ഓണ്‍ടൊളോജിക്കല്‍ വാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുക്തി ഉപയോഗിച്ച് ദൈവാസ്തിത്വം തെളിയിക്കാന്‍ അവലംബിക്കുന്ന രീതികളില്‍ ഒന്നാണ് ഒണ്ടൊളോജിക്കല്‍ വാദം (Ontological Argument). ദൈവം ഉണ്ടെന്ന് തെളിയിക്കാന്‍ ഈ രീതി ആദ്യമായി ഉപയോഗിച്ചത് കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തായായിരുന്ന അന്‍സെലം (1033-1109) ആയിരുന്നു.
ഉള്ളടക്കം |
വിശദീകരണം
ഓണ്ടൊളോജിക്കല്‍ വാദത്തിന് അടിസ്ഥാനമായുള്ളത് ദൈവത്തിനു അത് കൊടുക്കുന്ന നിര്‍വചനമാണ്. സങ്കല്പിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പൂര്‍ണ്ണത എന്ന് ദൈവത്തെ നിര്‍വചിച്ചുകൊണ്ടാണ് വാദം തുടങ്ങുന്നത്. തുടര്‍ന്ന്, സങ്കല്പിക്കാവുന്നതില്‍ ഏറ്റവും വലിയ പൂര്‍ണ്ണത ഉണ്ടായേ മതിയാവൂ എന്ന് വാദിക്കുന്നു. അതിനു പറയുന്ന യുക്തി ഇതാണ്: സങ്കല്പിക്കാവുന്നതില്‍ ഏറ്റവും വലിയ പൂര്‍ണത ഇല്ല എന്നു പറയുന്നത് യുക്തിവിരുദ്ധമാണ്. ഒരാള്‍ സങ്കല്പിച്ച പൂര്‍ണ്ണതക്ക്, 'ഉണ്ടായിരിക്കുക' എന്ന ഗുണം ഇല്ല എങ്കില്‍, അയാളുടെ സങ്കല്പം തെറ്റായിരുന്നു. പൂര്‍ണ്ണത ഇല്ലാത്തതാണെങ്കില്‍, അത് സങ്കല്പിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പൂര്‍ണ്ണത അല്ല. അതിലും വലിയ, 'ഉണ്ടായിരിക്കുക' എന്ന ഗുണമുള്ള, പൂര്‍ണ്ണത സങ്കല്പസാദ്ധ്യമാണ്. സങ്കല്പിക്കാവുന്നതില്‍ ഏറ്റവും വലിയ പൂര്‍ണ്ണതക്ക്, സങ്കല്പത്തില്‍ മാത്രമായി നിലനില്പില്ല. അത് ഉണ്ടായിരുന്നേ മതിയാവൂ. അതുകൊണ്ട്, സങ്കല്പിക്കാവുന്നതില്‍ വച്ച് ഏറ്റവും വലിയ പൂര്‍ണ്ണതയായ ദൈവം ഉണ്ട്.[1]
ചരിത്രം
ദൈവവിശ്വാസവും, മതബോധവും അതിശക്തമായിരുന്ന മദ്ധ്യയുഗത്തിലാണ് ദൈവാസ്തിത്വം തെളിയിക്കാന്‍ ശ്രമിക്കുന്ന ഈ വാദം ആദ്യമായി ഉന്നയിക്കപ്പെട്ടതെങ്കിലും, തുടക്കത്തില്‍ തന്നെ ഇതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. അന്‍സെല്‍മിന്റെ സമകാലികനായിരുന്ന ഗൗണീലോ എന്ന സന്യാസിയായിരുന്നു ഈ വാദത്തിന്റെ ആദ്യത്തെ പ്രധാന വിമര്‍ശകന്‍. അന്‍സെല്‍ം ഉപയോഗിച്ച യുക്തി പിന്തുടര്‍ന്നാല്‍ ദൈവത്തിന്റെയെന്നപോലെ, സങ്കല്പസാദ്ധ്യമായതില്‍ ഏറ്റവും വലിയ ദ്വീപിന്റെയോ അതു പോലെയുള്ള മറ്റെന്തിന്റെയ്ങ്കിലുമോ ഒക്കെക്കൂടിയും അസ്തിത്വം തെളിയിക്കാന്‍ പറ്റുമെന്ന് ഗൗണീലോ വാദിച്ചു. തന്റെ വാദം പഴുതുകളടച്ച് പുതിയ രൂപത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ അന്‍സെല്‍മിനെ പ്രേരിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു ഗൗണീലോയുടെ വിമര്‍ശനം.[2]
ഓണ്ടൊളോജിക്കല്‍ വാദത്തിന് കിട്ടിയ ഏറ്റവും വലിയ ആഘാതം കത്തോലിക്കാദൈവശാസ്ത്രജ്ഞന്‍മാരില്‍ മുന്‍പനായ തോമസ് അക്വീനാസ്(1224-1274) അതിനെ എതിര്‍ത്തതാണ്. ദൈവാസ്തിത്വം സ്വയം സിദ്ധമാണെന്നും, അത് തെളിയിക്കാന്‍ ദൈവത്തിന്റെ ഒരു പ്രത്യേക നിര്‍വചനത്തെ അശ്രയിക്കുന്നത് ശരിയല്ലെന്നും അക്വീനാസ് വാദിച്ചു. ദൈവം എന്നു കേള്‍ക്കുമ്പോള്‍, സങ്കല്പ്പിക്കാവുന്നതില്‍ ഏറ്റവും വലിയ പൂര്‍ണ്ണത എന്ന ആശയം തന്നെ എല്ലാവര്‍ക്കും തോന്നണമെന്നില്ല എന്നും അദ്ദേഹം കരുതി.
