കെ.എം. ഡാനിയേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.എം. ഡാനിയേൽ

പ്രമുഖ മലയാളസാഹിത്യ നിരൂപകനും കലാചിന്തകനുമായിരുന്നു കെ.എം. ഡാനിയേൽ (9 മേയ് 1920 - 18 ജൂലൈ 2012)

ജീവിതരേഖ[തിരുത്തുക]

1920 മേയ് 9-ന് ഇടയാറന്മുളയിൽ ജനിച്ചു. പിതാവ് കെ. എം. മത്തായി, മാതാവ് റേച്ചലമ്മ. മഹാകവി കെ. വി. സൈമൺ പിതൃസഹോദരനും ഇടയാറന്മുള കെ. എം. വർഗീസ് സഹോദരനുമാണ്. തിരുവനന്തപുരം ആർട്ട്സ് കോളജിൽ മലയാളം ഓണേഴ്സ് ക്ലാസിൽ ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നു. മലയാളം ബി. എ. ഓണേഴ്സ് ഒന്നാം റാങ്കു നേടിയാണ് ഇദ്ദേഹം വിജയിച്ചത്. തുടർന്ന് റോയൽ ഇന്ത്യൻ നേവിയിൽ അധ്യാപകനായി പ്രവർത്തിച്ചു (1942-46). പിന്നീട് കോട്ടയം സി. എം. എസ്. കോളജ്, തിരുവനന്തപുരം ഇന്റർ മീഡിയറ്റ് കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (1958-75) എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. ഇതിനു ശേഷം യു. ജി. സി. പ്രൊഫസറായും സേവനമനുഷ്ഠിച്ചു.

പാശ്ചാത്യ-പൗരസ്ത്യ സാഹിത്യസിദ്ധാന്തങ്ങളുടെ സഹായത്തോടെ സാഹിത്യവിമർശനം നടത്തിയവരിൽ ശ്രദ്ധേയനാണ് കെ. എം. ഡാനിയേൽ. വീണപൂവിനെപ്പറ്റി മുമ്പുണ്ടായിട്ടുള്ള നിരൂപണങ്ങളിലധികവും പഠനവിധേയമാക്കിയതിനു ശേഷം നടത്തിയ പുതിയ വിലയിരുത്തലാണ് വീണ പൂവ് കൺമുമ്പിൽ. ഭാരതീയാചാര്യന്മാരുടെ രസധ്വനിസിദ്ധാന്തത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് ഇതു രചിച്ചിരിക്കുന്നത്. 'കവിതയെ കവിതയായി കാണുക, കാവ്യസ്വഭാവത്തിന്റെ അനാച്ഛാദനത്തിന് ആവശ്യമായ വസ്തുതകൾ മാത്രം വിമർശനത്തിനുപയോഗിക്കുക' എന്നതാണ് ഇതിലെ വിമർശന രീതി എന്ന് കൃതിയുടെ ആമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കലാദർശനത്തിൽ കലയുടെ ശാശ്വതതത്ത്വം, എന്താണു കല തുടങ്ങിയ ഏഴധ്യായങ്ങളാണുള്ളത്. അരിസ്റ്റോട്ടൽ മുതൽ എലിയട്ട് വരേയും ഭരതമുനി മുതൽ അഭിനവഗുപ്തൻ വരേയുമുള്ള പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതന്മാരെ ഇതിൽ പഠനവിധേയരാക്കിയിട്ടുണ്ട്. ഗ്രന്ഥകാരന്റെ വ്യക്തമായ കാഴ്ചപ്പാടും ചിന്താശക്തിയും ഇതിൽ തെളിഞ്ഞു കാണാം. സമഞ്ജസവും സഹൃദയാഹ്ലാദകരവുമാണ് ഡാനിയേലിന്റെ രചനാ രീതി. സാഹിത്യവിമർശനത്തിനു പുറമേ മലയാള വ്യാകരണം, ദ്രാവിഡഭാഷകളുടെ താരതമ്യപഠനം എന്നിവയിലും നിഷ്ണാതനായിരുന്നു ഇദ്ദേഹം. ഡോ. കെ. രാഘവൻ പിള്ളയുമൊത്ത് കേരളപാണിനീയത്തിന് സംശോധിതക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. കലാദർശനം എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി (1970). 1988 ജൂല. 18-നു കെ. എം. ഡാനിയേൽ അന്തരിച്ചു.

കൃതികൾ[തിരുത്തുക]

  • ശംഖനാദം (1952)
  • നവചക്രവാളം നളിനിയിലും മറ്റും
  • വീണ പൂവ് കൺമുമ്പിൽ
  • കലാദർശനം (1969)
  • വിമർശന വീഥി
  • വേദവിഹാരപഠനങ്ങൾ (1984),
  • വിമർശനം- സിദ്ധാന്തവും പ്രയോഗവും (1988)

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ കെ.എം. ഡാനിയേൽ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെ.എം._ഡാനിയേൽ&oldid=2785303" എന്ന താളിൽനിന്ന് ശേഖരിച്ചത്