കാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബെന്‍സ് വെലോ - വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമായ ആദ്യ കാര്‍
1906-ല്‍ നിര്മ്മിക്കപ്പെട്ട ഫോര്‍ഡ് മോഡല്‍ -എന്‍ റോഡ്‌സ്റ്റര്‍
2007-ല്‍ പുറത്തിറക്കിയ ടെസ്ല എന്ന വൈദ്യുതകാര്‍

മനുഷ്യന്‍ സഞ്ചരിക്കാനുപയോഗിക്കുന്ന നാലു ചക്രങ്ങളിലോടുന്ന

ഫെറാറി F430 സ്പൈഡര്‍

യാന്ത്രികവാഹനമാണ്‌ കാര്‍. കാറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌ എഞ്ചിന്‍. കാര്‍ ചലിക്കുന്നതിനാവശ്യമായ ശക്തി ഉല്‍‌പ്പാദിപ്പിക്കപ്പെടുന്നത് എഞ്ചിനിലാണ്‌.

ഇപ്പോള്‍ ചില കാറുകള്‍ വൈദ്യുതമോട്ടോര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും മിക്ക ആധുനികകാറുകളും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആദ്യമായി കാര്‍ കണ്ടുപിടിച്ചപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ അടിസ്ഥാനസാങ്കേതികവിദ്യ തന്നെയാണ്‌ ഉപയോഗപ്പെടുത്തുന്നത്. കത്തുന്ന ഇന്ധനം താപ‌ എഞ്ചിന്റെ പിസ്റ്റണുകളെ മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുകയും, ഗിയറും കാറിന്റെ മറ്റു ഭാഗങ്ങളും ചേര്‍ന്ന് പിസ്റ്റണില്‍ ഉളവാകുന്ന ഈ ബലത്തെ ചക്രം തിരിക്കാനുതകുന്ന രീതിയിലാക്കുകയും ചെയ്യുന്നു.

എഞ്ചിനില്‍ അത്യധികം താപം ഉല്‍‌പ്പാദിപ്പിക്കപ്പെടുന്നതിനാല്‍ തണുപ്പിക്കുന്നതിനുള്ള സം‌വിധാനവും, കത്തുമ്പോഴുണ്ടാകുന്ന അവശിഷ്ടവാതകങ്ങള്‍ പുറന്തള്ളുന്നതിനുള്ള എക്സോസ്റ്റ് സം‌വിധാനവും കാറിലുണ്ടായിരിക്കും. ഇന്ധനം കത്തുപിടിപ്പിക്കുന്നതിനും മറ്റുമായുള്ള വൈദ്യുതി കാറിലെ ബാറ്ററിയില്‍ നിന്നുമാണ്‌ ലഭ്യമാക്കുന്നത്.


ഉള്ളടക്കം

[തിരുത്തുക] എഞ്ചിന്‍

കാര്‍ എഞ്ചിന്‍

കാറില്‍ ശക്തി ഉല്‍‌പാദിപ്പിക്കുന്ന ഭാഗമാണ്‌ എഞ്ചിന്‍. ഉപയോഗിക്കുന്ന ഇന്ധനമനുസരിച്ച് രണ്ടു തരം എഞ്ചിനുകളാണ്‌ സാധാരണയായി കണ്ടു വരുന്നത്.

  1. പെട്രോള്‍ എഞ്ചിന്‍
  2. ഡീസല്‍ എഞ്ചിന്‍

ഇതു കൂടാതെ ദ്രവീകൃത പെട്രോളിയം വാതകവും (എല്‍.പി.ജി.), മര്‍ദ്ദിതപ്രകൃതിവാതകവും (സി.എന്‍.ജി.) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാര്‍ എഞ്ചിനുകളുണ്ട്. സാധാരണയായി പെട്രോള്‍ എഞ്ചിനുകളെ ഇത്തരം വാതകങ്ങള്‍ ഉപയോഗിക്കാനുതകുന്ന രീതിയില്‍ മാറ്റിയെടുക്കാറാണ്‌ പതിവ്.

