കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ച മലയാള‌ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന കവിയായിരുന്നു കേരളവ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ. കൊടുങ്ങല്ലൂർ കോവിലകത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു. നിമിഷകവി എന്ന പേരിലും അറിയപ്പെടുന്നു. രാമവർമ്മ എന്നായിരുന്നു യഥാർത്ഥ പേര്.


ഉള്ളടക്കം

[തിരുത്തുക] ജനനം

കൊല്ലവർഷം 1040 കന്നി മാസം നാലാം തിയതിയാണു (അതായത് 1864 സെപ്റ്റംബർ 18) കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചത്. പിതാവ് പരമേശ്വരൻ വെണ്മണി അച്ഛൻ നമ്പൂതിരിയും അമ്മ കുഞ്ഞിപിള്ള തമ്പുരാട്ടിയുമായിരുന്നു. വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് കുഞ്ഞിപിള്ള തമ്പുരാട്ടിക്ക് കുഞ്ഞുണ്ടായത്. അതുകൊണ്ട് വളരെ ലാളനയോടെയാണ് രാമവർമ്മ വളർന്നത്. ലാളന അധികമായതിനാൽ കുഞ്ഞിക്കുട്ടൻ എന്ന ചെല്ലപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്. കഞ്ഞിക്കുട്ടൻ തമ്പുരാന്റെ പിതാവിലൂടെ അർദ്ധസഹോദരനായിരുന്നു കദംബൻ എന്ന വെണ്മണി മഹൻ നമ്പൂതിരി.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ബാല്യം

കുടുംബ ഗുരുവായിരുന്ന വിളപ്പിൽ ഉണ്ണിയാശാൻ ആണാദ്യ ഗുരു. പിന്നീട് മുന്നാംകൂർ ഗോദവർമ്മതമ്പുരാൻ അദ്ദേഹത്തെ പഠിപ്പിച്ചു. വ്യാകരണം അമ്മാവനായ കുഞ്ഞു രാമവർമ്മയിൽനിന്നു അഭ്യസിച്ചു. തർക്കം പഠിപ്പിച്ചത് കുഞ്ഞൻ തമ്പുരാൻ ആയിരുന്നു. ജ്യോതിഷം വലിയ കൊച്ചുണ്ണിത്തമ്പുരാനും പഠിപ്പിച്ചു.

[തിരുത്തുക] യൌവനം

ഇരുപത്തിയൊന്നാം വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വർഷത്തിനുശേഷം മരിച്ചപ്പോൾ അദ്ദേഹം തൃശ്ശൂർ കിഴക്കേ സ്രാമ്പിൽ കുട്ടിപ്പാറുവ‍മ്മയെ വിവാഹം ചെയ്തു. എന്നാൽ താമസിയാതെ അവരും മരണം വരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവിത്തമ്പുരാട്ടിയേയും വിവാഹം ചെയ്തിട്ടുണ്ട്. അവരാണ് ധർമ്മപത്നിയായി അറിയപ്പെടുന്നത്.

വിവിധ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനു മുൻപുതന്നെ കവിതാരചനയിൽ പ്രാഗത്ഭ്യയം നേടിയിരുന്നു. വ്യാകരണം പഠിച്ചതിനു ശേഷം ഏഴാമത്തെ വയസ്സിൽ കവിതാ രചന തുടങ്ങിയിരുന്നു. ആദ്യമായി പ്രകാശിപ്പിക്കപ്പെട്ട കൃതി കവിതാഭാരതം ഇരുപത്തിരണ്ടാമത്തെ വയസ്സിലാണു് . [1] അങ്ങനെ ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവർത്തിച്ചു. പഴയ ഐതിഹ്യങ്ങൾ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാൻ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അതിനുവേണ്ടി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു.[അവലംബം ആവശ്യമാണ്]

