ഖലീല്‍ ജിബ്രാന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഖലീല്‍ ജിബ്രാന്‍ | |
|---|---|
| ജനനം | Gibran Kahlil Gibran bin Mikhael bin Saâd ജനുവരി 6 1883 Bsharri, Lebanon |
| മരണം | ഏപ്രില്‍ 10 1931 (പ്രായം 48) New York City, United States |
| തൊഴില്‍ | Poet, Painter, Sculptor, Writer, Philosopher, Theologian, Visual Artist |
| ദേശീയത | Lebanese |
| രചനാ സങ്കേതം | Poetry, Parable, Short Story |
| സാഹിത്യ പ്രസ്ഥാനം | Mahjar, New York Pen League |
| പ്രധാനപ്പെട്ട കൃതികള്‍ | The Prophet |
ഖലീല്‍ ജിബ്രാന്‍ (ജനുവരി 6, 1883 - ഏപ്രില്‍ 10, 1931) ലോകപ്രശസ്തനായ കവിയും ചിത്രകാരനുമായിരുന്നു. പൗരസ്ത്യദേശത്തു നിന്നും വിശ്വസാഹിത്യത്തില്‍ പ്രചുര പ്രതിഷ്ഠനേടിയ അപൂര്‍വം കവികളിലൊരാളാണ് . ലെബനനില്‍ ജനിച്ച ജിബ്രാന്‍ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കന്‍ ഐക്യനാടുകളിലാണു ചെലവഴിച്ചത്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതരേഖ
[തിരുത്തുക] ആദ്യകാലം
ഖലീല്‍ ജിബ്രാന്റെ ബാല്യകാലത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ലബനനിലെ ബഷരി എന്ന പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. മാരോനൈറ്റ് കത്തോലിക്കരായിരുന്നു ജിബ്രാന്റെ കുടുംബം. ഖലീല്‍ ജിബ്രാന്‍ എന്നുതന്നെയായിരുന്നു അച്ഛന്റെ പേര്. ഉത്തരവാദരഹിതമായ ജീവിതം നയിച്ച അച്ഛനേക്കാള്‍ അമ്മ കാമില റഹ്‌മേയാണ് ജിബ്രാന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയത്. കാമിലയുടെ മൂന്നാമത്തെ ഭര്‍ത്താവായിരുന്നു ജിബ്രാന്റെ പിതാവ്. പീറ്റര്‍ എന്ന അര്‍ദ്ധസഹോദരനും മരിയാന സുല്‍ത്താന എന്നീ സഹോദരിമാര്‍ക്കുമൊപ്പമായിരുന്നു ബാല്യകാലം.
കടുത്ത ദാരിദ്ര്യം മൂലം ജിബ്രാന് ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. എങ്കിലും പഠനത്തിനുള്ള താല്പര്യം മനസിലാക്കി ഗ്രാമത്തിലെ ഒരു പുരോഹിതന്‍ നിരന്തരം വീട്ടിലെത്തി സുറിയാനിയും അറബിയും പഠിപ്പിച്ചു. ബൈബിളിന്റെ ബാലപാഠങ്ങളും ഈ പുരോഹിതനില്‍ നിന്നുതന്നെ മനസിലാക്കി. ചെറുവെള്ളച്ചാട്ടങ്ങളും ദേവദാരു വൃക്ഷങ്ങളുമുള്‍പ്പെടുന്ന തന്റെ വീടിന്റെ ചുറ്റുപാടുകളില്‍ ഏകനായിരിക്കാനായിരുന്നു ജിബ്രാനിഷ്ടം. പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളിലും കവിതകളിലും ഇക്കാലത്തെ പ്രകൃതി സാമീപ്യത്തിന്റെ സ്വാധീനം കാണാം.
1894ല്‍ അമേരിയ്ക്കയിലേയ്ക്ക് ജിബ്രാന്‍ കുടുംബം കുടിയേറി.രണ്ട് വര്‍ഷത്തെ വിദ്യാഭ്യാസത്തിനു ശേഷം ജന്മനട്ടില്‍ മടങ്ങിയെത്തിയ ജിബ്രാന്‍ ബെയ്ത്തൂറിലെ മദ്രസ-അല്‍-ഹിക്മ എന്ന സ്ഥാപനത്തില്‍ അന്താരാഷ്ട്രനിയമം,മതങ്ങളുടെ ചരിത്രം,സഗീതം എന്നിവയും അഭ്യസിച്ചു.
