കെ.പി. ഉദയഭാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.പി. ഉദയഭാനു
കെ.പി. ഉദയഭാനു
കെ.പി. ഉദയഭാനു
ജീവിതരേഖ
ജനനം 1936 ജൂൺ 6(1936-06-06)
തരൂർ, പാലക്കാട് ജില്ല
മരണം 2014 ജനുവരി 5(2014-01-05) (പ്രായം 77)
തിരുവനന്തപുരത്തെ വസതി
തൊഴിലുകൾ ആകാശവാണിയിൽ അനൗൺസർ
സജീവമായ കാലയളവ് 1958-2010
വെബ്സൈറ്റ് www.kpudayabhanu.com

മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസം‌വിധായകനുമാണ്‌ കെ.പി. ഉദയഭാനു (6 ജൂൺ 1936 - 5 ജനുവരി 2014)[1]. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങൾ കൈരളിക്ക് പകർന്നു തന്നിട്ടുണ്ട് ഉദയഭാനു. 2009 ൽ ഭാരത സർക്കാർ ഈ കലാകാരനെ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി[2]. 1985 ൽ അദ്ദേഹം രൂപം നൽകിയ ജനകീയ സംഗീത പ്രസ്ഥാനം "ഓൾഡ് ഈസ് ഗോൾഡ്" ഇപ്പോഴും സജീവമാണ്‌[3]

ജീവിതരേഖ[തിരുത്തുക]

എൻ.എസ്. വർമയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ൽ പാലക്കാട് ജില്ലയിലെ തരൂരിൽ ജനനം. കെ.പി. കേശവമേനോൻ ഇദ്ദേഹത്തിന്റെ അമ്മാവനാണ്‌.[4] ചെറുപ്പത്തിൽ സിംഗപ്പൂറിൽ പോയ ഇദ്ദേഹം തിരിച്ച് 1945-ൽ പത്താം വയസിലാണ് ഇന്ത്യയിൽ എത്തിയത്. പാലക്കാട് കല്പാത്തി ത്യാഗരാജ വിദ്യാലയത്തിൽ സംഗീതമഭ്യസിച്ച ഇദ്ദേഹം ഹൈസ്കൂൾ പഠനം പാലക്കാട് തന്നെയുള്ള വി വി പി ഹൈസ്‌കൂളിലായിരുന്നു.[4] ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാൻ അവസരം ലഭിച്ച ഉദയഭാനു,എം.ഡി. രാമനാഥനുൾപ്പെടെയുള്ള പ്രഗല്ഭരുടെ കീഴിൽ സംഗീതം പഠിച്ചു. 1955 ൽ ആകാശവാണിയിൽ അനൗൺസറായി ചേർന്ന അദ്ദേഹം 38 വർഷം അവിടെ ജോലിചെയ്തു. ഒരു വർഷക്കാലം ഊട്ടിയിൽ സംഗീത അദ്ധ്യാപകനായും ജോലിചെയ്തു.

ചലച്ചിത്ര ജീവിതം[തിരുത്തുക]

സംഗീത സം‌വിധായകൻ കെ. രാഘവനുമായുള്ള അടുപ്പമാണ്‌ തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുന്നു[2]. 1958 ൽ ഇറങ്ങിയ "നായരു പിടിച്ച പുലിവാൽ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിലൂടെയാണ്‌ ചലച്ചിത്രത്തിലേക്കുള്ള പ്രവേശം. 1976 ലെ സമസ്യ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയതും ഉദയഭാനുവായിരുന്നു. വേറെയും രണ്ടും സിനിമയിലെ ഗാനങ്ങൾക്ക് സംഗീതം സം‌വിധാനം നിർവ്വഹിച്ചെങ്കിലും അതു വെളിച്ചം കാണുകയുണ്ടായില്ല[5]. എന്നാൽ മലയാളത്തിൽ മാത്രം എൺപതിൽപരം ദേശഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട് ഉദയഭാനു. വളരെ വർഷങ്ങൾക്ക് ശേഷം താന്തോന്നി എന്ന ചിത്രത്തിൽ തേജ് മെർവിന്റെ സംഗീത സം‌വിധാനത്തിലുള്ള 'കാറ്റുപറഞ്ഞതും കടലുപറഞ്ഞതും' എന്ന ഗാനമാണ് ഇദ്ദേഹം അവസാനം പാടിയത്. [6]. 2014 ജനുവരി 5 നു അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയാലിയിരുന്നു അന്ത്യം. പാർക്കിൻസൺസ് രോഗം ബാധിച്ച് ഒരു വർഷത്തോളമായി കിടപ്പിലായിരുന്നു.[7]

