കയ്യൂർ സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജന്മിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർ ഗ്രാമത്തിൽ, കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷക സമരമാണ് കയ്യൂർ സമരം.[1] ഇതോടനുബന്ധിച്ച് അപ്രതീക്ഷിതമായി സുബ്രായൻ എന്ന പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെടുകയും സമരത്തിന് പുതിയ മാനം കൈവരുകയും ചെയ്തു. നാലു സമര പ്രവർത്തകരെ ഇതിന്റെ പേരിൽ മാർച്ച് 29, 1943-നു തൂക്കിലിട്ടു വധിച്ചു.

നാടുവാഴിത്തത്തിന്റേയും, സാമ്രാജ്യത്വതിന്റേയും മർദ്ദനത്തിനെതിരായി ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട ഒരു പോരാട്ടമായിരുന്നു കയ്യൂർ സമരം എന്നു കണക്കാക്കപ്പെടുന്നു.

പശ്ചാത്തലം[തിരുത്തുക]

ബ്രിട്ടീഷ് ഭരണകാലത്തെ സൗത്ത് കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ഹോസ്ദുർഗ് എന്ന സബ് താലൂക്കിലാണ് കയ്യൂർ എന്ന ഗ്രാമം സ്ഥിതിചെയ്തിരുന്നത്. ഈ സ്ഥലം ഇപ്പോൾ കാസർഗോഡ് ജില്ലയിലെ ചീമേനി ഗ്രാമപഞ്ചായത്തിലാണ്. ഇക്കേരി നായ്ക്കരും, തുടർന്നു വന്ന മൈസൂർ രാജവംശവുമാണ് ഈ പ്രദേശങ്ങളിൽ മുമ്പ് അടക്കി ഭരിച്ചിരുന്നത്. 1799 ൽ ടിപ്പു സുൽത്താന്റെ മരണത്തോടെ ഈ പ്രദേശങ്ങളെല്ലാം തന്നെ ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധികാരത്തിൻ കീഴിലായി. സാമൂഹികപരമായും, സാമ്പത്തികപരമായും, സാമ്പത്തികപരമായുമെല്ലാം മലബാറിനോടു ചേർന്നു ജീവിച്ചിരുന്ന ജനങ്ങൾ ഭരണപരമായി സൗത്ത് കാനറ ജില്ലയുടെ കീഴിലായിരുന്നു. അതുകൊണ്ടു തന്നെ മലബാറിൽ നിർബന്ധപൂർവ്വം നിലനിന്നിരുന്ന ടെനൻസി നിയമം ഈ പ്രദേശത്ത് പ്രാബല്യത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ കമ്പനിക്കു തോന്നിയ രീതിയിലാണ് ഇവിടെ നികുതി വർദ്ധനവ് നടപ്പിലാക്കിയിരുന്നത്. ഈ നികുതിഭാരം അന്തിമമായി വന്നു വീണിരുന്നത് കർഷകന്റെ ചുമലിലും ആയിരുന്നു. ഈ പ്രദേശത്തെ നാട്ടുരാജാവായിരുന്ന നീലേശ്വരം രാജയാണ് കർഷകരിൽ നിന്നും നികുതി പിരിച്ച് കമ്പനിയെ ഏൽപ്പിച്ചിരുന്നത്. [2]

1930 കളുടെ അവസാനത്തിൽ കേരളത്തിൽ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ അലകൾ കയ്യൂരിലും വളരെ പ്രകടമായിരുന്നു. ഓൾ മലബാർ കർഷകസംഘം പോലുള്ള കർഷപ്രസ്ഥാനങ്ങൾ വളരെപ്പെട്ടെന്നു തന്നെ മലബാറിൽ വേരു പിടിച്ചു. ജന്മികളുടെ ക്രൂരമായ പീഡനത്തിൽ നിന്നും രക്ഷനേടാനുള്ള കർഷകന്റെ അഭിവാഞ്ചയായിരുന്നു ഇത്തരം കർഷകമുന്നേറ്റങ്ങൾ കയ്യൂർപോലുള്ള പ്രദേശങ്ങളിൽ മുന്നേറാനുള്ള കാരണം. ഈ പ്രസ്ഥാനങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനും പുതിയ മാനങ്ങൾ നൽകുകയുണ്ടായി.[3] കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാക്കൾ ആയിരുന്ന പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതാവായിരുന്ന ടി.എസ്. തിരുമുമ്പ് എന്നിവരുടെ നേതൃത്വത്തിൽ ചിന്നിച്ചിതറി കിടന്നിരുന്ന കർഷകമുന്നേറ്റങ്ങൾക്ക് പുതിയ രൂപവും മാനവും കൈവന്നു.[4] ഇതോടെ, കർഷകപ്രസ്ഥാനങ്ങൾക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ അടിത്തറ ലഭിക്കുകയുണ്ടായി. ജന്മികളുടെ കർഷകചൂഷണത്തിനെതിരേ ശക്തമായ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കാൻ കർഷകസംഘം തീരുമാനിച്ചു. കർഷകരിൽ നിന്നും അന്യായമായി പിരിക്കുന്ന നികുതിക്കു പുറമേ അക്രമമായി അടിച്ചേൽപ്പിക്കുന്ന വെച്ചു കാണൽ,നൂരി,മുക്കാൽ,ശീലക്കാശ് , എന്നീ പിരിവുകളും നിറുത്തലാക്കാൻ ജന്മികളോട് ആവശ്യപ്പെടാൻ കർഷകർ തീരുമാനിച്ചു.[5]

സമരം[തിരുത്തുക]

യുദ്ധത്തെതുടർന്നുണ്ടായ കെടുതികളുടെ പുറകെ, സർക്കാർ കർഷകരുടെ കഴുത്തിലെ കുരുക്ക് ഒന്നു കൂടി മുറുക്കി. കർഷകർ വിവിധ ആവശ്യങ്ങൾ മുന്നോട്ടു വെക്കുകയുണ്ടായി. തങ്ങളുടെ വിളകൾക്ക് ഒരു താങ് വില നിശ്ചയിക്കുക, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ നിലക്കു നിർത്തുക, കുറഞ്ഞ വിലക്ക് ഭക്ഷ്യധാന്യം ലഭിക്കുന്ന സ്ഥാപനങ്ങൾ ആരംഭിക്കുക എന്നതായിരുന്നു കർഷകരുടെ ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾക്കു കരുത്തു പകരുവാനായി 1940 സെപ്തംബർ 15 പ്രതിഷേധ ദിനമായി ആചരിക്കാൻ കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി തീരുമാനിച്ചു.[6] എന്നാൽ 12 സെപ്തംബറിന് ഡിഫൻസ് ഓഫ് ഇന്ത്യാ നിയമം പ്രകാരം സർക്കാർ ഈ യോഗം നിരോധിച്ചു.[൧][7] ഈ നിരോധന ഉത്തരവിനെ പാടേ തള്ളിക്കളഞ്ഞുകൊണ്ട് മുൻനിശ്ചയിച്ച പ്രകാരം കർഷകർ വിവിധയിടങ്ങളിലായി തടിച്ചു കൂടി. തലശ്ശേരിയിലും, മട്ടന്നൂരും, മൊറാഴയിലുമെല്ലാം ജാഥകൾ അക്രമാസക്തമായി. തലശ്ശേരിയിലെ ജവഹർ ഘട്ടിൽ സെന്റ്.ജോസഫ് സ്കൂളിനു സമീപം നടന്ന യോഗത്തെ നേതാക്കളായ പി.കൃഷ്ണനും, പി.കെ.മാധവനും, കെ.ദാമോദരനും അഭിസംബോധനചെയ്തു സംസാരിക്കുകയായിരുന്നു, പെട്ടെന്ന് ബ്രിട്ടീഷ് പട്ടാളം യാതൊരു പ്രകോപനവുമില്ലാതെ സമരക്കാരുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെയ്പിൽ പ്രൈമറി സ്കൾ അദ്ധ്യാപകനായ അബു മാസ്റ്ററും, ഗ്രേറ്റർ ദർബാർ കമ്പനിയിലെ ബീഡി തൊഴിലാളിയായിരുന്ന ചാത്തുക്കുട്ടിയും കൊല്ലപ്പെട്ടു.[8][9]

