കാണ്ടാമൃഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കണ്ടാമൃഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാണ്ടാമൃഗം
Temporal range: Eocene–Recent
ടാൻസാനിയയിലെ Black Rhinoceros
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Infraclass:
Order:
Suborder:
Family:
Rhinocerotidae

Gray, 1820
Extant Genera

Ceratotherium
Dicerorhinus
Diceros
Rhinoceros
Extinct genera, see text

ഓരോകാലിലും വിരലുകൾ പോലെ തോന്നാവുന്ന മൂന്ന് കുളമ്പുകളുള്ള ഒരു സസ്തനിയാണ് കാണ്ടാമൃഗം(ഇംഗ്ലീഷ്:Rhino, Rhinoceros). ഒറ്റയക്കക്കുളമ്പുകളുള്ള കുതിര, ടാപിർ തുടങ്ങിയവയുടെ കൂട്ടത്തിലാണ് ഇവയും പെടുന്നത്. കാണ്ടാമൃഗങ്ങളെയെല്ലാം തന്നെ റൈനൊസിറോറ്റിഡെ(Rhinocerotidae) എന്ന കുടുംബത്തിലാണുൾപ്പെടുത്തിയിട്ടുള്ളത്. ഈ കുടുംബത്തിൽ അഞ്ച് ഉപജാതികളുണ്ട് ഇതിൽ രണ്ടെണ്ണം ആഫ്രിക്കയിലും ബാക്കിയുള്ളവ ഏഷ്യയിലും കാണപ്പെടുന്നു.

വളരെ വലിപ്പമുള്ള ശരീരമാണ് ഈ ജീവികളുടെ സവിശേഷത. സാധാരണയായി കാണ്ടാമൃഗങ്ങളുടെ ശരീരഭാരം ഒരു ടണ്ണിലും കൂടുതലാണ്. സംരക്ഷിത കവചം പോലെ പ്രവർത്തിക്കുന്ന കട്ടിയുള്ള ത്വക്ക്(1.5 സെ.മി. മുതൽ 5 സെ.മി) സസ്യഭോജികളായ ഇവയുടെ ശരീരത്തെ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.എന്നിരുന്നാലും ത്വക്ക് വളരെ സംവേദനക്ഷമതയുള്ളതാണ്.[1] ശരീരവുമായി താരതമ്യം ചെയ്യുമ്പോൾ തലച്ചോറിന് വലിപ്പം കുറവാണ്(400-600ഗ്രാം). എന്നാൽ കൊമ്പ് താരതമ്യേനെ വലിപ്പമുള്ളതുമാണ്. സസ്യാഹാരികളായ ഇവ ഇലകളാണ് കൂടുതലായും ആഹാരമാക്കുന്നത്. നാരുകളടങ്ങിയ ആഹാരം നല്ല രീതിയിൽ ദഹിപ്പിക്കാൻ പര്യാപ്തമാണ് ഇവയുടെ ദഹനേന്ദ്രിയ വ്യൂഹം. ആഫ്രിക്കയിൽ കാണപ്പെടുന്ന കാണ്ടാമൃഗങ്ങൾക്ക് മുൻനിരപ്പല്ലുകൾ കാണപ്പെടാറില്ല. കടവായിലെ ബലമുള്ള പല്ലുകളുടെ സഹായത്തോടെയാണ് ഇവ ആഹാരം ചവച്ചരയ്ക്കുന്നത്.[2]ആന കഴിഞ്ഞാൽ കരയിലെ ഏറ്റവും വലിയ സസ്തനിയാണ് ഈ മൃഗം. ഇവക്ക് മണിക്കൂറിൽ നാല്പ്പത്തെട്ട് കിലോമീറ്റർ വരെ വേഗത്തിൽ ഓടാൻ കഴിയും.[3]


