ക്രിസ്റ്റ്യന്‍ ഡെ വിറ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണാഫ്രിക്കയിലെ രാഷ്ട്രീയ നേതാവും ഒളിപ്പോരാളിയുമായിരുന്നു ക്രിസ്റ്റ്യന്‍ റുഡോല്‍ഫ് ഡെ വിറ്റ്. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ സ്മിത്ത് ഫീല്‍ഡില്‍ 1854 ഒക്ടോബര്‍ 7-ന് ഇദ്ദേഹം ജനിച്ചു. സൈനികനായ ഇദ്ദേഹം ഒന്നാം ആംഗ്ളോ-ബോയര്‍ യുദ്ധത്തില്‍ (1880 - 81) ഇംഗ്ളീഷുകാര്‍ക്കെതിരായി പോരാടി. 1897-ല്‍ നിയമസഭാംഗമായി. രണ്ടാം ആംഗ്ളോ-ബോയര്‍ യുദ്ധകാലത്ത് (1899-1902) ബ്രിട്ടിഷുകാര്‍ക്കെതിരായി ഇദ്ദേഹം ശക്തമായ ഗറില്ലാ ആക്രമണം സംഘടിപ്പിച്ചിരുന്നു. യുദ്ധാനന്തരം ഓറഞ്ച് റിവര്‍ കോളനിയിലെ നിയമസഭാംഗവും കൃഷിവകുപ്പുമന്ത്രിയും ആകുവാന്‍ സാധിച്ചു. സ്വാതന്ത്യലബ്ധിക്കുവേണ്ടിയുള്ള സമരങ്ങളില്‍ വീണ്ടും ഇദ്ദേഹം വ്യാപൃതനായി. 1914-ല്‍ നാഷണല്‍ പാര്‍ട്ടി സ്ഥാപിക്കുന്നതിനു നേതൃത്വം നല്കിയവരില്‍ ഡെ വിറ്റും ഉണ്ടായിരുന്നു. ഒന്നാം ലോക യുദ്ധകാലത്ത് ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിനെ മറിച്ചിടുവാന്‍ നടത്തിയ വിപ്ളവത്തില്‍ പങ്കെടുത്തിരുന്നുവെങ്കിലും ഇത് വിജയപ്രദമായില്ല. തുടര്‍ന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ഗവണ്‍മെന്റ് ഇദ്ദേഹത്തെ കുറച്ചുകാലത്തേക്ക് ജയിലിലടച്ചു. ജനാഭിലാഷപ്രകാരം 1915-ല്‍ മോചിപ്പിച്ചു. തുടര്‍ന്നും ഡെ വിറ്റ് ആഫ്രിക്കന്‍ സ്വാതന്ത്യത്തിനായി നിലകൊണ്ടു. യുദ്ധകാല അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഇദ്ദേഹം രചിച്ച ത്രീ ഇയേഴ്സ് വാര്‍ (1902) എന്ന ഗ്രന്ഥം നല്ലൊരു ചരിത്രരേഖയായി കരുതപ്പെടുന്നു. ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഡെ വിറ്റ്സ് ഡ്രോപില്‍ ഇദ്ദേഹം 1922 ഫെബ്രുവരി 3-ന് നിര്യാതനായി.

