടിയിരുന്നു. സ്വര്‍ണ്ണപ്പല്ലക്കിലേറിയായിരുന്നു അദ്ദേഹം ജനങ്ങള്‍ക്കു മുന്നിലെത്തിയിരുന്നത്. സ്വര്‍ണ്ണവും വെള്ളിയും കൊണ്ടലങ്കരിച്ച ആനകളിലാണ്‌ അംഗരക്ഷകര്‍ എത്തിയിരുന്നത്. പരിശീലിപ്പിച്ച തത്തകള്‍ ചക്രവര്‍ത്തിയുടെ തലക്കു ചുറ്റും പ്രദക്ഷിണം വക്കുമായിരുന്നു. ചക്രവര്‍ത്തിക്കു തൊട്ടു ചുറ്റും ആയുധധാരികളായ സ്ത്രീകളാണ്‌ നിലകൊണ്ടിരുന്നത്. ജീവഭയം മൂലം ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് അവ രുചിച്ചു നോക്കുന്നതിന്‌ പ്രത്യേകഭൃത്യര്‍ ചക്രവര്‍ത്തിക്കുണ്ടായിരുന്നു. ഒരേ കിടപ്പുമുറിയില്‍ ഇദ്ദേഹം തുടര്‍ച്ചയായി രണ്ടു ദിവസത്തിലധികം ഉറങ്ങാറുണ്ടായിരുന്നില്ല.[10]. .

[തിരുത്തുക] അവസാനകാലം

ശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ച ചന്ദ്രഗുപ്തന്‍, പില്‍ക്കാലത്ത് നാട്ടില്‍ ക്ഷാമമുണ്ടായത് പരിഹരിക്കാനാവാതെ വ്യാകുലനായി കൊട്ടാരം വിട്ടിറങ്ങി. ജൈനസന്യാസിയായി ജീവിച്ച അദ്ദേഹം മൈസൂരിലെ ശ്രാവണബെല്‍ഗോളയിലെ ജൈനക്ഷേത്രത്തില്‍ വെച്ച് ഉപവാസം അനുഷ്ടിച്ച് ദേഹത്യാഗം നടത്തി എന്ന് ജൈനകൃതികളില്‍ വിവരിക്കുന്നു. [11]ശ്രാവണബെല്‍ഗോളക്കടുത്ത് ഇദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ചന്ദ്രഗിരി എന്ന കുന്നും അവിടെ ചന്ദ്രബസ്തി എന്ന ഒരു ദേവാലയവും ഉണ്ട്. ദക്ഷിണേന്ത്യയിലേക്കുള്ള ചന്ദ്രഗുപ്തന്റെ യാത്രയില്‍ അദ്ദേഹം തിരുനെല്‍വേലി, കൊങ്കണ്‍, കൊങ്കു, കണ്ണൂരിനു വടക്കുള്ള കുന്നുകള്‍ എന്നിവിടങ്ങളിലും എത്തിയിട്ടുണ്ട്[9].

[തിരുത്തുക] അവലംബം

  1. Kulke, Hermann; Rothermund, Dietmar (1998) [1986]. A History of India (Third Edition ed.). London: Routledge. pp. 59. ISBN 0-415-15481-2. 
  2. Kulke and Rothermund 1998:62
  3. Boesche, Roger (January 2003). "Kautilya's Arthaśāstra on War and Diplomacy in Ancient India". The Journal of Military History 67 (1): 9–37. DOI:10.1353/jmh.2003.0006. ISSN 0899-3718. 
  4. William Smith (ed), Dictionary of Greek and Roman Biography and Mythology, 1870, Vol 3 p. 705-6
  5. Shastri, Nilakantha (1967). Age of the Nandas and Mauryas. Delhi: Motilal Banarsidass. p. 26. ISBN 81-208-0465-1. 
  6. Bruce Vaughn (2004). "Indian Geopolitics, the United States and Evolving Correlates of Power in Asia", Geopolitics 9 (2), p. 440-459.
  7. H. Goetz (1955). "Early Indian Sculptures from Nepal", Artibus Asiae 18 (1), p. 61-74.
  8. The Span of the Mauryan Empire, Kamat's Potpurri, accessed 9 September 2007
  9. 9.0 9.1 Azhikode, Sukumar (1993). "1-ഭാരതം യുഗാന്തരങ്ങളിലൂടെ" (in മലയാളം). ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 22. ISBN 81-7130-993-3. 
  10. "CHAPTER 8 ASHOKA, THE EMPEROR WHO GAVE UP WAR". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 77-78. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 
  11. Will Durant, The Story of Civilization, Part-I - Our Oriental Heritage - പുറം 445

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികള്‍


Preceded by
നന്ദ രാജവംശം
മൗര്യ ചക്രവര്‍ത്തി
322-298 BC
Succeeded by
ബിന്ദുസാരന്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം