കെയ്ജി നിഷിത്താനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Keiji Nishitani
ജനനം(1900-02-27)ഫെബ്രുവരി 27, 1900
Ishikawa, Japan
മരണംനവംബർ 24, 1990(1990-11-24) (പ്രായം 90)
Kyoto, Japan
ദേശീയത Japanese
കാലഘട്ടംContemporary philosophy
പ്രദേശം
ചിന്താധാരKyoto School
പ്രധാന താത്പര്യങ്ങൾPhilosophy of religion, nihilism, nothingness, emptiness, mysticism
സ്ഥാപനങ്ങൾKyoto Imperial University
സ്വാധീനിച്ചവർ

കെയ്ജി നിഷിത്താനി എന്ന ജാപ്പനീസ് തത്ത്വചിന്തകൻ 1900 ഫെബ്രുവരി 27-ന് ജനിച്ചു. 1924-ൽ ക്യോട്ടൊ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയശേഷം ക്യോട്ടൊ ഇംപീരിയൽ കോളജ് (1926), ബുദ്ധിസ്റ്റ് ഒട്ടാനി സർവകലാശാല (1928), ക്യോട്ടോ ഇംപീരിയൽ സർവകലാശാല (1935) എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 1936-39 കാലത്ത് ജർമനിയിലെ ഫ്രൈബർഗിൽ ഹൈദഗറുമൊത്ത് പഠനം നടത്തി. 1955-63 കാലത്ത് ക്യോട്ടൊ സ്റ്റേറ്റ് സർവകലാശാലയുടെ ആധുനിക തത്ത്വചിന്താ വിഭാഗത്തിന്റെ മേധാവിയായിരുന്നു.

ജാപ്പനീസ് തത്ത്വചിന്തകൻ[തിരുത്തുക]

ജാപ്പനീസ് തത്ത്വചിന്തയുടെ ക്യോട്ടൊ ശാഖയുടെ ഒരു പ്രമുഖ വക്താവായിരുന്നു നിഷിത്താനി. ക്രൈസ്തവ-ബൌദ്ധ ധർമശാസ്ത്രങ്ങൾ തമ്മിൽ ബന്ധപ്പെടുത്തുന്നതിലും സമന്വയിപ്പിക്കുന്നതിലുമാണ് സെൻബുദ്ധമത വിശ്വാസിയായ ഇദ്ദേഹം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. ശൂന്യതയെക്കുറിച്ചുള്ള ബൗദ്ധ ദർശനങ്ങളും യൂറോപ്യൻ ദർശനങ്ങളും തമ്മിൽ സമന്വയിപ്പിക്കുവാനും ഇദ്ദേഹം ശ്രമിച്ചു. നീഷെ, ഹൈദഗർ, കിർകെഗാർഡ് തുടങ്ങിയവരുടെ കൃതികൾ ജാപ്പനീസിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. ഷെല്ലിങ്ങിന്റെ എസ്സൻസ് ഒഫ് ഹ്യുമൻ ഫ്രീഡം എന്ന കൃതിയുടെ ജാപ്പനീസ് തർജുമ ഇദ്ദേഹത്തിന്റെ ഒരു മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു.

യൂറോപ്യൻ അസ്തിത്വവാദം[തിരുത്തുക]

സെൻബുദ്ധമതത്തിന്റെ കേന്ദ്രആശയങ്ങളെ വ്യക്തമാക്കുവാനും വ്യാഖ്യാനിക്കുവാനുമുള്ള ഒരു മാർഗ്ഗമായാണ് നിഷിത്താനി 19-20 ശതകങ്ങളിലെ യൂറോപ്യൻ അസ്തിത്വവാദത്തെ കണ്ടത്. ജാപ്പനീസ് തത്ത്വചിന്തകരിൽ പ്രമുഖനായിരുന്ന കിറ്റാരൊ നിഷിദയുടെ വീക്ഷണങ്ങൾ നിഷിത്താനിയെ വളരെയധികം സ്വാധീനിച്ചു. സർവസാധാരണവും വ്യക്തിപരവുമായ അസ്തിത്വത്തിൽ നിന്ന് പരിപൂർണമായ മാനവാസ്തിത്വത്തിലേക്കുള്ള പരിവർത്തനത്തെ സന്ദേഹത്തിൽ നിന്ന് അസന്ദിഗ്ധതയിലേക്കുള്ള യാത്രയായാണ് നിഷിത്താനി വിശേഷിപ്പിച്ചത്. വ്യക്തി കേന്ദ്രീകൃതമായ അസ്തിത്വം സൃഷ്ടിക്കുന്ന ശൂന്യതയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ബോധത്തിൽ നിന്നാണ് പ്രപഞ്ചത്തിന്റെ ഓരോ തന്മാത്രയിലും മനുഷ്യൻ ലയിച്ച് ചേർന്നിരിക്കുകയാണെന്ന തിരിച്ചറിവ് ലഭിക്കുന്നത്.

പ്രധാനകൃതികൾ[തിരുത്തുക]

  • ദ് ഫിലോസഫി ഒഫ് ഫണ്ടമെന്റൽ സബ്ജക്റ്റിവിറ്റി (The Philosophy of Fundamental Subjectivity 1940)
  • നിഹിലിസം (Nihilism 1946)
  • സ്റ്റഡീസ് ഇൻ അരിസ്റ്റോട്ടിൽ (Studies in Aristotle 1948)
  • ഗോഡ് ആൻഡ് അബ്സൊല്യൂട്ട് നത്തിങ്ങ്നസ്സ് ( God and Absolute Nothingness 1949)
  • വാട്ട് ഇസ് റിലിജൺ (What is Relgion 1961)

എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1991-ൽ ഇദ്ദേഹം അന്തരിച്ചു.

പ്പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിഷിത്താനി, കെയ്ജി (1900 - 91) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=കെയ്ജി_നിഷിത്താനി&oldid=3418354" എന്ന താളിൽനിന്ന് ശേഖരിച്ചത്