അദ്ദേഹത്തിന് സാഹിത്യകാരന്മാരായി നിരവധി പണ്ഡിത സുഹൃത്തുക്കൾ ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] ഇവർ സമ്മേളിക്കുന്ന കവി സമ്മേളനം പ്രശസ്തമായിരുന്നു. ഇവരെല്ലാം ചേർന്ന് ശുദ്ധ മലയാളത്തിൽ കവിതകൾ രചിച്ചിരുന്നു. അക്കാലത്ത് കവിതകളിൽ സംസ്കൃതത്തിന്റെ അതിപ്രസരം പ്രകടമായിരുന്നു.[അവലംബം ആവശ്യമാണ്] പച്ച മലയാളം എന്നാണീ പ്രസ്ഥാനം അറിയപ്പെടുന്നത്.

ഒരുലക്ഷത്തി ഇരുപത്തിഅയായിരം ശ്ലോകങ്ങളുള്ള മഹാഭാരതം അദ്ദേഹം എണ്ണൂറ്റിയെഴുപത്തിനാലു ദിവസം കൊണ്ട് മലയാളത്തിലേക്കു തർജ്ജമ ചെയ്തു തീർത്തു[2]

[തിരുത്തുക] അന്ത്യം

1913-ൽ തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സിൽ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്.

[തിരുത്തുക] സംഭാവനകൾ

സംസ്കൃതത്തിലുള്ള മഹാഭാരതം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാണ് കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ഏറ്റവും മഹത് സംഭാവനയായി കണക്കാക്കപ്പെടുന്നത്. ഇത്ര ബൃഹത്തായ ഒരു കൃതി വൃത്താനുവൃത്തം-പദാനുപദം ഒരാൾ തന്നെ തർജ്ജമ ചെതതിനു വേറെ ഉദാഹരണം ഇല്ല. ഓരോ ശ്ലോകത്തിന്റേയും വൃത്തം മാറ്റിയിട്ടില്ലെന്നു മാത്രമല്ല പദങ്ങളും ഏകദേശമൊരുപോലെ പച്ചമലയാളത്തിലേക്ക് സാധാരണക്കാരനു മനസ്സിലാകുന്ന ഭാഷയിൽ തർജ്ജമ ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. മഹാഭാരതത്തിന്റെ ഭാഗമായ ഭഗവദ്ഗീതയിലെ ആദ്യശ്ലോകത്തിന്റെ തർജ്ജമ ഇതിനുദാഹരണമാണ്. അത് ഇങ്ങനെ ആയിരുന്നു:-

സംസ്കൃതം പരിഭാഷ

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതോയുയുത്സവഃ
മാമകാ പാണ്ഡവാശ്ചൈവ
കിമകുർവത സഞ്ജയ

ധർമ്മക്ഷേത്രം കുരുക്ഷേത്രം,
പുക്കുപോരിന്നിറങ്ങിയോർ,
എൻകൂട്ടരും പാണ്ഡവരും,
എന്തേ ചെയ്തിതു സഞ്ജയാ

[തിരുത്തുക] കൃതികൾ

[തിരുത്തുക] കവിതകൾ

[തിരുത്തുക] വിവർത്തനം

[തിരുത്തുക] സ്മാരകങ്ങൾ

കൊടുങ്ങല്ലൂരിൽ അദ്ദേഹത്തിന്റെ സ്മാരകമായി ഒരു കലാശാല സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. അതിന്റെ വെബ്സൈറ്റ്

[തിരുത്തുക] അവലംബം

  1. പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണൻ; മഹച്ചരിത സംഗ്രഹസാഗരം, The great Indians- A biographical Dictionary; Vol V. മിനർവ പ്രസ്സ്, 1967.
  2. മലയാള മനോരമ ശതാബ്ദിപ്പതിപ്പ്, എട് 34

[തിരുത്തുക] ബാഹ്യകണ്ണികൾ

Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൊടുങ്ങല്ലൂർ_കുഞ്ഞിക്കുട്ടൻ_തമ്പുരാൻ എന്ന താളിലുണ്ട്.
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