കേരള എൻ.ജി.ഒ. യൂണിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എൻ.ജി.ഒ സംഘടനാ ചരിത്രം

ഇന്ത്യയിൽ ആധുനിക സിവിൽസർവീസ് ആരംഭിക്കുന്നത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടു കൂടിയാണ്. 1757 ലെ പ്ലാസി യുദ്ധത്തിൽ കമ്പനി വിജയിച്ചതോടെ നേരിട്ട് കരം പിരിക്കുന്നതിനുള്ള അവകാശം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ലഭിച്ചു. ഗവർണർ ജനറൽ വാറൻ ഹോസ്റ്റിംഗ്‌സിന്റെ (1772-1785)കാലം മുതൽ ഉദ്യോഗസ്ഥർ മുഖേന നേരിട്ട് കരം പിരിക്കുന്ന രീതി ആരംഭിച്ചു. വാറൻ ഹോസ്റ്റിങ്‌സിന്റെ പിൻഗാമിയായ കോൺവാലീസ് 1793 ൽ എക്‌സിക്യൂട്ടീവിനേയും ജുഡീഷ്യറിയേയും വേർതിരിച്ചു. പൊലിസ് സർവ്വീസ് സ്ഥാപിച്ചതും അക്കാലത്തായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം 1858 മുതൽ ബ്രിട്ടീഷ് ഗവൺമെന്റ് നേരിട്ട് ഏറ്റെടുത്തു. 1857 ൽ പുറപ്പെടുവിച്ച വിളംബരത്തിൽ ബ്രിട്ടീഷ് ഇന്ത്യയുടെ ഉദ്യോഗസ്ഥരും ജീവനക്കാരും മഹാറാണിക്ക് തൃപ്തിയുള്ളിടത്തോളം കാലമേ തുടരുകയുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനയിൽ ഇന്നും നില നില്കുന്ന 310,311(2)b,c വകുപ്പുകൾ ഇതിന്റെ തുടർച്ചയാണ്. 1861 ലെ ഇന്ത്യാകൗൺസിൽ ആക്ട് പ്രസിഡൻസികളിൽ നിയമസഭക്ക് രൂപം നല്കി. ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീജിയർ കോഡും ഇന്ത്യാ ഹൈകോർട്ട് ആക്ടും ഈ കാലയളവിലാണ് ആരംഭിച്ചത്. ഇതോടെ ഇന്ത്യയിൽ ആധുനിക സിവിൽസർവീസിന് അടിത്തറ പാകി. ഇതിന്റെ രണ്ട് ധർമ്മങ്ങൾ കരം പിരിവും ക്രമസമാധാനപാലനവുമായിരുന്നു.

വേണാട് ഭരണാധികാരിയായ മാർത്താണ്ഡവർമ്മ (1729-1758) സമീപത്തുള്ള മറ്റ് തായ് വഴികളെ കീഴടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചു. ഭരണ രംഗത്ത് പാരമ്പര്യത്തിന് പകരം കഴിവും രാജാവിനോടുള്ള കൂറും ഭക്തിയും യോഗ്യതയായി നിശ്ചയിച്ച് നിയമനം നടത്തി. പ്രഗല്ഭരായ ഉദ്യോഗസ്ഥർക്ക് ചെമ്പകരാമൻ പദവി നല്കി ആദരിച്ചു. ഭരണ സൗകര്യാർത്ഥം രാജ്യത്തെ പതിനഞ്ച് മണ്ഡപത്തിൻവാതുക്കലുകളായി(താലൂക്കുകൾ)വിഭജിച്ചു. ഓരോ താലൂക്കിനേയും അധികാരങ്ങളായി (വില്ലേജ്) പുനർവിഭജനം നടത്തി. മണ്ഡപത്തിൻവാതുക്കലിന്റെ ഭരണാധികാരി കാര്യക്കാരും, അധികാരങ്ങളുടേത് പ്രവർത്തിക്കാർ അഥവാ അധികാരിയും ആയിരുന്നു.

