കൊത്തങ്കല്ല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊതുവെ പെൺകുട്ടികളുടെ ഒരു നാടൻ കളിയാണ് കൊത്തങ്കല്ല് കളി.  പക്ഷെ കുട്ടിക്കാലത്ത് ഞാനും ഈ കളിയിൽ അഗ്രഗണ്യനായിരുന്നു. സ്‌കൂളിൽ പെൺകുട്ടികൾ മാത്രവും ഞങ്ങളുടെ കോളനിയിൽ ആണും പെണ്ണും ഒരുമിച്ചും ആയിരുന്നു കൊത്തങ്കല്ല് കളിച്ചിരുന്നത്. കല്ലുകൊത്തിക്കളി എന്നും ഈ കളിക്ക് പേരുണ്ട്.

അഞ്ച് ചെറിയ കല്ലുകളാണ് കളിയുടെ അടിസ്ഥാന ഘടകം. ഇന്ന് നാം അര ഇഞ്ച് മെറ്റൽ എന്ന് വിളിക്കുന്ന കരിങ്കല്ലുകൾ അന്ന് പെറുക്കിയിരുന്നത് റോഡ് വക്കിൽ നിന്നായിരുന്നു. കോൺക്രീറ്റ് വർക്കുകൾ അപൂർവ്വമായിരുന്നതിനാൽ മെറ്റൽ ഇന്നത്തെ പോലെ സുലഭമായിരുന്നില്ല. എന്നാൽ റോഡിന്റെ പാർശ്വങ്ങളിൽ നിന്നും അടർന്നു പോകുന്ന കല്ലുകൾ റോഡ് സൈഡിൽ കാണാമായിരുന്നു. വക്ക്  കൂർത്തതും മൂർച്ഛയുള്ളതുമായ അത്തരം കല്ലുകൾ മൂന്നാല് ദിവസത്തെ കളിയോടെ ഉരുണ്ട് വരും. എൻ്റെ ജ്യേഷ്ഠത്തിയും കൂട്ടുകാരും സ്ഥിരം ഉപയോഗിച്ചിരുന്ന കല്ലുകൾ ശരിക്കും ഗോലി പോലെ ആയിരുന്നു.

അഞ്ചോ ഏഴോ കല്ലുകൾ കൊണ്ട് കൊത്തങ്കല്ല് കളിക്കാം. അഞ്ച് കല്ലുകൾ കൊണ്ടായിരുന്നു ഞങ്ങൾ  കളിച്ചിരുന്നത്. വട്ടത്തിൽ നിലത്ത് പടിഞ്ഞിരുന്നാണ് കളി. കളിയിലെ ആരെങ്കിലും ഒരാൾ അഞ്ച് കല്ലുകളും കയ്യിൽ എടുത്ത് നിലത്ത് ചിതറി ഇടും. ആദ്യ ഘട്ടത്തിൽ ഓരോ കല്ലുകളായി എടുക്കണം എന്നതിനാൽ കല്ലുകൾ മാക്സിമം അകലത്തിൽ ആകാൻ പാകത്തിൽ ആയിരിക്കും ചിതറി ഇടുന്നത്.ഇതിൽ നിന്ന് ഒന്നെടുത്ത് മേലോട്ട് എറിയും.എന്നിട്ട് നിലത്തുള്ള ഓരോ കല്ല് വീതം മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതേ കൈ കൊണ്ട് പിടിക്കുകയും വേണം.

ഇതു രണ്ടും തെറ്റിക്കാതെ ചെയ്താൽ കളിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാം.എല്ലാം ഒന്നാം ഘട്ടത്തിലെപ്പോലെ തന്നെ ചെയ്യുക. പക്ഷെ ഈരണ്ട് കല്ലുകൾ വീതം കൊത്തി എടുക്കണം.മൂന്നാം ഘട്ടത്തിൽ ആദ്യം മൂന്ന് കല്ലുകൾ ഒരുമിച്ച് കൊത്തി എടുക്കണം. ശേഷം ഒറ്റക്കല്ലും.നാലാം ഘട്ടത്തിൽ മുകളിലെറിഞ്ഞ കല്ല് താഴെ വീഴും മുമ്പ് നാല് കല്ലുകളും വാരി എടുക്കണം.അതേ കൈകൊണ്ട് തന്നെ ആ കല്ല് പിടിക്കുകയും വേണം.എല്ലാ ഘട്ടങ്ങളിലും ഒരു കൈ മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളൂ. ഓരോ ഘട്ടത്തിലെ കല്ലുകൾ കൊത്തി എടുക്കുമ്പോഴും കളത്തിലെ മറ്റു കല്ലുകൾക്ക് ഒരനക്കവും സംഭവിക്കാൻ പാടില്ല.ഇതിലേതെങ്കിലും നിയമം തെറ്റിച്ചാൽ കളി അടുത്ത ആൾക്ക് കൈമാറണം.