[തിരുത്തുക] പ്രശസ്തിയിലേയ്ക്ക്
1904ല്‍ ജിബ്രാന്‍ തന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി.1908ല്‍ ചിത്രകലാപഠനം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശ്യത്തോടെ പാരീസിലെത്തി.ഇക്കാലത്തെ ജീവിതമാണ് യൂറോപ്യന്‍ സാഹിത്യവുമായി കൂടുതലുടുക്കാന്‍ സഹായിച്ചത്.ചിത്രകലയിലെ ആധുനികപ്രവണതകള്‍ അന്വേഷിയ്ക്കാന്‍ ശ്രദ്ധിച്ചിരുന്നു.ഭ്രാന്തന്‍ വിപ്ലവം എന്നാണ് ആധുനികചിത്രകലയെ ഇദ്ദേഹം വിശേഷിപ്പിച്ചത്.പാരീസില്‍ വെച്ച് ശില്പിയായ അഗസ്റ്റേ റോഡിനുമായി പരിചയപ്പെട്ടു.ഉള്‍ക്കാഴചയുള്ള വിലയിരുത്തലുകള്‍ ജിബ്രാനെ കുറിച്ച് ഇദ്ദേഹം നടത്തി.
[തിരുത്തുക] കൃതികള്‍
ജിബ്രാന്റെ കാവ്യജീവിതത്തെ രണ്ട് ഘട്ടങ്ങളാക്കി തിരിയ്ക്കാം,1905മുതലാരംഭിയ്ക്കുന്ന ആദ്യഘട്ടവും 1918മുതലാരംഭിയ്ക്കുന്ന രണ്ടാം ഘട്ടവും.രണ്ടാംഘട്ടത്തിലാണ് ആംഗലേയഭാഷയില്‍ രചനകള്‍ നടത്തിയത്.ആദ്യകാലകൃതികളില്‍ നിരാശ,ക്ഷോഭം എന്നീ മനോവികാരങ്ങളാണുള്ളതെങ്കില്‍ രണ്ടാംഘട്ടത്തോടെ പക്വവും സന്തുലിതവുമായ ജീവിതവീക്ഷണങ്ങള്‍ ദര്‍ശിയ്ക്കാം.കൊച്ചുകൊച്ചു ആഖ്യാനങ്ങളിലൂടെ രചനാസങ്കേതം വളര്‍ന്ന് കടങ്കഥകളും അനാദൃശ്യകഥകളും ആയിത്തീരുന്നത് ദര്‍ശിയ്ക്കാം.സോളമന്റെ ഗീതങ്ങളുടേയും സങ്കീര്‍ത്തനങ്ങളുടേയും സ്വാധീനം കാണാം.
- അല്‍ മ്യൂസിക്കാ
ആദ്യ കൃതി.ഇത് രചിയ്ക്കപ്പെട്ടത് അറബി ഭാഷയിലാണ്.1905ല്‍ ആണ് ഇത് രചിച്ചത്.
- താഴ്വരയിലെ സ്വര്‍ഗ്ഗകന്യകള്‍(ആംഗലേയം:Nymphs of the Valley)
- ഒടിഞ്ഞ ചിറകുകള്‍(ആംഗലേയം:Broken Wings)
വിവാഹമെന്ന സാമൂഹ്യസമ്പ്രദായത്തെ തന്നെ വെറുക്കാനിട വന്ന ഒരു പ്രണയബന്ധത്തിന്റെ തകര്‍ച്ച ആണ് 1908ല്‍ പ്രസീദ്ധീകരിച്ച ഈ കൃതിയ്ക്ക് കാരണമായത്.അമ്മയുടെ മരണം തീവ്രമായ ഉളവാക്കിയ നഷ്ടബോധം ഈ കൃതിയില്‍ ഇപ്രകാരം എഴുതിയിരിയ്ക്കുന്നു. "മാനവരാശിയുടെ ചുണ്ടിലെ ഏറ്റവും മധുരമായ പദമാകുന്നു അമ്മ.അത് പ്രതീക്ഷയും സ്നേഹവും കൊണ്ട് നിര്‍ഭരമായ പദമാകുന്നു;ഹൃദയത്തിന്റെ അഗാധതയില്‍ നിന്നുവരുന്ന മധുരോദാരമായ പദം"
- ക്ഷോഭിയ്ക്കുന്ന ആത്മാവ്(ആംഗലേയം:Spirits Rebellious)
മതങ്ങളുടെ ആചാരങ്ങളേയും പക്ഷപാതപരമായ സാമൂഹ്യനീതികളേയും കര്‍ക്കശമായി വിമര്‍ശിയ്ക്കപ്പെട്ടിരുന്നു എന്ന കാരണത്താല്‍ 1908ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
- പ്രവാചകന്(ആംഗലേയം:The Prophet)
1923ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ തന്റെ സന്ദേഹങ്ങള്‍ക്കും വിചാരങ്ങള്‍ക്കും ദര്‍ശനസാന്ദ്രമായ ആവിഷ്കാരം നല്‍കി. പ്രണയം, വിവാഹം, നിയമം, കുഞ്ഞുങ്ങള്‍, നീതി, ശിക്ഷ, സ്വാതന്ത്ര്യം, ഔദാര്യം,മതം,സുഖം,ദു:ഖം എനിങ്ങനെയുള്ള ആശയങ്ങള്‍ക്ക് അല്‍മുസ്തഫ എന്ന പ്രവാചകനിലൂടെ രൂപം നല്‍കുന്നു.
