കാതോലിക്കോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കതോലിക്കേറ്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു റോമാ സാമ്രാജ്യത്തിനു പുറത്ത് വളർന്നു വന്ന ഓർത്തഡോക്സ്‌ സഭകളുടെ തലവന്മാരുടെ സ്ഥാനനാമമാണു് കാതോലിക്കോസ് അഥവാ കാതോലിക്കാ.

വാക്കിന്റെ അർത്ഥം[തിരുത്തുക]

കാതോലിക്കോസ് എന്ന പദം ഉണ്ടായിട്ടുള്ളത് കാത്,ഹോലിക്കോസ് എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്നാണ്. പൊതു മേലദ്ധ്യക്ഷൻ, പൊതുവായ ആൾ എന്നൊക്കെയാണ് ഈ വാക്കിന്റെ അർത്ഥം.

ചരിത്രം[തിരുത്തുക]

റോമാ സാമ്രാജ്യത്തിനുള്ളിൽ വിസ്തൃതമായ ഒരു ഭൂഭാഗത്തിന്റെ സ്വതന്ത്രമായ ഭരണം നിർവ്വഹിച്ചു പോന്ന സർക്കാർ ഉദ്യോഗസ്ഥനെയും സാമ്പത്തിക ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെയും ഈ പേരിൽ അറിയപ്പെട്ടിരുന്നു. ഒരു പക്ഷേ സർക്കാർ തസ്തികയുടെ അതേ പേരിൽ അറിയപ്പെടാനുള്ള വിമുഖത കൊണ്ടാവാം സാമ്രാജ്യത്തിലെ സഭാ തലവന്മാർ പൊതുവെ പാത്രിയർക്കീസ് എന്ന സ്ഥാനനാമം സ്വീകരിച്ചത്. എന്നാൽ റോമാ സാമ്രാജ്യത്തിനു പുറത്തുള്ള സഭകൾ ഈ വിമുഖത കാട്ടിയില്ല. അതു കൊണ്ട് അർമ്മീനിയയിലെയും പേർഷ്യയിലെയും ജോർജ്ജിയയിലേയും സഭകളിലെ പൗരോഹിത്യ ശ്രേണിയുടെ തലപ്പത്തുള്ളവർ കാതോലിക്കോസ് എന്ന് അറിയപ്പെടാൻ തുടങ്ങി. പേർഷ്യൻ സഭയുടെ തലവൻ പാപ്പാ ബാർ ആഹായ് ക്രി വ 291-ൽ ഈ നാമം സ്വീകരിച്ചതായി കരുതപ്പെടുന്നു. ആദ്യകാലത്ത് സഭയുടെ പരമാധ്യക്ഷന്മാർ മാത്രമാണ് ഈ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതെങ്കിലും ക്രമേണ പാത്രിയർക്കീസുമാരുമായി വിധേയപ്പെട്ട് നിൽക്കുന്ന പ്രാദേശിക സഭകളിലെ പ്രധാന മെത്രാപ്പോലീത്തമാർക്കും ഈ സ്ഥാനം നൽകപ്പെട്ടു തുടങ്ങി.[1] ഇപ്പോൾ ഓർത്തഡോക്സ് സഭകളുടെ തലവന്മാർക്ക് പുറമേ കത്തോലിക്കാസഭയിലെ സ്വയം ഭരണാധികാരമുള്ള ചില പൗരസ്ത്യ വ്യക്തിസഭകളുടെ തലവന്മാരും ഈ സ്ഥാനനാമത്തിൽ അറിയപ്പെടാറുണ്ട്.

കാതോലിക്കോസ് സ്ഥാനം കേരളത്തിൽ[തിരുത്തുക]

1912-ൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മേലധ്യക്ഷൻ പൗരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനനാമം സ്വീകരിച്ചതോടെ ആദ്യമായി കാതോലിക്കോസ് പദവി കേരള ക്രൈസ്തവസമൂഹത്തിൽ നിലവിൽ വന്നു. പിന്നീട് 1975-ൽ മലങ്കര യാക്കോബായ സഭയിലും 1995-ൽ മലങ്കര കത്തോലിക്കാ സഭയിലും ഈ സ്ഥാനം നിലവിൽ വന്നു. ബസേലിയോസ് എന്ന നാമം കൂടി ഇവർ തങ്ങളുടെ പേരിനോടു ചേർക്കാറുണ്ട്. യഥാക്രമം ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ, ബസേലിയോസ്‌ തോമസ്‌ പ്രഥമൻ, ബസേലിയോസ്‌ ക്ലീമിസ് എന്നിവരാണ് ഈ സഭകളുടെ കാതോലിക്കാമാർ.

അവലംബം[തിരുത്തുക]

  1. "കാതോലിക്കോസ്" (ഭാഷ: ഇംഗ്ലീഷ്). എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓൺലൈൻ പതിപ്പ്. ശേഖരിച്ചത് നവംബർ 1, 2012. 
"http://ml.wikipedia.org/w/index.php?title=കാതോലിക്കോസ്&oldid=1784909" എന്ന താളിൽനിന്നു ശേഖരിച്ചത്