കണ്ടൽക്കാട്
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥകൾ ആണ് കണ്ടൽകാട് (Mangrove forest). കണ്ടൽമരങ്ങളും അവയുടെ കൂടെ വളരുന്ന കണ്ടലിതര സസ്യങ്ങളും ഇപ്രദേശങ്ങളിൽ ഇടതിങ്ങി വളരുന്നു. പുഴയും കടലും ചേരുന്നിടത്തുള്ള ഉപ്പു കലർന്ന വെള്ളത്തിൽ വളരുന്ന ഇവയെ കണ്ടൽച്ചെടികൾ എന്നും വിളിക്കുന്നു. വേലിയേറ്റ സമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതവുമായ അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീർത്തടങ്ങളിലെ ചതുപ്പു നിലങ്ങളിലാണ് കണ്ടൽക്കാടുകൾ വളരുന്നത്. 80 രാജ്യങ്ങളിലായി ഏകദേശം 1.4 കോടി ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്ന് കണക്കാക്കപ്പെടുന്നു. [1] ലോകത്തിലെ ഏറ്റവും വലിയ കണ്ടൽക്കാട് ഇന്ത്യയിലാണ്.
കേരളത്തിലെ കണ്ടൽവനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രശസ്തനായ വ്യക്തിയാണ് കല്ലേൻ പൊക്കുടൻ.
ഉള്ളടക്കം |
ആവാസ വ്യവസ്ഥ [തിരുത്തുക]
തീരപ്രദേശങ്ങളിലും ചതുപ്പുകളിലും കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലെ അംഗങ്ങളായ സസ്യങ്ങളാണ് കണ്ടൽ അഥവാ കണ്ടലുകൾ. പുഴയും കടലും ചേരുന്നയിടങ്ങളിലെ ഉപ്പ് കലർന്ന വെള്ളത്തിൽ വളരുന്ന ഇത്തരം ചെടികൾ ഓരുവെള്ളത്തിൽ വളരാനാവശ്യമായ പ്രത്യേകതകൾ ഉള്ളവയാണ്. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതാമായും ഇവ കാണപ്പെടുന്നു. വലിയ തിരമാലകളില്ലാത്ത ഇവിടങ്ങളിൽ നദികളിൽ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷ്ഠമായ എക്കലും കടലിൽ നിന്നും വേലിയേറ്റത്തിൽ കയറിവരുന്ന ധാതുലവണങ്ങളും കണ്ടലുകളെ ഭൂമിയിലെ ഏറ്റവും മികച്ച ആവാസവ്യവസ്ഥകളിലൊന്നാക്കുന്നു. എല്ലാ നീർക്കെട്ടുകളിലും കണ്ടലുകൾ കാണാറില്ല. ആഴം കുറഞ്ഞതും വളക്കൂറുള്ളതും ഉപ്പിൻറെ അംശം ഉള്ളതുമായ ജലത്തിലാണ് സാധാരണ കാണപ്പെടുന്നത്. വേലിയേറ്റവും വേലിയിറക്കവുമുള്ള പ്രദേശങ്ങൾ മറ്റൊരനുകൂല ഘടകമാണ്.
വിവരണം [തിരുത്തുക]
അവയിൽ ചിലയിനങ്ങളുടെ പ്രത്യേകത ശിഖരങ്ങളിൽ നിന്നും താഴേക്കു വളർന്ന് മണ്ണിൽ താണിറങ്ങുന്ന താങ്ങുവേരുകൾ ആണ്. . വേലിയേറ്റ-ഇറക്കങ്ങളിൽ മണ്ണിൽ പിടിച്ചുനിൽക്കാൻ താങ്ങുവേരുകൾ സഹായിക്കുന്നു. കടലാക്രമണങ്ങളേയും മണ്ണൊലിപ്പിനേയും തടയാൻ കണ്ടൽകാടുകൾക്ക് കഴിവുണ്ട്. സുനാമിയെ നേരിടാനും കണ്ടൽമരങ്ങൾ പ്രാപ്തരാണ്.[2] കണ്ടൽമരങ്ങൾ ഉപ്പുവെള്ളത്തിലും ചെളിത്തട്ടിലും നിൽക്കുന്നതിനാൽ വേരുകൾക്ക് ആവശ്യമായ പ്രാണവായു ലഭിക്കാറില്ല. അതിനാൽ മണ്ണിനടിയിലെ വേരുകളിൽ നിന്നും സൂര്യപ്രകാശത്തിനു നേരെ വളരുന്ന സൂചിവേരുകൾ അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വലിച്ചെടുത്തുപയോഗിക്കാൻ പര്യാപ്തമാണ്. സൂചിവേരുകളിൽ ധാരാളം വായു അറകളുണ്ട്. അറകൾ ജലത്തിനുപരിതലത്തിലേക്കായിരിക്കും തുറന്നിരിക്കുക. അങ്ങനെ വായുലഭ്യതയുടെ കുറവിനെ നേരിടാനും കണ്ടലുകൾക്ക് തങ്ങൾക്കു മാത്രമുള്ള ഈ പ്രത്യേകത ഉപയോഗിച്ചു സാധിക്കും.