പ്രതിഷേധദിനമാചരിക്കാൻ പിറ്റേ ദിവസം നടന്ന ജാഥയ്ക്കു മുമ്പിൽ തലേദിവസത്തെ അക്രമത്തിൽ പങ്കാളിയായ പോലീസ് കോൺസ്റ്റബിൾ സുബ്ബരായൻ അറിയാതെ വന്നുപെട്ടു. ഇയാളെ കണ്ടതോടെ ജനക്കൂട്ടം അക്രമാസക്തമായി. ജനക്കൂട്ടം സുബ്ബരായനെ തല്ലാൻ തുനിഞ്ഞുവെങ്കിലും, മുതിർന്നനേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. അവസാനം, ചെങ്കൊടി പിടിച്ചുകൊണ്ട് ജാഥയുടെ മുന്നിൽ നടത്തിക്കുവാൻ തീരുമാനമായി. ജനക്കൂട്ടത്തിന്റെ കോപത്തിൽ നിന്നും രക്ഷപ്പെടാൻ സുബ്ബരായൻ, പുഴയിലേക്കെടുത്തുചാടിയെങ്കിലും, യൂണിഫോമിലായിരുന്നതിനാൽ പുഴയിലെ ഒഴുക്കിനെതിരേ നീന്തി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജനം അയാളെ കല്ലെറിഞ്ഞു കൊലപ്പെടുത്തി.[10][11]

പോലീസ് ആക്രമണം[തിരുത്തുക]

മാർച്ച് 28 നായിരുന്നു ഈ സംഭവം നടന്നത്. 28നും 29നും പോലീസ് കൊലപാതകികളെ അന്വേഷിച്ചു വന്നില്ല. എന്നാൽ ക്രൂരമായ ഒരു നരനായാട്ടിനുള്ള അണിയറപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് കയ്യൂരിലെ ജനങ്ങൾ കരുതി. മാർച്ച് 30 ന് വൻ പോലീസ് സന്നാഹം കയ്യൂരിൽ നരനായാട്ടു തുടങ്ങി. പിടികൂടിയ എല്ലാവരേയും പോലീസ് ക്യാമ്പിൽ കൊണ്ടു വന്നു ചോദ്യം ചെയ്യാൻ തുടങ്ങി. കാസർഗോഡ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാമനായിരുന്നു ക്യാമ്പിന്റെ ചുമതല.[12]

ഇ.കെ.നായനാരുൾപ്പടെയുള്ള നേതാക്കൾ ഒളിവിൽപോയി.[13] സ്ത്രീകളും, കുട്ടികളും, വൃദ്ധരും എല്ലാം ഉള്ളതെല്ലാം ഇട്ടെറിഞ്ഞിട്ട് ഓടിപോകേണ്ടി വന്നു. എല്ലാ അർത്ഥത്തിലും പോലീസ് അഴിഞ്ഞാടുകയായിരുന്നു.

പോലീസ് കേസ്,വിചാരണ[തിരുത്തുക]

അറുപത്തൊന്നു പേരെ പ്രതിചേർത്താണ് പോലീസ് പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കിയത്. മഠത്തിൽ അപ്പു ആയിരുന്നു ഒന്നാം പ്രതി. വി.വി.കുഞ്ഞമ്പു രണ്ടാം പ്രതിയും, ഇ.കെ. നായനാർ മൂന്നാം പ്രതിയുമായിരുന്നു.[14] ഒളിവിലായിരുന്ന നായനാരെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല, അതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയാണ് കോടതിയിൽ വിചാരണ തുടങ്ങിയത്. മംഗലാപുരം സബ് ജയിലിലാണ് പ്രതികളെ പാർപ്പിച്ചിരുന്നത്. ബി.എ ബിരുദധാരിയായതുകൊണ്ട് വി.വി.കുഞ്ഞമ്പുവിന് ജയിലിൽ ബി ക്ലാസ് സൗകര്യങ്ങൾ ലഭ്യമായിരുന്നു. മദ്രാസ്സിൽ നിന്നെത്തിയ ബാരിസ്റ്റർ.എ.കെ.പിള്ള, മംഗലാപുരത്തെ രംഗറാവു, ശർപാഡി സരസപ്പ, ബി.ഗംഗാധരദാസ്, വി ഹമ്മബ്ബ എന്നിവരായിരുന്നു കയ്യൂരിലെ പ്രതികൾക്കുവേണ്ടി ഹാജരായത്.