തിരുവിതാംകൂറിൽ നടത്തിയ പരിഷ്കാരങ്ങളുടെ പാഠം ഉൾക്കൊണ്ട് കൊച്ചിയിൽ ശക്തൻ തമ്പുരാൻ (1790-1805) പുതിയ ഭരണ സംവിധാനം ആവിഷ്കരിച്ചു. 1792 ൽ ബ്രിട്ടീഷുകാർ മൈസൂരിലെ ടിപ്പു സുൽത്താനെ യുദ്ധത്തിൽതോൽപിച്ചു. ബ്രിട്ടീഷുകാരുമായി ടിപ്പു ഉണ്ടാക്കിയ ഉടമ്പടിയിലൂടെ മൈസൂർ രാജ്യത്തിന്റെ മേൽകോയ്മയിലായിരുന്നമലബാർ ഈസ്റ്റ്ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. മലബാറിൽ അന്ന് നിലവിലുണ്ടായിരുന്ന സ്ഥിതി വിലയിരുത്തി ഭാവിഭരണസംവിധാനം ഉണ്ടാക്കുന്നതിനുള്ള നിർദ്ദേശം സമർപ്പിക്കുവാൻ കമ്പനി ബോംബെ ഗവർണ്ണറായിരുന്ന അംബർ ക്രോമ്പിയെ ചുമതലപ്പെടുത്തി. 1793 മാർച്ച് 18 ന് മലബാർ പ്രത്യേക പ്രവിശ്യയായി പ്രഖ്യാപിക്കുകയും കോഴിക്കോട് കേന്ദ്രമാക്കി ഒരു താത്കാലിക ഗവൺമെന്റ് സ്ഥാപിക്കുകയും ചെയ്തു.

1800 മെയ് 21 ന് മലബാറിന്റെ സിവിൽ ഭരണം മദ്രാസ് പ്രവിശ്യയുടെ കീഴിലായി. 1792 മുതൽ അഞ്ച് പതിറ്റാണ്ടുകാലം മലബാറിൽ കലാപങ്ങളുടെ കാലമായിരുന്നു. ഈ കാലഘട്ടത്തിലാണ് കോൽക്കാർപൊലിസ് ഉൾപ്പെട്ട സായുധസേനയും അധികാരി(വില്ലേജ് ആഫീസർ), മേനോൻ(അക്കൌണ്ടന്റ്), കോൽക്കാരൻ (ശിപായി) എന്നീ ഉദ്യോഗസ്ഥന്മാർ അടങ്ങിയ അംശം (വില്ലേജ്) ഭരണ സംവിധാനവും നിലവിൽ വന്നത്. 1792 നും 1822 നും ഇടയിലുള്ള മൂന്ന് പതിറ്റാണ്ട് കാലത്തിനിടയിൽ ഘട്ടം ഘട്ടമായി നടത്തിയ പരിശ്രമങ്ങളിലൂടെ മലബാർ വ്യവസ്ഥാപിത ആധുനിക ഭരണ സംവിധാനത്തിന് കീഴിലായി. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യയിൽ ആധുനിക വ്യവസായങ്ങൾ വളർന്നുവരാൻ തുടങ്ങിയത്. 1853ൽ റെയിൽവേ ആരംഭിച്ചതോടെയാണ് ഇന്ത്യയിൽ വ്യവസായയുഗം പിറന്നതെന്ന് കണക്കാക്കപ്പെടുന്നു.

1862 ൽ ഏപ്രിൽ -മെയ് മാസങ്ങളിൽ ഹൗറ റെയിൽവേ സ്റ്റേഷനിലെ തൊഴിലാളികൾ ജോലി സമയം എട്ട് മണിക്കൂർ ആക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പണിമുടക്കാണ് ഇന്ത്യയിലെ ആദ്യ പണിമുടക്ക്. തുടർന്നുള്ള പത്ത് വർഷക്കാലം ഒട്ടേറെ പണിമുടക്കുകൾ രാജ്യത്ത് നടന്നിട്ടുണ്ട്.

1905 ൽ ബംഗാൾ വിഭജനവും തുടർന്നുണ്ടായ വൻ ദേശീയ പ്രക്ഷോഭവും തൊഴിലാളികളുടെ ആത്മവീര്യം വർദ്ധിപ്പിച്ചു. ഒക്ടോബർ വിപ്ലവത്തിന് ശേഷം നടന്ന മഹത്തായ സമരപ്രക്രിയയിലൂടെ ആധുനിക ട്രേഡ് യൂണിയനുകളുടെ ഉറച്ച അസ്ഥിവാരമിടുന്നതിൽ ഇന്ത്യൻ തൊഴിലാളി വർഗം വിജയിച്ചു.1906 ൽ ഉടലെടുത്ത ഇന്ത്യൻ ടെലിഗ്രാഫ് അസ്സോസ്സിയേഷനാണ് സർക്കാർ ജീവനക്കാരുടെ ആദ്യ സംഘടനയായി അറിയപ്പെടുന്നത്. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ അഖിലേന്ത്യാ സംഘടന എ.ഐ.ടി.യു.സി 1920 ൽ ജന്മം കൊണ്ടു. ഇതേകാലയളവിലാണ് വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ജീവനക്കാരുടെ സംഘടനകൾ ഉടലെടുത്തത്.

കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രബല സംഘടനയാണ് കേരള എൻ.ജി.ഒ. യൂണിയൻ. സംസ്ഥാന സിവിൽ സർവീസിലുള്ള ജീവനക്കാരുടെ സംഘടനകളിൽ പ്രമുഖ സ്ഥാനമുള്ള എൻ.ജി.ഒ. യൂണിയൻ 1962-ൽ രൂപീകരിക്കപ്പെട്ടതാണ്. അതിനു മുൻപു വരെ അംഗീകാരമുള്ള 67-ഓളം സംഘടനകളും അംഗീകാരമില്ലാത്ത അതിലേറെ സംഘടനകളും ആയി ജീവനക്കാരുടെ സമൂഹം ചിതറിക്കിടക്കുകയായിരുന്നു. കേരള സർവീസ് ആണു സംഘടനയുടെ മുഖപത്രം. കേരള എൻ.ജി.ഒ. യൂണിയന്റെ മുൻരൂപം ആയി കണക്കാക്കാവുന്ന കേരള സർവീസ് സംഘടനാ ഫെഡറേഷന്റെ മുഖപത്രം ആയി 1959-ൽ ഈ മാസിക പ്രസിദ്ധീകരണം ആരംഭിച്ചതാണ്. ഇപ്പോൾ ഇതിനു 5 എഡിഷനുകളായിരിക്കുന്നു.[1] സംഘടനയുടെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി എം. എ അജിത്ത് കുമാറും, പ്രസിഡന്റ് എം.വി ശശിധരനും ട്രഷറർ എൻ നിമൽരാജുമാണ്.

രൂപീകരണം[തിരുത്തുക]

രാജ്യം സ്വതന്ത്രമാകുമ്പോൾ ഭാഷാ സംസ്ഥാനം എന്ന നിലയിൽ കേരളം രൂപപ്പെട്ടിരുന്നില്ല. തിരുവിതാംകൂർ കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായ മലബാറും ഉൾപ്പെട്ടതായിരുന്നു അന്നത്തെ കേരളം. കടുത്ത അവഗണന, വേതനത്തിലെ പിന്നോക്കാവസ്ഥ, ഉദ്യോഗസ്ഥ മേധാവികളുടെ പീഡനം ഇവക്കെതിരെ പ്രതികരിക്കാൻ ശേഷിയില്ലാത്ത ഛിന്നഭിന്നമായ സംഘടനാരൂപങ്ങൾ ഇതായിരുന്നു 1950കളുടെ അവസാന കാലത്തെ കേരളത്തിലെ സിവിൽ സർവീസ്. മദിരാശി സംസ്ഥാനത്തെ എൻ.ജി.ഒ മാരുടെ ഒരു സംഘടനയായി 1920 മാർച്ച് 31 ന് എൻ.ജി.ഒ അസോസിയേഷൻ രൂപീകരിക്കപ്പെട്ടു.[2]


ആസ്ഥാന മന്ദിരം[തിരുത്തുക]

1965-ൽ യുണിയന്റെ ആസ്ഥാനം കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിൽ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം 1968 ജനുവരി 17 ന് മുഖ്യമന്ത്രി ഇ.എം.എസ് നിർ‌വഹിച്ചു. 1971 ജൂലായ് 25 ന് കെട്ടിടം ഉദ്ഘാടനം ചെയ്തു. തുടർന്നിങ്ങോട്ട് സംസ്ഥാന ജീവനക്കാരുടെ സേവന-വേതന ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനെതിരെയും നടന്ന ചെറുതും വലുതുമായ ഒട്ടേറെ പ്രക്ഷോഭങ്ങളുടെ ഫലമായി ബഹുഭൂരിപക്ഷം ജീവനക്കാരുടേയും വിശ്വാസം നേടിയെടുക്കാൻ സംഘടനക്ക് കഴിഞ്ഞു. ഓരോ വർഷവും സംഘടനയുടെ അംഗത്വത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. എല്ലാ ജില്ലാ കമ്മറ്റികൾക്കും സ്വന്തമായി ആസ്ഥാന മന്ദിരങ്ങൾ ഉണ്ടായി.

