വൃതിവ്യാപനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഓസ്മോസിസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഭാഗികതാര്യസ്തരത്തിന്റെ (partially permeable membrane) ഇരുഭാഗങ്ങളിലുമുള്ള ലീനപദാർത്ഥങ്ങളുടെ (solute) ഗാഢത തുല്യമാക്കുന്നതിന് ലീനപദാർത്ഥങ്ങളുടെ താഴ്ന്ന ഗാഢതയിൽ നിന്ന് അവയുടെ ഉയർന്ന ഗാഢതയിലേയ്ക്ക് ഭാഗികതാര്യസ്തരത്തിലൂടെ ലായകതൻമാത്രകൾ (solvent molecules) സഞ്ചരിക്കുന്ന പ്രക്രിയയാണ് വൃതിവ്യാപനം (osmosis). വൃതിവ്യാപനത്തിന് ഊർജ്ജലഭ്യത ആവശ്യമില്ലെങ്കിലും പ്രക്രിയയിൽ ഗതികോർജ്ജം ഉപയോഗിക്കപ്പെടുന്നു.

വൃതിവ്യാപനമർദ്ദപ്രക്രിയയുടെ കമ്പ്യൂട്ടർ ആനിമേഷന്റെ ഒരു ഫ്രെയിം

ജീവലോകത്ത് വൃതിവ്യാപനപ്രക്രിയയ്ക്ക് സവിശേഷപ്രാധാന്യമുണ്ട്. കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് ജലത്തിന്റെ പ്രവാഹം നടക്കുന്നത് വൃതിവ്യാപനത്തിലൂടെയാണ്. അർദ്ധതാര്യസ്തരങ്ങളായ കോശസ്തരം, ഫേനങ്ങളുടെ ടോണോപ്ലാസ്റ്റ് സ്തരം എന്നിവയിലൂടെ ജലപ്രവാഹം സാധ്യമാക്കുന്നത് ഈ പ്രക്രിയ വഴിയാണ്.

വൃതിവ്യാപന മർദ്ദം[തിരുത്തുക]

ഒരു അർദ്ധതാര്യസ്തരത്തിനിരുവശത്തും ഗാഢതാവ്യത്യാസമുള്ള ലായനികൾ നിലനിർത്തപ്പെട്ടാൽ ജലം എപ്പോഴും ലീനത്തിന്റെ ഗാഢത കുറവുളള ഭാഗത്തുനിന്ന് ലീനഗാഢത കൂടുതലുള്ള ഭാഗത്തേയ്ക്ക് സഞ്ചരിക്കുന്നു. സ്തരത്തിനിരുവശത്തും ലീനതൻമാത്രകളുടെ ഗാഢത തുല്യമാകുന്നതുവരെ ഈ പ്രക്രിയ തുടരുന്നു. ലീനഗാഢത സ്തരത്തിനിരുവശത്തും തുല്യമായാൽ സ്തരത്തിനിരുവശത്തുമുള്ള ലായനി ഐസോടോണിക് ആയെന്നുപറയാം. എന്നാൽ ഉയർന്ന ഗാഢതയുള്ള സ്ഥലത്ത് (hypertonic)ബാഹ്യമർദ്ദം പ്രയോഗിക്കുക വഴി ജലതൻമാത്രയുടെ ഈ സഞ്ചാരം തടയാം. ഇതിനെ റിവേഴ്സ് ഓസ്മോസിസ് എന്നുവിളിക്കുന്നു.[1] കൂടാതെ ലീനഗാഢത കുറവുള്ള ഭാഗത്തുനിന്ന് ലീനം(solute) അർദ്ധതാര്യസ്തരത്തിലൂടെ അതിന്റെ ഗാഢത കൂടുതലുള്ള ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നത് തടയത്തക്ക തരത്തിൽ ഉയർന്ന ഗാഢതയുള്ള (hypertoic) ലായനിയിൽ ഉണ്ടാകുന്ന മർദ്ദമാണ് വൃതിവ്യാപന മർദ്ദം അഥവാ ഓസ്മോട്ടിക് പ്രഷർ. ഇത് ലായനിയിൽ ലയിച്ചുചേർന്നിരിക്കുന്ന ലീനതൻമാത്രകളുടെ ഗാഢതയ്ക്ക് നേർ അനുപാതത്തിലായിരിക്കും(directly proportional). ഗാഢത കൂടുന്നതിനനുസരിച്ച് ആ ലായനിയിലെ വൃതിവ്യാപനമർദ്ദവും കൂടുന്നു എന്ന് അനുമാനിക്കാം.തന്നെയുമല്ല, ശുദ്ധലായകത്തെക്കാൾ (pure solvent) ലായനിയ്ക്ക് (solution) ഓസ്മോട്ടിക് മർദ്ദം കൂടുതലായിരിക്കും.[2]

ഐസോടോണിക് അവസ്ഥ സംജാതമാക്കുവാൻ ജലതൻമാത്രകൾ ഒരു അർദ്ധതാര്യസ്തരത്തിലൂടെ സഞ്ചരിക്കുന്നു

വൃതിവ്യാപനം സസ്യങ്ങളിൽ[തിരുത്തുക]

മണ്ണിൽ നിന്ന് വളരെയധികം ജലം സസ്യഭാഗങ്ങളിലേയ്ക്ക് വേരുകളിലൂടെ വലിച്ചെടുക്കാൻ ഇത് സഹായിക്കുന്നു. കോശങ്ങളിൽ നിന്ന് കോശങ്ങളിലേയ്ക്ക് ജലവും അതിൽ ലയിച്ചുചേർന്നിട്ടുള്ള പദാർത്ഥങ്ങളും സഞ്ചരിക്കുന്നതിന് വൃതിവ്യാപനം ആവശ്യമാണ്. കൂടാതെ കോശഭാഗങ്ങൾക്ക് ഇതുവഴി നിയതരൂപവും ലഭിക്കുന്നു.വൃതിവ്യാപനം നൽകുന്ന ടർഗർ മർദ്ദമാണ് ഇലകളിലുള്ള സ്റ്റൊമേറ്റ അഥവാ ആസ്യരന്ധ്രങ്ങളുടെ തുറക്കലിനും അടയ്ക്കലിനും കാരണമാകുന്നത്. കോശങ്ങളിലെ ഓസ്മോട്ടിക് മർദ്ദം കൂടുന്നതുവഴി സസ്യങ്ങൾക്ക് അതിശൈത്യത്തെയും കൊടുംചൂടിനെയും പ്രതിരോധിക്കാൻ കഴിയുന്നു. മണ്ണിൽ നിന്ന് വിത്തുകൾ മുളച്ചുപൊന്തുന്നതിനും വൃതിവ്യാപനം ആവശ്യമാണ്.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.wisegeek.com/what-is-osmosis.htm
  2. Fundamentals of Plant Physiology, Dr.V.K.Jain, S.Chand&Company Ltd., page 34
"https://ml.wikipedia.org/w/index.php?title=വൃതിവ്യാപനം&oldid=1780101" എന്ന താളിൽനിന്ന് ശേഖരിച്ചത്