അവിസ്മരണീയ ഗാനങ്ങൾ[തിരുത്തുക]

വെള്ളിനക്ഷത്രമേ നിന്നെ നോക്കി...(രമണൻ), അനുരാഗനാടകത്തിൽ...(നിണമണിഞ്ഞ കാൽപ്പാടുകൾ), ചുടുകണ്ണീരാലെൻ...(ലൈലാമജ്നു), താരമേ താരമേ(ലൈലാമജ്നു), താമരത്തുമ്പീവാവാ..., പൊൻവളയില്ലെങ്കിലും...(കുട്ടിക്കുപ്പായം), എവിടെ നിന്നോ എവിടെ നിന്നോ..., വെള്ളി നക്ഷത്രമേ...(രമണൻ), മന്ദാര പുഞ്ചിരി..., വാടരുതീമലരിനി...(സത്യഭാമ), യാത്രക്കാരി യാത്രക്കാരി..., കരുണാസാഗരമേ...,പെണ്ണാളേ പെണ്ണാളേ...(ചെമ്മീൻ), കാനനഛായയിൽ...(രമണൻ) എന്നിവയാണ്‌ അദ്ദേഹം ആലപിച്ച പ്രധാനഗാനങ്ങൾ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ പുരസ്കാരം (2009)
  • കമുകറ പുരസ്കാരം (2006)[8]
  • ഡോക്യുമെന്ററി സം‌ഗീതത്തിനുള്ള ദേശീയ പുരസ്കാരം-സന്തോഷ് ശിവന്റെ മിത്ത് ഓഫ് ദി ട്രീ,സെർപെന്റ് മദർ എന്നീ ഡോക്യുമെന്ററികളിലെ സംഗീതത്തിന്‌[6].
  • കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ്(2003)[9]

അവലംബം[തിരുത്തുക]

  1. കെ.പി. ഉദയഭാനു ഫൌണ്ടേഷൻ
  2. 2.0 2.1 മാതൃഭൂമി ഓൺലൈൻ ഫെബ്രുവരി 1 2009 16/10/2009 ന്‌ ശേഖരിച്ചത്
  3. ഹിന്ദു ഓൺലൈൻ ജനുവരി 30 2009 ശേഖരിച്ചത് 16/10/2009
  4. 4.0 4.1 "വെള്ളിനക്ഷത്രമേ നിന്നെ നോക്കി". മതൃഭൂമി. ശേഖരിച്ചത് ജനുവരി 6,2014.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
  5. മലയാള മനോരമ ഓൺലൈൻ 16/10/2009 ന്‌ ശേഖരിച്ചത്
  6. 6.0 6.1 മലയാളം വെബ്‌ദുനിയ 13 ഒക്ടോബർ 2009
  7. "കെ.പി ഉദയഭാനു അന്തരിച്ചു". മാതൃഭൂമി. 
  8. കേരള സർക്കാർ വെബ്സൈറ്റ്
  9. ഹിന്ദു ഓൺലൈൻ 2004 ജനുവരി 18 16/10/2009 ന്‌ ശേഖരിച്ചത്
"http://ml.wikipedia.org/w/index.php?title=കെ.പി._ഉദയഭാനു&oldid=2109282" എന്ന താളിൽനിന്നു ശേഖരിച്ചത്