സർവീസ് സംഘടനാ ഫെഡറേഷൻ[തിരുത്തുക]

കേരള സംസ്ഥാന രൂപീകരണത്തെ തുടർന്ന് നടന്ന പ്രഥമ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. ഇ.എം.എസ് സർക്കാർ അധികാരത്തിൽ വന്ന ഉടനെ കുടിയൊഴിപ്പിക്കലും കുടിയിറക്കും ഓർഡിനൻസിലൂടെ തടഞ്ഞു. കേരളത്തിൽ വൻ സാമൂഹിക മാറ്റത്തിനു വഴിതെളിച്ച കാർഷിക പരിഷ്കരണ നിയമം, വിദ്യാഭ്യാസ നിയമം ഇവ പാസാക്കി. തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിലും പൊലിസ് നയത്തിലും കാതലായ മാറ്റം വരുത്തി. തൊഴിൽ സമരങ്ങളിൽ പൊലിസ് ഇടപെടുന്നത് വിലക്കി. ഭരണ പരിഷ്കാരത്തിനും അധികാരവികേന്ദ്രീകരണത്തിനും നടപടികൾ ആരംഭിച്ചു. ഉത്തര കേരള എൻ.ജി.ഒ അസോസിയേഷന്റെ പാലക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട്; “എൻ.ജി.ഒ മാർക്ക് ശമ്പള വർദ്ധനവും അലവൻസും പ്രധാനമാണ് , എന്നാൽ അതിലേറെ പ്രധാനമായി എനിക്ക് തോന്നുന്നത് അതു ചോദിക്കാനുള്ള അവകാശമാണ്”എന്ന മുഖ്യമന്ത്രി ഇ.എം.എസ്സിന്റെ ആഹ്വാനവും അന്നത്തെ രാഷ്ട്രീയ സാഹചര്യവും ജീവനക്കാരിൽ ഐക്യ സംഘടനാ രൂപീകരണത്തിനുള്ള ആവേശമുണർത്തി.

കേരള മിനിസ്റ്റീരിൽ സ്റ്റാഫ് യൂണിയന്റെ സമ്മേളനത്തോട് അനുബന്ധിച്ച് സർവീസ് സംഘടനകളുടെ ഒരു യോഗം വിളിച്ചുചേർത്തു . ഈ യോഗതീരുമാന പ്രകാരം 1958 ഒക്ടോബർ 12 ന് 14 സംഘടനകൾ ഉൾപ്പെട്ട സർവീസ് സംഘടനാ ഫെഡറേഷൻ രൂപീകരിച്ചു.[3]


കരുത്ത് പകർന്ന പോരാട്ടങ്ങൾ[തിരുത്തുക]

1966 സെപ്റ്റംബറിൽ തൃശ്ശൂരിൽ ചേർന്ന യൂണിയന്റെ മൂന്നാം സംസ്ഥാന സമ്മേളനം 36 ഇന അവകാശ പത്രിക അംഗീകരിച്ചു. 17.10.1966 ന് അവകാശ പത്രിക ഗവർണറുടെ അഡ്വൈസർക്ക് സമർപ്പിച്ചു. അവകാശപത്രികയിലെ ആവശ്യങ്ങളും അഖിലേന്ത്യാ ഫെഡറേഷന്റെ ആവശ്യങ്ങളും അംഗീകരിച്ച് കിട്ടുന്നതിനായി നടത്തിയ നിരവധി പ്രക്ഷോഭങ്ങളുടെ ഒടുവിൽ 1967 ജനുവരി 5 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തി. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ ആദ്യ അനിശ്ചിതകാല പണിമുടക്കായിരുന്നു ഇത്. അന്നത്തെ സംസ്ഥാന ഭരണാധികാരിയായിരുന്ന ഗവർണറുടെ നേതൃത്വത്തിൽ പണിമുടക്കിയ ജീവനക്കാർക്ക് നേരെ കടുത്ത ആക്രമണങ്ങളും പ്രതികാരനടപടികളും കള്ളപ്രചാരവേലകളും നടത്തി. പണിമുടക്ക് ഒത്തു തീർപ്പാക്കാൻ ഇ.എം.എസ് അടക്കമുള്ള ജനനേതാക്കൾ ഇടപെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ജീവനക്കാർക്ക് കേന്ദ്ര നിരക്കിൽ ക്ഷാമബത്ത നല്കുമെന്ന് ഇ.എം.എസ് പരസ്യമായി പ്രഖ്യാപിച്ചു. പണിമുടക്കിൽ ജീവനക്കാർ പ്രകടിപ്പിച്ച ഐക്യവും ത്യാഗസന്നദ്ധതയും വർദ്ധിതപങ്കാളിത്തവും ഗവർണറെ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തിക്കുവാനും പണിമുടക്ക് ഒത്തുതീർപ്പാക്കുവാനും നിർബന്ധിതമാക്കി. ഇതേ തുടർന്ന് പന്ത്രണ്ടു ദിവസം നീണ്ടുനിന്ന പണിമുടക്ക് പര്യവസാനിച്ചു.