വിധി[തിരുത്തുക]

1942 ഫെബ്രുവരി രണ്ടിനാണ് വിചാരണക്കുശേഷം കോടതി വിധി പ്രസ്താവിച്ചത്.[15] മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ, ചൂരിക്കാടൻ കൃഷ്ണൻനായർ എന്നിവർക്ക് കോടതി വധശിക്ഷ വിധിച്ചു. മുപ്പത്തെട്ടു പേരെ കോടതി വിട്ടയച്ചു. ബാക്കി പ്രതിപ്പട്ടികയിലുള്ളവർക്ക് അഞ്ചു വർഷവും, രണ്ടു വർഷവും വീതം കഠിനതടവിനു ശിക്ഷിച്ചു. വിധി പ്രസ്താവിക്കുമ്പോൾ കൃഷ്ണൻനായർക്ക് 15 വയസ്സായിരുന്നു പ്രായം, അതുകൊണ്ട് ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് പ്രൊവിൻഷ്യൻ സർക്കാരിന്റെ ഉത്തരവിനായി റിപ്പോർട്ട് ചെയ്യണമെന്നും കോടതി വിധിന്യായത്തിൽ പ്രസ്താവിക്കുകയുണ്ടായി. പോലീസുകാരന്റെ ദുഷ്പ്രവർത്തികളെക്കുറിച്ച് വിധിയുടെ ഒരു ഭാഗത്ത് നിശിതമായി തന്നെ വിമർശിച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്ന വി.വി.കുഞ്ഞമ്പുവിനെതിരേ സാക്ഷി പറഞ്ഞ പതിനൊന്നുപേരും കള്ളസാക്ഷിയാണ് പറഞ്ഞതെന്ന് കോടതി കണ്ടെത്തി. ഈ പതിനൊന്നു പേരും സാക്ഷി പറഞ്ഞ മറ്റു പ്രതികളും നിരപരാധികളാണെന്ന് കണ്ടെത്തി, വി.വി.കുഞ്ഞമ്പുവിനെയടക്കം കോടതി വെറുതെ വിട്ടു.[16]. കേസിൽ പ്രായപൂർത്തിയാവാത്തതുകൊണ്ട് വധശിക്ഷ ലഭിക്കാതിരുന്ന ചൂരിക്കാടൻ കൃഷ്ണൻനായർക്ക് പിന്നീട് അഞ്ചുവർഷത്തെ തടവ് ശിക്ഷ ലഭിക്കുകയുണ്ടായി.

മൂന്നാംപ്രതിയായിരുന്ന ഇ.കെ.നായനാരെ പിടികൂടാൻ കഴിയാഞ്ഞതുകൊണ്ട് അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കുകയുണ്ടായി. എന്നാൽ കയ്യൂർ കേസിൽ പ്രതിയായ നായനാർ മറ്റൊരാളായിരുന്നുവെന്നും മുൻ കേരളമുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരെ ആളുമാറി കേസിൽ ഉൾപ്പെടുത്തിയതാണെന്നും ഒരഭിപ്രായമുള്ളതായി ചരിത്രഗവേഷകൻ എ.ശ്രീധരമേനോൻ രേഖപ്പെടുത്തിയിരിക്കുന്നു. ഇ.കെ.നായനാർക്ക് കയ്യൂർസമരത്തിൽ നേരിട്ടു പങ്കുണ്ടായിരുന്നില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു[17]

തൂക്കിലേറ്റപ്പെട്ടവർ[തിരുത്തുക]

മഠത്തിൽ അപ്പു[തിരുത്തുക]

