കെ.പി. രാമനുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. രാമനുണ്ണി
ജനനം 1955
കൽക്കട്ട
തൊഴിൽ നോവലിസ്റ്റ്,എഴുത്തുകാരൻ

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ കെ.പി. രാമനുണ്ണി (ജനനം: 1955).

ജിവിതരേഖ[തിരുത്തുക]

കരുമത്തിൽ പുത്തൻ വീട്ടിൽ ജാനകിയമ്മയുടേയും പട്ടാറപ്പറമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം. 19-ആം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്[1]. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ എസ്.ബി.ഐ‍-യിൽ നിന്ന് സ്വയം വിരമിച്ചു. വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ ആദ്യനോവലും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.[2] മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികൾ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോൾ തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററാണ്‌.

കുടുംബം[തിരുത്തുക]

ഭാര്യ:രാജി. മകൾ:ശ്രീദേവി.

കൃതികൾ[തിരുത്തുക]

കെ.പി. രാമനുണ്ണി പ്രഭാഷണ വേദിയിൽ

കഥാസമാഹാരങ്ങൾ[തിരുത്തുക]

  • വിധാതാവിന്റെ ചിരി[3]
  • വേണ്ടപ്പെട്ടവന്റെ കുരിശ്
  • ജാതി ചോദിക്കുക
  • അവൾ മൊഴിയുകയാണ്
  • പ്രണയപർവ്വം
  • കുർക്സ്
  • പ്രകാശം പരത്തുന്ന ആൺകുട്ടി
  • പുരുഷ വിലാപം

നോവലുകൾ[തിരുത്തുക]

ലേഖനസമാഹാരങ്ങൾ[തിരുത്തുക]

  • ക്രിമിനൽ കുറ്റമാകുന്ന രതി
  • ശീർഷാസനം
  • അനുഭവം ഓർമ യാത്ര
  • ജീവിതം ഒരു ആർത്തിക്കാരന്റെ കൈയ്യിൽ

പുരസ്കാരങ്ങൾ[തിരുത്തുക]

  • വയലാർ പുരസ്കാരം (2011) - ജീവിതത്തിന്റെ പുസ്തകം[5]
  • കേരള സാഹിത്യ അക്കാദമി അവാർഡ് - സൂഫി പറഞ്ഞ കഥ
  • ഇടശ്ശേരി അവാർഡ് - സൂഫി പറഞ്ഞ കഥ
  • സമസ്ത കേരള സാഹിത്യ പരിഷത്ത് പുരസ്കാരം - വിധാതാവിന്റെ ചിരി
  • വി.പി. ശിവകുമാർ സ്മാരക കേളി അവാർഡ് - മുഖലക്ഷണം(ചെറുകഥ)
  • പത്മരാജൻ പുരസ്കാരം - ജാതി ചോദിക്കുക [6]

അവലംബം[തിരുത്തുക]

  1. മുക്കവ ജനതയ്ക്കൊപ്പം നാലുമാസം; 'ജീവിതപുസ്തക'മെഴുതാൻ 5 വർഷം, എം. ജയതികൻ, മംഗളം, 2011 ഒക്ടോബർ 9
  2. "ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി". ദ ഹിന്ദു ഓൺലൈൻ. ശേഖരിച്ചത് 2007 ഫെബ്രുവരി 16. 
  3. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 742. 2012 മെയ് 14. ശേഖരിച്ചത് 2013 മെയ് 07. 
  4. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. ശേഖരിച്ചത് 2013 ഏപ്രിൽ 02. 
  5. "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌". മാതൃഭൂമി. ശേഖരിച്ചത് 2011 ഒക്ടോബർ 8. 
  6. കെ.പി രാമനുണ്ണിക്ക് പത്മരാജൻ പുരസ്കാരം,ദാറ്റ്സ് മലയാളം, 2000 മേയ് 6

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കെ.പി. രാമനുണ്ണിയുടെ ലേഖനങ്ങൾ
"http://ml.wikipedia.org/w/index.php?title=കെ.പി._രാമനുണ്ണി&oldid=1765054" എന്ന താളിൽനിന്നു ശേഖരിച്ചത്