ഈ പണിമുടക്കിലൂടെ കേരളീയ സമൂഹത്തിൽ എൻ.ജി.ഒ മാർ നിർ‌ണായക ശക്തിയുള്ള വിഭാഗമാണെന്ന് തെളിഞ്ഞു. അവരുടെ പ്രബലമായ സംഘടിത ശക്തിയെ മർദ്ദനങ്ങൾ കൊണ്ട് തകർക്കുക സാധ്യമല്ലെന്ന് ഭാവി ഭരണാധികാരികൾക്ക് കൂടി ബോദ്ധ്യമാക്കുന്നതായിരുന്നു പണിമുടക്ക് വിജയം. ജീവനക്കാർ അവകാശങ്ങൾക്കായി പ്രക്ഷോഭം നടത്തുന്നതും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തെ ചോദ്യം ചെയ്യുന്നതും രുചിക്കാത്ത ഉദ്യോഗസ്ഥമേധാവികളിൽ പ്രമുഖനായിരുന്നു 1965-66 ലെ കോട്ടയം കളക്ടർ . നിസ്സാരകാരണങ്ങൾക്ക് ഇൻ‌ക്രിമെന്റ് തടയൽ, സസ്പെൻഷൻ, ഡിസ്‌മിസൽ തുടങ്ങിയ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ച കോട്ടയം കളക്ടർക്കെതിരേയും ജീവനക്കാരെ സ്ഥലം മാറ്റിയും, സസ്പെന്റ് ചെയ്തും പീഡിപ്പിച്ച ആലപ്പുഴ കളക്ടർക്കെതിരെയും യൂണിയൻ അതിശക്തമായ പ്രക്ഷോഭമാണ് നടത്തിയത്.

ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വത്തിനെതിരെ സിവിൽ സർവീസിൽ യൂണിയന്റെ നേതൃത്വത്തിൽ ചെറുതും വലുതുമായ എണ്ണമറ്റ പ്രക്ഷോഭങ്ങളാണ് നടന്നത്. ജീവനക്കാരുടെ അന്തസ്സും ആത്മാഭിമാനവും ഉയർത്തിപ്പിടിക്കാൻ നടത്തിയ ഈ പോരാട്ടങ്ങളോടെ സംഘടനയെ ജീവനക്കാർ നെഞ്ചോട് ചേർത്ത് പിടിക്കുന്ന അവസ്ഥയായി.

അതിരൂക്ഷമായ നാണയപെരുപ്പവും വിലക്കയറ്റവും മൂലം ഇതര വിഭാഗങ്ങൾക്കെന്ന പോലെ തുച്ഛവരുമാനക്കാരായ ജീവനക്കാർക്കും ജീവിക്കുവാൻ കഴിയാത്ത സാഹചര്യമാണ് എഴുപതുകളുടെ ആദ്യം കേരളത്തിലുണ്ടായത്. ഈ സാഹചര്യത്തിലാണ് അഞ്ചു വര്ഷടത്തിലൊരിക്കൽ വേതനം പരിഷ്കരിക്കണമെന്നും അതിന് മുന്നോടിയായി ഇടക്കാലാശ്വാസം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് 1973 ജനുവരി 10 മുതൽ മാർച്ച് 4 വരെ നീണ്ടു നിന്ന അനിശ്ചിതകാല പണിമുടക്ക് നടത്തിയത്. കേരളത്തിലെ സമര ചരിത്രത്തിൽ ഐതിഹാസികമെന്ന് വിലയിരുത്തപ്പെട്ടതായിരുന്നു ഈ പണിമുടക്ക്.

പണിമുടക്കിനെ നേരിടാൻ അവശ്യസർ‌വീസ് സംരക്ഷണ നിയമം ഡയസ്‌നോൺ തുടങ്ങിയ കരിനിയമങ്ങൾ ഉപയോഗിച്ചു. സംഘടനാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സസ്പെൻഷൻ, പിരിച്ചുവിടൽ, കള്ളക്കേസെടുക്കൽ തുടങ്ങിയ എല്ലാ പ്രതികാര നടപടികളും സ്വീകരിച്ചു. പതിനായിരത്തോളം ജീവനക്കാരുടെ പേരിൽ പിക്കറ്റിംഗിനും, നിരോധിച്ച പണിമുടക്കിൽ പങ്കെടുത്തതിനും, അക്രമത്തിനും കേസെടുത്തിരുന്നു. പതിനായിരത്തിൽപരംപേർ സ്ഥലം മാറ്റപ്പെട്ടു.