രോമങ്ങൾ കൂടിച്ചേർന്ന് ഉറച്ചുകട്ടിയായി രൂപംകൊള്ളുന്നതാണ് കാണ്ടാമൃഗങ്ങളുടെ കൊമ്പുകൾ. ഈ കൊമ്പുകൾക്കുവേണ്ടി വേണ്ടി മനുഷ്യർ ഇവയെ ധാരാളമായി കൊന്നൊടുക്കിയിട്ടുണ്ട്, ജന്തുജാലങ്ങളുടെ നഖത്തിലും മുടിയിലും മറ്റും അടങ്ങിയിട്ടുള്ള കെരാറ്റിൻ എന്ന മാംസ്യം കൊണ്ടാണ് ഈ കൊമ്പ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്.[4] ആഫ്രിക്കയിൽ കാണപ്പെടുന്ന കാണ്ടാമൃഗങ്ങൾക്കും സുമാത്രൻ കാണ്ടമൃഗങ്ങൾക്കും ഇത്തരം രണ്ട് കൊമ്പുകളുണ്ട്, എന്നാൽ ഇന്ത്യൻ കാണ്ടാമൃഗങ്ങൾക്കും ജാവൻ കാണ്ടാമൃഗങ്ങൾക്കും ഓരോ കൊമ്പേയുള്ളു. നല്ല ഘ്രാണശക്തിയും ശ്രവണശക്തിയുമുള്ള കാണ്ടാമൃഗങ്ങൾക്ക് കാഴ്ചശക്തി കുറവാണ്. കാണ്ടാമൃഗത്തിന്റെ ശരാശരി ആയുസ്സ് 60 വയസ്സിനുമുകളിലാണ്.

കാണ്ടാമൃഗങ്ങളിൽ മൂന്ന് ഇനങ്ങളെ ഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വർഗ്ഗീകരണം[തിരുത്തുക]

ഇംഗ്ലീഷിൽ കാണ്ടാമൃഗത്തിനെ റൈനോസെറസ്(Rhinoceros) എന്നാണ് വിളിക്കുന്നത്. ലാറ്റിൻ പദമായ ῥῑνόκερως എന്നതിൽ നിന്നുമാണ് റൈനോസെറസ് എന്ന വാക്കിന്റെ ഉല്പത്തി. മൂക്കിനുള്ള ലാറ്റിൻ വാക്കായ ῥῑνο-, ῥίς (റൈനോ-, റിസ്)യും കൊമ്പ് എന്നർത്ഥം വരുന്ന κέρας (കെരസ്)ഉം ചേർന്നുള്ളതാണ് ῥῑνόκερως എന്ന വാക്ക്. കാണ്ടാമൃഗങ്ങളുടെ കൂട്ടത്തിനെ ഇംഗ്ലീഷിൽ ക്രാഷ്(crash) എന്നും ഹെർഡ്(herd) എന്നുമാണ് വിളിക്കുന്നത്.[5]

ജീവിച്ചിരിക്കുന്ന അഞ്ച് സ്പീഷിസുകളെ മൂന്നായിട്ടാണ് വർഗ്ഗീകരിച്ചിട്ടുള്ളത്. ഏകദേശം അഞ്ച് ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് ആഫ്രിക്കൻ സ്പീഷിസുകളായ വെള്ളക്കാണ്ടാമൃഗവും കറുത്തകാണ്ടാമൃഗവും അവയുടെ പൂർവ്വികരിൽ നിന്നും പിരിഞ്ഞത്. വെള്ളക്കാണ്ടാമൃഗവും കറുത്തകാണ്ടാമൃഗവും തമ്മിലുള്ള പ്രധാന വ്യത്യാസം അവയുടെ വായുടെ ആകൃതിയിലാണ്. വെള്ളക്കാണ്ടാമൃഗങ്ങൾക്ക് പുല്ലുമേയാൻ സൗകര്യമുള്ള രീതിയിലുള്ള വിസ്തൃതവും പരന്നതുമായ ചുണ്ടുകളാണുള്ളത് എന്നാൽ ഇലകൾ ഭക്ഷിക്കാൻ സൗകര്യമുള്ള രീതിയിലുള്ള നീണ്ടുകൂർത്ത ചുണ്ടുകളാണ് കറുത്ത കാണ്ടാമൃഗങ്ങൾക്കുള്ളത്. വെള്ളക്കാണ്ടാമൃഗങ്ങൾക്ക് ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് ആ പേര് ലഭിച്ചത്, ആഫ്രിക്കൻ ഭാഷയിൽ wyd എന്നാൽ വീതിയുള്ള എന്നാണർത്ഥം. ഇംഗ്ലീഷുകാർ ഈ വാക്ക് white എന്ന്തെറ്റിദ്ധരിക്കുകയാണ് ഉണ്ടായത്. [6]

വെള്ളക്കാണ്ടാമൃഗങ്ങളെ വടക്കൻ എന്നും തെക്കൻ എന്നും രണ്ട് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. കറുത്തകാണ്ടാമൃഗങ്ങളെ നാല് ഉപവിഭാഗങ്ങളായും, സുമാത്രൻ കാണ്ടാമൃഗങ്ങളേയും, ജാവൻ കാണ്ടാമൃഗങ്ങളേയും മൂന്നായും (ഇവയിൽ ഓരോന്നിന് വംശനാശം നേരിട്ടു കഴിഞ്ഞു.) തരം തിരിച്ചിരിക്കുന്നു. ഇൻഡ്യൻ കാണ്ടാമൃഗങ്ങൾക്ക് ഉപവിഭാഗങ്ങളില്ല.