- യേശു,മനുഷ്യന്റെ പുത്രന്‍(ആംഗലേയം:Jesus,The Son Of Man)
1928ല്‍ പ്രസിദ്ധീകരിച്ച ഈ കൃതിയില്‍ ഉച്ചസ്ഥായിയിലെത്തിച്ചേര്‍ന്ന ജിബ്രാന്റെ ദര്‍ശനവും ഉള്‍ക്കാഴ്ചയും കാണാം.യേസുവിനെക്കുറിച്ച് ഈ കൃതിയില്‍ "ഒടിഞ്ഞ ചിറകുള്ള ഒരു പക്ഷിയായിരുന്നില്ല യേശു.വിരിഞ്ഞ പക്ഷങ്ങളുള്ള സര്വ്വവും പിടിച്ചുലയ്ക്കുന്ന ഉഗ്രമായൊരു കൊടുങ്കാറ്റായിരുന്നു."
- മണലും നുരയും(ആംഗലേയം:Sand and Foam)
സ്ഥാപനവത്കരിയ്ക്കപ്പെട്ട മതത്തെ നിരാകരിയ്ക്കുന്ന നായകന്മാരോടായിരുന്നു ജിബ്രാന് ബഹുമാനമുണ്ടായിരുന്നത്.ആയതിനാല്‍ ഇദ്ദേഹം യഥാര്‍ത്ഥ യേശുഎന്ന് വിശ്വസിയ്ക്കുന്ന ഒരുവനില്‍ ആകൃഷ്ടനായിരുന്നു.ഈ കൃതിയില്‍ നസരേത്തിലെ യേശു കൃസ്തുമതത്തിലെ യേശുവിനോട് ഇപ്രകാരം പറയുമായിരിയ്ക്കുമെന്ന് ജിബ്രാന്‍ എഴുതി"എന്റെ സുഹൃത്തേ,നമുക്കൊരിയ്ക്കലും പൊരുത്തപ്പെടാനാവുകയില്ലെന്ന് ഞാന്‍ ഭയപ്പെടുന്നു"
- ദ് മാഡ് മാന്‍
1918ല്‍ ആണ് ഇത് രചിച്ചിരിയ്ക്കുന്നത്.ആംഗലേയഭാഷയിലുള്ള ആദ്യകൃതിയാണിത്.
[തിരുത്തുക] അവസാനകാലം
1912ല്‍ ന്യൂയോര്‍ക്കില്‍ താമസമാരംഭിച്ചു.അവിടെ ജിബ്രാന്‍ ജീവിതാവസാനം വരേയും ഹെര്‍മിറ്റേജ് എന്ന് വിളിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു കഴിച്ചുകൂട്ടിയത്.1931 ഏപ്രില്‍ പത്താംതീയ്യതി തന്റെ നാല്പത്തെട്ടാമത്തെ വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.ഭൗതികശരീരം സംസ്കരിച്ചത് ലെബനണില്‍ ആണ്.
[തിരുത്തുക] അവലംബം
പ്രവാചകന്‍,വിവര്‍ത്തകന്‍:കെ.ജയകുമാര്‍,ഡി.സി ബുക്സ്,ISBN 81-264-0966-5