1973 മാർച്ച് 2 ന് സമരസമിതി യോഗം ചേർന്ന് സന്ധിയും സമാധാനവുമില്ലാതെ പണിമുടക്ക് പിൻ‌വലിച്ചുകൊണ്ട് തീരുമാനമെടുത്തു. പണിമുടക്ക് പിൻ‌വലിച്ച് കൊണ്ട് സമരസമിതി കൺ‌വീനർ ഇ.പത്മനാഭൻ പുറപ്പെടുവിച്ച പ്രസ്താവനയിൽ “ആളി കത്തുന്ന തീയും അമർന്നു കത്തുന്ന തീയും തീയാണെന്നും, അമർന്ന് കത്തുന്ന തീയ്ക്ക് ആളിക്കത്തുന്ന തീയേക്കാൾ ചൂടുണ്ടെന്നും” അധികാരികളെ ഓർ‌മിപ്പിച്ചു. പണിമുടക്ക് പിൻ‌വലിച്ചിട്ടും ജോലിയിൽ പ്രവേശനം നിഷേധിക്കപ്പെട്ട 723 ജീവനക്കാരുണ്ടായിരുന്നു. പണിമുടക്കിനെ തുടർന്ന് പിരിച്ച് വിടപ്പെട്ടും ശിക്ഷാനടപടിക്ക് വിധേയമായും സർവീസിൽ നിന്ന് പുറത്തായവരുടെ സംരക്ഷണമേറ്റെടുത്ത സമരസമിതി ജീവനക്കാരിൽ നിന്നും ധനസമാഹരണം നടത്തി പിരിച്ച് വിടപ്പെട്ടവർക്ക് പൂർണ്ണ സംരക്ഷണമേകി. 1980 ൽ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺ‌മെന്റാണ് പിരിച്ച് വിടപ്പെട്ട മുഴുവനാളുകളേയും സർവീസിൽ തിരികെ പ്രവേശിപ്പിച്ചത്. കേരളത്തിലെ സംസ്ഥാന ജീവനക്കാരുടെ സമര ചരിത്രത്തിൽ ഇത്രയും ദീർഘമായൊരു പണിമുടക്ക് ഇതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ല. ജനങ്ങളെ ആകെ അണിനിരത്തി കൊണ്ട് ഭരണാധികാരികളെ ഇത്രയും ഒറ്റപ്പെടുത്തിയ ഒരു സമരം വേറെ ഉണ്ടോ എന്ന് സംശയമാണ്.

1967 ലെ ആദ്യ അനിശ്ചിതകാല പണിമുടക്കു മുതൽക്കിങ്ങോട്ട് 1973 (54ദിവസം), 1978(17ദിവസം), 1985(11ദിവസം), 2002(32ദിവസം), 2013(6ദിവസം) തുടങ്ങിയ വർഷങ്ങളിൽ അവകാശസംരക്ഷണാർത്ഥം നടന്ന അനിശ്ചിതകാല പണിമുടക്കുകൾ സംഘടനാചരിത്രത്തിലെ നാഴികകല്ലുകളാണ്. ക്ഷാമബത്ത, ബോണസ് തുടങ്ങിയവ യാഥാർത്ഥ്യമാക്കുന്നതിനും, സറണ്ടർ ലീവാനുകൂല്യം മരവിപ്പിക്കുന്നതിനെതിരെയും (1983, 2002, 2014) നടന്ന പ്രക്ഷോഭങ്ങളിൽ വൻ‌തോതിൽ ജീവനക്കാർ അണിനിരന്നു. ആനുകൂല്യങ്ങൾ കവർന്നെടുത്ത 2002 ലെ കറുത്ത ഉത്തരവിനെതിരെ ചെറുത്തുനില്പിന്റെ കരുത്ത് പ്രകടമാക്കിയ 32 ദിന പണിമുടക്കം സംഘടനയുടെ വളർച്ചയുടെയും കരുത്തിന്റെയും വിളംബരമായിരുന്നു. 533 സംഘടനാ പ്രവർത്തകരാണ് ഈ പണിമുടക്കിനെ തുടര്ന്ന് ജയിലിൽ അടക്കപ്പെട്ടത്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ അട്ടിമറിച്ച് പങ്കാളിത്ത പെൻഷൻ അടിച്ചേൽപ്പിച്ചതിനെതിരെ രാജ്യത്തെ സംസ്ഥാന ജീവനക്കാരുടെ പ്രക്ഷോഭം അനിശ്ചിത കാല പണിമുടക്കായി വളർന്നതും കേരളത്തിൽ മാത്രമായിരുന്നു. (2013 ജനുവരിയിലെ 6 ദിന പണിമുടക്ക് ). ഈ പണിമുടക്കിലും നിരവധി ജീവനക്കാർ അറസ്റ്റിനും, കള്ളക്കേസിനും, സസ്പെൻഷനും, സ്ഥലംമാറ്റത്തിനും വിധേയരായി.