[തിരുത്തുക] പെട്രോള്‍ എഞ്ചിന്‍

പ്രധാന ലേഖനം: പെട്രോള്‍ എഞ്ചിന്‍

ഇന്ധനമായി പെട്രോള്‍ ഉപയോഗിക്കുന്ന തരം ആന്തരദഹന എഞ്ചിനാണ്‌‌ പെട്രോള്‍ എഞ്ചിന്‍.

ഒരു പെട്രോള്‍ എഞ്ചിനില്‍ നിരവധി സിലിണ്ടറുകള്‍ ഉണ്ടായിരിക്കും. മിക്ക എഞ്ചിനുകളിലും നാല്‌ സിലിണ്ടറുകളാണ്‌ ഉണ്ടാകുക. ഒരഗ്രം അടച്ച കുഴലുകളാണിവ. ഓരോ സിലിണ്ടറിലും ഓരോ പിസ്റ്റണ്‍ ഉണ്ടായിരിക്കും. കമിഴ്ത്തി വച്ച കോപ്പ പോലെയിരിക്കുന്ന ഇവ സിലിണ്ടറിനകത്ത് മുന്നോട്ടും പിന്നോട്ടും നീങ്ങുന്നു.

ഒരു ഫോര്‍ സ്ട്രോക്ക് പെട്രോള്‍ എഞ്ചിന്റെ പ്രവര്‍ത്തനം.
1. ഇന്‍ഡക്ഷന്‍ സ്ട്രോക്ക്
2. കമ്പ്രഷന്‍ സ്ട്രോക്ക്
3. പവര്‍ സ്ട്രോക്ക്
4. എക്സോസ്റ്റ് സ്ട്രോക്ക്

സിലിണ്ടറിന്റെ അടച്ച അഗ്രഭാഗത്തുള്ള ഒരു വാല്‍‌വിലൂടെ പെട്രോളും വായുവും കലര്‍ന്ന മിശ്രിതം സിലിണ്ടറിനും പിസ്റ്റണിനുമിടയിലുള്ള ഭാഗത്തേക്കെത്തുന്നു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഒരു സ്പാര്‍ക്ക് പ്ലഗ് ഈ മിശ്രിതത്തെ കത്തിക്കുകയും തല്‍ഫലമായുണ്ടാകുന്ന ഉന്നതമര്‍ദ്ദം മൂലം പിസ്റ്റണ്‍ പുറകിലേക്ക് ചലിക്കുകയും ചെയ്യുന്നു.

നാലു സിലിണ്ടറുകളുള്ള എഞ്ചിനിലില്‍ രണ്ടു സിലിണ്ടറിലെ പിസ്റ്റണുകള്‍ മുന്നോട്ടു ചലിക്കുമ്പോള്‍ മറ്റുള്ളവ പുറകിലേക്ക് ചലിക്കുന്നു. ഇന്ധനം കത്തിയുണ്ടാകുന്ന അവശിഷ്ടവാതകങ്ങള്‍ പുറത്തേക്കെത്തിക്കുന്നതിനുള്ള വാല്‍‌വും ഓരോ സിലിണ്ടറിലുമുണ്ടായിരിക്കും.

ഇന്ധനം കത്തുന്ന സമയചക്രത്തിന്റെ വ്യത്യാസമനുസരിച്ച് ടൂ സ്ട്രോക്ക്, ഫോര്‍ സ്ട്രോക്ക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള പെട്രോള്‍ എഞ്ചിനുകള്‍ ഉണ്ട്. ഇതില്‍ ഫോര്‍ സ്ട്രോക്ക് എഞ്ചിനുകളാണ്‌ കാറുകളില്‍ ഉപയോഗിക്കുന്നത്.

