കണിയാപുരം രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കണിയാപുരം രാമചന്ദ്രൻ
നിയമസഭാംഗം
ഓഫീസിൽ
1977 മുതൽ 1980 വരെ
മണ്ഡലംനെടുമങ്ങാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1938-08-05)ഓഗസ്റ്റ് 5, 1938
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം
മരണം18 ഏപ്രിൽ 2005(2005-04-18) (പ്രായം 66)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിവസന്തലക്ഷ്മി
കുട്ടികൾസുമൻ, സുചിത്ര
വസതിതിരുവനന്തപുരം

കേരളത്തിലെ സാംസ്കാരിക, സാഹിത്യ രംഗങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു, സി.പി.ഐ നേതാവും എഴുത്തുകാരനുമായിരുന്ന കണിയാപുരം രാമചന്ദ്രൻ.[1]

ജീവിതരേഖ[തിരുത്തുക]

1938 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. ബൾഗേറിയയിലെ സോഫിയ യൂണിവേഴ്സിറ്റിയിൽനിന്ന് ബൾഗേറിയൻ ഭാഷാശാസ്ത്രത്തിൽ ഉപരിപഠനവും മോസ്കോയിലെ സ്കൂൾ ഓഫ് സയൻസസിൽനിന്ന് പൊളിറ്റിക്സിൽ മൂന്നുവർഷത്തെ പഠനവും പൂർത്തിയാക്കി.

അദ്ധ്യാപികയായിരുന്ന വസന്തലക്ഷ്മിയാണ് ഭാര്യ. സുമൻ, സുചിത്ര എന്നിവർ മക്കളാണ്.

രാഷ്ട്രീയ നേതാവ് എന്നതിനുപുറമെ പത്രപ്രവർത്തകനും നാടകരചയിതാവും ഗാനരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തും മികച്ച പ്രസംഗകനുമായിരുന്നു കണിയാപുരം. ആറ് ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ എഴുതിയ കണിയാപുരം, രണ്ട് ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. കേരളത്തിൽ വലിയ വിവാദങ്ങളുണ്ടാക്കിയ ഭഗവാൻ കാലുമാറുന്നു ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്.

എല്ലുകളിൽ ബാധിച്ച അർബുദരോഗത്തെത്തുടർന്ന് 2005 ഏപ്രിൽ 18നു അദ്ദേഹം അന്തരിച്ചു.[2]

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ കണിയാപുരം 1957ൽ എ. ഐ. എസ്. എഫിന്റെ നേതൃത്വത്തിലേക്ക് കടന്നു. 1969 - 74 കാലത്ത് എ. ഐ. വൈ. എഫ്. സംസ്ഥാന പ്രസിഡണ്ടായിരുന്നു. 71 മുതൽ 10 വർഷം സി.പി.ഐ ദേശീയ കൗൺസിലിലും സംസ്ഥാന കൗൺസിലിലും അംഗമായിരുന്നു. 1977 മുതൽ 80 വരെ നെടുമങ്ങാട് മണ്ഡലത്തിലെ എം. എൽ. എ.യായിരുന്നു. 1999ൽ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വി.എസ് ശിവകുമാറിനോട് പരാജയപ്പെട്ടു.[3]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1999 തിരുവനന്തപുരം ലോകസഭാമണ്ഡലം വി.എസ്. ശിവകുമാർ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 288390 കണിയാപുരം രാമചന്ദ്രൻ സി.പി.ഐ. എൽ.ഡി.എഫ്. 273905 (1. ഒ. രാജഗോപാൽ) (2.ഇ.ജെ. വിജയമ്മ) (1.ബി.ജെ.പി. 158221) (2. സ്വതന്ത്ര സ്ഥാനാർത്ഥി 19652)
1977 നെടുമങ്ങാട് നിയമസഭാമണ്ഡലം കണിയാപുരം രാമചന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. ആർ. സുന്ദരേശൻ നായർ സ്വതന്ത്ര സ്ഥാനാർത്ഥി

പത്രപ്രവർത്തനം[തിരുത്തുക]

കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ പത്രപ്രവർത്തകനായി പ്രവർത്തിച്ചു തുടങ്ങിയ കണിയാപുരം രാമചന്ദ്രൻ, തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിശ്വകേരളം, വിശ്വമേഖല എന്നിവയുടെ പത്രാധിപത്യം വഹിച്ചു. പിന്നീട് ജനയുഗത്തിന്റെ പത്രാധിപ സമിതി അംഗവും ജനയുഗം വാരികയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. 20 വർഷത്തോളം കേരള ശബ്ദത്തിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന പംക്തി വളരെ ശ്രദ്ധേയമായിരുന്നു.