വിതരണം [തിരുത്തുക]
80 രാജ്യങ്ങളിലായി ഏകദേശം 14 ദശലക്ക്ഷം ഹെക്റ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഭൂമിശാസ്ത്രപരമായി കണ്ടൽക്കാടുകൾ രണ്ട് മേഖലകളിലായാണ് കാണപ്പെടുന്നത്. ഇന്ത്യയുൾപ്പടെയുള്ള ഇന്തോ പസിഫിക് മേഖലയും അമേരിക്കയും പടിഞ്ഞാറൻ ആഫ്രിക്കൻ തീരങ്ങള് ഉൾപ്പെടുന്ന ആഫ്രോ അമേരിക്കൻ മേഖലയും. [1] ഇന്ത്യയിൽ ഏതാണ്ട് 6740 ചതുരശ്രകിലോമീറ്റർ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട്. ഇതിൽ 88 ശതമാനവും ആന്തമാൻ നിക്കോബാർ ദ്വീപുകൾ ഉൾപ്പെടെയുള്ള കിഴക്കൻ തീരപ്രദേശത്താണ്.
പ്രത്യുത്പാദനം [തിരുത്തുക]
മാതൃസസ്യങ്ങളിലായിരിക്കുമ്പോൾ തന്നെ വിത്തുകൾ മുളക്കുന്നു. താഴോട്ടു വളരുന്നതിനാൽ കുഞ്ഞു സസ്യങ്ങളുടെ ഭാരം വർദ്ധിക്കുകയും ഭൂഗുരുത്വം മൂലം തനിയേ വേർപെട്ട് ചെളിയിലും മറ്റും വീണുറക്കുകയും സ്വതന്ത്രമായ് വളരാൻ തുടങ്ങുകയും ചെയ്യുന്നു.
പ്രാധാനപ്പെട്ട കണ്ടൽച്ചെടികൾ [തിരുത്തുക]
കേരളത്തിൽ ഇന്ന് കണ്ടുവരുന്ന കണ്ടൽവർഗ്ഗസസ്യങ്ങൾ അറിയപ്പെടുന്നത് പ്രധാനമായും 3 കുടുംബങ്ങളിലാണ്. ഇവയിൽ പ്രധാനപ്പെട്ടത് റൈസോഫോറേഷ്യേ, അവിസേന്നേഷ്യേ, സോണറേറിയേഷ്യേ എന്നിവയാണവ.
- കടകണ്ടൽ
- പൂക്കണ്ടൽ
- വള്ളിക്കണ്ടൽ
- എഴുത്താണിക്കണ്ടൽ
- ചെറിയ ഉപ്പട്ടി
- വലിയ ഉപ്പട്ടി
- ഭ്രാന്തൻ കണ്ടൽ
- ചെറുകണ്ടൽ
- ചുള്ളിക്കണ്ടൽ
- കണ്ണാമ്പൊട്ടി
പീക്കണ്ടൽ (പ്രാന്തൻ കണ്ടൽ) [തിരുത്തുക]
Rhizophora mucronata എന്നാണ് ശാസ്ത്രീയനാമം. [3]റൈസോഫെറേഷ്യേ കുടുംബത്തിൽ പെട്ട കണ്ടൽച്ചെടിയാണിത്. കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്. കൊച്ച് ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്. വേരുകൾ കുടപോലെ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഈ വേരുകളും ചെടിയും ചേർന്ന് കാറ്റിനെ പിടിച്ച് നിർത്താൻ സഹായിക്കുന്നു. പൂക്കൾക്ക് വെള്ളനിറമാണ്. പച്ച നിറത്തിലുള്ള നീണ്ടകായ്കൾ തൂങ്ങി നിൽക്കുന്നു. ഈ വിത്തുകൾ താഴെ വീണാൽ ചെളിയിൽ കുത്തി നിൽകും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും.
