കോടിയേരി ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോടിയേരി ബാലകൃഷ്ണൻ

നിയോജക മണ്ഡലം തലശ്ശേരി

ജനനം 1953 നവംബർ 16(1953-11-16)
കേരളം
രാഷ്ടീയകക്ഷി സി. പി ഐ (എം)

കേരളത്തിലെ സി.പി.എമ്മിന്റെ നേതാക്കളിലൊരാളാണ് കോടിയേരി ബാലകൃഷ്ണൻ (ജനനം: നവംബർ 16, 1953 - )[1]. സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാർലമെന്ററി പാർട്ടി ഉപാദ്ധ്യക്ഷനുമാണ്. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവർത്തിച്ചു. ഇപ്പോഴത്തെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവാണ്. തലശ്ശേരി നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.

ജീവചരിത്രം[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിലെ കല്ലറ തലായി എൽ.പി. സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി 1953 നവംബർ 16-ന് ബാലകൃഷ്ണൻ ജനിച്ചു.[2] മാഹി മഹാത്മാഗാന്ധി ഗവ.കോളജ്‌, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ബിരുദധാരിയാണ്.

തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക്‌ സെന്റർ ജീവനക്കാരിയും തലശ്ശേരി മുൻ എം.എൽ.എ. എം.വി.രാജഗോപാലിന്റെ മകളുമായ എസ്‌.ആർ.വിനോദിനിയാണ് ഭാര്യ. ബിനോയ്‌, ബിനീഷ്‌ എന്നിവർ മക്കളാണ്‌‍. ചൈന, ക്യൂബ, ഒമാൻ, യു.എ.ഇ., ബഹറിൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

രാഷ്ട്രീയ ചരിത്രം[തിരുത്തുക]

വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസത്തോളം ജയിൽ‌വാസം അനുഭവിച്ചിട്ടുണ്ട്. 1982, 1987, 2001, 2006 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3-ന്‌ കൊയമ്പത്തൂരിൽ വെച്ച് നടന്ന പാർട്ടി കോൺഗ്രസിൽ കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[3]

കോടിയേരി ബാലകൃഷ്ണൻ

2001 മുതൽ 2006 വരെ കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായിരുന്നു. 2006 മേയ്‌ 18 മുതൽ 2011 മേയ് 18 വരെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തരം, വിജിലൻസ്, ജയിൽ, അഗ്നിശമനം, സംയോജനം, ടൂറിസം എന്നീ വകുപ്പുകൾ വഹിച്ചു. 2011 മുതൽ വീണ്ടും പ്രതിപക്ഷ ഉപനേതാവായി.

വിമർശനങ്ങൾ[തിരുത്തുക]

കാടാമ്പുഴ ക്ഷേത്രത്തിൽ പൂമൂടൽ എന്ന ചടങ്ങ് ഇദ്ദേഹത്തിന്റെ പേരിൽ നടത്തി എന്നൊരു വിവാദമുണ്ടായിട്ടുണ്ട്. പിന്നീട്, മറ്റൊരു ബാലകൃഷ്ണനാണ് ചടങ്ങ് നടത്തിയത് എന്നു പുറത്തുവന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്[അവലംബം ആവശ്യമാണ്]. മന്ത്രിയായി ചുമതലയെടുത്ത ആദ്യകാലത്ത് പോലീസ് നടപടികളിൽ നിരവധി പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വിമർശനങ്ങളുയർന്നിരുന്നു.[അവലംബം ആവശ്യമാണ്] ഇദ്ദേഹത്തിന്റെ ചില പ്രസ്താവനകൾ അക്രമാസക്തമായ രാഷ്ട്രീയ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു.[അവലംബം ആവശ്യമാണ്] ഐസ്‌ക്രീം, ലോട്ടറി, ലാവലിൻ കേസുകൾക്കായി പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് മൂന്നുകോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് [4]

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/members/kodiyeribalakrishnan.pdf
  2. http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf
  3. "Basu, Surjeet out of CPI(M) Politburo". ശേഖരിച്ചത് 2008-04-05. 
  4. "വി എസ്, പിണറായി, കോടിയേരി എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്‌". The Indian Reader. 11 ജൂലായ് 2013. ശേഖരിച്ചത് 16 ജൂലായ് 2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

http://www.kerala.gov.in/government/kodibalan.htm


"http://ml.wikipedia.org/w/index.php?title=കോടിയേരി_ബാലകൃഷ്ണൻ&oldid=1802177" എന്ന താളിൽനിന്നു ശേഖരിച്ചത്