മഠത്തിൽ അമ്പാടി അന്തിത്തിരിയന്റേയും, ചിരുതയുടേയും മകനായി 1917 ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ച അപ്പു അഭിനവ് ഭാരത് യുവസംഘം, കോൺഗ്രസ്സ്, കർഷകസംഘം തുടങ്ങിയ സംഘടനകളിലൂടെ സജീവ രാഷ്ട്രീയത്തിലേക്കു വന്നു. 1941 മാർച്ച് 26ന് പുഴവക്കത്തെ ചായക്കടയിൽ നടത്തിയ പോലീസ് തിരച്ചിലിനിടയിൽ കൂടെയുള്ള സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ പോലീസുമായി മൽപ്പിടിത്തത്തിലേർപ്പെട്ടു പിടിയിലായി.[18]

കോയിത്താറ്റിൽ ചിരുകണ്ടൻ[തിരുത്തുക]

കയ്യൂർ കേസിൽ 31ആം പ്രതിയായിരുന്നു. 1922 ൽ ഒരു സാധാരണ കുടുംബത്തിലായിരുന്നു ചിരുകണ്ടൻ ജനിച്ചത്. കയ്യൂർ കോൺഗ്രസ്സ് പ്രസ്ഥാനത്തിലും, കർഷകസംഘത്തിലും, യുവക് സംഘത്തിന്റെ പ്രവർത്തക കമ്മിറ്റിയിലും അംഗമായിരുന്നു. 1941 മാർച്ച് 12ആം തീയതി സഖാവ് കൃഷ്ണപിള്ള എവിടെ എന്നു ചോദിച്ചുകൊണ്ട് കോൺഗ്രസ്സ് സന്നദ്ധപ്രവർത്തകർ നടത്തിയ ജാഥക്ക് നേതൃത്വം നൽകിയത് ചിരുകണ്ടനായിരുന്നു. അന്ന് അറസ്റ്റ് ചെയ്ത ചിരുകണ്ടനെ രാജ്യരക്ഷാ റൂൾ പ്രകാരം രണ്ടുവർഷത്തെ ജയിൽ ശിക്ഷക്കു വിധിച്ചു. കയ്യൂർ കേസിൽ ഏറ്റവും ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നത് ചിരുകണ്ടനായിരുന്നു.[19]

പൊടോര കുഞ്ഞമ്പു നായർ[തിരുത്തുക]

1911 ൽ കുറുവാടൻ ചന്തൻ നായരുടേയും, പൊടോര ചിരുതൈ അമ്മയുടേയും മകനായാണ് കുഞ്ഞമ്പു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പിതാവിനെ ജോലികളിൽ സഹായിച്ചു പോന്നു. 1937 ൽ കോൺഗ്രസ്സിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. എളേരി വില്ലേജ് കോൺഗ്രസ്സ് കമ്മിറ്റി, അഭിനവ് ഭാരത് യുവക് സംഘം, കർഷകസംഘം എന്നിവയിൽ അംഗമായിരുന്നു. കയ്യൂർ കേസിൽ പതിമൂന്നാം പ്രതിയായിരുന്നു കുഞ്ഞമ്പു നായർ.[20]

പള്ളിക്കൽ അബൂബക്കർ[തിരുത്തുക]

1918 ൽ കാസർഗോഡ് താലൂക്കിലെ നീലേശ്വരം എന്ന ഗ്രാമത്തിലെ പാലായിലാണ് അബൂബക്കർ ജനിച്ചത്. മാതാവ് കുഞ്ഞാമിന ഉമ്മ. തീരെ ദരിദ്രമായ ജീവിത സാഹചര്യങ്ങൾ കാരണം, ചെറുപ്പത്തിലേ തന്നെ കർഷകതൊഴിലാളിയായി കുടുംബം പുലർത്തിയിരുന്നു. 1938 മുതൽ കർഷകസംഘം പ്രവർത്തകനായിരുന്നു. 1939 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1941 ലെ പാലായി വിളകൊയ്ത്തു കേസിൽ ശിക്ഷിച്ചുവെങ്കിലും, പിന്നീട് ശിക്ഷ റദ്ദാക്കുകയായിരുന്നു. കയ്യൂർ കേസിലെ 51ആം പ്രതിയായിരുന്നു.[21]