വള്ളിക്കണ്ടൽ [തിരുത്തുക]
Rhizophora apiculata എന്നാണ് ശാസ്ത്രീയനാമം. 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെയാണ് യഥാർത്ഥത്തിൽ കണ്ടൽ എന്നു വിളിക്കുന്നത്. പ്രാന്തൻ കണ്ടലിന്റെ അടുത്ത ബന്ധുവാണ്. തായ്‌വേരുകൾ ആൽമരത്തെപ്പഓലെ ശാഖകളെ താങ്ങി നിർത്തുന്നു. കൂർത്ത ഇലകൾക്ക് പച്ച നിറമാണ്. തടിക്ക് വ്യാവസായിക പ്രാധാന്യമുണ്ട്. ടാനിൻ, ചായങ്ങൾ, പശ എന്നിവ തടിയിൽ നിന്ന് വേർതിരിച്ചെടുക്കാം.
കുറ്റിക്കണ്ടൽ (Bruguiera cylindrica) [തിരുത്തുക]
റൈസോഫൊറേസിയ കുടുംബത്തിൽ പെട്ടചെടിയാണിത്. 20 അടിയോളം ഉയരത്തിൽ വളരുന്നു. നാലോളം ജാതി ചെടികൾ ഇന്ത്യയിലുണ്ട്. നലൽ പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയുമാണിതിന്റെ പ്രത്യേകത. മേയ് ഓഗസ്റ്റ് മാസങ്ങളിൽ പൂക്കുന്ന ഇവക്ക്ക് വെളുത്ത പൂക്കളാണ്. പൂമ്പാറ്റകളാണ് പരാഗണം നടത്തുന്നത്.
പൂക്കണ്ടൽ [തിരുത്തുക]
മിർസിനേസിയാ കുടുംബത്തിൽ പെട്ട ഒരു ചെറുകണ്ടൽമരമാണ് പൂക്കണ്ടൽ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കേരളത്തിലും വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.
കണ്ടലിതര ജൈവജാലങ്ങൾ [തിരുത്തുക]
കണ്ടൽ വനങ്ങൾ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. കണ്ടൽ കാടുകളിൽ ഒതളം പോലുള്ള സസ്യങ്ങളേയും കാണാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയൻ ചെടികളും ഈ കാടിനുള്ളിൽ സാധാരണമാണ്. നീർനായ്ക്കളും, വിവിധയിനം ഉരഗങ്ങളും കണ്ടൽകാടുകളിൽ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവർഗ്ഗത്തിൽ പെടുന്ന പക്ഷികളിൽ മിക്കതും പ്രജനനത്തിനായി കണ്ടൽവനങ്ങളെ തിരഞ്ഞെടുക്കുന്നു. നീർപക്ഷികളായ ചെന്നെല്ലിക്കോഴി, കുളക്കോഴി, ചിന്നക്കൊക്ക്, തുത്തെരിപ്പൻ, ചിന്നക്കൊച്ച, മഴക്കൊച്ച, കരിങ്കൊച്ച മുതലായ പക്ഷികളെ കണ്ടൽക്കാടുകളിൽ സ്ഥിരമായി കാണാം. നീർക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവയാകട്ടെ കണ്ടൽക്കാടുകളിലാണ് കൂട്ടമായ് ചേക്കയേറുന്നതും, കൂടുകെട്ടി അടയിരിക്കുന്നതും.
കണ്ടൽകാടുകളുടെ വേരുകൾക്കിടയിൽ മാത്രം കാണപ്പെടുന്ന കൊഞ്ചുകളും മത്സ്യജാതികളും തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കണ്ടൽമരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മജീവികളുടേയും(ഉദാ:പ്ലാങ്ക്ടൺ) മത്സ്യങ്ങളുടേയും പ്രജനനകേന്ദ്രവും ആവാസകേന്ദ്രവുമാണ്. കണ്ടൽമരങ്ങളുടെ വേരുകൾ ഒഴുക്കിൽനിന്നും മറ്റുജീവികളുടെ ആക്രമണങ്ങളിൽ നിന്നും ചെറുജീവികളെ കാത്തുസൂക്ഷിക്കുന്നു.