ജനറൽ സെക്രട്ടറീസ് റിപ്പോർട്ട്[തിരുത്തുക]

1973 ലെ ഐതിഹാസികമായ പണിമുടക്കിന്റെ അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഭാവി പ്രക്ഷോഭ സമരങ്ങൾക്ക് വഴികാട്ടിയാകുന്ന തരത്തിൽ സാർവദേശീയ-ദേശീയ പ്രശ്നങ്ങളിലും സാമൂഹിക രാഷ്ട്രീയ കാര്യങ്ങളിലും സംഘടനയുടെ നിലപാട് വ്യക്തമാക്കുന്ന ഒരു രേഖ അംഗീകരിക്കണമെന്ന് യൂണിയൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കിന് ശേഷം 1974 ൽ നടന്ന പെരിന്തൽ‌മണ്ണ സംസ്ഥാന സമ്മേളനം മുതൽ “ജനറൽ ക്രട്ടറീസ് റിപ്പോർട്ട് ”സമ്മേളനങ്ങളിൽ ചർച്ച ചെയ്തുവരുന്നത്.

വർത്തമാനകാല സിവിൽ‌സർ‌വീസ്[തിരുത്തുക]

രാജ്യത്തിന്റെ സാമൂഹ്യമുന്നേറ്റങ്ങൾക്ക് പിന്നിലുള്ള സിവിൽ സർവീസിന്റെ പങ്ക് ഏറെ നിർണ്ണായകമാണ്. ജനകീയ സർക്കാരുകളുടെ നയങ്ങളും പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നിസ്തുലമായ പങ്കാണ് സിവിൽ സർവീസ് വഹിക്കുന്നത്.

വിദ്യാഭ്യാസ,ആരോഗ്യ,സാംസ്കാരിക രംഗങ്ങളിൽ കേരളത്തെ ലോകനിലവാരത്തിലെത്തിക്കുന്നതിൽ സംസ്ഥാന സിവിൽസർ‌വീസും ജീവനക്കാരും ഏറെ പങ്ക്‌വഹിച്ചിട്ടുണ്ട്.

സോവിയറ്റ്‍ യൂണിയന്റെ തകർച്ചയോടെ ലോകത്താകമാനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മുതലാളിത്ത മൂലധനശക്തികളുടെ കടന്നുകയറ്റം സിവിൽ സർവീസിനെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നു.

എല്ലാ സേവന രംഗത്തുനിന്നും സർക്കാരുകൾ പിൻ‍മാറുക എന്ന ധനമൂലധന ശക്തികളുടെ കാഴ്ച്ചപ്പാട് അതേപടി ഇന്ത്യയിലും സ്വീകരിക്കപ്പെട്ടതോടെ സമസ്ത മേഖലകളിലും പുതിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവല്കുരിക്കുന്നു. ധനകാര്യ, കാർഷിക, വാണിജ്യ, വിദ്യാഭ്യാസ, ആരോഗ്യ, ചെറുകിട വ്യാപാരമേഖലകളിലെല്ലാം വിദേശ മൂലധന പങ്കാളിത്തം കടന്നുവരുന്നു. ഈ മേഖലകളിൽ സൃഷ്ടിക്കപ്പെട്ട പ്രതിസന്ധികളുടെ സ്വാഭാവിക പരിണാമത്തെ തുടർന്ന് സിവിൽ സർവീസിന്റെ വ്യാപ്തിയും നിലനിൽപ്പുംതന്നെ ചോദ്യംചെയ്യപ്പെടുകയാണ്. പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാകുന്നു. സർക്കാരുകളുടെ പിന്മാറ്റം വഴി വകുപ്പുകളും ഓഫീസുകളും പദ്ധതികളും ഇല്ലാതാവുകയും തസ്തികൾ വെട്ടികുറക്കപ്പെടുകയും ചെയ്യുന്നു. കരാർ നിയമനങ്ങൾ വ്യാപകമാവുന്നു. തൊഴിൽ സുരക്ഷിതത്വം ഇല്ലാതാകുന്നു.

