കോര്‍ക്കു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യേന്ത്യയില്‍ സത്പുര പര്‍വതനിരയില്‍ ജീവിക്കുന്ന ഒരു ആദിവാസി വർഗ്ഗമാണ് കോര്‍ക്കു. മനുഷ്യന്‍ എന്നര്‍ത്ഥമുള്ള കോരു എന്ന വാക്കും അനവധി എന്നർത്ഥമുള്ള കു എന്ന വാക്കും കൂടിച്ചേർന്നാണ് നിരവധിയാളുകള്‍ എന്നര്‍ത്ഥമുള്ള കോര്‍ക്കു എന്ന പേര് ഈ വംശത്തിനു ലഭിച്ചതു. തേക്കും മുളയും ധാരാളമായുള്ള കാടുകളിലാണ് കോർക്കു വംശജര്‍ ജീവിക്കുന്നത്. ഇവ ഉപയോഗിച്ചു തന്നെയാണ് കോര്‍ക്കു വംശജര്‍ ജീവിതവൃത്തി കഴിക്കുന്നത്. ഇവരുടെ കൈയിലുള്ള ചെറിയ ഒരു കോടാലി കൊണ്ട് മരങ്ങള്‍ വെട്ടി വില്‍ക്കുന്നു [1].
ഓല മേഞ്ഞ് മുളയോ തേക്കോ കൊണ്ട് ഉണ്ടാക്കിയ വീടുകളാണ് കോര്‍ക്കു ഗ്രാമങ്ങളില്‍ കാണുക. ചുമരുകള്‍ മണ്ണുപയോഗിച്ച് കനത്തില്‍ തേയ്ക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ മുറികള്‍ ഈ വീടുകള്‍ക്കുണ്ടാകും[1].
ഗോതമ്പാണ് ഇവര്‍ ഭക്ഷ്യധാന്യമായി കൃഷിചെയ്യുന്നത്. കാള വലിക്കുന്ന കലപ്പ ഉപയോഗിച്ച് മണ്ണിളക്കുന്നതിനോടൊപ്പം കലപ്പയില്‍ പിടിപ്പിച്ചിട്ടുള്ള മുളംകുഴലിലൂടെ ഇവർ വിത്ത് വിതക്കുന്നു. തേനീച്ചക്കൂടുകളില്‍ നിന്നും ഒരു മുന്‍കരുതലുമില്ലാതെ കാട്ടുതേന്‍ ശേഖരിക്കുന്നതിലും കോര്‍ക്കുകള്‍ വിദഗ്ദ്ധരാണ്. തേനീച്ചകളുടെ കുത്തില്‍ നിന്നും ഇവര്‍ പ്രതിരോധശേഷി നേടിയതായി കരുതുന്നു[1].
മോഹ്വ എന്നുവിളിക്കുന്ന ഒരു പഴവും ഇവരുടെ ഭക്ഷണകാര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ വെളുത്ത നിറത്തിലുള്ള ഈ പഴം രാത്രികാലത്ത് മരത്തില്‍ നിന്നും പൊഴിയുന്നു. ഇതിനെ ഉണക്കി സൂക്ഷിക്കുകയും മറ്റു ഭക്ഷണസാധനങ്ങള്‍ ലഭ്യമല്ലാതാകുമ്പോള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. മോഹ്വയില്‍ നിന്നും വളരെ വീര്യം കൂടിയ ഒരു മദ്യവും ഇവര്‍ ഉല്‍പാദിപ്പിക്കുന്നു. കോര്‍ക്കുകള്‍ പുലിയേയും കടുവകളേയും ഭയക്കുന്നില്ലെങ്കിലും മോഹ്വ വിളയുന്ന കാലത്ത് അതിന്റെ പങ്കുപറ്റാനെത്തുന്ന കരടികളെ ഇവര്‍ ഭയക്കുന്നു[1].
ഫ്ലിന്റ്-ഉം (ഒരു തരം കല്ല്) ഇരുമ്പും ഉപയോഗിച്ചാണ് കോര്‍ക്കുകകള്‍ തീയുണ്ടാക്കുന്നത്. ഇതിനെ ഇവര്‍ ചക് മക് എന്നു പറയുന്നു[1].