കുറിപ്പുകൾ[തിരുത്തുക]

  • ^ ജി.ഒ. ഹോം(എം.എസ്) നമ്പർ 4654 24 ഒക്ടോബർ 1941 (മദിരാശി) എന്ന സർക്കാർ ഉത്തരവിൽ ഡിഫൻസ് ഓഫ് ഇന്ത്യാ നിയമം നടപ്പാക്കിയതിനെ സൂചിപ്പിച്ചിരിക്കുന്നു

അവലംബം[തിരുത്തുക]

  • കെ.കെ.എൻ, കുറുപ്പ് (1988). മോ-ഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ്. സൗത്ത് ഏഷ്യാ ബുക്സ്. ISBN 978-8170990949.[പ്രവർത്തിക്കാത്ത കണ്ണി]
  • ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. ഹിസ്റ്ററി, സൊസൈറ്റി ആന്റ് ലാന്റ് റിലേഷൻസ്. ലെഫ്ട്വേഡ്. ISBN 978-8187496922.-
  • വി.വി., കുഞ്ഞമ്പു (2013). കയ്യൂർ സമരചരിത്രം. പ്രോഗ്രസ്സ്. ISBN 81-928126-1-8.
  1. https://www.mathrubhumi.com/special-pages/mathrubhumi-100-years/articles/kayyur-karivellur-morazha-kavumbazhi-protests-1.7345829
  2. പി., സിജു (2011-09-27). "കയ്യൂർ സമരം". എൻമലയാളം. Archived from the original on 2013-04-24. Retrieved 2013-04-24. കയ്യൂർ സമരത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം
  3. മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 119
  4. https://www.mathrubhumi.com/special-pages/mathrubhumi-100-years/articles/kayyur-karivellur-morazha-kavumbazhi-protests-1.7345829
  5. പി., സിജു (2011-09-27). "കയ്യൂർ സമരം". എൻമലയാളം. Archived from the original on 2013-04-24. Retrieved 2013-04-24. കയ്യൂർ സമരത്തിന്റെ തയ്യാറെടുപ്പുകൾ
  6. മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 121
  7. മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 121
  8. "ജവഹർ ഘട്ട്". തലശ്ശേരി.ഇൻ. ജവഹർഘട്ടിലെ വെടിവെയ്പ്
  9. മോഡേൺ കേരള - സ്റ്റഡീസ് ഇൻസോഷ്യൽ ആന്റ് അഗ്രേറിയൻ റിലേഷൻസ് - കെ.കെ.എൻ.കുറുപ്പ് പുറം 120-121
  10. ഹിസ്റ്ററി സൊസൈറ്റി ആന്റ് ലാന്റ് റിലേഷൻസ്- ഇ.എം.എസ്സ്.നമ്പൂതിരിപ്പാട് പുറം 212
  11. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 60-61
  12. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറങ്ങൾ 62-63
  13. "ഇ.കെ.നായനാർ". സി.പി.ഐ(എം) കേരള ഘടകം. Archived from the original on 2014-03-26. Retrieved 2013-04-24.
  14. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 66]]
  15. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പുറം 81
  16. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു കോടതി വിധി - പുറം 82
  17. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 97. ISBN 81-7130-751-5. കയ്യൂർ സമരത്തിൽ മുൻമുഖ്യമന്ത്രി നായനാരുടെ പങ്കിനെക്കുറിച്ചുള്ള വിവാദം
  18. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു മഠത്തിൽ അപ്പു - പുറം 123
  19. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു കോയിത്താറ്റിൽ ചിരുകണ്ടൻ - പുറം 124
  20. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പൊടോര കുഞ്ഞമ്പു നായർ - പുറം 125
  21. കയ്യൂർ സമരചരിത്രം - വി.വി.കുഞ്ഞമ്പു പള്ളിക്കൽ അബൂബക്കർ - പുറം 125
"https://ml.wikipedia.org/w/index.php?title=കയ്യൂർ_സമരം&oldid=3977003" എന്ന താളിൽനിന്ന് ശേഖരിച്ചത്