ഇന്ത്യയിലെ കണ്ടൽകാടുകൾ [തിരുത്തുക]
ഇന്ത്യയിൽ അടുത്തകാലത്ത് നടത്തിയ പഠനങ്ങളിൽ നിന്ന് ഏതാണ്ട് 6740 ചതുരശ്ര കി.മീ പ്രദേശത്ത് കണ്ടൽക്കാടുകൾ ഉണ്ട് എന്നാണ് കണക്കാക്കിയത്. ഇതിൽ കൂടുതലും ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ്. ലോകത്തിലെ ഏറ്റവും വലിയ കണ്ടൽവനമാണ് സുന്ദർബൻ ഡെൽറ്റ അഥവാ സുന്ദർവനങ്ങൾ.[4] ഗംഗ, ബ്രഹ്മപുത്ര നദികളുടെ അഴിമുഖത്ത്, പശ്ചിമബംഗാളിലും ബംഗ്ലാദേശിലുമായി ഇതു പരന്നു കിടക്കുന്നു. സുന്ദരി എന്നു പ്രസിദ്ധമായ ഒരിനം കണ്ടൽ വളരുന്നതിനാലാണ് സുന്ദർ വനങ്ങൾ എന്ന പേരു ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.[4] ആന്തമാൻ നിക്കോബാർ ദ്വീപുകൾ,ഗുജറാത്തിലെ കച്ച് മേഖലയിലും കണ്ടൽകാടുകൾ ധാരാളമായി കാണുന്നു.[5]
കേരളത്തിലെ കണ്ടൽകാടുകൾ [തിരുത്തുക]
40 വർഷം മുൻപ് വരെ കേരളത്തിൽ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്തത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു, എങ്കിലും ഇന്ന് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയേ കണ്ടലുകൾ കാണപ്പെടുന്നുള്ളൂ. 17-)ം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. അദ്ദേഹത്തിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളിൽ കേരളത്തിലെ കണ്ടലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ കാണുന്നത്. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത്[6]. എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് കണ്ടൽകാടുകൾ കാണപ്പെടുന്നത്. കേരളത്തിൽ പതിനെട്ടിനം കണ്ടൽച്ചെടികൾ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിൽ കണ്ടുവരുന്ന 59 ജാതി കണ്ടൽച്ചെടികളിൽ 14 എണ്ണം കേരളത്തിൽ കണ്ടുവരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടലുകളുമായി ബന്ധപ്പെട്ട് വളരുന്ന സസ്യങ്ങളും ചേർത്താൽ ഇവ ഏകദേശം 30 ഓളം വരും.
ഇന്ന് തടിക്കും വിറകിനും വേണ്ടിയും, ചതുപ്പുനിലങ്ങൾ മണ്ണിട്ടു നികത്തുന്നതിനുവേണ്ടിയും കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തിൽ തന്നെ പരിസ്ഥിതിക്ക് കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ് അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്.
ഹരിത തീരം [തിരുത്തുക]
സുനാമിപോലെയുള്ളകടൽ ക്ഷോഭങ്ങളിൽ നിന്നും കടൽത്തീരത്തെ രക്ഷിക്കുവാൻ കണ്ടൽച്ചെടികളൂം കുറ്റിച്ചെടികളും വച്ചുപിടിപ്പിക്കുന്ന കേരള വനം വകുപ്പിന്റെ പദ്ധതിയാണ് ഹരിതതീരം.
ഓരോ ജില്ലയിലും കണ്ടൽവനങ്ങളുടെ വിസ്തീർണ്ണം [തിരുത്തുക]
| ജില്ല | വിസ്തീർണ്ണം (ഹെക്റ്റർ) |
|---|---|
| തിരുവനന്തപുരം | 23 |
| കൊല്ലം | 58 |
| ആലപ്പുഴ | 90 |
| കോട്ടയം | 80 |
| എറണാകുളം | 260 |
| തൃശൂർ | 21 |
| മലപ്പുറം | 12 |
| കോഴിക്കോട് | 293 |
| കണ്ണൂർ | 755 |
| കാസർകോഡ് | 79 |
അവലംബം [തിരുത്തുക]
- ↑ 1.0 1.1 ജാഫർ പാലോട്ട്; കണ്ടൽക്കാടിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ: പൊക്കുടന്റെ കണ്ടൽക്കാടുകൾക്കിടയിൽ എന്റെ ജീവിതം എന്ന ഗ്രന്ഥത്തിൽ നിന്ന്. ഡി.സി. ബുക്സ്. കോട്ടയം.
- ↑ Dr. Glen Barry (30 ഡിസംബർ 2004). "Mangrove Forests Reduce Impacts of Tsunamis" (in ഇംഗ്ലീഷ്). Forests.org. ശേഖരിച്ചത് 2 ഫെബ്രുവരി 2009.
- ↑ http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html
- ↑ 4.0 4.1 "The Sundarbans" (in ഇംഗ്ലീഷ്). Banglapedia. ശേഖരിച്ചത് 01-01-2010.
- ↑ www.mangroveindia.org
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 767. 2012 നവംബർ 05. ശേഖരിച്ചത് 2013 മെയ് 18.
|
|||||||||||||||||||