[തിരുത്തുക] ഡീസല്‍ എഞ്ചിന്‍

പ്രധാന ലേഖനം: ഡീസല്‍ എഞ്ചിന്‍

താരതമ്യേന ചിലവു കുറഞ്ഞ ഡീസല്‍ ഓയില്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഡീസല്‍ എഞ്ചിനുകളും കാറുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ധനം കത്തു പിടിപ്പിക്കുന്നതിന്‌ സ്പാര്‍ക്ക് പ്ലഗ് ആവശ്യമില്ലെന്നുള്ളതാണ്‌ ഡീസല്‍ എഞ്ചിനുകളുടെ പ്രധാന പ്രത്യേകത. സിലിണ്ടറിനകത്തെ ഉന്നത മര്‍ദ്ദവും താപനിലയും മൂലം ഡീസലിന്‌ തനിയേ തീ പിടിക്കുകയാണ്‌ ചെയ്യുന്നത്.

പിസ്റ്റണുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്ന സം‌വിധാനമാണ്‌ ക്രാങ്ക് ഷാഫ്റ്റ്. ചിത്രത്തില്‍ ചുവന്ന നിറത്തില്‍ കാണുന്നതാണ്‌ ക്രാങ്ക് ഷാഫ്റ്റ്, പിസ്റ്റണുകള്‍ ചാരനിറത്തിലും സിലിണ്ടറുകള്‍ നീലനിറത്തിലും ഫ്ലൈവീല്‍ കറുത്ത നിറത്തിലും കാണിച്ചിരിക്കുന്നു

[തിരുത്തുക] ക്രാങ്ക് ഷാഫ്റ്റ്

പിസ്റ്റണുകളുടെ മുന്നോട്ടും പിന്നോട്ടുമുള്ള ചലനത്തെ കറക്കമാക്കി മാറ്റുന്ന സം‌വിധാനമാണ്‌ ക്രാങ്ക് ഷാഫ്റ്റ്.

ക്രാങ്ക് ഷാഫ്റ്റില്‍ ഒരു കൂട്ടം ക്രാങ്കുകളുണ്ടായിരിക്കും ഓരോന്നും ഓരോ പിസ്റ്റണില്‍ നിന്നു വരുന്ന കണക്റ്റിങ് റോഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. പിസ്റ്റണിന്റെ മുന്‍പിന്‍ ചലനം കണക്റ്റിങ് റോഡിലൂടെ ക്രാങ്കുകളിലെത്തുകയും ക്രാങ്ക് ഷാഫ്റ്റിനെ തിരിക്കുന്നു. ക്രാങ്ക് ഷാഫ്റ്റില്‍ ഘടിപ്പിച്ചിട്ടുള്ള ഭാരമേറിയ ഒരു ചക്രമാണ്‌ ഫ്ലൈ വീല്‍. ഈ ചക്രം ഷാഫ്റ്റിനൊപ്പം തിരിയുന്നതിനാല്‍ കറക്കത്തിലുണ്ടാകുന്ന വിറയല്‍ മാറ്റി ഷാഫ്റ്റ് തുടര്‍ച്ചയായി തിരിയുന്നതിന്‌ സഹായിക്കുന്നു.

[തിരുത്തുക] ഇഗ്നീഷ്യന്‍ സം‌വിധാനം

ഇഗ്നീഷ്യന്‍ കോയില്‍

ഒരു പെട്രോള്‍ എഞ്ചിനിലെ ഇന്ധനം കത്തു പിടിപ്പിക്കുന്നതിനുള്ള സം‌വിധാനമാണിത്.