അക്വീനാസിന്റെ വിമര്‍ശനം ഓണ്ടൊളോജിക്കല്‍ വാദത്തെ തളര്‍ത്തിയെങ്കിലും, അതിനെ പിന്തുണക്കാന്‍ പില്‍ക്കാലങ്ങളിലും ആളുണ്ടായി. പതിനേഴാം നൂറ്റാണ്‍ടില്‍ ജീവിച്ചിരുന്ന റെനെ ദെക്കാത്ത്(Rene Descartes)(1596-1650) ഈ വാദത്തെ പിന്തുണച്ചു. സങ്കല്പസാദ്ധ്യമായതില്‍ ഏറ്റവും വലിയ പൂര്‍ണ്ണത ഇല്ലാതിരിക്കുകയെന്നത് ത്രികോണത്തിന്റെ മൂന്നു കോണുകളുടേയും തുക 180 ഡിഗ്രി ആല്ലാതിരിക്കുക എന്നതു പോലെ അസാദ്ധ്യമാണ് എന്നു ദെക്കാര്‍ത്ത് വാദിച്ചു. പതിനേഴാം നൂറ്റാണ്ടില്‍ തന്നെ പ്രമുഖ ചിന്തകനായ ലയ്ബ്നിറ്റ്സും (Gottfried Leibniz 1646-1716) ഓണ്ടൊളോജിക്കല്‍ വാദത്തെ, സോപാധികമായാണെങ്കിലും പിന്തുണച്ചു.
ഓണ്ടൊളോജിക്കല്‍ വാദത്തിന്, Onto (സത്ത) എന്ന വാക്കുമായി ബന്ധപ്പെട്ട ആ പേരു നല്‍കിയത് പതിനെട്ടാം നൂറ്റാണ്‍ടില്‍ പ്രമുഖ ജര്‍മ്മന്‍ ചിന്തകന്‍ ഇമ്മാനുവേല്‍ കാന്റ്(Immanuel Kant 1724-1804) ആണ്. അക്വീനാസിനു ശേഷം ഈ വാദരീതിയെ ഏറ്റവും ശക്തിയായി എതിര്‍ത്തതും കാന്റ് തന്നെ. ശുദ്ധയുക്തിയുടെ വിമര്‍ശനം (Critique of Pure Reason)[3] എന്ന പ്രഖ്യാതഗ്രന്ഥത്തില്‍ ഓണ്ടൊളോജിക്കല്‍ വാദത്തിനെതിരെ കാന്റ് നടത്തിയ പ്രധാന വിമര്‍ശനം അത്, ഉണ്ടായിരിക്കുക എന്നത് ഒരു ഗുണമാണ് എന്ന തെറ്റായ സങ്കല്പത്തില്‍ അധിഷ്ഠിതമാണ് എന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്‍ടിലെ മറ്റൊരു ചിന്തകനായ ഡേവിഡ് ഹ്യൂമും (1711-1776) ഓണ്ടൊളോജിക്കല്‍ വാദത്തിന്റെ വിമര്‍ശകനായിരുന്നു.
