കഴിമ്പ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയുടെ തീരദേശഗ്രാമങ്ങളിലൊന്നാണ്‌ കഴിമ്പ്രം. NH-17-ൽ, ഗുരുവായൂരിനും കൊടുങ്ങല്ലൂരിനും ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എടമുട്ടം സെന്ററിനു രണ്ടു കിലോമീറ്റർ പടിഞ്ഞാറു മാറിയാണ്‌ കഴിമ്പ്രം സ്ഥിതി ചെയ്യുന്നത്. (തൃപ്രയാർ-ഇരിഞ്ഞാലക്കുട ബസ്-റൂട്ട് NH 17-ൽ സന്ധിക്കുന്ന സ്ഥലമാണ്‌ എടമുട്ടം.)

ഒരു കാലത്ത് മൽസ്യബന്ധനവുമായി ബന്ധപ്പെട്ട തൊഴിലുകൾ മാത്രം ചെയ്ത് ഉപജീവനം കഴിച്ചിരുന്ന ഇവിടത്തുകാരുടെ ജീവിതശൈലിയിൽ ഗൾഫ് യുഗത്തോടെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. തദ്ദേശീയരായ ഒരു പാട് ചെറുപ്പക്കാർ ഇന്ന് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നു. പരമ്പരാഗതതൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർ എണ്ണത്തിൽ താരതമ്യേന വളരേക്കുറവാണ്‌.

കഴിമ്പ്രത്തു നിന്നും തൃശ്ശൂർ ടൗണിലേയ്ക്ക്, ഒരു KSRTC ഉൾപ്പെടെ നാലു ബസ്സുകൾ ഓടുന്നുണ്ട്. കൂടാതെ ദേശീയപാതയ്ക്കു സമാന്തരമായി കടൽത്തീരത്തിനടുത്തു കൂടി കടന്നു പോകുന്ന ബീച്ച്റോഡിലൂടെ തൃപ്രയാറിനെയും അഴീക്കോടിനെയും ബന്ധിപ്പിച്ചു കൊണ്ട് ഓട്ടം നടത്തുന്ന ബസ്സുകളും കഴിമ്പ്രത്തുകൂടെയാണ്‌ കടന്നു പോവുന്നുന്നത്. തൃശ്ശൂർ-കഴിമ്പ്രം ബസ് യാത്ര ഏകദേശം ഒരു മണിക്കൂറോളമാണ്‌ എടുക്കുന്നത്. വാടാനപ്പിള്ളി വഴി വരുമ്പോൾ 35 കിലോമീറ്ററും, ചേർപ്പ് വഴി വരുമ്പോൾ 32 കിലോമീറ്ററുമാണ്‌ തൃശ്ശൂരു നിന്നും കഴിമ്പ്രത്തേയ്ക്കുള്ള ഏകദേശദൂരം.

പ്രധാന ആകർഷണീയത[തിരുത്തുക]

കഴിമ്പ്രം അറിയപ്പെടുന്നത് അതിന്റെ മനോഹരമായ ബീച്ചിൻറെ പേരിലാണ്‌. വലിയ ബസുകൾക്കു വരെ തീരം വരെ ചെന്നെത്താൻ പാകത്തിലുള്ള ടാറിട്ട വീതിയുള്ള പാതയും, തുറന്നു വിശാലമായ മണൽപ്പരപ്പും കാറ്റാടിമരങ്ങളുടെ ഇടതൂർന്ന കൂട്ടവുമെല്ലാം കഴിമ്പ്രം ബീച്ചിലേയ്ക്ക് ആളുകളെ ആകർഷിക്കുന്ന ഘടകങ്ങളാണ്‌. ഞായറാഴ്ച സായാഹ്നങ്ങൾ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഇവിടേയ്ക്ക് ദൂരെ ഇരിഞ്ഞാലക്കുട നിന്നു വരെ ആളുകൾ എത്തിച്ചേരാറുണ്ട്. തദ്ദേശീയരുടെ സഹൃദയമനോഭാവവും, എത്തിച്ചേരാനുള്ള എളുപ്പവും കഴിമ്പ്രം ബീച്ചിലേയ്ക്ക് വാരാന്ത്യങ്ങളിലുള്ള ആളുകളുടെ ഒഴുക്കിന്‌ ആക്കം കൂടുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • വീ പീ എം എസ് എൻ ഡി പി ഹയർ സെക്കണ്ടറി സ്കൂൾ

കഴിമ്പ്രത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനം കഴിമ്പ്രം സ്കൂൾ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കഴിമ്പ്രം സെന്ററിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളാണ്. ഏതാണ്ട് നൂറുവർഷം മുൻപേ ഏഴാംതരം വരെയുള്ള സ്കൂളായി തുടങ്ങി ഇന്ന് പ്ളസ്ടുവും പ്രത്യേക ഇംഗ്ലീഷ് മീഡിയം സെക്ഷനുകളും വരെയെത്തി വളർന്നു നിൽക്കുന്ന, SNDP യോഗത്തിന്റെ ഉടസ്ഥതയിലുള്ള കഴിമ്പ്രം സ്കൂൾ, കഴിമ്പ്രത്തിന്റെ വിദ്യാഭ്യാസപുരോഗതിയെ ഏറെ സ്വാധീനിച്ച ഒന്നാണ്‌. ഏതാണ്ട് 3000-ഓളം വിദ്യാർത്ഥികൾ ഇന്നിവിടെ പഠിക്കുന്നുണ്ട്. രണ്ടായിരാമാണ്ടിൽ പുതിയ കെട്ടിടങ്ങളും അതിനു ശേഷം വലിയ മതിലുകളും ഉണ്ടാക്കുന്നതു വരെ കഴിമ്പ്രം സ്കൂളിന്റെ വിശാലമായ മൈതാനം കഴിമ്പ്രത്തിന്റെ പൊതുവായ സാംസ്കാരിക/കായിക കൂട്ടായ്ക്മകളുടെ വിളനിലമായിരുന്നു.

  • ഗവണ്മെന്റ് ഫിഷറീസ് സ്കൂൾ (പള്ളിപ്രം)

കഴിമ്പ്രം ബീച്ചിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ അഞ്ചാം തരം വരെയുള്ള വിദ്യാഭ്യാസമാണ് നൽകുന്നത്. അടുത്ത കാലത്തായി ലഭിച്ചു വരുന്ന മികച്ച പരിപാലനവും തടസ്സമില്ലാത്ത ഫണ്ടുകളും, കമ്പ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഈ ചെറിയ സ്കൂളിനു ലഭ്യമാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട ആഘോഷങ്ങൾ[തിരുത്തുക]

  • എടമുട്ടം ശ്രീ ഭദ്രാചലസുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയം
  • വാഴപ്പുള്ളി ശ്രീരാജരാജേശ്വരി ക്ഷേത്ര മഹോൽസവം
  • നെടിയിരിപ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോൽസവം
  • കുറുപ്പത്ത് ഭദ്രകാളി ക്ഷേത്രോൽസവം
"https://ml.wikipedia.org/w/index.php?title=കഴിമ്പ്രം&oldid=3344904" എന്ന താളിൽനിന്ന് ശേഖരിച്ചത്