കാറിലെ ബാറ്ററി താരതമ്യേന ചെറിയ വോള്‍ട്ടതയിലുള്ള വൈദ്യുതിയാണ്‌ നല്‍കുന്നത്. ഈ വൈദ്യുതി ഇഗ്നീഷ്യന്‍ സം‌വിധാനത്തിലെ കോയിലിലെത്തുകയും ഇത് ഒരു ട്രാന്‍സ്ഫോര്‍മര്‍ പോലെ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതിയുടെ വോള്‍ട്ടത ആയിരക്കണക്കിന്‌ വോള്‍ട്ടിലേക്കെത്തിക്കുന്നു. ഒരു വിതരണസം‌വിധാനം ഈ ഉയര്‍ന്ന വോള്‍ട്ടതയിലുള്ള വൈദ്യുതിയെ കൃത്യമായ സമയക്രമത്തില്‍ ഓരോ സിലിണ്ടറുകളിലേക്കെത്തിക്കുകയും ഇന്ധനം കത്തുപിടീക്കുന്നതിനാവശ്യമായ തീപ്പൊരി ഉണ്ടാക്കുകയും ചെയ്യുന്നു.

ബാറ്ററി, ഇഗ്നീഷ്യന്‍ കോയില്‍, സര്‍ക്യൂട്ട് ബ്രേക്കര്‍, കപ്പാസിറ്റര്‍, ഡിസ്ട്രിബ്യൂട്ടര്‍ എന്നിവയാണ്‌ ഇതിന്റെ പ്രധാനഭാഗങ്ങള്‍[അവലംബം ആവശ്യമാണ്].


റേഡിയേറ്റര്‍

[തിരുത്തുക] റേഡിയേറ്റര്‍

എഞ്ചിനെ തണുപ്പിക്കുന്നതിനുള്ള സം‌വിധാനമാണ്‌ റേഡിയേറ്റര്‍. മിക്ക കാര്‍ എഞ്ചിനുകളിലും അതിനെ തണുപ്പിക്കുന്നതിനായി ഒരു പമ്പ് എഞ്ചിന്റെ ചട്ടക്കൂടിനിടയിലേക്ക്ക് ജലം തള്ളി വിടുന്നു. എഞ്ചിനില്‍ നിന്നും ചൂട് ആഗിരണം ചെയ്ത് ഈ ജലം റേഡിയേറ്ററിലേക്കെത്തുന്നു. റേഡിയേറ്ററിന്റെ ജാലികളിലൂടെ കടന്നു പോകുന്ന ജലം അതിനെ ചുറ്റി സഞ്ചരിക്കുന്ന വായുവാല്‍ തണുപ്പിക്കപ്പെടുന്നു. ഈ തണുത്ത ജലം വീണ്ടും എഞ്ചിനിലേക്ക് തള്ളിവിടുന്നു.

ആവശ്യത്തിന്‌ വായുസഞ്ചാരത്തിനായി റേഡിയേറ്റര്‍ കാറിന്റെ മുന്‍‌വശത്തായാണ്‌ സജ്ജീകരിച്ചിരിക്കുക. വായുസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിനായി റേഡിയേറ്ററിനൊപ്പം പ്രത്യേകം പങ്കയും കണ്ടുവരുന്നു.

[തിരുത്തുക] ഇന്ധന ഇഞ്ചക്ഷന്‍

പെട്രോള്‍ എഞ്ചിന്റെ സിലിണ്ടറുകളിലേക്ക് കൃത്യമായ അളവില്‍ ഇന്ധനം എത്തിക്കുന്നതിനുള്ള സം‌വിധാനമാണിത്.

പിസ്റ്റണിന്റെ പുറകിലേക്കുള്ള സഞ്ചാരത്തില്‍ ഇന്ധനത്തെ തനിയെ വലിച്ചെടുക്കുമെങ്കിലും കൃത്യമായ അളവില്‍ എഞ്ചിനിലേക്ക് പെട്രോള്‍ എത്തിച്ചാല്‍ ഇന്ധനം കൂടുതല്‍ കാര്യക്ഷമതയോടെ കത്തുകയും എഞ്ചിന്റെ ദക്ഷത വര്‍ദ്ധിക്കുകയും ചെയ്യും.

[തിരുത്തുക] കാര്‍ബ്യുറേറ്റര്‍

എഞ്ചിനിലേക്ക് കടത്തിവിടുന്ന പെട്രോളിന്റേയും വായുവിന്റേയും മിശ്രണം നിയന്ത്രിക്കുന്ന ഘടകമാണ്‌ കാര്‍ബ്യുറേറ്റര്‍.