അഞ്ചാമത്തെ ഘട്ടം "തോണ്ടി" ആണ്. നാല് കല്ലുകൾ കൈക്കകത്ത് തന്നെ വച്ച് ഒരു കല്ല് മുകളിലേക്കെറിയും.കല്ല് ഉയരുന്നതിനിടയിൽ ചൂണ്ടു വിരൽ കൊണ്ട് നിലത്ത് ഒന്ന് തോണ്ടും.ശേഷം എറിഞ്ഞ കല്ല് പിടിക്കും.ആറാം ഘട്ടത്തിൽ കൈക്കകത്തെ ഒരു കല്ല് മുകളിലേക്കെറിഞ്ഞ് ബാക്കി മുഴുവൻ നിലത്ത് വയ്ക്കും.എറിഞ്ഞ കല്ല് പിടിച്ച ശേഷം വീണ്ടും മുകളിലേക്കെറിഞ്ഞ് മുഴുവൻ കല്ലുകളും വാരി എടുക്കും.വീഴുന്ന കല്ല് അതേ കൈ കൊണ്ട് തന്നെ പിടിക്കുകയും വേണം.ഈ ഘട്ടത്തെ "വാരി" എന്ന് പറയും.

നാല് കല്ലുകളും വാരിയ ശേഷം വരുന്ന ഘട്ടത്തെ "തൂഞ്ചി" എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്.അഞ്ച് കല്ലുകളും ഒരുമിച്ച് മുകളിലേക്കിട്ട് കൈപ്പത്തിയുടെ പുറം ഭാഗത്ത് അവയെ ലാന്റ് ചെയ്യിപ്പിക്കണം.കൈപ്പുറത്ത് ഒരു കല്ല് മാത്രമേ കിട്ടിയുള്ളൂ എങ്കിൽ ആ ഘട്ടത്തിൽ നിന്ന് പുറത്താകും.ഒന്നിലധികം ഉണ്ടെങ്കിൽ നമുക്ക് ഇഷ്ടമുള്ള അത്രയും കൈപ്പുറത്ത് നിർത്തി ബാക്കി ശ്രദ്ധയോടെ  താഴേക്കിടാം.

ശേഷം കൈപ്പുറത്തെ കല്ലുകൾ വീണ്ടും മുകളിലേക്കിട്ട് വായുവിൽ വച്ച് തന്നെ അവ കൊത്തി എടുക്കണം(ഇതിനാണ് തൂഞ്ചുക എന്ന് പറയുന്നത്.മലയാളത്തിൽ ഇങ്ങനെ ഒരു പദം ഉള്ളതായി എനിക്കറിവില്ല).അപ്പോൾ ഏതെങ്കിലും കല്ല് കിട്ടാതെ പോയാലും ആ ഘട്ടത്തിൽ നിന്ന് പുറത്താകും.മുകളിലേക്കിട്ട എല്ലാ കല്ലുകളും പിടിച്ച് കഴിഞ്ഞാൽ പിന്നെ ഒരു കല്ല് മുകളിലേക്കിട്ട് കളത്തിലെ ബാക്കി കല്ലുകൾ കൂടി കൊത്തി എടുക്കണം.എത്ര കല്ലുകൾ തൂഞ്ചി പിടിക്കുന്നുവോ അത്രയും പോയിന്റ് നമുക്ക് കിട്ടും.കളി ഇങ്ങനെ തുടരും.

തന്ത്രവും വേഗവും സമന്വയിപ്പിച്ച് കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. എല്ലാ കല്ലുകളും കൊത്തിയെടുക്കുന്ന കളിയായതു കൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. മഴക്കാലത്തെ പ്രധാന കളികളിൽ ഒന്നാണിത്. പല സ്ഥലങ്ങളിലും മുതിർന്ന സ്ത്രീകളും കുട്ടികൾക്കൊപ്പം കൊത്തൻ കല്ല് കളിക്കാറുണ്ടായിരുന്നു.പക്ഷെ ഇന്നത്തെ തലമുറക്ക് ഈ കളി പരിചയം പോലും ഇല്ല.

"https://ml.wikipedia.org/w/index.php?title=കൊത്തങ്കല്ല്&oldid=3718244" എന്ന താളിൽനിന്ന് ശേഖരിച്ചത്