ആധുനികകാലത്ത്
തന്റെ ശക്തമായ വിമര്‍ശനത്തോടെ ഓണ്ടോളജിക്കല്‍ വാദത്തിന്റെ കഥ കഴിഞ്ഞു എന്ന് ഇമ്മാനുവേല്‍ കാന്റ് കരുതിയതായി പറയപ്പെടുന്നു.[4]എന്നാല്‍ ഇന്നും ഇത് തത്വചിന്തയിലെ ഒരു സജീവപ്രശ്നമായി നിലനില്‍ക്കുന്നു. ഇരുപതാം നൂറ്റാണ്‍ടിലെ തത്വചിന്തകരില്‍ ഏറ്റവും കടുത്ത യുക്തിവാദിയായിരുന്ന ബെര്‍ട്രാന്‍ഡ് റസ്സല്‍ ഇതിനെ അനുകൂലിച്ചില്ലെങ്കിലും എഴുതിത്തള്ളാന്‍ മടിച്ചു. ഈ വാദത്തിനു ലഭിച്ച പിന്തുണയുടേയും വിമര്‍ശനത്തിന്റേയും ചരിത്രം വിവരിച്ച ശേഷം, ഇത്ര മഹത്തായ ചരിത്രമുള്ള ഒരു വാദം, ശരിയല്ലെങ്കില്‍ പോലും, ബഹുമാനപൂര്‍വം പരിഗണിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.[5] റസ്സലിന്റെ അഭിപ്രായത്തില്‍, ഓണ്ടൊളോജിക്കല്‍ വാദം ശരിയല്ല എന്നു ബോദ്ധ്യപ്പെട്ടു കഴിഞ്ഞശേഷവും എന്താണ് അതിലെ പിശക് എന്നു പറയുക ബുദ്ധിമുട്ടാണ്. ഏതാണ്ട് ആയിരത്തോളം വര്‍ഷം തത്വചിന്തകന്മാരുടെ ശ്രദ്ധ പിടിച്ചുപറ്റി നിലനില്‍ക്കാന്‍ അതിനു കഴിഞ്ഞതിനു കാരണവും അതു തന്നെയായിരിക്കണം.[6]
അവലംബം
- ↑ Stanford Encyclopedia of Philosophy- http://plato.stanford.edu/entries/ontological-arguments/
- ↑ The Internet Encyclopedia of Philosophy - http://www.iep.utm.edu/o/ont-arg.htm
- ↑ ശുദ്ധയുക്തിയുടെ വിമര്‍ശനം - ജെ.എം.ഡി. മൈക്കില്‍ജോണിന്റെ ഇംഗ്ലീഷ് പരിഭാഷ - http://philosophy.eserver.org/kant/critique-of-pure-reason.txt
- ↑ "Kant Considered that he had demolished it once for all". പാശ്ചാത്യ തത്വ ചിന്തയുടെ ചരിത്രം എന്ന പുസ്തകത്തില്‍ ബെര്‍ട്രാന്‍ഡ് റസ്സല്‍
- ↑ - "Clearly, an argument with such a distinguished history is to be treated with respect, whether valid or not". പാശ്ചാത്യ തത്വ ചിന്തയുടെ ചരിത്രത്തില്‍ റസ്സല്‍
- ↑ Stanford Encyclopedia of Philosophy - ലിങ്ക് മുകളില്‍
പുറത്തേക്കുള്ള കണ്ണികള്‍
- Ontological Arguments — from the Stanford Encyclopedia of Philosophy
- Descartes' Ontological Argument — from the Stanford Encyclopedia of Philosophy
- Kenneth Einar Himma, The Ontological Argument — from the Internet Encyclopedia of Philosophy
- Medieval Sourcebook: Gaunilo: In Behalf of the Fool, and Anselm's Reply
- Medieval Sourcebook: Philosophers' Criticisms of Anselm's Ontological Argument for the Being of God
- Paul E. Oppenheimer & Edward N. Zalta, "On the Logic of the Ontological Argument" from James Tomberlin ed., Philosophical Perspectives 5: The Philosophy of Religion (Atascadero: Ridgeview, 1991) pp. 509–529
- Peter Millican, "The one fatal flaw in Anselm's argument" from Mind Vol.113, pp451ff (2004)
- Gregory S. Neal, "Anselm's Ontological Argument For the Existence of God" from Grace Incarnate (1990)
- Cartoon example of the ontologial argument, from Mac Hall
- Brief Synopsis of the Ontological Argument
|
||||||||