പെട്രോളിന്റെ ചെറുതുള്ളികളും വായുവുമടങ്ങിയ മിശ്രിതമാണ്‌ കാര്‍ബ്യുറേറ്ററില്‍ നിന്ന് എഞ്ചിന്റെ സിലിണ്ടറിലേക്കെത്തുന്നത്. കാറിന്റെ ആക്സിലറേറ്റര്‍ പെഡല്‍ കാര്‍ബ്യുറേറ്ററുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് മിശ്രിതത്തിലെ പെട്രോളിന്റെ അളവിനെ നിയന്ത്രിക്കുന്നു. മിശ്രിതത്തിലെ പെട്രോളിന്റെ അളവ് വര്‍ദ്ധിക്കുന്നത് എഞ്ചിന്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിന്‌ കാരണമാകുന്നു. എഞ്ചിന്‍ പ്രവര്‍ത്തനം തുടങ്ങുന്ന സമയത്ത് കൂടുതല്‍ പെട്രോള്‍ മിശ്രിതത്തിലെത്തിക്കാന്‍ ചോക്ക് ഉപയോഗിക്കുന്നു.

[തിരുത്തുക] ടര്‍ബോചാര്‍ജര്‍

പ്രധാന ലേഖനം: ടര്‍ബോ ചാര്‍ജര്‍

എഞ്ചിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘടകമാണ്‌ ടര്‍ബോചാര്‍ജര്‍.

എഞ്ചിന്റെ സിലിണ്ടറിലേക്കെത്തിക്കുന്ന വായുവിന്റെ മര്‍ദ്ധം വര്‍ദ്ധിപ്പിക്കുന്നതിനാണ്‌ ടര്‍ബോചാര്‍ജര്‍ ഉപയോഗിക്കുന്നത്. അതു വഴി ഇന്ധനം കൂടുതല്‍ കാര്യക്ഷമമായി ജ്വലിക്കുന്നു.

കാറിന്റെ എക്സോസ്റ്റുമായി ഘടിപ്പിച്ചിട്ടുള്ള ടര്‍ബൈനില്‍ നിന്നും ലഭിക്കുന്ന ശക്തി ഉപയോഗിച്ച് ഒരു കമ്പ്രസ്സര്‍ പവര്‍ത്തിപ്പിച്ചാണ്‌ ഉന്നതമര്‍ദ്ധത്തിലുള്ള വായുവുണ്ടാക്കുന്നത്.

[തിരുത്തുക] ബ്രേക്ക്

ഡിസ്ക് ബ്രേക്ക്

കാറിന്റെ വേഗത കുറക്കുന്നതിനും നിറുത്തുന്നതിനും സഹായിക്കുന്ന ഘടകമാണ്‌ ബ്രേക്ക്.

ഘര്‍ഷണം ആണ്‌ ബ്രേക്കിന്റെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം. രണ്ടു തരത്തിലുള്ള ബ്രേക്ക് സം‌വിധാനങ്ങളാണ്‌ നിലവിലുള്ളത്.

  1. ഡിസ്ക് ബ്രേക്ക്
  2. ഡ്രം ബ്രേക്ക്

ചക്രവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഡിസ്കിനെ ഇരുവശത്തു നിന്നും രണ്ടു പാഡുകള്‍ കൊണ്ട് അമര്‍ത്തുക എന്നതാണ്‌ ഡിസ്ക് ബ്രേക്കിന്റെ പ്രവര്‍ത്തനം.

ചക്രവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ഡ്രമ്മിനകത്ത് വക്രാകൃതിയിലുള്ള ബ്രേക്ക് ഷൂ അമര്‍ത്തിയാണ്‌ ഡ്രം ബ്രേക്ക് സം‌വിധാനം പ്രവര്‍ത്തിക്കുന്നത്.