കേന്ദ്ര സർക്കാർ അംഗീകരിച്ച സാമൂഹിക ഉത്തരവാദിത്ത നിയമം (CSR) കൂടി നിലവിൽ വന്നതോടെ അടിസ്ഥാനവികസനമുൾപ്പെടെ സാമുഹിക സേവന മേഖലയിൽനിന്നും സർക്കാർ പിന്മാറ്റം യാഥാർത്ഥ്യമാവുകയാണ്. സർക്കാരിന്റെ സാമ്പത്തിക വിഹിതം ഇല്ലാതാവുകയും കോർപ്പറേറ്റ് കമ്പനികൾ ലാഭവിഹിതത്തിന്റെ ചെറിയൊരംശം മാറ്റി വച്ച് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾക്ക് ചെലവിടുകയും നിർവഹണ ചുമതല സർക്കാരിതര സംഘടനകൾക്ക് കൈമാറുകയും (NGO’s) ചെയ്യുന്നതോടെ സിവിൽ സർവീസിന്റെ തകർച്ചക്ക് വേഗത കൂടും.

സിവിൽ സർവീസിനെ അനാകർഷകമാക്കുക എന്ന നയമാണ് ഭരണാധികാരികൾ സ്വീകരിക്കുന്നത്. സേവന വേതന വ്യവസ്ഥകളേക്കാൾ ജീവനക്കാർക്ക് നൽകിയിരുന്ന സാമൂഹ്യ സുരക്ഷിതത്വമാണ് സിവിൽ സർവീസിനെ ആകർഷകമാക്കിയിരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചതും തുടർന്ന് സ്വതന്ത്ര ഇന്ത്യയിൽ നിയമനിർ‌മ്മാണങ്ങളും കോടതിവിധികളും കൊണ്ട് സമ്പുഷ്ടമാക്കിയതുമായ നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതിയാണ് ഓഹരികമ്പോളത്തിന്റെ സംരക്ഷണത്തിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ അട്ടിമറിച്ചത്.

സ്വകാര്യ മേഖലയുടെ വളർച്ചയും സർക്കാർ മേഖലയുടെ തളർച്ചയുമാണ് ആഗോളവൽക്കരണ കാലഘട്ടത്തിലെ ഭരണാധികാരികൾ ലക്ഷ്യംവെക്കുന്നത്.

നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി അട്ടിമറിച്ച് പങ്കാളിത്തപെൻഷൻ പദ്ധതി നടപ്പിലാക്കിയതോടെ ജീവനക്കാരുടെ ഏറ്റവും ആകർഷകമായ സുരക്ഷാ പദ്ധതിയാണ് ഇല്ലാതായത്. മാത്രമല്ല ജീവനക്കാർ രണ്ട് തട്ടുകളിലായി വിഭജിക്കപ്പെട്ടു.

ആഗോളവല്ക്കപരണകാലഘട്ടത്തെ മൂല്യച്ച്യുതികൾ സിവിൽ സർവീസിന്റെ കാര്യക്ഷമതയേയും സാമൂഹ്യ പ്രതിബദ്ധതയേയും ബാധിക്കുന്നുണ്ട്.  ഇത്തരത്തിലുള്ള നിരവധി വെല്ലുവിളികൾ ഇന്ത്യയിലേയും കേരളത്തിലേയും സിവിൽസർവീസ് നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇവയെല്ലാം ഭരണവർഗ്ഗ നയങ്ങളുടെ സൃഷ്ടിയാണ്. ഈ വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും സംഘടിതമായ പോരാട്ടങ്ങൾ അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട് സിവിൽ സർവീസിനെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിലാണ് കേരള എൻ ജി ഒ യൂണിയൻ. കേരളത്തിലെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന മറ്റ് പ്രബല സംഘടനകളാണ് എൻ.ജി.ഓ അസ്സോസ്സിയേഷൻ, കേരളാ എൻ.ജി.ഒ സംഘ്, ജോയിന്റ് കൗൺസിൽ എന്നിവ.

പുറംകണ്ണികൾ[തിരുത്തുക]

കേരള എൻ.ജി.ഒ. യൂണിയൻ വെബ്സൈറ്റ് Archived 2015-05-17 at the Wayback Machine.

അവലംബം[തിരുത്തുക]

  1. കേരളത്തിലെ എൻ ജി ഒ പ്രസ്ഥാനം(പരിഷ്കരിച്ച പതിപ്പ് ) എഡിറ്റർ വി.ജി.രവീന്ദ്രൻ, സി.ഭാസ്കരൻ,കേരള എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണം
  2. "ചരിത്രം". Archived from the original on 2015-05-17.
  3. "ചരിത്രം". Archived from the original on 2015-05-17.
"https://ml.wikipedia.org/w/index.php?title=കേരള_എൻ.ജി.ഒ._യൂണിയൻ&oldid=3939754" എന്ന താളിൽനിന്ന് ശേഖരിച്ചത്