കാക്കശ്ശേരി ഭട്ടതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട്ടു (മാനവിക്രമൻ) ശക്തൻതമ്പുരാന്റെ(ഭരണകാലം: 1467-75) സമകാലീനനായിരുന്ന പണ്ഡിതനാണ് കാക്കശ്ശേരി ഭട്ടതിരി. തൃശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത കാക്കശ്ശേരി ഗ്രാമത്തിൽ ജനിച്ച ഇദ്ദേഹം‌ ബാല്യത്തിൽ തന്നെ അത്യന്തം ബുദ്ധിമാനായിരുന്നു. അദ്ദേഹത്തിനു മൂന്നു വയസ്സായപ്പോൾ അച്ഛൻ മരിച്ചു. ദീക്ഷക്കാലത്തു ബലിയിട്ടു പിണ്ഡം കൊണ്ടുവന്നുവച്ചു കൈകൊട്ടുമ്പോൾ പിണ്ഡം കൊത്തിത്തിന്നാനായി വരുന്ന കാക്കകളെ കണ്ടാൽ തലേദിവസം വന്നിരുന്നവയെയും അല്ലാത്തവയെയും പ്രത്യേകം ചൂണ്ടിക്കാണിച്ചുകൊണ്ട് ആ ബ്രാഹ്മണശിശു തന്റെ അമ്മയോടു പറയുക പതിവായിരുന്നു. അദ്ദേഹത്തിനു "കാക്കശ്ശേരി" എന്ന പേരു സിദ്ധിച്ചതു ഇതു നിമിത്തമാണ്[1].

പൊന്നാനി താലൂക്കിൽ, ബ്രഹ്മകുളം അംശത്തിൽ കാക്കശ്ശേരി എന്ന ദേശത്തുണ്ടായിരുന്ന 'കാക്കശ്ശേരി' എന്ന നമ്പൂതിരി ഇല്ലത്തിൽ ജനിച്ച വ്യക്തിയായിരുന്നു 'കാക്കശ്ശേരി ഭട്ടതിരി' എന്നാണ് ഉള്ളൂരിന്റെ നിഗമനം. ബലിപിണ്ഡം കൊത്തിതിന്നുവാൻ വന്ന കാക്കകളെ തിരിച്ചറിഞ്ഞത് കൊണ്ടാണ് 'കാക്കശ്ശേരി ഭട്ടതിരി' എന്ന പേരുണ്ടായത് എന്നത് വെറും കെട്ടുകഥയാണെന്ന് അദ്ദ്ദേഹം അഭിപ്രായപ്പെടുന്നു. ഇതിനു തെളിവായി കാക്കശ്ശേരി ഭട്ടതിരിയുടെ കൃതിയായ വസുമതിമാനവിക്രമത്തിലെ വരികളെ ചൂണ്ടികാണിക്കുന്നു. കാക്കശ്ശേരി ഭട്ടതിരിയുടെ യഥാർത്ഥനാമം ദാമോദരൻ എന്നായിരുന്നു എന്നും ഇതേകൃതിയെ ആധാരമാക്കി ഉള്ളൂർ നിരീക്ഷിക്കുന്നുണ്ട്[2].

ഉദ്ദണ്ഡൻ എന്ന പണ്ഡിതനെ തർക്കത്തിൽ തോല്പിച്ചതാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് കാരണം. ഇദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ചു തക്കതായ ലക്ഷ്യമൊന്നും കാണുന്നില്ല. എങ്കിലും കൊല്ലവർ‌ഷം അറുനൂറിനും(പതിനഞ്ചാം നൂറ്റാണ്ട്) എഴുനൂറിനും(പതിനാറാം നൂറ്റാണ്ട്) മദ്ധ്യേ ആണെന്നു ഊഹിക്കുന്നു. ഈ ഭട്ടതിരിക്ക് സന്തതിയുണ്ടാകാൻ ഇടയാകാഞ്ഞതുകൊണ്ടും വേറെ പുരു‌ഷന്മാർ ആ ഇല്ലത്ത് ഇല്ലാതെയിരുന്നതുകൊണ്ടും അദ്ദേഹത്തിന്റെ കാലം കഴിഞ്ഞതോടുകൂടി ആ ഇല്ലം അന്യംനിന്നു പോവുകയും ചെയ്തു[1].

അവലംബം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ ഐതിഹ്യമാല/കാക്കശ്ശേരി ഭട്ടതിരി എന്ന താളിലുണ്ട്.
  1. 1.0 1.1 കൊട്ടാരത്തിൽ ശങ്കുണ്ണി, ഐതിഹ്യമാല, കാക്കശ്ശേരി ഭട്ടതിരി
  2. പരമേശ്വരയ്യർ, ഉള്ളൂർ എസ്. (1954). കേരള സാഹിത്യ ചരിത്രം ഭാഗം രണ്ട് (PDF). തിരുവനന്തപുരം: സായാഹ്‌ന ഫൌണ്ടേഷൻ. Archived from the original (PDF) on 05 ജൂലൈ 2016. {{cite book}}: Check |first= value (help); Check date values in: |archive-date= (help); Cite has empty unknown parameter: |dead-url= (help) എട് 59
"https://ml.wikipedia.org/w/index.php?title=കാക്കശ്ശേരി_ഭട്ടതിരി&oldid=2667334" എന്ന താളിൽനിന്ന് ശേഖരിച്ചത്