മുന്‍‌ചക്രങ്ങളുടെ സസ്പെന്‍ഷന്‍ സം‌വിധാനം

[തിരുത്തുക] സസ്പെന്‍ഷന്‍

ചക്രങ്ങളിലുണ്ടാകുന്ന കുലുക്കത്തില്‍ നിന്നും മറ്റും കാറിന്റെ ബോഡിയെ സം‌രക്ഷിക്കുന്നതിനുള്ള സം‌വിധാനമാണ്‌ സസ്പെന്‍ഷന്‍.

വഴിയിലെ കുണ്ടിലും കുഴിയിലും വീണ്‌ ചക്രങ്ങള്‍ക്കുണ്ടാകുന്ന കുലുക്കം കാറിന്റെ പ്രധാനഭാഗത്തെത്തിക്കാതെ സുഗമമായ യാത്ര സസ്പെന്‍ഷന്‍ പ്രദാനം ചെയ്യുന്നു. സസ്പെന്‍ഷനിലെ ഷോക്ക് അബ്സോര്‍ബറുകളും സ്പ്രിങ്ങുകളും ആവശ്യത്തിനനുസരിച്ച്‍ മുകളിലേക്കും താഴേക്കും നീങ്ങിയാണ്‌ ഇത് സാദ്ധ്യമാക്കുന്നത്. ഓരോ ചക്രത്തിനും സ്വതന്ത്രമായ സസ്പെന്‍ഷന്‍ നല്‍കുന്നതു കൊണ്ട് കാറിന്റെ ഒരു വശം ഒരു തിണ്ടില്‍ കയറിയാലും മറുവശത്ത് അത് അനുഭവപ്പെടുന്നില്ല.

[തിരുത്തുക] ക്ലച്ച്

ക്ലച്ച് ഡിസ്ക്

എഞ്ചിനില്‍ നിന്നും ചക്രങ്ങളിലേക്ക് അയക്കുന്ന ശക്തിയെ നിയന്ത്രിക്കുന്നതിനുള്ള ഒരു സം‌വിധാനമാണ്‌ ക്ലച്ച്. ക്ലച്ചുമായി ബന്ധിപ്പിച്ചിട്ടുള്ള ക്ലച്ച് പെഡലില്‍ കാലമര്‍ത്തുമ്പോള്‍ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം വേര്‍പെടുന്നു. ക്ലച്ച് പെഡല്‍ പൂര്‍‌വസ്ഥിതിയിലാകുമ്പോള്‍ എഞ്ചിനും ചക്രങ്ങളുമായുള്ള ബന്ധം പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

കാര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുമ്പോഴും, ഗിയര്‍ മാറ്റുന്നതിനും, നിറുത്തുന്നതിനുമൊക്കെ ക്ലച്ച് ഉപയോഗിക്കാം. ക്ലച്ച് ശരിയായി ഉപയോഗിക്കാന്‍ പഠിക്കുക എന്നതാണ്‌ വാഹനം ഓടിക്കുന്നതിലെ ഒരു പ്രധാനപാഠം.

[തിരുത്തുക] എക്സോസ്റ്റ്

എഞ്ചിനിലുണ്ടാകുന്ന അവശിഷ്ടവാതകങ്ങളെ പുറത്തെത്തിക്കുന്നതിനും ശബ്ദം കുറക്കുന്നതിനുമുള്ള സം‌വിധാനമാണിത്.

സിലിണ്ടറുകളില്‍ കത്തുന്ന ഇന്ധനം അവശിഷ്ടവാതകങ്ങളോടൊപ്പം ഉയര്‍ന്ന ശബ്ദവും പുറപ്പെടുവിക്കുന്നു. ഈ വാതകങ്ങള്‍ സൈലന്‍സര്‍ അല്ലെങ്കില്‍ മഫ്ലര്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം ദ്വാരങ്ങളുള്ള ദളങ്ങളിലൂടെ കടന്നു പോകുന്നു. ഈ ദ്വാരങ്ങളിലൂടെ കടന്നു പോകുമ്പോള്‍ വാതകപ്രവാഹത്തിന്റെ ബലം കുറയുകയും ശബ്ദം കുറയുകയും ചെയ്യുന്നു. ഈ വാതകങ്ങള്‍ ചിലപ്പോള്‍ ഒരു കാറ്റലിസ്റ്റിക് കണ്‍‌വെര്‍ട്ടറിലൂടെ കടത്തിവിട്ട് അവിടെവച്ച് ഹാനികരമല്ലാത്ത വാതകങ്ങളാക്കി മാറ്റാറുണ്ട്.