റൈനോസെറോട്ടിനി(Rhinocerotini) സ്പീഷിസുകളിലെ വംശനാശം സംഭവിച്ചിട്ടില്ലാത്ത രണ്ട് ഉപവിഭാഗങ്ങൾ ഇന്ത്യൻ കാണ്ടാമൃഗവും, ജാവൻ കാണ്ടാമൃഗവുമാണ്. ഏകദേശം പത്ത് ദശലക്ഷം വർഷങ്ങൾക്കുമുമ്പാണിവ അവയുടെ പൂർവ്വികരിൽ നിന്നും വേർപിരിഞ്ഞത്. ഡൈസെറോറിണിനീ(Dicerorhinini) സ്പീഷിസിലെ വംശനാശം സംഭവിച്ചിട്ടില്ലാത്ത ഏക ഉപവിഭാഗം സുമാത്രൻ കാണ്ടാമൃഗങ്ങളാണ്. ഏകദേശം 20 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണിവയ്ക്ക് പരിണാമം സംഭവിച്ചത്.[7] വടക്കൻ യൂറോപ്പിലും ഏഷ്യയിലും കണ്ടിരുന്ന വംശനാശം സംഭവിച്ച വൂളി കാണ്ടാമൃഗങ്ങളും(Woolly Rhinoceros) ഈ ഗണത്തിൽപ്പെട്ടവയായിരുന്നു.

വെള്ളക്കാണ്ടാമൃഗത്തിൻടെയും കറുത്ത കാണ്ടാമൃഗത്തിന്റേയും ഒരു സങ്കരയിനത്തെ 1977-ൽ ചെക്ക് റിപ്പബ്ലിക്കിലെ മൃഗശാലയിൽ വച്ച് സൃഷ്ടിച്ചിരുന്നു.[8] കറുത്തകാണ്ടാമൃഗത്തിനൊഴികെ ഈ സ്പീഷിസിലെ മറ്റെല്ലാ കാണ്ടാമൃഗങ്ങൾക്കും അവയുടെ ക്രോമസോമിൽ 82 കോശങ്ങളുണ്ട് കറുത്തവയ്ക്ക് 84 എണ്ണമാണുള്ളത്. സസ്തനികളുടെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണത്തിൽ ഇതു വരെ അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്.

പ്രജനനം[തിരുത്തുക]

ഗർഭകാലം 16 മാസമാണ്. പ്രസവത്തിൽ ഒരു കുട്ടി മാത്രമെ ഉണ്ടായിരിക്കുകയുള്ളു. രണ്ടുവർഷം വരെ പാലൂട്ടാറുണ്ട്.[1]

വെള്ളക്കാണ്ടാമൃഗം[തിരുത്തുക]

പ്രധാന ലേഖനം: വെള്ളക്കാണ്ടാമൃഗം
വെള്ളക്കാണ്ടാമൃഗം. ഇവ യഥാർഥത്തിൽ ചാരനിറക്കാരാണ്. ഒരു വാക്കിന്റെ തർജ്ജിമയിലെ തെറ്റാണ് വെള്ളക്കാണ്ടാമൃഗം എന്ന പേരിനു കാരണം.

ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന അഞ്ച് കാണ്ടാമൃഗ സ്പീഷിസുകളിലൊന്നാണ് വെള്ളക്കാണ്ടാമൃഗം. മറ്റു കാണ്ടാമൃഗങ്ങളെ അപേക്ഷിച്ച് കൂട്ടങ്ങളായി, സമൂഹജീവിതം നയിക്കുന്ന ഒരു ജീവിയാണിത്. വെള്ളക്കാണ്ടാമൃഗങ്ങളിൽ തന്നെയുള്ള രണ്ട് ഉപവിഭാഗങ്ങളാണ് വടക്കൻ വെള്ളക്കാണ്ടാമൃഗവും (Northern White Rhino) തെക്കൻ വെള്ളക്കാണ്ടാമൃഗവും

ഇന്ത്യൻ കാണ്ടാമൃഗം[തിരുത്തുക]

ഇന്ത്യൻ കാണ്ടാമൃഗം(Rhinoceros Unicornis) ഇക്കാലത്ത് കാണപ്പെടുന്നത് ആസ്സാമിലെ ചതുപ്പുള്ള പുൽക്കാടുകളിലും നേപ്പാളിലെ തേരായ് പ്രദേശത്തുമാണ്. ആസ്സാമിൽ കാസിരംഗ ദേശീയോദ്യാനത്തിൽ ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിലുള്ള 3200-ഓളം കാണ്ടാമൃഗങ്ങളിൽ 2000 ത്തോളം എണ്ണം ഈ ഉദ്യാനത്തിലാണ്. നേപ്പാളിലെ ചിത്വൻ ദേശീയോദ്യാനത്തിൽ നാനൂറോളം എണ്ണമുണ്ട്. ഇവ ഒറ്റയാന്മാരായാണ് ജീവിക്കുന്നത്. കുഞ്ഞുങ്ങളെ അമ്മമാർ മൂന്നു കൊല്ലം വരെ കൂടെ കൊണ്ടുനടക്കാറുണ്ട്. വെള്ളം കുടിക്കാൻ ജലാശയങ്ങളിലേക്ക് സ്ഥിരം വഴികൾ സൂക്ഷിക്കുന്ന ഇവ അവയുടെ ആവാസാതിർത്തിയും മാർഗ്ഗങ്ങളും ചാണകം തൂറ്റി അടയാളപ്പെടുത്താറുണ്ട്. ഈ ശീലം ഇവയെ എളുപ്പത്തിൽ വനംകൊള്ളക്കരുടെ പിടിയിൽപ്പെടാൻ ഇടയാക്കുന്നു.

1950 കളിൽ ഇന്ത്യയിൽ 200 കാണ്ടാമൃഗങ്ങളേ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ആസ്സാം സർക്കാർ ഇവയെ സംരക്ഷിക്കാൻ നിയമം കൊണ്ടുവരികയും അത് നടപ്പാക്കാൻ ഇന്ത്യൻ പട്ടാളത്തിന്റെ സഹായം വരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് അവയുടെ എണ്ണം പ്രശംസനീയമാം വിധം പെരുകിയെങ്കിലും കശിഞ്ഞവർഷവും ഇരുപതോളം മൃഗങ്ങൾ കൊമ്പിനുവേണ്ടി കൊലചെയ്യപ്പെടുകയുണ്ടായി. 2012-ലെ കനത്ത പ്രളയത്തിൽ മുപ്പതോളം കാണ്ടാമൃഗങ്ങൾ മുങ്ങിച്ചാവുകയും ചെയ്തു.[9]

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  2. Owen-Smith, Norman (1984). Macdonald, D. (ed.). The Encyclopedia of Mammals. New York: Facts on File. pp. 490–495. ISBN 0-87196-871-1.
  3. The Hindu Young World, March 12, 2013
  4. "What is a rhinoceros horn made of?". Yesmag.bc.ca. 2003-10-09. Archived from the original on 2011-09-28. Retrieved 2010-09-23.
  5. "San Diego Zoo". San Diego Zoo. Retrieved 2010-09-23.
  6. Rookmaaker, Kees (2003). "Why the name of the white rhinoceros is not appropriate". Pachyderm. 34: 88–93.
  7. Rabinowitz, Alan (June 1995) "Helping a Species Go Extinct: The<33 six. Sumatran Rhino in Borneo" Conservation Biology 9(3): pp. 482-488
  8. Robinson, Terry J. (2005). "Interspecific hybridization in rhinoceroses: Confirmation of a Black × White rhinoceros hybrid by karyotype, fluorescence in situ hybridization (FISH) and microsatellite analysis". Conservation Genetics. 6 (1): 141–145. doi:10.1007/s10592-004-7750-9. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  9. The Hindu Young World, March 12, 2013

ഗ്രന്ഥസൂചി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാണ്ടാമൃഗം&oldid=4009547" എന്ന താളിൽനിന്ന് ശേഖരിച്ചത്