കായൽ
കടലിൽ നിന്ന് ഉൽഭവിച്ച് കടലിൽ തന്നെ ചെന്നു ചേരുന്ന ജലപാതകളാണ് കായലുകൾ. കായലിലെ ജലത്തിന് ഉപ്പുരസം കൂടുതലായിരിക്കും. അതുപോലെ തന്നെ നദികളെ അപേക്ഷിച്ച് കായലുകൾക്ക് ഒഴുക്കും കുറവായിരിക്കും. മത്സ്യബന്ധനത്തിനും ജലഗതാഗതത്തിനും അനുയോജ്യമാണ് കായലുകൾ. കായലുകളെ തമ്മിൽ ബന്ധിപ്പിച്ച് കനാലുകൾ നിർമ്മിക്കുന്നത് സാധാരണമാണ്. ഇത് ഒരു ചെലവുകുറഞ്ഞ ഉൾനാടൻ ജലഗതാഗത മാർഗ്ഗമാണ്. കടൽ നിരപ്പിനോട് ചേർന്നു കിടക്കുന്ന ഭൂപ്രകൃതി ഉള്ള പല പ്രദേശങ്ങളിലും കായലുകൾ വാണിജ്യ വ്യവസ്ഥയിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. കായലുകഗ്ങ്ൾ പലപ്പോഴും വിനോദസഞ്ചാരത്തിലും പ്രധാന പങ്കുവഹിക്കുന്നു.
കടലും കായലുമായി ബന്ധപ്പെടുന്ന ഭാഗമാണ് പൊഴിയും അഴിയും. സാധാരണയായി പൊഴിമുഖത്ത് ഒരു മൺതിട്ട ഉണ്ടാവാറുണ്ട്. കേരളത്തിൽ വലുതും ചെറുതുമായി 34 കായലുകൾ ഉണ്ട്. ഇവയിൽ 27 എണ്ണം അഴിയോ പൊഴിയോ മുഖേന കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. നീണ്ടകര, കൊച്ചി, കൊടുങ്ങല്ലൂർ, ചേറ്റുവ, അഴീക്കൽ(വളപട്ടണം) തുടങ്ങിയവയാണ് കേരളത്തിലെ അഴികൾ[1]. കായലിൽ നിന്ന് കടലിലേക്ക് സ്ഥിരമയുള്ള കവാടങ്ങളെ അഴിമുഖങ്ങളെന്നും താൽക്കാലികമായുള്ളവയെ പൊഴിമുഖങ്ങളെന്നും പറയുന്നു.[2]
കേരളത്തിലെ കായലുകളിൽ 7 എണ്ണം ഉൾനാടൻ ജലാശയങ്ങളാണ്. 448 കിലോമീറ്റർ നീളമുള്ള ഉൾനാടൻ ജലഗതാഗതമാർഗ്ഗം കായലുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. കേരലത്തിലെ പല നദികളും വന്നുചേരുന്നത് ഈ കായലുകളിലാണ്. കേരളത്തിലെ മിക്ക കായലുകളിളിലും 24 മണിക്കൂറിനുള്ളിൽ രണ്ട് പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു[1].
ഉള്ളടക്കം |
[തിരുത്തുക] കേരളത്തിലെ കായലുകൾ
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കായൽ കാസർഗോഡ് ജിലയിലെ ഉപ്പള കായലാണ്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പ്രധാന കായലുകളാണ് കുമ്പള, കൽനാട്, ബേക്കൽ, ചിത്താരി, കവ്വായി എന്നിവ. ഇവയിൽ ആദ്യത്തെ നാല് കായലുകൾ നദീമുഖങ്ങൾ വികസിച്ചുണ്ടായവയാണ്. കവ്വായി കായൽ കടലോരത്തിനു മാന്തരമായി 21 കിലോമീറ്റർ നീണ്ടുകിടക്കുന്നു. പെരുവമ്പ, കവ്വായി, രാമപുരം എന്നീ നദികൾ ഈ കായലിലാണ് പതിക്കുന്നത്. മാടക്കൽ, എടേലക്കാട്, വടക്കേക്കാട് തുടങ്ങിയ തുരുത്തുകൾ ഈ കായലിൽ സ്ഥിതിചെയ്യുന്നവയാണ്. മനുഷ്യ നിർമ്മിതമായ സുൽത്താൻ തോട് കവ്വായി കായലിനേയും വളപട്ടണം പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്നു[1].
തൃശ്ശൂർ ജില്ലയിലെ രണ്ട് കായലുകളായ ഏനമാക്കൽ, മനക്കൊടി എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കായലുകളാണ്. രണ്ടിനുംകൂടി 65 കിലോമീറ്റർ വിസ്തൃതിയുണ്ട്. കരുവണ്ണൂർ പുഴ, വിയ്യൂർ പുഴ, വടക്കാഞ്ചേരി പുഴ എന്നിവ ഈ കായലിൽ പതിക്കുന്നവയാണ്. തൃശ്ശൂർ ജില്ലയിലെ തന്നെ മറ്റൊരു കായലാണ് മൂരിയാട് കായൽ[1].
എറണാകുളം ജില്ലയിലെ പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന കായലുകളാണ് കൊടുങ്ങല്ലൂർ കായലും, വരാപ്പുഴ കായലും. പെരിയാറിന്റെ ഒരു ശാഖയായ മാർത്താണ്ഡൻപുഴ ഈ വരാപ്പുഴ കായലിലാണ് പതിക്കുന്നത്. കൊടുങ്ങല്ലൂർ വേമ്പനാട് കായൽ എന്നിവ പർസ്പരം ബന്ധപ്പെട്ടുകിടക്കുന്ന കായലുകളാണ്.
കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് കായൽ ആലപ്പുഴ, കോട്ടയം എറണാകുളം എന്നീ ജില്ലകളിലായി 205 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്നു. കൊടുങ്ങല്ലൂർ,വേമ്പനാട് എന്നീ കായലുകളിലായി വെല്ലിങ്ടൻ ദ്വീപ്, വൈപ്പിൻ, രാമൻ തുരുത്ത്, പോഞ്ഞിക്കര,ബോൾഗാട്ടി), വല്ലാർപാടം,തേവര,കോന്തുരുതി,നെട്ടൂർ,മാടവന,കുമ്പളം, പനങ്ങാട്, ചേപ്പനം,ചാത്തമ്മ,വളന്തകാട്,പാതിരാമണൽ, പള്ളിപ്പുറം എന്നിങ്ങനെ പല തുരുത്തുകളും സ്ഥിതിചെയ്യുന്നു. എറണാകുളം ജില്ലയിലെ പനങ്ങാട്, കുമ്പളം, ചാത്തമ്മ തുരുത്തുകൾക്കും ആലപ്പുഴ ജില്ലയിലെ അരൂർ, അരൂക്കുറ്റിക്കും ഇടയിലായി കാണുന്ന വേമ്പനാട് കായലിന്റെ ഭാഗം കൈതപ്പുഴക്കായൽ എന്നറിയപ്പെടുന്നു.ആലപ്പുഴ നഗരത്തിനടുത്തായി വേമ്പനാട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്രു ട്രോഫി വള്ളംകളി നടത്തുന്നു. അച്ചൻകോവിൽ, പമ്പ, മണിമലയാർ, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ അഞ്ചു നദികളുടെ ജലത്താൽ സമ്പന്നമാണ് വേമ്പനാട്ടുകായൽ[1]. വേമ്പനാട് കായലിന്റെ ഏറെ സ്ഥലങ്ങൾ കൃഷിക്കായി ഉപൗയോഗിക്കുന്നവയാണ്. ഉപ്പുവെള്ളം കുട്ടനാട്ടിലേക്ക് കടക്കാതിരിക്കുന്നതിനായി കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് 1 കിലോമീറ്റർ നീളമുള്ള തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചതിലൂടെ കുട്ടനാട്ടിൽ കൂടുതൽ സ്ഥലം കൃഷയോഗ്യമായിത്തീർന്നു. ഈ ബണ്ടിനുമുകളിലൂടെ ആലപ്പുഴ - വൈക്കം പാത കടന്നുപോകുന്നു. കയർ വ്യവസായം, മത്സ്യ സമ്പത്ത് എന്നിവയിലൂടെ വളരെയധികം വാണിജ്യപ്രാധാന്യം നേടിയ ഒരു കായലാണിത്[1].
വേമ്പനാട് കായലിന് തെക്ക് വശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന മറ്റൊരു കായലാണ് കായംകുളം കായൽ. ഈ കായലിന് 51.1 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 30 കിലോമീറ്റർ നീളവും 2.5 കിലോമീറ്റർ ശരാശരി വീതിയുമുള്ള ഈ കായലിന് ആഴം കുറവാണ്[1].
കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി 50 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന കായലാണ് അഷ്ടമുടി കായൽ. കല്ലടയാറ് പതിക്കുന്നത് ഈ കായലിലാണ്. നീണ്ടകര അഴിമുഖം ഈ കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്നു. ചവറ- പന്മന തോട് ഈ കായലിനെ കായംകുളം കായലുമായി കൂട്ടിയിണക്കുന്നു[1].കേരളത്തിലെ രണ്ടാമത്തെ വലിയ കായലാണ്.[2] അഷ്ടമുടികായലിന് തെക്കായി സ്ഥിതിചെയ്യുന്ന ചെറുതും ആഴം കൂടിയതുമായ കായലാണ് പരവൂർ കായൽ. ഇത്തിക്കരയാറ് പതിക്കുന്ന പൊഴി മുഖത്തോട് കൂടിയ കായലാണിത്. കൊല്ലം തോട് ഈ കായലിനെ അഷ്ടമുടികായലുമായി ബന്ധിപ്പിക്കുന്നു[1].
കൊല്ലം , തിരുവനന്തപുരം ജില്ലകളുടെ അതിർത്തിയിൽ ഇരു ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന കായലുകളാണ് ഇടവ, നടയറ എന്നീ കായലുകൾ. പരവൂർ തോട് ഇവയെ പരവൂർ കായലുമായി ബന്ധിപ്പിക്കുന്നു[1].
നടയറകായലിന് തെക്ക് സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ്, കഠിനംകുളം, വേളി എന്നീ കായലുകൾ ആഴവും വീതിയും കുറഞ്ഞ കായലുകളാണ്. ഇവ കൃത്രിമ തോടുകളിലൂടെ ഒന്നിനൊന്ന് ബന്ധപ്പെടുത്തിയിരിക്കുന്നു. 20 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അഞ്ചുതെങ്ങ് കായലിൽ വാമനപുരം നദി പതിക്കുന്നു. കഠിനംകുളം കായലിനെ വാളികായലുമായി ബന്ധപ്പെടുത്തുന്നത് പാർവതീപുത്തനാറാണ്[1].
[തിരുത്തുക] ശുദ്ധജല കായലുകൾ
കേരളത്തിലെ ഏറ്റവും വലിയ സ്വാഭാവിക ശുദ്ധജല കായലായ ശാംസ്താംകോട്ട കായൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന മറ്റൊരു കായലാണ്. 3.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇതിന് 14.3 മീറ്റർ വരെ ആഴമുണ്ട്. വയനാട്ടിൽ സ്ഥിതിചെയ്യുന്ന പൂക്കോട് കായൽ സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജലകായലാണ്. സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന വെള്ളായണി കായൽ തൃശ്ശൂർ ജില്ലയിലെ ഏനാമാക്കൽ കായൽ എന്നിവ ശുദ്ധജല കായലാണ്[1].
[തിരുത്തുക] കേരളത്തിലെ പ്രധാന കായലുകൾ
- വേമ്പനാട്ടു കായൽ
- അഷ്ടമുടിക്കായൽ
- കായംകുളം കായൽ
- ശാസ്താംകോട്ടക്കായൽ
- പരവൂർ കായൽ
- ഇടവാക്കായൽ
- നടയറ കായൽ
- പുന്നമട കായൽ
- അഞ്ചുതെങ്ങ് കായൽ
- കഠിനംകുളം കായൽ
- വേളിക്കായൽ
- വെള്ളായണിക്കായൽ
- കൊടുങ്ങല്ലൂർ കായൽ
- വരാപ്പുഴക്കായൽ
- ഏനാമാക്കൽ കായൽ
- മണക്കോടി കായൽ
- മൂരിയാട് കായൽ
- വെള്ളിയാങ്കോട് കായൽ
- ചാവക്കാട് കായൽ
- കുമ്പളക്കായൽ
- കൽനാട് കായൽ
- ബേക്കൽ കായൽ
- ചിത്താരി കായൽ
- കവ്വായിക്കായൽ
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 53 - 55.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;.E0.B4.85.E0.B4.9C.E0.B4.BF.E0.B4.A4.E0.B5.8D_.E0.B4.9A.E0.B5.86.E0.B4.B1.E0.B5.81.E0.B4.B5.E0.B4.B3.E0.B5.8D.E0.B4.B3.E0.B4.BF.2C_.E0.B4.AE.E0.B4.BE.E0.B4.A4.E0.B5.83.E0.B4.AD.E0.B5.82.E0.B4.AE.E0.B4.BF_.E0.B4.A6.E0.B4.BF.E0.B4.A8.E0.B4.AA.E0.B4.A4.E0.B5.8D.E0.B4.B0.E0.B4.82_.E0.B4.AA.E0.B5.87.E0.B4.9C.E0.B5.8D_15_.E0.B4.92.E0.B4.95.E0.B5.8D.E0.B4.9F.E0.B5.8B.E0.B4.AC.E0.B5.BC25.2C_2011എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
pavoor lake is situated in between paravoor and mayyanad villages .the main part is in the west part of mayyanad. this lake is connected with ashtamudi lake with eravipuram canal.the narrow strip land between this lake and arabian sea is thanni(mayyanad village) and rest part is in eravipuram village which extend up to kollam beach
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്