[തിരുത്തുക] ഗിയര്‍ ബോക്സ്

ഗിയര്‍ ബോക്സ്

കാറിന്റെ ചക്രത്തിലേക്ക് എത്തുന്ന ശക്തി വ്യതിയാനപ്പെടുത്താനാണ്‌ ഗിയര്‍ സം‌വിധാനം ഉപയോഗപ്പെടുത്തുന്നത്. ഗിയര്‍ബോക്സില്‍ നാലോ അഞ്ചോ ഗിയര്‍ സ്ഥാനങ്ങളും (മുന്നോട്ടു പോകാനുള്ളത്), പുറകോട്ടോടിക്കാനുള്ള (റിവേഴ്സ്) ഒരു ഗിയര്‍ സ്ഥാനവും ഉണ്ടാകും.

എഞ്ചിന്റെ ക്രാങ്ക് ഷാഫ്റ്റ് അതുമായി ബന്ധിപ്പിച്ചിട്ടുള്ള ഗിയര്‍ബോക്സിലെ ഒരു കൂട്ടം പല്‍ച്ചക്രങ്ങളെ തിരിക്കുന്നു. ഈ പല്‍ച്ചക്രങ്ങള്‍ ഡ്രൈവ്ഷാഫ്റ്റില്‍ ഉറപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പല്‍ച്ചക്രങ്ങളിലൂടെ ഡ്രൈവ്ഷാഫ്റ്റിലേക്കും അതുവഴി ചക്രങ്ങളിലേക്കും ശക്തി പ്രേഷണം ചെയ്യുന്നു.

ഗിയര്‍ മാറ്റുമ്പോള്‍ ഈ ഷാഫ്റ്റുകളിലെ വലുതും ചെറുതുമായ പല്‍ച്ചക്രങ്ങള്‍ തെരഞ്ഞെടുക്കപ്പെടുകയും എഞ്ചിന്റെ വേഗതയും ശക്തിയും മാറ്റം വരുത്താന്‍ സാധിക്കുകയും ചെയ്യും.

ചെറിയ ഗിയറുകള്‍ കൂടുതല്‍ ശക്തി ചക്രങ്ങളിലേക്ക് നല്‍കുമെങ്കിലും വേഗത കുറവായിരിക്കും. അതു കൊണ്ട് ഓട്ടം തുടങ്ങുമ്പോഴും, കയറ്റം കയറുന്നതിനും കുറഞ്ഞ ഗിയര്‍ തെരഞ്ഞെടുക്കുന്നു . എന്നാല്‍ കൂടിയ ഗിയറുകള്‍ക്ക് ശക്തി കുറവാണെങ്കിലും വേഗത കൂടുതലായിരിക്കും. വാഹനം വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നു.

ഡ്രൈവ് ഷാഫ്റ്റിന്റെ മറുവശത്ത് ഘടിപ്പിച്ചിട്ടുള്ള മറ്റൊരു കൂട്ടം പല്‍ച്ചക്രങ്ങളാണ് ഡിഫറന്‍ഷ്യല്‍ എന്നറിയപ്പെടുന്നത്. വാഹനം തിരിയുമ്പോള്‍ ഇരുവശത്തുള്ള ചക്രങ്ങളെ വ്യത്യസ്ഥനിരക്കില്‍ തിരിയാനനുവദിക്കുക എന്നതാണ് ഡിഫറന്‍ഷ്യലിന്റെ കടമ.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

"http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം