കവാടം:ക്രിക്കറ്റ്/തിരഞ്ഞെടുത്തവ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൊണാൾഡ് ബ്രാഡ്‌മാൻ

സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്നു. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.ഈ മഹാനായ കളിക്കാരൻ ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹത്തിന്റെ കാലത്ത് ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തെ ലോകോത്തര കളിക്കാരനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ടെസ്റ്റിലെ അതുല്യ ശരാശരിയായ 99.94 ആണ്. ക്രിക്കറ്റ് ലോകത്തിന് ഇതുവരെ ഈ ചരിത്രം തിരുത്താനായിട്ടില്ല. വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ഇടം നേടിയത്. ബ്രാഡ്മാന്റെ 22ആം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു, അതിൽ ചില റെക്കോഡുകൾ ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാ മൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമകൂടിയായിരുന്നു ബ്രാഡ്‌മാൻ.

ക്രിക്കറ്റിലെ എക്കാലത്തേയും നാണക്കേടായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു. ഒരു നായകനെന്ന നിലയിലും കാര്യനിർ‌വാഹകനെന്ന നിലയിലും തികച്ചും ആക്രമണോത്സുകനായിരുന്നു അദ്ദേഹം. തന്റെ പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്രാഡ്മാന്‌ വിമർശകരുടെയെല്ലാം വായ് മൂടാൻ കഴിഞ്ഞു. തുടർച്ചയായ പ്രശംസകളെ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടിരുന്നില്ല, അതുകൊണ്ടായിരിക്കണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ ഇത് ബാധിച്ചതും. തന്റെ വ്യക്തിപരമായ പ്രകടനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത് മറ്റുള്ള കളിക്കാരുമായി സ്പർദ്ദ വളർത്താൻ കാരണമായി. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രാഡ്മാൻ വിരമിക്കുന്നത് ഓസ്ടേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്‌. എഴുത്തുകാരൻ, ടീം തെരെഞ്ഞെടുപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം 30 വർഷങ്ങൾ പ്രവർത്തിച്ചു. ക്രിക്കറ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് 50 വർഷങ്ങൾക്ക് ശേഷം 2001-ൽ ഓസ്ടേലിയൻ പ്രധാനമന്ത്രിയായിരുന്ന ജോൺ ഹോവാർഡ് അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഓസ്ടേലിയൻ എന്ന് വിളിച്ചാണ്‌ ആദരിച്ചത്

...പത്തായം കൂടുതൽ വായിക്കുക...