കലാപ്രവർത്തനം[തിരുത്തുക]

1962 മുതൽ കെ. പി. എ. സി. യുമായി ബന്ധപ്പെട്ടു നാടകരംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ കണിയാപുരം രാമചന്ദ്രൻ 1966ൽ പ്രദശനത്തിനെത്തിയ മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിനായി ഗാനരചന നിർവ്വഹിച്ചു കൊണ്ട് ചലച്ചിത്രരംഗത്തുമെത്തി.

നാടകരംഗം[തിരുത്തുക]

നാടക രചയിതാവ്, നാടകഗാന രചയിതാവ് എന്നീ നിലകളിൽ മലയാള നാടകരംഗത്ത് അദ്ദേഹം തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.[6] പുതിയ പുരാണം, മാനസപുത്രി, എനിക്ക് മരണമില്ല, ദി ആക്സിഡന്റ്, സബ്കോ സൻമതി ദേ ഭഗവൻ, ഭഗവാൻ കാലുമാറുന്നു തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹം രചിച്ചു.ബഹാദൂർ നാടകസംഘത്തിന്റെ ബർമ്മ ബോറൻ, കായംകുളം സംസ്കാരയുടെ ഭ്രാന്തൻമാരുടെ ലോകം, കെ.പി. എ.സി.യുടെ എനിക്കു മരണമില്ല, സഹസ്രയോഗം, ലയനം, സിംഹം ഉറങ്ങുന്ന കാട്, ഭഗവാൻ കാലുമാറുന്നു തുടങ്ങിയ നാടകങ്ങൾക്ക് വേണ്ടി ഗാനരചനയും അദ്ദേഹം നിർവ്വഹിച്ചു.[7]

ചലച്ചിത്രരംഗം[തിരുത്തുക]

മാണിക്യക്കൊട്ടാരം എന്ന ചലച്ചിത്രത്തിലെ പച്ചമരക്കാടുകളേ എന്ന ഗാനം രചിച്ചു കൊണ്ടാണ് കണിയാപുരത്തിന്റെ ചലച്ചിത്രപ്രവേശം. തുടർന്ന് ആനയും അമ്പാരിയും, രാഗപൌർണമി, യൗവനം - ദാഹം, അസുരൻ, കൽക്കി, തൊഴിൽ അല്ലെങ്കിൽ ജയിൽ എന്നീ ഏഴു ചിത്രങ്ങളിലായി 26 ചലച്ചിത്രഗാനങ്ങൾ അദ്ദേഹം രചിച്ചു.[8] 'നാവടക്കൂ പണിയെടുക്കൂ', 'തൊഴിൽ അല്ലെങ്കിൽ ജയിൽ' എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിച്ചു.[9]

അവലംബം[തിരുത്തുക]

  1. കണിയാപുരം രാമചന്ദ്രൻ അന്തരിച്ചു - വൺഇന്ത്യ
  2. കണിയാപുരം രാമചന്ദ്രൻ അന്തരിച്ചു - വൺ ഇന്ത്യ
  3. കണിയാപുരം രാമചന്ദ്രൻ അന്തരിച്ചു - www.sify.com/
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-26.
  5. http://www.keralaassembly.org
  6. ബഹുമുഖ പ്രതിഭയായ കണിയാപുരം - ജനയുഗം ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  7. കണിയാപുരം രചിച്ച നാടകഗാനങ്ങൾ - മലയാള സംഗീതം
  8. കണിയാപുരം രാമചന്ദ്രൻ രചിച്ച ചലച്ചിത്രഗാനങ്ങൾ - മലയാള സംഗീതം ഡോട്ട് ഇൻഫോ
  9. കണിയാപുരത്തിന്റെ തിരക്കഥകൾ - മലയാളസംഗീതം
"https://ml.wikipedia.org/w/index.php?title=കണിയാപുരം_രാമചന്ദ്രൻ&oldid=4072051" എന്ന താളിൽനിന്ന് ശേഖരിച്ചത്